ആഫ്രിക്കയുടെ ടെർമിനേറ്റർ മദർ, പെൺകുട്ടികളുടെ സൂപ്പർ ഹീറോ; 3000ത്തിലധികം പേരുടെ രക്ഷക
Mail This Article
ശൈശവ വിവാഹത്തിന്റെ ശാപത്തിൽ നിന്നും പെൺകുട്ടികൾക്ക് മോക്ഷം നൽകാൻ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച ധീരനേതാവാണ് മലാവിയിലെ ചീഫ് തെരേസ കച്ചിൻഡമോട്ടോ. എതിർപ്പുകളും ഭീഷണികളുമൊന്നും തന്റെ ദൗത്യത്തിൽ നിന്നും പിൻമാറാൻ തെരേസയ്ക്ക് കാരണമായില്ല. ആയിരക്കണക്കിന് വരുന്ന പെൺകുട്ടികൾക്ക് ജീവിതം നൽകിയതുമാത്രമല്ല, ശൈശവ വിവാഹമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദുരാചാരം നിർത്തലാക്കാനും തെരേസ കച്ചിൻഡമോട്ടോ മുന്നിട്ടിറങ്ങിയപ്പോൾ അവിടൊരു പുതുചരിത്രം കൂടി പിറവിയെടുക്കുകയായിരുന്നു.
ആരാണ് തെരേസ കച്ചിൻഡമോട്ടോ
തെക്കുകിഴക്കൻ ആഫ്രിക്കയിലെ മധ്യ മലാവിയിലെ ഡെഡ്‌സ ജില്ലയിലെ ഗോത്ര ഭരണാധികാരിയാണ് കച്ചിൻഡമോട്ടോ. ഗോത്ര ഭരണാധികാരിയും 60കാരിയുമായ തെരേസ കച്ചിൻഡമോട്ടോ ഏകദേശം 3000 ബാല വധുക്കളെയാണ് രക്ഷിച്ചെടുത്തത്. മലാവിയിലെ മറ്റ് പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി, കച്ചിൻഡമോട്ടോയുടെ പിതാവ് അവളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു. പഠനം പൂർത്തിയാക്കിയതിന് ശേഷം അവൾക്ക് ദക്ഷിണ നഗരമായ സോംബയിലെ ഒരു വലിയ കോളജിൽ ഓഫീസ് ജോലി ലഭിച്ചു, അവിടെ അവർ 27 വർഷം ജോലി ചെയ്തു. തുടർന്ന് സ്വന്തം നാട്ടിൽ തിരിച്ചെത്തി. 2003-ൽ സഹോദരന്റെ മരണശേഷം, പ്രദേശത്തെ ഏറ്റവും വിദ്യാഭ്യാസമുള്ള സ്ത്രീയായതിനാൽ പുതിയ മേധാവിയായി നിയമിക്കപ്പെട്ടു.
യൂണിസെഫ് കണക്ക് അനുസരിച്ച്, 42% പെൺകുട്ടികളും 18 വയസ് തികയുന്നതിനുമുമ്പേ വിവാഹിതരാകുന്നു. ഇന്നത്തെ ഉത്തരാധുനികവൽക്കരണ കാലഘട്ടത്തിൽ പോലും, ലോകമെമ്പാടും ഓരോ വർഷവും 12 ദശലക്ഷം പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുണ്ടെന്നാണ് കണക്ക്. അതിൽ മലാവിയുടെ അവസ്ഥ ഏറ്റവും മോശമാണ്. മലാവിയിൽ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സാണെങ്കിലും, 10-15 നും ഇടയിൽ പ്രായമുളള പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിന് വിധേയരാവുകയാണ്. വിദ്യാഭ്യാസത്തിന്റെ അഭാവം, മോശം സമ്പദ്‌വ്യവസ്ഥ, ലിംഗ അസമത്വം എന്നിവ സ്ഥിതി കൂടുതൽ വഷളാക്കുന്നു.
തെരേസ തന്റെ ഭരണത്തിന്റെ 16 വർഷത്തിനുള്ളിൽ ഏകദേശം 3000 പെൺകുട്ടികളെ ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 2015-ൽ മലാവിയുടെ പാർലമെന്റിൽ രണ്ട് ലിംഗക്കാരുടെയും കുറഞ്ഞ പ്രായം 18 ആക്കി ഒരു ബിൽ പാസാക്കാനുള്ള അവരുടെ വിജയകരമായ ശ്രമം ധാരാളം അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു. ചില മാതാപിതാക്കളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും എതിർപ്പുകളും ഭീഷണികളും നേരിട്ടിട്ടുണ്ടെങ്കിലും തന്റെ ദൗത്യത്തിൽ തെരേസ ഉറച്ചുനിന്നു. പെൺകുട്ടികളെ ദുരുപയോഗത്തിനും എച്ച്‌ഐവിക്കും വിധേയരാക്കുന്ന ലൈംഗിക പ്രാരംഭ ചടങ്ങുകൾക്കെതിരെയും അവർ പ്രചാരണം നടത്തിയിട്ടുണ്ട്.
ടെർമിനേറ്ററും മാതൃസംഘവും
പ്രാദേശിക തലത്തിൽ തെരേസ അറിയപ്പെടുന്നത് ടെർമിനേറ്റർ എന്നാണ്. ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങൾ തടയുന്നതിനായി, അമ്മമാരുടെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന സ്ത്രീ വിവരദാതാക്കളുടെ ഒരു വലിയ ഇന്റലിജൻസ് ശൃംഖല തെരേസ രൂപികരിച്ചു. ഇന്നും ജില്ലയിലെ 545 ഗ്രാമങ്ങളിലെ പ്രാദേശിക പ്രവർത്തനങ്ങൾ അവർ നിശബ്ദമായി നിരീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം ശൈശവ വിവാഹം നിരോധിക്കാൻ വിസമ്മതിച്ച പുരുഷ ഉപമുഖ്യന്മാരെപ്പോലും അവർ പുറത്താക്കാൻ തയാറായി എന്നുള്ളത് അനേകർക്ക് പ്രചോദനമാകുന്ന കാര്യമാണ്. മലാവിയിൽ, ഏകദേശം 46% പെൺകുട്ടികൾ ഒമ്പത് വയസ്സിന് മുമ്പേ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു. അത് കൂടുതലും നേരത്തെയുള്ള വിവാഹവും കൗമാര ഗർഭധാരണവും കാരണമാണ്. ഈ വ്യവസ്ഥയെ തകർക്കുന്നതും, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരേണ്ടതും അതീവ പ്രാധാന്യമുള്ളതാണെന്ന് കച്ചിൻഡമോട്ടോ വിശ്വസിക്കുന്നു. വിദ്യാഭ്യാസച്ചെലവ് താങ്ങാൻ കഴിയാത്ത പെൺകുട്ടികളെ സ്വന്തം ചെലവിൽ അവർ പഠിപ്പിക്കുന്നു. നിലവിൽ ശൈശവ വിവാഹം തടയുക മാത്രമല്ല, ഭാവിയിൽ ഈ തിന്മ പടരാതിരിക്കാൻ ആളുകളുടെ ചിന്താഗതി മാറ്റുക എന്നതുമാണ് കച്ചിൻഡമോട്ടോയുടെ ആത്യന്തിക ലക്ഷ്യം.