ADVERTISEMENT

മലയാള സിനിമയിൽ സ്വന്തമായി അഭിപ്രായമുള്ള ചുരുക്കം ചില അഭിനേത്രിമാരിൽ ഒരാൾ, അഭിനേത്രി എന്ന നിലയിൽ മാത്രമല്ല. സൈക്കോളജിസ്റ്റ്, ടെലിവിഷൻ അവതാരക, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ മാലാപാർവതി. നിലപാടുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും മനോരമ ഓൺലൈൻ ഷീ ടോക്കിൽ മനസ്സുതുറന്ന് മാലാപാർവതി. 

∙ സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കാനുള്ള അവസരം കിട്ടിയിരുന്നോ
അച്ഛനമ്മമാർക്കുള്ള എക്സ്പെക്റ്റേഷന്‍സാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ സ്ട്രെസ്സ് ഉണ്ടാക്കുന്നതെന്ന് പറയാറുണ്ട്. ഞാൻ കുട്ടി ആയിരുന്നപ്പോൾ െടലിവിഷനിൽ വരുമോ എന്നറിയില്ലായിരുന്നു. സിനിമ നടി എന്റെ ഫാമിലിയിലേ ഇല്ല. അങ്ങനെ ഒരു വരച്ച വഴി ഇല്ലായിരുന്നതു കൊണ്ടാകാം നമുക്ക് നമ്മളെ തന്നെ എക്സ്പ്ലോർ ചെയ്യാൻ പറ്റിയത്. ഇന്ന് പ്രസവിക്കുന്ന ഒരു കുട്ടി 28, 30 വയസ്സാകുമ്പോൾ എന്തെല്ലാം സാധ്യതകളാണ്. സത്യത്തിൽ എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. എല്ലാവരും പറയുന്നതങ്ങനെയാണ്. സത്യത്തിൽ അവരെ പോലെയാകാൻ എനിക്ക് സാധിച്ചിട്ടില്ല. അത്രയ്ക്ക് കംപാഷനേറ്റ് ആയിട്ടുള്ള, അത്രയ്ക്ക് കരുണയുള്ള സ്നേഹമുള്ള രണ്ട് മനുഷ്യരായിരുന്നു അവർ. അവരെ പോലെ ആകണം എന്നു മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. 

∙ പ്രണയവും റജിസ്റ്റർ വിവാഹവും
എന്റെ ചേച്ചി എന്നെ ഒരു മകളെപ്പോലെയാണ് കാണുന്നത്. അനിയത്തിയെപ്പോലെ അല്ല. ചേച്ചി പറയുന്നത് അച്ഛനും അമ്മയ്ക്കും ഒരു മകളേ ഉള്ളൂ. ചേച്ചിയുടെ മകളാണ് ഞാൻ എന്നാണ്. സതീഷുമായി ഇഷ്ടത്തിലായ സമയത്ത് കോളജിലെ കുറേപേർ ചേച്ചിയുടെ അടുത്തു ചെന്നു പറഞ്ഞു. ഭയങ്കര പ്രശ്നക്കാരനാണ് സതീഷ്, പാർട്ടിക്കാരനാണ്, ചേച്ചിയെ തല്ലാൻ ഉദ്ദേശിക്കുന്നുണ്ട് എന്നൊക്കെ. കഥ വന്നപ്പോൾ പലരും ചേച്ചിയോട് പറഞ്ഞു പക്ഷേ, അന്നൊന്നും ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു. ഫിലിം ഫെസ്റ്റിവൽ ബുക്ക് ചെയ്യാൻ സ്റ്റുഡൻഡ് സെന്ററിൽ രണ്ടു തവണ പോയി. അന്ന് എനിക്ക് സതീഷിനെ വലിയ പരിചയമില്ല. അന്ന് രണ്ടു ദിവസം എന്റെ സുഹൃത്തിനെ കാത്തിരുന്നെങ്കിലും അവൻ വന്നില്ല. അപ്പോള്‍ സതീഷാണ് സഹായിച്ചത്. അന്ന് സതീഷ് വന്നതു കൊണ്ട് കുറച്ച് സിനിമകളൊക്കെ എനിക്ക് കിട്ടി. 

