മാതൃക കാട്ടേണ്ടത് അമ്മമാർ മാത്രമല്ല, അച്ഛനും കുഞ്ഞിന് ‘ഹീറോ’ ആകണം; അമ്മയ്ക്കായി ഉത്തരവാദിത്തം മാറ്റിവച്ചതാര്?
Mail This Article
വിവാഹം കഴിഞ്ഞു ഒരു ദിവസം പോലും കൂടുതല്‍ ലീവില്ല. രണ്ടു ദിവസത്തിന് ശേഷം മാളവികയ്ക്ക് ജോലിക്ക് തിരിച്ചു കയറേണ്ടി വന്നു. ഭര്‍ത്താവ് അനിക്ക് രണ്ടാഴ്ചയോളം ലീവ് ഉണ്ടായിരുന്നെങ്കിലും അയാളും ലീവ് കാന്‍സെല്‍ ചെയ്ത് ജോലിക്ക് കയറി. പക്ഷേ, പ്രശ്നം അവള്‍ ഗര്‍ഭിണി ആയപ്പോഴായിരുന്നു. പ്രസവിക്കുന്നതിന്റെ തലേ ദിവസം വരെ ജോലിക്ക് പോയ മാളവിക മെറ്റേനിറ്റി ലീവ് എന്നു പറഞ്ഞു കിട്ടിയ കാലം സത്യത്തില്‍ വിശ്രമിക്കുകയയിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല. ഉറക്കമൊഴിച്ചും കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കിയും അവള്‍ വശം കെട്ടു, എന്നാലും അവള്‍ സന്തോഷവതി തന്നെയായിരുന്നു. കുഞ്ഞിനു വേണ്ടിയാണല്ലോ. ഒരു അമ്മ ചെയ്യേണ്ടത് അമ്മ തന്നെ ചെയ്യേണം. അനി നല്ല സഹായമാണ്, പക്ഷേ, രാത്രി കട്ടില്‍ കണ്ടാല്‍ അനി പിന്നെ ഉറക്കം തുടങ്ങും. എണീക്കാന്‍ പറ്റില്ല. പകൽ ഓഫീസ് ജോലിയും കഴിഞ്ഞു ഉറക്കത്തിനു മുന്‍പുള്ള കുറച്ചു നേരമാണ് അനിയ്ക്ക് മാളവികയെ സഹായിക്കാന്‍ പറ്റിയിരുന്നത്. ഒരു കൈ സഹായത്തിനായി അവളുടെ അമ്മയും അനിയുടെ അമ്മയും മാറി മാറി നിൽക്കുകയും ചെയ്തു. രണ്ടു മാസത്തിനു ശേഷം ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ അവരുടെ സഹായം ഒരുപാട് വലുതുമായിരുന്നു. പക്ഷേ, പ്രശ്നം മാളവികയ്ക്കാണ്. കുഞ്ഞിന് പാല് എടുത്തു വച്ചിട്ടാണ് ജോലിക്ക് പോവുക, പക്ഷെ പിന്നെയും മാറിടത്തിൽ പാൽ നിറഞ്ഞു അവൾ നെഞ്ച് വേദനിക്കാൻ തുടങ്ങി. മാത്രമല്ല അമ്മമാർക്ക് രണ്ടു പേർക്കും അവരവരുടെ വീടുകളിൽ ഒന്നിച്ചു മാറി നിൽക്കാൻ പറ്റാത്ത സാഹചര്യവും കൂടി വന്നപ്പോൾ ജോലി ആണോ കുഞ്ഞാണോ വേണ്ടത് എന്നൊരു ചോദ്യം അവളുടെ മുന്നിൽ വന്നു.
"നിനക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം. പറ്റുന്നത് പോലെ ഞാൻ കൂടെയുണ്ട്" അനി പറഞ്ഞതിന്റെ ധൈര്യത്തിൽ ഓഫീസറുടെ അനുവാദത്തോടെ മാളവിക കുഞ്ഞിനേയും കൊണ്ട് ജോലിക്ക് പോകാൻ തുടങ്ങി. പക്ഷേ, കുഞ്ഞിനേയും ജോലിയും ഒന്നിച്ച് ശ്രദ്ധിക്കാൻ അവൾക്ക് പറ്റുമായിരുന്നില്ല. നല്ല ശമ്പളം ഉള്ള ജോലി എങ്ങനെയാണ് ഉപേക്ഷിക്കുക? ഒടുവിൽ അനി അയാളുടെ ജോലി ഉപേക്ഷിച്ചു കുഞ്ഞിന് കൂട്ടിരുന്നു.
