കഥ പറച്ചിൽ, കെട്ടിപ്പിടിത്തം, ഉമ്മകൾ; തത്തയെ മക്കളെ പോലെ നോക്കുന്ന അച്ഛൻ, ഇതാണ് യഥാർഥ സ്നേഹം

Mail This Article
അമ്മമാരുടെ താരാട്ടുപാട്ടിനൊപ്പം അച്ഛന്റെ കഥപറച്ചിലും ചെറിയ മൂളിപ്പാട്ടുകളുമെല്ലാം കുഞ്ഞുമക്കൾക്ക് ഇഷ്ടമാണ്. പല അച്ഛൻമാരും മക്കൾക്ക് ഉറങ്ങാൻ നേരം നല്ല കഥകളൊക്കെ പറഞ്ഞുകൊടുക്കും. എന്നിട്ട് അച്ഛനും മക്കളും കൂടി കെട്ടിപ്പിടിച്ച് കിടന്നുറങ്ങും,. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ് പക്ഷേ ചെറിയൊരു വ്യാത്യാസമുണ്ടെന്ന് മാത്രം. ഈ അച്ഛന്റെ മക്കൾ കുറച്ച് തത്തകളാണ്. അതെ തന്റെ തത്തക്കുഞ്ഞുങ്ങളെ പാട്ടുപാടിയും കഥപറഞ്ഞും ഉറക്കുന്ന ഒരച്ഛനാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ആറ് മക്കാവു തത്തകളെയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശി വളർത്തുന്നത്. തത്തകൾ ജനിച്ച അന്നു മുതൽ അവയെ പരിപാലിക്കുകയാണ് അദ്ദേഹം.
അങ്ങേയറ്റം സ്നേഹത്തോടെയും തന്റെ തത്തകളോട് അദ്ദേഹം പെരുമാറുന്നത് കാണുന്നത് തന്നെ മനസിന് കുളിർമയേകുന്ന കാഴ്ചയാണ്. തത്തകൾക്ക് ഭക്ഷണം കൊടുത്തതിനുശേഷം ഉറക്കാൻ കിടത്തുന്നതാണ് വൈറലായ വിഡിയോയിൽ. കുഞ്ഞുങ്ങളെ രാത്രിയിൽ കിടത്തുന്നത് എങ്ങനെയാണോ അതുപോലെതന്നെയാണ് തത്തകുഞ്ഞുങ്ങളെയും കിടത്തിയുറക്കുന്നത്. എല്ലാവരേയും കട്ടിലിൽ നിരത്തിയിരുത്തിയതിനുശേഷം അവർക്ക് ഉമ്മ നൽകുന്നു. തുടർന്ന് പുതപ്പു കൊണ്ട് പുതച്ചു കൊടുത്തതിന് ശേഷം അവർക്ക് കഥ പറഞ്ഞു കൊടുക്കുന്നു. ശേഷം എല്ലാവരും ചേർന്ന് കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നു.
വളരെ അനുസരണയോടെ കിടക്കുന്ന തത്തകുഞ്ഞുങ്ങളെ പുതപ്പിച്ചുകൊടുക്കുന്ന അച്ഛന്റെ സ്നേഹത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ ലോകം. ഏറ്റവും നല്ല കാഴ്ചയെന്നും സഹജീവികളോടുള്ള സ്നേഹം പ്രശംസയർഹിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.