ഫിലിം ഫെസ്റ്റിവലിനും പിന്നാലെയുമെല്ലാം സതീഷിനെ വിളിക്കുന്നില്ലേ എന്നെല്ലാവരും ചോദിക്കാൻ തുടങ്ങി. ഞാൻ ഇതൊന്നും അറിയാതെ എല്ലാത്തിനും സതീഷിനെ വിളിക്കുകയും ചെയ്യും. പിന്നാമ്പുറത്തു നടക്കുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. എന്റെയും സതീഷിന്റെയും പേരെഴുതി പോസ്റ്ററൊട്ടിക്കലും അതുമിതും എല്ലാമായി. ചേച്ചിയുടെ ചെവിയിൽ ഇക്കാര്യങ്ങളെല്ലാമെത്തി. അറിഞ്ഞു. അവരെല്ലാവരും സതീഷിനെപ്പെറ്റി ഒരന്വേഷണം ഒക്കെ നടത്തിയപ്പോൾ ഇത് ശരിയാവില്ല, നമ്മുടെ ഫാമിലിയുമായി ചേരില്ല എന്നു പറഞ്ഞു. എനിക്കന്നും ഇന്നും ഫാമിലികൾ തമ്മിൽ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. ഞാനവിടെ പോയതുകൊണ്ട് ഞാനിപ്പോഴും സന്തോഷമായിട്ട് ജീവിക്കുന്നു. ആൾക്കാർക്ക് അവരുടെ കാഴ്ചയിൽ സാമ്പത്തികമെന്നോ ജാതിയെന്നോ ഒക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് അന്നും ഇന്നും അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. അമ്മയും അച്ഛനും എന്റടുത്ത് ഒന്നും ചോദിച്ചില്ല. മാമനാണ് എന്റടുത്ത് ചോദിക്കുന്നത്. ഭയങ്കര വിഷയമായിരുന്നു. മുറിയിൽ നിന്ന് ഇറങ്ങാൻ പറ്റില്ല. കോളജിൽ വിടില്ല. വൻ പ്രശ്നമായിരുന്നു. അവസാനം എന്തായാലും റജിസ്റ്റർ മാര്യേജ് കഴിഞ്ഞു. 

∙അഭിനയം എന്നത് ഒരു പ്രഫഷനാക്കും എന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ?
ഒരിക്കലുമില്ല. ഒന്നാംക്ലാസിലോ മറ്റോ പഠിക്കുമ്പോൾ ഒരു നാടകം കളിച്ചിട്ടുണ്ട്. അന്ന് മാർഗ്രിഗോറിയസ് തിരുമേനി എന്നെ മടിയിൽ എടുത്ത് വച്ച് പറഞ്ഞു ‘ഇവൾ വലിയ നടിയാകും’ എന്ന്. അന്ന് എന്റെ അമ്മൂമ്മ നാടകം കാണാൻ വന്നിരുന്നു. ഗ്രിഗോറിയസ് തിരുമേനി നിന്നെ നോക്കിയിട്ട് നല്ല നടിയാകും എന്നു പറഞ്ഞു എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. നീ നടിയാകുമോ എന്നു അമ്മ ചോദിക്കുമായിരുന്നു. തടി ആണുള്ളത് നടി ഒരു സൈഡിലൂടെ ഇങ്ങനെ പോകുന്നു. അങ്ങനെ ഒരാഗ്രഹം ഇല്ലായിരുന്നു. നീലത്താമര കണ്ടു വന്നതിനുശേഷം അമ്മയ്ക്ക് അത്ര നല്ല അഭിപ്രായം ഒന്നുമല്ലായിരുന്നു. കണ്ട ആണുങ്ങൾക്കു പിഴപ്പിക്കാനല്ല ഞാൻ നിന്നെ വളർത്തിയത്. എന്നായിരുന്നു അമ്മയുടെ കമന്റ്. അമ്മ പിന്നെ എന്റെ സിനിമകളൊന്നും കണ്ടിരുന്നില്ല. അമ്മ വളരെ സ്ട്രെയ്റ്റ് ഫോർവേഡ് ആയിട്ടുള്ള ആളായിരുന്നു. 