ഇത് ഒരാളുടെ മാത്രം അനുഭവമായി കാണണ്ട. ജസീന്താ ആർഡനെ പോലെ, ദിവ്യ എസ് അയ്യരെപ്പോലെ, ആര്യാ രാജേന്ദ്രനെ പോലെ ഉള്ള സ്ത്രീകൾ മാത്രമല്ല അനിയെപ്പോലെയുള്ള അച്ഛന്മാരും ഒരുപാടുണ്ട്. കുഞ്ഞു മകളെയും കൊണ്ട് മലകളും കാടും കയറുന്ന ഒരു അച്ഛനെ കുറിച്ച് വായിച്ചത് ഓർക്കുന്നു. ‘അമ്മ ഉപേക്ഷിച്ചു പോയ മകളെ ഒറ്റയ്ക്ക് വളർത്തിയ ഒരു അച്ഛൻ, ഒരു വയസ്സ് മുതൽ അവളെയും കൊണ്ടായിരുന്നു അയാളുടെ യാത്ര അത്രയും. നാടും നഗരവും കാടും ചുറ്റി നടന്നു അയാൾ എടുത്ത ചിത്രങ്ങൾ. ശരിക്കും കുഞ്ഞുങ്ങളെ വളർത്തേണ്ടുന്ന ഉത്തരവാദിത്തം അമ്മമാർക്ക് മാത്രമായി മാറ്റി വച്ചത് ആരുടെ തീരുമാനമായിരിക്കും? പ്രസവിച്ചതിനു ശേഷം രണ്ടു വർഷത്തോളം കുഞ്ഞിന് നൽകേണ്ട മുലപ്പാൽ അമ്മയുടെ ശരീരത്തിൽ ആയതിനാൽ അത് നൽകേണ്ട ഉത്തരവാദിത്തം ഒരു അമ്മയ്ക്ക് ഉറപ്പായുമുണ്ട്, അതിനപ്പുറം അമ്മയുടേയോ അച്ഛന്റെയോ ശരീരത്തിന്റെ ചൂടു പറ്റി അവർക്ക് വളരാൻ കഴിയും. അതായത് മറ്റു ഉത്തരവാദിത്തങ്ങൾ ആരെക്കൊണ്ടും ചെയ്യാൻ പറ്റുന്നത് തന്നെ ആണ് എന്നർഥം. രാത്രികളിൽ ഉറക്കം ഒഴിക്കുന്നത് മുതൽ കുറച്ചു കൂടി വളരുമ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം പെറുക്കി വായിൽ വയ്ക്കുന്ന സമയവും, നടക്കുമ്പോൾ വീഴാൻ തുടങ്ങുന്ന കാലവും എല്ലാം അച്ഛനോ അമ്മയോ ആരെങ്കിലും കുഞ്ഞിന്റെ ഒപ്പമുണ്ടാകേണ്ടിയിരിക്കുന്നു. പക്ഷേ, കുഞ്ഞിനെ നോക്കാനായി നല്ല ശമ്പളമുള്ള ജോലിയുള്ള ഒരു സ്ത്രീയാണ് കുഞ്ഞിന്റെ അമ്മയെങ്കിൽ എന്തിനു അവർ മാത്രമായി ജോലി ഉപേക്ഷിക്കണം? അനിയെപ്പോലെ ജോലി ഉപേക്ഷിക്കുന്ന എത്ര അച്ഛന്മാർ ഉണ്ടാകും?
