ADVERTISEMENT

‘‘ഒരു പനിയാണ് എന്റെ ജീവിതം മാറ്റിയത്’’. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യത്തെക്കുറിച്ചു ചോദിച്ചാൽ കശ്മീരി സ്വദേശി സുമാർത്തിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക പനിച്ചു വിറച്ച് ഒരു ദിവസം സ്കൂളിൽനിന്നു വീട്ടിലേക്കെത്തിയതാണ്. ഒരു പനിയെ ഇത്രയധികം ഓർത്തുവയ്ക്കണോ എന്നു പലരും ചിന്തിക്കും. എന്നാൽ സുമാർത്തിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് ആ പനിയാണ്. ഓടിച്ചാടി നടന്ന ആ 10 വയസ്സുകാരിയെ പിന്നീടുള്ള കാലമത്രയും വീൽചെയറിലാക്കിയതും ആ പനിയാണ്. സ്വപ്നങ്ങള്‍ തകർന്ന് ഒരിക്കൽ നിലച്ചുപോയ ജീവിതത്തെ പക്ഷേ, ആത്മവിശ്വാസം കൊണ്ട് അവൾ ഇഷ്ടാനുസരണം ചലിപ്പിച്ചു. ഇന്ന് സ്വന്തം ബിസിനസ് കെട്ടിപ്പടുത്ത് മറ്റുള്ളവർക്കു മാതൃകയാകുകയാണ് സുമാർത്തി. 

അന്നു മുതൽ വീൽചെയർ എനിക്കൊപ്പമുണ്ട്
കശ്മീരിലെ ഒരു താഴ്‍വരയിൽ വളരെ സന്തോഷത്തോടെ കഴിഞ്ഞ കുടുംബമായിരുന്നു സുമാർത്തിയുടേത്. ഒരിക്കൽ സ്കൂളിൽനിന്നു തിരിച്ചെത്തിയ മകൾക്ക് കലശലായ പനി വന്നതോടെയാണ് ആ കുടുംബം ഡോക്ടറെ കണ്ടു. മരുന്നു കഴിച്ചാൽ പെട്ടെന്ന് മാറുമെന്നു ചിന്തിച്ചാണ് ഡോക്ടറുടെ അടുത്തെത്തിയതെങ്കിലും, ആ കുടുംബത്തിന്റെ സന്തോഷമെല്ലാം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതായിരുന്നു ഡോക്ടറുടെ വാക്കുകൾ. ‘‘ഒരു സാധാരണ പനിയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഡോക്ടർ അന്ന് ചികിത്സയ്ക്കു ശേഷം എന്നോടു പറഞ്ഞത് ഇനി ഒരിക്കലും എനിക്ക് നടക്കാൻ കഴിയില്ല എന്നാണ്’’ – സുമാർത്തി പറയുന്നു.

സ്കൂളിൽ പോകാൻ ഏറെ കൊതിച്ച ആ പെൺകുട്ടിയുടെ പിന്നീടുള്ള യാത്ര ആശുപത്രികളിലേക്കായിരുന്നു. അരയ്ക്കു താഴെ തളർന്ന മകളുമായി ആ കുടുംബം പല ആശുപത്രികളും കയറിയിറങ്ങി. കശ്മീരിൽനിന്ന് മുംബൈയിലെത്തി കാലിനു ശസ്ത്രക്രിയ ചെയ്തു. ‘‘സർജറിക്ക് ശേഷം ഡോക്ടർ എനിക്കൊരു ഷൂസ് തന്നു. പിന്നീട് അതുപയോഗിച്ചായിരുന്നു എന്റെ നടത്തം. ചെറുതായി ചുവടുവയ്ക്കാനെല്ലാം ആ സമയത്ത് കഴിയുമായിരുന്നു. എന്നാൽ അവ ഒരുപാട് ഭാരമുള്ളതായിരുന്നു. അതെനിക്ക് വലിയ ബുദ്ധിമുട്ടായിത്തോന്നി. പിന്നെ അത് ഉപേക്ഷിക്കേണ്ടി വന്നു’’. 

ചികിത്സയ്ക്ക് ശേഷം സുമാർത്തിയുടെ ജീവിതം വീല്‍ചെയറിലായിരുന്നു. അസുഖവും ചികിത്സയും കാരണം അവൾക്ക് പഠിത്തവും ഉപേക്ഷിക്കേണ്ടി വന്നു. ‘‘എനിക്ക് സ്കൂളിൽ പോകാൻ ഒരുപാട് ഇഷ്ടമായിരുന്നു. വീൽചെയറിലായതോടെ അതൊന്നും പറ്റാതായി. സുഹൃത്തുക്കളും അടുത്ത വീട്ടിലുള്ള കുട്ടികളുമെല്ലാം സ്കൂളിൽ പോകുന്നത് ഞാൻ വീൽചെയറിലിരുന്ന് നോക്കുമായിരുന്നു. അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് എനിക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്ന്’’. 