maala3
മാലാ പാർവതി, Image Credits: Instagram/maala.parvathi

∙ സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ധാരാളം സംസാരിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ സ്ത്രീ സ്വാതന്ത്ര്യം അല്ലെങ്കിൽ ജെൻഡർ ഇക്വാലിറ്റി എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ട് ?
ആറു വയസ്സുള്ള ഒരു കുഞ്ഞിനെ ആലുവയിൽ കൊണ്ടു പോയി കൊലപ്പെടുത്തിയതിനുശേഷമുള്ള കാലഘട്ടത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. കേരളത്തിൽ പോലും ഇങ്ങനെയൊക്കെയുള്ള അപകടങ്ങളും റേപ്പും ഒന്നും തടയാനൊന്നും പറ്റത്തില്ല. ലോകമുള്ളിടത്തോളം കാലം ക്രൈം ഉണ്ട്. നമ്മളെല്ലാം മരിച്ചു പോയാലും ക്രൈമുകൾ തുടർന്നുകൊണ്ടേയിരിക്കും. എന്തൊക്കെ പറഞ്ഞാലും സെക്സ് എന്നത് വിൽപനചരക്കാണ്. അതിനി നമ്മൾ എന്തൊക്കെ പറഞ്ഞാലും അങ്ങനെയാണ്. ലോകം മുഴുവൻ അങ്ങനെയാണ്. വിദ്യാഭ്യാസം നൽകിയാണ് കുറെയൊക്കെ ആൾക്കാരെ അതിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ സാധിക്കുക. ഭക്ഷണം പോലെ തന്നെയാണ് സെക്സ്. ഭക്ഷണത്തിനെ വിലക്കിയാൽ നമ്മൾ സംസാരിക്കുന്നത് മുഴുവൻ ഭക്ഷണത്തെക്കുറിച്ചായിരിക്കില്ലേ. അതുപോലെ തന്നെയാണ് സെക്സും. ടാബു ആയിട്ട് ഇട്ടേക്കുവാണ്. എന്താണ് ഈ ടാബു? അത് വേറൊരു തലത്തിൽ വിലയിരുത്തണം. സ്ത്രീകളഉടെ നിയന്ത്രണം പണ്ടുകാലം തൊട്ട് വരുന്നുണ്ട്. സ്ത്രീയുടെ സ്ഥാനം പോലും പുരാണങ്ങളിലും എഴുത്തുകളിലും സ്ത്രീകൾ പുരുഷനെ നോക്കാനുള്ള പ്രോപ്പർട്ടിയായി മാറുകയാണ്. 

ഇത്ര സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വളരെ പ്രസ്റ്റീജായി പറയുന്നവർ സിനിമാ മേഖലയിലും ഉണ്ട്. അതൊന്നും ഇവരുടെ കുറ്റമല്ല എന്നാണു ഞാൻ പറയുന്നത്. ചരിത്രപരമായി തന്നെ ഇതിനു കാരണങ്ങളുണ്ട്. കാരണം സ്ത്രീയെ ഒരു പ്രോപ്പർട്ടി ആയിട്ട് കാണുന്നതിൽ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. നിയമങ്ങളിലൂടെയാണ് അത് മാറ്റുന്നത്. 2012ൽ നിർഭയ പോലെയുള്ള കേസുകൾ വരുന്നതു വരെ അങ്ങനെയുള്ള നിയമങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ആ കാലഘട്ടത്തിൽ സിനിമയിൽ വരുകയും ആ കാലഘട്ടത്തിൽ പൊതുപ്രവർത്തനം ചെയ്തുകൊണ്ടിരിക്കുകയും ഒക്കെ ചെയ്ത കാലമാണ്.

2005 ൽ മനോരമയുമായി ചേർന്ന് രാത്രി യാത്ര നടത്തി. അന്ന് രാത്രിയാത്ര എന്നു പറഞ്ഞാൽ ആളുകള്‍ തെറ്റായെന്തോ ആയാണ് കരുതുന്നത്. ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങി നടന്നാൽ എന്തെല്ലാം അനുഭവിക്കേണ്ടി വരുന്നെന്ന് ഒരു തുറന്ന കാഴ്ചയുണ്ടാകണമെന്നേ ആ നടത്തത്തിലൂടെ ആഗ്രഹിച്ചുള്ളൂ. തീർച്ചയായിട്ടും നമ്മൾ ആരുടെയും പ്രോപ്പർട്ടി അല്ല. നമ്മൾ ഒരു സിറ്റിസൺ ആണ്, ഭരണഘടന നമുക്ക് അതിനുള്ള അനുവാദം തന്നിട്ടുണ്ട്. ഈ മണ്ണിൽ മറ്റൊരാൾക്ക് എത്ര അവകാശമുണ്ടോ അതുപോലെ ഈ ഭൂമിയിൽ ജനിക്കുന്ന എല്ലാവർക്കും അവകാശമുണ്ട് എന്ന ഉത്തമബോധ്യത്തിൽ നിന്നാണ് നമ്മളത് ചെയ്യുന്നത്. പക്ഷേ ഈ മൈൻഡ് സെറ്റ്  മാറി വരാൻ പ്രയാസമാണ്. ആരുടെയും കൺസെന്റ് ഇല്ലാെത ആരെയും തൊടാനും ഒന്നും പാടില്ല. പക്ഷേ ആളുകളുടെ മനസ്സ് അങ്ങനെയല്ലല്ലോ. ഞാൻ ഒരാൾക്ക് ഒരു ഫേവർ ചെയ്തു കൊടുത്തു. ഒരാളെ ഞാൻ സിനിമയിൽ നടിയാക്കി. അപ്പോൾ എനിക്കെന്താ അതിൽ നിന്നു കിട്ടുന്ന ഗുണം? എന്നെ അവരു സേവിക്കണം എന്നു വിചാരിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ നിലനിൽക്കുന്നുണ്ട്. 

