ADVERTISEMENT

ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുമ്പോഴാണ് സൗഹൃദം മനോഹരമാകുന്നത്. എന്നാൽ ചില സുഹൃത്തുക്കളോട് എത്ര ആത്മാർഥത കാണിച്ചാലും ഒടുവിൽ നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത്തരം സൗഹൃദങ്ങളില്‍ നിന്നു അകലം പാലിക്കുന്നതാണ് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്. ഇനി പറയുന്ന ഒന്‍പത് വിഭാഗത്തിലുള്ള സുഹൃത്തുക്കള്‍ നിങ്ങളുടെ ചുറ്റിലുമുണ്ടെങ്കില്‍ അവരെ ഒരു കൈ അകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്.

Read More: യഥാർഥ സുഹൃത്തുക്കൾ നമ്മളെ വിശ്വസിക്കും, ഫേക്കായവർ ഗോസിപ്പും’; വൈറലായി സുചിത്രയുടെ പോസ്റ്റ്

∙ മത്സരബുദ്ധിക്കാര്‍
നിങ്ങളുമായി എല്ലാക്കാര്യത്തിലും മത്സരിക്കുന്നയാളാണ് സുഹൃത്തെങ്കില്‍ കരുതിയിരിക്കാം. കാരണം അതു വിഷലിപ്തമായ സൗഹൃദത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ നേട്ടത്തിന്റെ രഹസ്യം കണ്ടെത്താനായാകും അവര്‍ ചിലപ്പോള്‍ ഒപ്പം കൂടുക. അവര്‍ക്ക് നിങ്ങളോട് അസൂയയും മത്സരബുദ്ധിയും മാത്രമാണുണ്ടാവുക.

∙ വികാരങ്ങളോട് മുഖം തിരക്കുന്നവർ
നിങ്ങളുടെ വേദനകളിലും സന്തോഷങ്ങളിലുമൊക്കെ മുഖം തിരിക്കുന്നവര്‍ക്ക് സുഹൃത്താകാനുള്ള യോഗ്യതയില്ല. നിങ്ങൾ വേദനിക്കുമ്പോൾ സഹാനുഭൂതി പ്രകടിപ്പിക്കുന്നവരാകണം സുഹൃത്തുക്കൾ. കരയാനൊരു തോള്‍ നൽകാനും ആശ്വസിപ്പിക്കാനും അവർക്കാകണം. വൈകാരികമായി പിന്‍വലിഞ്ഞ്, സുഹൃത്തിന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തനിക്കെന്താ എന്ന മനോഭാവം പുലര്‍ത്തുന്നവരെ ഒഴിവാക്കുക.

∙ സ്വന്തം കാര്യം മാത്രം
ഇത്തരം കക്ഷികള്‍ അവരുടെ ലോകത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങളില്‍നിന്ന് മുഖം തിരിക്കും. എന്തു കാര്യവും സ്വന്തം തടി കേടാകുമോ എന്ന ആശങ്കയോടെ ആയിരിക്കും സമീപിക്കുക. ഇവരുമായുള്ള സൗഹൃദം നമ്മുടെ സമയം പാഴാക്കുമെന്നുറപ്പാണ്. 

Read More: സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ, ഗംഭീരമെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

∙ ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ്
മനുഷ്യരായാല്‍ തെറ്റുകൾ പറ്റും. അത് അംഗീകരിച്ച്, തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടത്. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ ഒരിക്കലും തെറ്റുകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കില്ല. ഇവരുമായി വഴക്കിട്ടാല്‍, അത് അവരുടെ തെറ്റു കൊണ്ടാണെങ്കില്‍ പോലും ഒടുക്കം ക്ഷമ പറയേണ്ടത് നിങ്ങളായിരിക്കും. ഇത്തരക്കാരോടൊപ്പം ആരോഗ്യകരമായ സൗഹൃദം സാധ്യമല്ല.

