അക്രമികളിൽ നിന്ന് മകനെ രക്ഷിച്ചത് വടിയും ചൂലും കൊണ്ട്, അമ്മയുടെ ധൈര്യത്തിന് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

Mail This Article
മക്കൾക്ക് നേരെ ആക്രമണമോ, ഭീഷണിയോ വന്നാൽ ഏതൊരമ്മയുടെയും മനസ് പിടയും. സ്വന്തം കണ്‍മുന്നിൽ വച്ചാണ് ആക്രമണം നടക്കുന്നതെങ്കില്‍ സർവ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. തോക്കുധാരികളായ അക്രമികളിൽ നിന്ന് മകനെ രക്ഷിച്ച ഒരമ്മയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്.
ഹരിയാനയിലാണ് സംഭവം. മകനെ ഉപദ്രവിക്കാനെത്തിയ അക്രമികളെ വടിയും ചൂലും വച്ചാണ് അമ്മ ഓടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. വിഡിയോയിൽ വീടിന് മുന്നിൽ നിൽക്കുന്നൊരു യുവാവിനെയാണ് ആദ്യം കാണാൻ കഴിയുക. പിന്നാലെ രണ്ട് ബൈക്കുകളിലായി നാലംഗ സംഘം സംഭവ സ്ഥലത്തേക്ക് എത്തുന്നു. കുറച്ചു നേരത്തിന് ശേഷം അവരിൽ രണ്ടുപേർ തോക്കുപയോഗിച്ച് വീടിന് മുന്നിൽ നിന്ന യുവാവിന് നേരെ വെടിയുതിർക്കാൻ തുടങ്ങുന്നു. പേടിച്ച യുവാവ് വീടിനുള്ളിലേക്ക് കയറിയെങ്കിലും അക്രമികൾ വീണ്ടും വെടിയുതിർത്തു കൊണ്ടിരിക്കുന്നു. പിന്നാലെ യുവാവിന്റെ അമ്മ ഒരു നീണ്ട വടിയിൽ ചേർത്തുവച്ച ചൂലുമായി സംഭവ സ്ഥലത്തെത്തി അക്രമികളെ ഓടിക്കുന്നതാണ് വിഡിയോയിൽ.
ശകുന്തള എന്ന യുവതിയാണ് മകൻ ഹരിയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഏതൊരു അമ്മയും ചെയ്യുന്ന സംഭവം മാത്രമാണിതെന്ന് അമ്മ പറഞ്ഞു. ‘വീടിന് സമീപത്ത് വൃത്തിയാക്കുന്നതിനിടയിലാണ് ശബ്ദം കേട്ടത്. കന്നുകാലികളെ ഭയപ്പെടുത്താൻ പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് വീടിന് മുന്നിലേക്കെത്തിയപ്പോഴാണ് മകനെ ആക്രമിക്കുകയാണെന്ന് മനസ്സിലായത്. പിന്നെ അവരെ ചൂലുമായി നേരിടുകയായിരുന്നു. എന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും മകന് വേണ്ടി ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു’. ശകുന്തള പറഞ്ഞു.
ശകുന്തള എന്ന വനിതയുടെ അസാമാന്യമായ ധൈര്യമാണ് യുവാവിനെ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വൈറലായതോടെ അമ്മയുടെ സ്നേഹത്തേയും ധൈര്യത്തേയും അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ട്.