ADVERTISEMENT

ഒരു ബാറിൽ ഇരുന്ന് ഇഷ്ടപ്പെട്ടൊരു കോക്ടെയ്ൽ കുടിക്കുമ്പോൾ ഇതാരാണ് ഉണ്ടാക്കിയതെന്ന് ആരും ചിന്തിക്കില്ല. ഇനി ചിന്തിച്ചാൽ തന്നെ അതൊരു പെൺകുട്ടി ആയിരിക്കുമെന്ന് ഒരിക്കലും കരുതില്ല. കാരണം ബാറിൽ പെൺകുട്ടികളോ എന്ന് ചിന്തിക്കുന്ന ഒരു പുരുഷലോകത്താണല്ലോ നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. ബാറിൽ ജോലി ചെയ്യുന്ന സ്ത്രീകളെ വിദേശ രാജ്യങ്ങളിൽ കാണാമെങ്കിലും ഇന്ത്യയിൽ താരതമ്യേന വളരെ കുറവായിരിക്കും. എന്നാൽ 'വേൾഡ്സ് 50 ബെസ്റ്റ് ബാർസ് ദി ബ്ലെൻഡി'ന്റെ ഈ വർഷത്തെ സ്കോളർഷിപ്പ് വിജയിയാണ് ഡൽഹിക്കാരിയായ അപൂർവ്വ കോഹ്ലി എന്ന മിക്സോളജിസ്റ്റ്. 

മദ്യവും മദ്യത്തിന്റെ പിന്നാമ്പുറലോകവും പുരുഷന്മാരുടെ അധീനതയിലായിരുന്ന കാലം കഴിഞ്ഞു.സ്വപ്നത്തിനു പുറകെ പോയി അത് കരുത്തോടെ നേടിയെടുത്ത അപൂർവ്വ കോഹ്ലിയെന്ന യുവതി തെളിയിച്ചത് അതാണ്. ഡൽഹിയിലെ പ്രശസ്തമായ ബാറിൽ മിക്സോളജിസ്റ്റായി പ്രവർത്തിക്കുന്ന അപൂർവ്വ ചില്ലറക്കാരിയല്ല. പുരുഷൻമാർ കയ്യടക്കിയ മേഖലകളിലേയ്ക്ക് സ്ത്രീകൾ ഇറങ്ങുമ്പോൾ പലരും നെറ്റി ചുളിക്കും, പ്രത്യേകിച്ച് മദ്യവും അത് വിളമ്പുന്നയിടവും ഇന്നും സ്ത്രീകൾക്ക് ഒരു പരിധി വരെ നിഷിദ്ധമായി നിൽക്കുന്ന കാലത്ത്. എന്നാൽ സ്റ്റീരിയോടൈപ്പുകൾ പൊളിച്ചടുക്കി നല്ല ഒന്നാന്തരം കോക്ടെയ്ലിനൊപ്പം ലിംഗസമത്വവും മിക്സ് ചെയ്ത് നിങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുകയാണ് ഈ മിടുക്കി. 

ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ചേരുമ്പോൾ അപൂർവ്വയോട് ആരും മിക്സിംഗ് എന്നൊരു കോഴ്സ് ഉണ്ടെന്ന് പറഞ്ഞുകൊടുത്തില്ല, അവൾ പെണ്ണാണ് എന്നതു തന്നെയായിരുന്നു കാരണം. എന്നാൽ എന്നും മനസു പറയുന്നതുപോലെ ചെയ്യാൻ പഠിപ്പിച്ച അച്ഛനും അമ്മയും അപൂർവയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്നപ്പോൾ ബാർടെൻഡറിംഗ് എന്ന സ്വപ്നലോകത്തേയ്ക്ക് ആ പെൺകുട്ടി ചുവടുവച്ചു. ആദ്യമൊക്കെ ബാറിനു പിന്നിലെ യുവതിയെ കണ്ട് ചുറ്റുമുള്ളവർ മുഖം ചുളിയ്ക്കുകയും ആശ്ചര്യത്തോടെ നോക്കുന്നതും കണ്ട അപൂർവ്വ തന്റെ കഴിവ് കൊണ്ട് അതെല്ലാം മറികടന്നു. 

വേൾഡ്സ് 50 ബെസ്റ്റ് ബാർസ് ദി ബ്ലെൻഡി'ന്റെ സ്കോളർഷിപ്പ് നേടിയതോടെ അപൂർവ്വയുടെ പ്രശസ്തി ഇന്ത്യയ്ക്കു പുറത്തേക്കും പടർന്നു. ലോകമെമ്പാടുമുള്ള 600-ലധികം അപേക്ഷകരെ പിന്തളളിയാണ് അപൂർവ കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. 600 പേരിൽ അപൂർവയെ കൂടാതെ വെറും മൂന്ന് യുവതികൾ മാത്രമായിരുന്നു ബാർസലോണയിൽ വച്ച് നടന്ന മത്സരത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. ലോകത്തിലെ മുൻനിര കോക്‌ടെയിൽ സ്ഥാപനങ്ങളായ അൽക്വിമിക്കോയിലും സിപ്‌സിലും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും അതിലൂടെ അപൂർവ്വയ്ക്ക് ലഭിച്ചു. ബാർ ടെൻഡറിങ്ങും മിക്സിംഗും ഇഷ്ടപ്പെടുന്ന ആരും കൊതിക്കുന്ന, ജീവിതത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണ് അവൾ നേടിയെടുത്തത്. 

മദ്യത്തെക്കുറിച്ചു സ്ത്രീകൾക്ക് വലിയ ധാരണയൊന്നുമില്ലെന്ന മിഥ്യയെക്കൂടിയാണ് ഈ യുവതി പൊളിച്ചടുക്കുന്നത്. അപൂർവ്വ മിക്സ് ചെയ്ത സൂപ്പർ കോക്ടെയ്ലുകൾ രുചിക്കാൻ പലയിടത്തുനിന്നും ആളുകളെത്തുന്നത് ധീരയായ ഒരു സ്ത്രീയുടെ വിജയമാണ്. സ്വപ്നത്തിനു പുറകെ പോകാൻ ഒരു സ്ത്രീയ്ക്കും ഒന്നും തടസമാകരുതെന്ന് തെളിയിച്ച അപൂർവ്വയ്ക്ക് ചിയേഴ്സ്.

English Summary:

Apoorva Kohli, Women Mixologist and Bartender in India, who won worlds 50 bars scholorship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com