∙ കൗശലക്കാര്‍
ചുറ്റുമുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ് ഇവരുടെ ഹോബി. ഇതിനായി ഇവര്‍ പല കൗശലങ്ങളും പ്രയോഗിക്കും. ഇരയായി ചമയും, നിങ്ങള്‍ക്ക് കുറ്റബോധം ഉണര്‍ത്താന്‍ ശ്രമിക്കും. എപ്പോഴെങ്കിലും അവര്‍ ചെയ്ത തെറ്റു ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചാല്‍ തന്ത്രപരമായി വിഷയം തിരിച്ചു വിടും. 

∙ നാടകമേ ഉലകം
ഇത്തരക്കാരുടെ ജീവിതം മുഴുവന്‍ നാടകീയത നിറഞ്ഞതാകും. എപ്പോഴും ആരോടെങ്കിലുമൊക്കെ വഴക്കിട്ടും അമിതമായി പ്രതികരിച്ചും ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ചും എല്ലാത്തിന്റെയും കേന്ദ്ര ബിന്ദു താനാകണമെന്നാഗ്രഹിച്ചും ജീവിക്കുന്നവർ. ഇത്തരക്കാർ സുഹൃത്തുക്കളായാൽ നിങ്ങളുടെ ജീവിതം ദുസ്സഹമാകും. അങ്ങനെയുള്ള സുഹൃത്തുക്കളെ ഒഴിവാക്കാൻ മടിക്കേണ്ടതില്ല.

Read More: ‘അത് ന്യൂഡ് ഫോട്ടോയെന്ന് തെറ്റിധരിച്ചു’; ബോഡിഷേപ്പ് കാരണം അവസരം നഷ്ടപ്പെട്ടെന്ന് ശ്രുതി

∙ സഹായത്തിന് മാത്രം തേടി വരുന്നവര്‍
മറ്റൊരാളുടെ ജീവിതത്തില്‍ നിങ്ങളുടെ സ്ഥാനം എന്തെന്ന് അറിയേണ്ടത് പ്രധാനമാണ്. ഇതിനു നിരീക്ഷണം ആവശ്യമാണ്. സുഹൃത്തുക്കൾ പരസ്പരം സഹായഹസ്തങ്ങളാകണം. എന്നാൽ സഹായം ചോദിച്ചു മാത്രം നിങ്ങളെ തേടി വരുന്ന സുഹൃത്തിനെ വിശ്വസിക്കാനാവില്ല. പ്രശ്‌നങ്ങൾ പരിഹാരക്കാനുള്ള ഒരാൾ മാത്രം ആയി നിങ്ങളെ കാണുന്ന ആൾക്ക് ഒരിക്കലും നിങ്ങളുടെ നല്ല സുഹൃത്താകാൻ സാധിക്കില്ല.

∙ നിങ്ങൾക്ക് പുല്ലുവില
ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തില്‍ ചില നിഷ്ഠകൾ ഉണ്ടാകും. അവരുടേതായ ശരികളും നിബന്ധനകളുമൊക്കെ. ഇതു ബഹുമാനിക്കാന്‍ എത്ര അടുത്ത സുഹൃത്തായാലും തയാറാവേണ്ടതുണ്ട്. അത്തരത്തില്‍ ബഹുമാനിക്കാത്ത സുഹൃത്തുക്കളെ നീക്കി നിർത്താം.

∙ എല്ലാം അങ്ങോട്ട്
വിഷലിപ്തരായ വ്യക്തികളുടെ മുഖമുദ്രയാണ് സ്വാർഥത. നിങ്ങളുടെ സ്‌നേഹവും പരിചരണവും സമയവും ശ്രദ്ധയുമെല്ലാം അവര്‍ക്ക് വേണം. പക്ഷേ, തിരിച്ച് നിങ്ങള്‍ക്ക് അതുവേണ്ടി വരുന്ന സമയത്ത് അവരുടെ പൊടി പോലും കാണില്ല. ബന്ധങ്ങള്‍ വൈകാരികായ നിക്ഷേപങ്ങളാണ്. തിരിച്ചൊന്നും നല്‍കാതെ ഒപ്പം നടക്കുന്നവരെ ഒഴിവാക്കാം.

Content Highlights: Friends | Friendship Day | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com