ലോകത്തെ കരുത്തുറ്റ വനിതകളിൽ നിർമലാ സീതാരാമനും, ഫോബ്സ് പട്ടികയിൽ കേന്ദ്രമന്ത്രിയടക്കം 4 ഇന്ത്യക്കാർ
Mail This Article
ഫോബ്സ് മാസികയുടെ 2023ലെ ഏറ്റവും കരുത്തുറ്റ വനിതകളിൽ ഇടം നേടി 4 ഇന്ത്യൻ വനിതകൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, റോഷ്‌നി നാടാർ മൽഹോത്ര, സോമ മോണ്ടൽ, കിരൺ മജുംദാർ ഷാ തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത.
നിർമല സീതാരാമൻ
പട്ടികയിൽ നിർമലാസീതാരാമനാണ് ഇന്ത്യയിൽ നിന്നുള്ള വനിതകളിൽ ഏറ്റവും മുന്നിൽ. 32–ാം സ്ഥാമനമാണ് ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ നിർമല സീതാരാമൻ സ്വന്തമാക്കിയത്. 2019 മുതൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയാണ്. 2017 മുതൽ 2019 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പും ധനകാര്യ വകുപ്പും കൈകാര്യം ചെയ്ത സ്ത്രീയെന്ന നേട്ടവും നിർമലാ സീതീരാമന് സ്വന്തമാണ്. 2022ലെ ലോകത്തിലെ ഏറ്റവും ശക്തരായ വനികളുടെ പട്ടികയിൽ 36–ാം സ്ഥാനം നേടിയിരുന്നു.
റോഷ്നി നാടാർ മൽഹോത്ര
42 കാരിയായ റോഷ്‌നി നാടാർ മൽഹോത്ര കോടീശ്വരിയും മനുഷ്യസ്‌നേഹിയുമാണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായ റോഷ്നി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിലൊരാളാണ്. ഫോബ്സിന്റെ പട്ടികയിൽ ഇതിനുമുമ്പും ഇടം നേടിയിട്ടുണ്ട്. 2019ൽ 54–ാമതും 2020ൽ 55–ാമതും എത്തിയിരുന്നു. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ മകളാണ്.
സോമ മൊണ്ടൽ
60 കാരിയായ സോമ മൊണ്ടൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്‌സണാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സോമ. ഭുവനേശ്വറിൽ ജനിച്ച സോമ 1984 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 35 വർഷമായി മെറ്റൽ ഇൻഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഫംഗ്ഷണൽ ഡയറക്ടറും ചെയർമാനുമാണ് സോമ മൊണ്ടൽ.
കിരൺ മജുംദാർ ഷാ
സംരംഭകയായ 70കാരി കിരൺ മജുംദാർ ഷാ പട്ടികയിൽ 76–ാം സ്ഥാനത്താണ്. ബയോകോൺ ലിമിറ്റഡ് ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവ.ുടെ സ്ഥാപകയാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുൻ ചെയർപേഴ്‌സണായിരുന്നു. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മജുംദാർ ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. 2019-ൽ ഫോബ്സ് പട്ടികയിലെ 68-ാമത്തെ ശക്തയായ വനിതയായി തിരഞ്ഞെടുത്തിരുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ഇത് രണ്ടാം തവണയാണ് ഫോബ്സിന്റെ കരുത്തുറ്റ വനിതയായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നിലനിർത്തി.
അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ആദ്യമായാണ് വിനോദമേഖലയിൽ നിന്നുള്ളൊരാൾ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ എത്തുന്നത്.