ADVERTISEMENT

‘ദേ റോഡിലൊരു പട്ടി ചത്ത് കിടക്കുന്നു. എല്ലാവരും ഓടി വന്നേ...’ ഹോസ്റ്റൽ മുറിയിൽ നിന്ന് അതിരാവിലെ സുഹൃത്തിന്റെ ഒച്ചപ്പാട് കേട്ട് റോഡിലെത്തി. ചുറ്റോടുചുറ്റും നോക്കിയിട്ടും പട്ടി പോയിട്ട് ഒരു പൂച്ചയെ പോലും കാണാൻ പറ്റിയില്ല. എന്തുപറ്റിയെന്നറിയാതെ നിന്നപ്പോഴാണ് പട്ടി ചത്തെന്ന് പറഞ്ഞ സുഹൃത്ത് നിർത്താതെ ചിരിക്കാൻ തുടങ്ങിയത്. ഓ..ഇന്ന് ഏപ്രിൽ ഒന്നാണല്ലോ എന്നോർത്ത് പറ്റിച്ചവനെ രണ്ട് ചീത്തയും പറഞ്ഞ് വീണ്ടും ഉറങ്ങാൻ പോയി.... ഏപ്രിൽ ഒന്നെന്നും വിഡ്ഢികളുടെ ദിനം എന്നൊക്കെ പറയുമ്പോൾ എല്ലാവർക്കും ഓർക്കാൻ ഇതുപോലെയൊക്കെ ഒരു നൊസ്റ്റാൾജിയ ഉണ്ടാകും. ഹോസ്റ്റലുകളും വീടുകളും ക്ലാസ്മുറികളുമെല്ലാം തീർക്കുന്ന ചിരിതമാശകൾ. ചിരിക്കാനും ചിരിപ്പിക്കാനും വിഡ്ഢികളാക്കാനും മാത്രമായി ഒരു ദിനം. ഇങ്ങനെയൊരു ദിവസം എന്തിന് വേണ്ടി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്താണ് യഥാർഥത്തിൽ ഏപ്രിൽ ഒന്നിന് പിന്നിലെ കഥ? എങ്ങനെയാണ് വിഡ്ഢികളുടെ ദിനമായി ഏപ്രിൽ 1 തിരഞ്ഞെടുക്കപ്പെട്ടത്? 

വിഡ്ഢിദിനത്തിന് പിന്നിലെ കഥ
യൂറോപ്യൻമാരാണ് ആദ്യമായി വിഡ്ഢിദിനം ആഘോഷിക്കാൻ തുടങ്ങിയതെന്നാണ് ചരിത്രം. ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതും യൂറോപ്യൻമാർ തന്നെയാണ്. യഥാർഥത്തിൽ ഒരു കലണ്ടർ മാറ്റം വരുത്തിവച്ച വിനയാണ് വിഡ്ഢിദിനം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നാം തീയതിയായിരുന്നു ന്യൂയർ ആഘോഷിച്ചിരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ജനുവരി ഒന്ന് പുതുവത്സരമായി മാറി. 1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. അക്കാലത്ത് മാർപാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ പഴയ കലണ്ടർ പരിഷ്കരിച്ച് ഗ്രിഗോറിയൻ കലണ്ടർ തുടങ്ങിയത്. വാർത്താ വിനിമയ ഉപാധികൾ വളരെ കുറവായ അന്നത്തെ പരിഷ്കാരങ്ങൾ പലരും അറിഞ്ഞില്ല. രാജപരിഷ്കാരങ്ങൾ ജനങ്ങളിലെത്താൻ ഒരുപാട് സമയമെടുത്തു. കലണ്ടർ മാറ്റമറിയാതെ പിന്നെയും ചിലർ ഏപ്രിൽ ഒന്നിന് തന്നെ പുതുവത്സരം ആഘോഷിച്ചു. ഇവരെ ‘മണ്ടൻമാർ’ എന്നു വിളിക്കാൻ തുടങ്ങി. അതു മാത്രവുമല്ല, പുത്തൻ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ തയാറാവാത്തവരെയും കൂടി പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനം ആഘോഷിച്ചു തുടങ്ങിയത്. അതിന്റെ ചുവടുപിടിച്ച് എല്ലാ വർഷവും ഏപ്രിൽ ഒന്നിന് പലരെയും കളിയാക്കാൻ തുടങ്ങി. അങ്ങനെ ഏപ്രിൽ ഒന്ന് ‘വിഡ്ഢികളുടെ’ ദിനമായി മാറി.

april3
Representative image. Photo Credit: marekuliasz/Shutterstock.com

ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ തട്ടിക്കൊണ്ടു പോയ കഥയുമായി ബന്ധപ്പെട്ടാണ് മറ്റൊരു കഥ. പ്ലൂട്ടോ പാതാളത്തിലേക്ക് പ്രോസപിനായെ തട്ടിക്കൊണ്ടു പോയി. മകളെ രക്ഷപ്പെടുത്താനായി സെറസിനെ വിളിച്ചു കൊണ്ടേയിരുന്നു. എന്നാൽ മകളുടെ ശബ്ദം കേട്ട് സെറസ് പലയിടങ്ങളിലേക്ക് ഓടി. സെറസ് മകളെ തേടി ഓടിയത് പിന്നീടൊരു തമാശയായി പരിണമിക്കപ്പെട്ടു. ഇതും ഏപ്രിൽ ഫൂളുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. 

ഇംഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ ‘കാന്റർബെറി’ കഥയിൽ നിന്നാണ് ഏപ്രിൽ ഫൂൾ ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നു. കഥയിൽ കടന്നുകൂടിയ മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢിദിനത്തിലേക്ക് വഴിവെച്ചതെന്നും വിശ്വാസമുണ്ട്. 

റോമിലെ ഹിലാരിയ എന്ന ആഘോഷത്തോടനുബന്ധിച്ചാണ് വിഡ്ഢിദിനം ആരംഭിച്ചതെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. 

‘മണ്ടൻമാ‍ർ’ മാത്രമല്ല, വേറെയുമുണ്ട് പേരുകൾ
ഏപ്രിൽ 1ന് വിഡ്ഢികളാക്കുന്നവരെ ‘മണ്ടൻമാരെന്നു’ പറഞ്ഞു കളിയാക്കുന്നതാണ് നമ്മൾ കേട്ടിരിക്കുക. കേരളത്തിലും ഇന്ത്യയിലുമൊന്നും ഇവരെ വിളിക്കാൻ പ്രത്യേക പേരുകളൊന്നും ഇല്ലെങ്കിലും പല വിദേശ രാജ്യങ്ങളിലും ഏപ്രിൽ 1ന് ഫൂളാകുന്നവരെ വിളിക്കാൻ പ്രത്യേക പേരുകൾ വരെയുണ്ട്. വിഡ്ഢി ദിനത്തിൽ വിഡ്ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടിൽ ‘നൂഡി’ എന്നാണ് വിളിക്കുക. ജർമനിയിലെത്തുമ്പോൾ ഇത് ‘ഏപ്രിനാർ’ ആകും. ഫ്രഞ്ചുകാർ ഇവരെ ‘ഏപ്രിൽ ഫിഷ്’ എന്നു വിളിക്കും. ‘ഏപ്രിൽ ഗോക്ക് ’ എന്നാണ് സ്കോട്ട്ലാന്റിൽ ഇവർ അറിയപ്പെടുന്നത്.

ഈസ്റ്റർ നോമ്പിന് 40 ദിവസം മുമ്പുള്ള ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്. മെക്സിക്കോയിൽ ഡിസംബർ 28നാണ് വിഡ്ഢിദിനം. 

april1
Representative image. Photo Credit: Marina Rich/Shutterstock.com

ഏപ്രിൽ ഒന്നിനെ ചുറ്റിപറ്റി പല അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്ഢിയാക്കുന്നുവെങ്കിൽ അവൾ അവനെ വിവാഹം ചെയ്യുമെന്നാണ് വിശ്വാസം. ഏപ്രിൽ ഒന്നിന് വിവാഹിതരായാൽ ഭർത്താവിനെ ഭാര്യ ഭരിക്കുമെന്നും വിശ്വാസമുണ്ട്. 

പുത്തൻ കാലത്ത് വെല്ലുവിളിയാകുന്ന ‘തമാശകൾ’
ഏപ്രിൽ ഫൂൾ, വിഡ്ഢിദിനമെന്നുമെല്ലാം പേരുചൊല്ലി ഏപ്രിൽ ഒന്ന് ആഘോഷിക്കുന്ന നിരവധി പേരുണ്ട്. കിണറ്റിൽ പൂച്ചവീണെന്നും, ഇന്ന് സ്കൂളില്ലെന്നും, ഓഫീസിൽ എല്ലാവർക്കും ഇന്ന് ഡിന്നറുണ്ടെന്നും എല്ലാം പറയുന്ന ചെറിയ ചെറിയ തമാശകളായിരുന്നു ഒരു കാലത്ത് ഏപ്രിൽ ഫൂൾ. എന്നാൽ കാലം മാറിയതോടെ ക്രൂരമായി ചിരിക്കാനും തമാശ പറയാനും മനുഷ്യൻ തുടങ്ങിയതോടെ ചിരിക്കാനായുള്ള ദിനം സങ്കടങ്ങളുടെയും കണ്ണീരിന്റെയും ദിനമായി കൂടി മാറുകയാണ്. പരസ്പരം മനസ്സിന് മുറിവേൽപ്പിക്കും പോലെ പ്രാങ്ക് ചെയ്തും കുത്തി നോവിച്ചും വിഡ്ഢി ദിനം ആഘോഷമാക്കുന്നവരുടെ കാലമാണിത്. ഏപ്രിൽ ഒന്നിന് ജനിച്ചു പോയതുകൊണ്ട് മാത്രം വർഷം മുഴുവൻ ഒരു വിഡ്ഢിയായി മുദ്രകുത്തുന്നവർക്കും ഇത് സന്തോഷത്തിന്റെ ദിവസമല്ല. മറ്റുള്ളവരെ വേദനിപ്പിക്കാനല്ല, ചിരിപ്പിക്കാനാകണം ഈ ഏപ്രിൽ ഒന്ന്. മാർക് ട്വയിൻ പറഞ്ഞതുപോലെ വിഡ്ഢികളുടെയും വിഡ്ഢികളാക്കപ്പെടുന്നവരുടെയും ദിനമല്ല, സ്വന്തം മണ്ടത്തരങ്ങളെ കുറിച്ചോർത്ത് ചിരിക്കാനുള്ള ദിവസമാകട്ടെ എല്ലാവർക്കും ഏപ്രിൽ 1. 

English Summary:

Discover the Global History and Unique Traditions of April 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com