ആര്യാ രാജേന്ദ്രനോ ദിവ്യ അയ്യരോ ഒക്കെ ഒരുപാട് സൗകര്യം ഉള്ള സ്ത്രീകൾ തന്നെയാണ്. പക്ഷേ, കേരളത്തിൽ സർക്കാർ സർവീസ് മാത്രമല്ല പബ്ലിക് സ്ഥലങ്ങൾ പോലും മാതൃ ശിശു സൗഹാർദ്ദ അന്തരീക്ഷം ഉള്ളവയല്ല. കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സീറ്റുകൾ വാഹനങ്ങളിൽ ലഭ്യമല്ല. പലപ്പോഴും കുഞ്ഞുങ്ങളെയും കൊണ്ട് ബസിൽ കയറുന്ന സ്ത്രീകൾക്ക് സ്ഥലം മാറിയിരിക്കാൻ എഴുന്നേൽക്കാൻ പോലും പലർക്കും മടിയുണ്ട്. സൗകര്യങ്ങളുള്ള സ്ത്രീകളെക്കുറിച്ചല്ല ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടു അനുഭവിക്കുന്ന സ്ത്രീകളെക്കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഒരുപക്ഷേ, മാളവിക പോലും അത്തരത്തിൽ സൗകര്യം അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതിനിധി തന്നെയാണ്. എന്നാൽ പലപ്പോഴും കുഞ്ഞിനെ ബാക് പാക്കിലാക്കി കെട്ടിടം പണിയ്ക്കും അധ്വാനമുള്ള മറ്റു പണിക്കും പോകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കാണാറുണ്ട്. അവർ മനഃപൂർവ്വം ചിത്രങ്ങൾ എടുക്കാൻ നിന്ന് കൊടുക്കുന്നതല്ല, പലപ്പോഴും അവർ പോലുമറിയാതെ ലഭിക്കുന്ന ചിത്രങ്ങളാണ് അവയെല്ലാം. ഇവിടെയെല്ലാം കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്തം സ്ത്രീകളുടെ ചുമലുകളിൽ മാത്രമാകുന്നുണ്ട്. അടിസ്ഥാന ജീവിതത്തിൽ അങ്ങനെയൊരു രീതിയിലാണ് കാലങ്ങളായി മനുഷ്യർ ജീവിച്ചു വരുന്നത്. ദിവ്യ അയ്യർ കുഞ്ഞിനേയും കൊണ്ട് ഓഫീസ് ജോലി ചെയ്യുന്ന പടം വന്നപ്പോഴും ആര്യാ രാജേന്ദ്രൻ കുഞ്ഞിനേയും കൊണ്ട് ഓഫീസിൽ ഫയലുകൾ നോക്കുന്ന ചിത്രം വരുമ്പോഴും പിന്നിൽ നിന്ന് കേൾക്കുന്ന ഒരു ചോദ്യമുണ്ട്, എവിടെയാണ് ഇവരുടെ പങ്കാളികൾ? മാതൃ ശിശു സൗഹൃദ അന്തരീക്ഷമില്ലാത്ത കേരളത്തിലെ ഓഫീസുകളിൽ കുഞ്ഞുങ്ങളെയും കൊണ്ട് ജോലി ചെയ്യുക എന്നത് എളുപ്പമല്ല എന്നതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് മാത്രമായി കുഞ്ഞിനെ നോക്കുന്നത് പറ്റുന്ന കാര്യമല്ല. ഇവിടെയാണ് കൂട്ടുത്തരവാദിത്തത്തോടെ പുരുഷന്മാർക്ക് ഇടപെടാൻ അവസരമുള്ളത്.
കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപ്പെടുന്നത് മിക്കപ്പോഴും സ്ത്രീകളുടെ ജോലിയാണ്. പക്ഷേ, കുഞ്ഞുങ്ങൾക്ക് വേണ്ടി ജോലി അഡ്ജസ്റ്റ് ചെയ്യുന്ന ഒരു അച്ഛൻ ഉണ്ടെങ്കിൽ ഒരിക്കലും സ്ത്രീയ്ക്ക് മാത്രമായി ജോലി ഒഴിവാക്കേണ്ടി വരുന്നില്ല. അങ്ങനെയാണ് ഉത്തരവാദിത്തങ്ങൾ കുടുംബമായി ഏറ്റെടുക്കേണ്ടതും. ഒരു കൂട്ടുകാരിയെ ഓർക്കുന്നു. പ്രേമ വിവാഹം ആയതിനാൽ അവളുടെയും ഭർത്താവിന്റെയും വീട്ടുകാർ അടുക്കാൻ മടിച്ചു. വിവാഹം കഴിഞ്ഞു രണ്ടാം വർഷം ഒരു മോൾ ഉണ്ടായി. രണ്ടു പേർക്കും നല്ല ജോലിയും. മൂന്നു മാസത്തോളം കിട്ടിയ ലീവിന് ശേഷം അവൾക്ക് ജോലിക്ക് പോകണമായിരുന്നു. അതിനു വേണ്ടി അവളുടെ ഭർത്താവ് ചെയ്തത് ജോലി വർക്ക് ഫ്രം ഹോം ആക്കി മാറ്റിയെടുക്കുകയായിരുന്നു. വീട്ടിൽ ആയിരുന്നെങ്കിലും കുഞ്ഞിനെ നോക്കലും ഓഫീസ് ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്നത് അയാളെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് കുഞ്ഞിനെ ഫീഡ് ചെയ്യേണ്ടതുണ്ട്, തുണി മാറേണ്ടതുണ്ട്, വൃത്തിയാക്കേണ്ടതുണ്ട്, കരയുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, അയാൾ അത് ചെയ്തു, മുടങ്ങാതെ തന്നെ. ജോലി കഴിഞ്ഞു അവൾ വന്നു കഴിഞ്ഞാൽ അയാൾ ഡ്യൂട്ടി കൈമാറും. പിന്നീട് കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം അവൾക്കാണ്. അങ്ങനെ ജോലിയുടെ തിരക്കിനിടയിലും രണ്ടു പേരും ഒന്നിച്ച് വളർത്തിയ മോൾക്ക് ഇപ്പോൾ അഞ്ച് വയസ്സായി. സ്‌കൂളിൽ പോയിത്തുടങ്ങി. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അയാൾ ജോലിക്ക് ഓഫീസിൽ പോയി തുടങ്ങി. അവൾ ജോലി ഇപ്പോഴും തുടരുന്നു. വൈകുന്നേരം വീട്ടിൽ നേരത്തെ എത്തുന്ന കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രീയുണ്ട് ഇപ്പോൾ. പക്ഷേ, മോൾക്ക് അവളുടെ അച്ഛനോടും അമ്മയോടും ഒരേ പോലെ സ്നേഹമാണ്, അടുപ്പവും.
പലപ്പോഴും സൗകര്യമുള്ള സ്ത്രീകളുടെ ഇടങ്ങളിൽ ഇത്തരം ഭർത്താക്കന്മാരെ കാണാൻ ആവുന്നുണ്ട്, എന്നാൽ അത് തീരെ കാണാൻ ആകാത്തത് ഒരുപക്ഷേ, സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടു അനുഭവിക്കുന്ന പ്രയാസങ്ങളുള്ള കുടുംബങ്ങളിലാണ്. അവിടെ എല്ലായ്പ്പോഴും കുഞ്ഞുങ്ങളെ നോക്കുന്നത് സ്ത്രീകൾ മാത്രമാണ്. ജോലി കഴിഞ്ഞു വരുന്ന സാഹചര്യത്തിൽ മാത്രമാണ് പുരുഷന്മാർ കുഞ്ഞുങ്ങളെ പരിഗണിക്കുന്നതും അവർക്കൊപ്പം കുറച്ചു നേരം കളിയ്ക്കാൻ ഇരിക്കുന്നതും. ഒരുപാട് ഉറക്കെ ചിരിക്കാത്ത, സ്നേഹം പ്രകടിപ്പിക്കാത്ത, പരുക്കന്മാരായ ഇത്തരം പുരുഷന്മാരെ സമൂഹവും കാലവും വാർത്തു വച്ചതാണ്. മാറാൻ വളരെ പ്രയാസമായിരിക്കും. അതുകൊണ്ടു തന്നെ സൗകര്യങ്ങളുള്ള മനുഷ്യരെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും ആ അപൂർണത അവിടെ നിലനിൽക്കും. കുഞ്ഞുങ്ങളെ നോക്കുന്നത് കൂട്ടുത്തരവാദിത്തമാണെന്നത് മിത്തായി തന്നെ തുടരും. തലമുറകൾ മാറുമ്പോൾ എല്ലാം മാറുമായിരിക്കും. കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് ഒരു ഭാരമായി മാറാതെ സമയം നഷ്ടപ്പെടുത്താതെ ആണിനും പെണ്ണിനും ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുമായിരിക്കും. കാത്തിരിക്കാം.
(അഭിപ്രായം വ്യക്തിപരം)
Content Highlights: Parenting | Father | Mother | Lifestyle | Manoramaonline