അച്ഛന്റെ മരണം ഒരുപാട് തളർത്തി
ആഗ്രഹിച്ചതല്ലെങ്കിലും വീൽചെയറിലെ ജീവിതത്തോടു പൊരുത്തപ്പെട്ട് വരുമ്പോഴാണ് മറ്റൊരു ദുരന്തം സംഭവിച്ചത്. എന്നും സുമാർത്തിക്കൊപ്പം നിന്ന, ജീവിക്കാൻ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്റെ മരണം. ‘‘അച്ഛനായിരുന്നു എന്റെ നെടുംതൂണ്. അച്ഛനൊഴികെ മറ്റാരും എന്റെ കഴിവിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിനു പക്ഷേ, എന്നിൽ വളരെ വിശ്വാസമായിരുന്നു. എന്റെ സ്വപ്നങ്ങൾക്ക് അദ്ദേഹം പൂർണ പിന്തുണ നൽകിയിരുന്നു. അച്ഛന്റെ മരണം എന്നെ തളർത്തി. ഒരുപാട് ദിവസം ഞാൻ കരഞ്ഞു. ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി. അന്ന് എന്റെ മുന്നിൽ രണ്ടു വഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ ജീവിതമവസാനിപ്പിക്കുക. അല്ലെങ്കിൽ പൊരുതുക, ഞാൻ ആരാണെന്ന് എന്നെത്തന്നെ മനസ്സിലാക്കിക്കുക. കഷ്ടതകളനുഭവിച്ച് ഇത്രയും കാലം ജീവിച്ച ഞാൻ ഇനി തോറ്റു കൊടുക്കാതെ പോരാടണമെന്ന് അന്നാണ് എനിക്ക് തോന്നിയത്. പിന്നീട് ജീവിതത്തിൽ വിജയിക്കാൻ വേണ്ടിയായിരുന്നു എന്റെ ശ്രമം’’.

പൊരുതാൻ തീരുമാനിച്ചതോടെ അവളുടെ ഊർജവും പതിന്മടങ്ങ് വർധിച്ചു. 2015ൽ ആദ്യമായി അവളൊരു സംരംഭകയായി. ഒരു ബുട്ടീക്ക് തുടങ്ങി സ്വപ്നങ്ങൾക്കൊപ്പം പറന്നു തുടങ്ങി. എന്നാൽ ആ ജോലി അവളുടെ കാഴ്ചയ്ക്ക് പ്രശ്നം വരുത്തിയതോടെ വർഷങ്ങൾക്കുള്ളിൽ ബുട്ടീക്ക് അടച്ചു പൂട്ടണ്ടി വന്നു. 

പക്ഷേ വീണ്ടും തോൽവി ഏറ്റുവാങ്ങാൻ അവൾ തയാറായിരുന്നില്ല. അങ്ങനെയാണ് ശ്രീനഗറിൽ ഒരു സ്പൈസസ് ഫാക്ടറി ആരംഭിച്ചത്. ‘സദാഫ് മസാലൈ’ എന്ന പേരിലാരംഭിച്ച ഫാക്ടറിയിൽനിന്ന് സുമാർത്തി വീണ്ടും ജീവിതം ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഗുണമേന്മയും രുചിയും കൊണ്ട് ‘സദാഫ് മസാലൈയ്ക്ക്’ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ സാധിച്ചു. ഇന്ന് നിരവധി പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണത്. 

സംരംഭക മാത്രമല്ല, വീൽചെയറിലിരുന്ന് ബാസ്കറ്റ് ബോള്‍ കളിച്ചും സുമാർത്ത പലരെയും ഞെട്ടിച്ചു. 

എല്ലാം തകർന്നു എന്നു തോന്നിയിടത്തുനിന്നാണ് സുമാർത്തി തനിക്ക് ഇഷ്ടപ്പെട്ട വഴിയിലേക്ക് ജീവിതത്തെ മാറ്റിവിട്ടത്. വീൽചെയർ ഒരു പരിമിതിയായി കാണാത്തതാണ് സുമാർത്തയുടെ ജീവിത വിജയം. ജീവിതത്തിലെ കുറവുകളെ പരിമിതിയായി കാണുന്നവരോട് ഈ 34 കാരിക്ക് ഒന്നേ പറയാനുള്ളൂ, ഒരു മുറിയിൽ അടച്ചിരിക്കാതെ നിങ്ങളെത്തന്നെ ശാക്തീകരിക്കുക. കുറവുകളല്ല, മനസ്സിന്റെ ശക്തിയാണ് നിങ്ങളെ വിലയിരുത്തേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com