പ്രസവം കഴിഞ്ഞ് രണ്ടാഴ്ച വിശ്രമവും ശുശ്രൂഷയും, അമ്മയ്ക്കും കുഞ്ഞിനുമായി പോസ്റ്റ്പാർട്ടം റിസോർട്ടുകൾ
Mail This Article
പ്രസവിച്ചതിന് ശേഷമുള്ള മൂന്ന് ആഴ്ചകൾ സ്ത്രീകളുടെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ തുടരുന്നതിനുള്ള ഏറ്റവും നിർണായക കാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഈ സമയത്താണ് ഒരു അമ്മയെന്ന നിലയിലേയ്ക്ക് സ്ത്രീ പാകപ്പെടുന്നത്. ശാരീരികമായും മാനസീകമായും ഏറെ മാറ്റങ്ങൾ സംഭവിക്കുന്ന, ആ കാലഘട്ടത്തിൽ അവൾക്ക് ഏറെ പരിചണവും സംരക്ഷണവും ആവശ്യമാണ്. നമ്മുടെയൊക്കെ നാട്ടിൽ ആദ്യത്തെ മൂന്ന് മാസം പ്രസവാനന്തര ശുശ്രൂഷകളുടെ കാലം കൂടിയാണല്ലോ. വേദുകുളി എന്നറിയപ്പെടുന്ന പച്ചിലകളും മരുന്നുമിട്ട, തിളച്ച വെള്ളത്തിലെ കുളി പല സ്ത്രീകൾക്കും സംരക്ഷണത്തേക്കാൾ വേദനയുടെ നാളുകളാണ് സമ്മാനിക്കുന്നത്. ഇതുപോലെയുള്ള പരമ്പരാഗത രീതികൾ മുതൽ പല കലാപരിപാടികളും ഈസമയത്താണ് അരങ്ങേറുന്നത്. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നും നമ്മൾ ചെയ്തുപോരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കൊറിയയിലെ പ്രസവാനന്തര പരിചരണ കേന്ദ്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്. പോസ്റ്റുപാർട്ടം റിസോർട്ടുകൾ എന്ന് പൊതുവെ പറയുന്ന ഈ സെന്ററുകൾ പ്രസവം കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും ആദ്യ രണ്ടാഴ്ച്ചത്തെ പരിചരണമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രസവിച്ച ഒരു സ്ത്രീയുടെ വീണ്ടെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച കൊറിയൻ പ്രസവാനന്തര പരിചരണ കേന്ദ്രങ്ങളാണ് സഹുഞ്ജോറിവോൺ. ഇവിടെ അമ്മമാർക്ക് ദിവസത്തിൽ 24 മണിക്കൂറും ഹോട്ടൽ പോലുള്ള സേവനങ്ങളും ശിശു സംരക്ഷണത്തെക്കുറിച്ചുള്ള പാഠങ്ങളും ശരീരഭാരം കുറയ്ക്കാനും അവരുടെ ശരീരത്തെ പഴയ രീതിയിലേയ്ക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്ന മസാജുകളും മറ്റു സേവനങ്ങളും നൽകുന്നു. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മമാരുടെ ശക്തി വീണ്ടെടുക്കുന്നതിനും ജൈവ ചേരുവകൾ ഉപയോഗിച്ചാണ് ഭക്ഷണവും ലഘുഭക്ഷണവും തയ്യാറാക്കുന്നത്.
കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനും രാത്രിയിൽ ഉണർന്നിരിക്കാതെ വിശ്രമിക്കാനും സമയവും സ്ഥലവും ഇത്തരം പ്രസവാനന്തര കേന്ദ്രങ്ങളിൽ ലഭിക്കുന്നുവെന്നതാണ് ചെറുപ്പക്കാരായ അമ്മമാർ ഏറ്റവും ഇഷ്ടപ്പെടുന്നത്. പ്രസവാനന്തരം ഒരു സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉറക്കം തന്നെയാണ്. കുഞ്ഞിനെ മുലയൂട്ടുന്നതും ഉറക്കുന്നതുമെല്ലാം കഴിഞ്ഞ് വളരെ കുറച്ച് സമയം മാത്രമേ ഒരമ്മയ്ക്ക് ഉറങ്ങാൻ ലഭിക്കുന്നുള്ളു. എന്നാൽ സഹുഞ്ജോറിവോണിൽ ഒരുക്കിയിരിക്കുന്ന നഴ്സറിയിൽ കുഞ്ഞിനെ എൽപ്പിച്ചാൽ അവിടെയുള്ള നാനിമാർ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയും അമ്മയ്ക്കു സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുകയും ചെയ്യുന്നു.
പുതിയ അമ്മമാർക്ക് കുറഞ്ഞത് 2 ആഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്നു കൊറിയൻ സാംസ്കാരം പറയുന്നു. അതിനാൽ മാതൃത്വത്തിന്റെ പുതുലോകത്തേയ്ക്ക് കടക്കുന്നതിന് മുമ്പ് അവൾക്ക് അവളുടെ ശക്തി വീണ്ടെടുക്കാൻ ഈ സെന്ററുകൾ സഹായകമാകുന്നു. നാനിമാർ, ഷെഫുകൾ, ശിശുരോഗ വിദഗ്ധർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ തുടങ്ങി ഒരു പറ്റം സേവനദാതാക്കളും ഈ കേന്ദ്രങ്ങളിൽ സജീവമായി തന്നെയുണ്ട്. പുതിയ അമ്മമാർക്കുള്ള എല്ലാം ഉൾക്കൊള്ളുന്ന റിസോർട്ട് എന്നാണ് സഹുഞ്ജോറിവോൺ വിശേഷിപ്പിക്കപ്പെടുന്നത്.
സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രസവാനന്തര പരിചരണം വലിയ തോതിൽ അവഗണിക്കപ്പെടുന്ന ഒരു കാര്യമാണ് പലയിടത്തും, പ്രത്യേകിച്ചും പല രാജ്യങ്ങളിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ചില രാജ്യങ്ങളിൽ ഇത്തരം പോസ്റ്റുപാർട്ടം സെന്ററുകൾ പ്രചാരം നേടുന്നുണ്ടെങ്കിലും ഇപ്പോഴും അത് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന ഒരു സ്ത്രീയ്ക്ക് ഏറ്റവുമാവശ്യം കൃത്യമായ പരിചണമാണ്. ഇന്നും നമ്മുടെ രാജ്യത്ത് പോസ്റ്റുപാർട്ടം സ്റ്റേജ് അവഗണിക്കപ്പെടുന്ന ഒന്നാണ്. കൊറിയയിലെ സഹുഞ്ജോറിവോൺ സെന്ററുകളുടെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും ഇപ്പോൾ പോസ്റ്റുപാർട്ടം സെന്ററുകൾ ആരംഭിക്കുന്നുണ്ട്.