maala2
മാലാ പാർവതി, Image Credits: Instagram/maala.parvathi

∙കാസ്റ്റിങ് കൗച്ച് പോലുള്ള മോശമായ അനുഭവങ്ങൾ സിനിമാ മേഖലയിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? 
ഞാൻ വേറൊരു ഇമേജ് ഉള്ള ഒരാളായിരുന്നല്ലോ. ടെലിവിഷനിൽ അവതാരക ആയിരുന്നു. കുറച്ചുകൂടി പ്രായമായിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. മലയാളികളുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടൻ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി, ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ സതീഷ് പറഞ്ഞത് നിന്റടുത്ത് സിനിമയിൽ പോകാൻ ആരും പറഞ്ഞില്ലല്ലോ എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത്. അയാളുടെ മനസ്സിൽ ഇത്രയും വൃത്തികേടുകൾ ഉണ്ട്. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ പറ്റില്ലെന്നു വച്ച് നമ്മൾ വീട്ടിൽ ഇരിക്കേണ്ട ആൾക്കാരല്ലല്ലോ എന്നാണ് സതീഷ് പറഞ്ഞത്.

∙പുതുതലമുറയിലെ പാഷനേറ്റായി സിനിമ മേഖലയിലെത്തുന്ന സ്ത്രീകൾക്ക് അഭിനയം സേഫ് പ്രഫഷനാണോ?

അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് ‍ഞാൻ കാണുന്നില്ല. എല്ലാ മേഖലയിലുംപെട്ട ആൾക്കാരോട് അടുത്തു പെരുമാറുമ്പോൾ അവരു പറയും അയ്യോ അയാള് ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ പറയാറുണ്ട്. ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാർഥതയാണ് മനുഷ്യമനസ്സിന്റെ കോർ എന്നു പറയുന്നത്. എല്ലാം എനിക്കു കിട്ടണം എന്നുള്ളതാണ് മനുഷ്യന്റെ മനസ്സ്. അത് ആണിന്റെയും പെണ്ണിന്റെയും. ഒരു പെണ്ണ് കുറ്റം ചെയ്യുമ്പോൾ അയ്യോ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നു ചോദിക്കാറുണ്ട് അങ്ങനെയൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ്. കുട്ടികൾ ഏതെങ്കിലും ഒരു മേഖലയിലേക്ക് ഇറങ്ങുമ്പോൾ ഇവിടെ എല്ലാം സേഫായിരിക്കും എന്നു കരുതി വരരുത്. 

എല്ലാത്തിനും ഒരു ജാഗ്രതയുണ്ടാകണം. കാരണം ഏതു നിമിഷവും നമ്മൾ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മൾ പറയുന്ന വർത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം എന്നറിവ് അവനവനു വേണം. അത് നമ്മളൊരു സ്കിൽ പഠിക്കുന്നതു പോലെയാണ്. ഇപ്പോൾ നമുക്ക് ഫിനാൻഷ്യല്‍ ഫ്രോഡ് സംഭവിക്കാറില്ലേ. നമ്മൾ എടിഎം പിൻ എല്ലാവർക്കും പറഞ്ഞു കൊടുക്കുമോ? ഇല്ലല്ലോ. സ്ത്രീകളെ പ്രത്യേകിച്ച് കുട്ടികളെ ഉപദ്രവിക്കരുത്. അത് എല്ലാക്കാലത്തും അവരുടെ മനസ്സിലത് ഒരു ട്രോമയായി നിലനിൽക്കും. കാരണം സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളർത്തുന്നത്. ഇങ്ങനെയൊരാൾ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. ഒരു ആറു വയസ്സുള്ള ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോൾ അവളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന് അവളെ പഠിപ്പിച്ചിട്ടില്ല ആരും. പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോൾ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകും. ഒന്നുകില്‍ നമ്മൾ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാൽ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോൾ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളർത്തുക. അവരു ജാഗ്രതയോടെ വളർന്നു കഴിഞ്ഞാൽ പ്രശ്നമില്ല. മനുഷ്യരുെട ഇടയിലും മോശമായി മാനസികാവാസ്ഥയുള്ളവരുണ്ട്. അവരുടെ അടുത്തു പോയാൽ നമുക്ക് മോശം അനുഭവം ഉണ്ടാകും എന്ന് പറഞ്ഞു പഠിപ്പിക്കണം. ഇനിയുള്ള കാലത്ത് അതൊക്കെയേ പറ്റൂ. അല്ലാതെ അതിന്റെ പേരിൽ പെൺകുട്ടികളെ വീട്ടിലിട്ടു പൂട്ടുക അല്ല ചെയ്യേണ്ടത്. 

∙ഒരു കാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനം തുടരുന്നുണ്ടോ? തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്‍പര്യമുണ്ടോ?

ഒരിക്കലുമില്ല. ഞാനൊരു രാഷ്ട്രീയക്കാരി അല്ല. എനിക്ക് കൃത്യമായ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്. രാഷ്ട്രീയമായ നിലപാടുകളുണ്ട്. പക്ഷേ ഇപ്പോൾ ഇന്നത്തെ രാഷ്ട്രീയത്തില്‍ ഞാൻ വ്യക്തിപരമായി പറയുന്ന അഭിപ്രായങ്ങൾക്ക് കിട്ടുന്ന സൈബർ അറ്റാക്ക് എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും ബാധിക്കും. എന്നെ ബാധിച്ചാൽ പ്രശ്നമില്ല. കുടുംബത്തിലുള്ളവരെ ബാധിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുമുണ്ട്. ഇപ്പോൾ എനിക്കു മനസ്സിലായി കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ നമ്മൾ നമ്മുടെ ജോലി നോക്കി പോവുക. എന്റെ ചുറ്റും ജീവിക്കുന്നവരെ അല്ലെങ്കിൽ എന്റെ കുടുംബത്തിലായിപ്പോയവരെ ഞാൻ കാരണം ഉപദ്രവിക്കപ്പെടാൻ പാടില്ല. അതിലും വലുതല്ല എന്റെ അഭിപ്രായം. 

maala1

∙സൈബർ ആക്രമണം ഉണ്ടായപ്പോൾ എങ്ങനെയാണ് അതിനെ നേരിട്ടത്?

ആദ്യമായി അങ്ങനെയൊരു സംഭവം നടന്ന സമയത്ത് എന്റെ വീട്ടിൽ മുഴുവൻ എന്റെ സുഹൃത്തുക്കളായിരുന്നു. 10–12 പേര് മുഴുവൻ സമയവും എന്റെ കൂടെ മുറിയിൽ തന്നെയുണ്ടായിരുന്നു. ഞങ്ങളതിനെ ഒരു തമാശയായിട്ട് നേരിടാനാണ് ശ്രമിച്ചത്. പക്ഷേ അവരില്ലാത്ത സമയങ്ങളിൽ ഞാൻ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോകുമായിരുന്നു. മരുന്നു കഴിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. കുറേ നാൾ മരുന്നു കഴിച്ചു. ഫാമിലിയിൽ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടായി. ഞാൻ അങ്ങനെ കട്ടിലിൽ തന്നെ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് മഹേഷ് നാരായണൻ വിളിച്ചിട്ട് പാർവതിചേച്ചി വേഗം എഴുന്നേറ്റ് ‘സീ യു സൂൺ’ എന്ന സിനിമയിൽ അഭിനയിക്കാന്‍ വാ എന്നു പറഞ്ഞത്. അന്ന് മരുന്നുകളെല്ലാം കഴിച്ച് എന്റെ തല നേരെ നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ. പിന്നീട് ഞാൻ അതിൽ നിന്നൊക്കെ പുറത്തു വന്നു. കാരണം ഇങ്ങനെ നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി. സന്തോഷം എങ്ങനെയെടുക്കുന്നോ അതുപോലെ തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാൻ നമ്മുടെ മനസ്സിനെ തയാറാക്കി വച്ചാൽ ഭയങ്കര ഫ്രീഡം അനുഭവപ്പെടും. ഞാനിപ്പോൾ ആ ഒരു മാനസികാവസ്ഥയിലാണ്. 

ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ഇപ്പോൾ തട്ടിപ്പോയലും ഞാന്‍ ഹാപ്പിയാണ്. അത് ഒരു നെഗറ്റിവിറ്റിയിലോ നിരാശയിലോ പറയുന്നതല്ല. മരിച്ചാലും ഓകെയാണ്. മരിച്ചില്ലെങ്കിലും ഓകെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com