ശാക്തീകരണം വേണം, പക്ഷേ കൈത്താങ്ങലുകളില്ല; സ്ത്രീകളെ കൈവിട്ട് ഇടക്കാല ബജറ്റ്
Mail This Article
സ്ത്രീകൾക്ക് കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും സ്ത്രീകളെ എടുത്തു പറഞ്ഞതുകൊണ്ട് വനിതകൾക്കായി പ്രത്യേക പാക്കേജുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, 10 വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ ഊന്നിപ്പറയുന്നതായിരുന്നു നിർമല സീതാരാമന്റെ ബജറ്റ് അവതരണം.
കർഷകർ, സ്ത്രീകൾ, ദരിദ്രർ, യുവജനങ്ങൾ എന്നിവരുടെ വികസനത്തിൽ കൃത്യമായി ഇടപെടലുകൾ നടത്തണമെന്ന് ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി വ്യക്തമാക്കി. എന്നാൽ, പുതിയ പദ്ധതികളിലൂടെ സ്ത്രീകൾക്ക് യാതൊരു പരിഗണനയും ബജറ്റിൽ നൽകിയില്ല. കിസാൻ സമ്മാൻ നിധിയുടെ തുക വനിതാ കർഷകർക്ക് 1200 രൂപയായി ഉയർത്തുക, നികുതി ഇളവ് തുടങ്ങി സ്ത്രീകൾക്ക് ധനമന്ത്രി പിന്തുണയേകുമെന്ന് പലരും കരുതി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെല്ലാം സ്ത്രീകളുടെ ഉന്നമനത്തെ പറ്റി പറഞ്ഞതോടെ പ്രതീക്ഷകൾ ഏറിയിരുന്നു.
എന്നാൽ, കഴിഞ്ഞ 10 വർഷം സ്ത്രീകളുടെ ഉന്നമനം എങ്ങനെ നടപ്പിലായി, സ്ത്രീകൾക്ക് വേണ്ടി സർക്കാർ ഇതുവരെ എന്തെല്ലാം ചെയ്തു, ഇനിയും അത് തുടരും എന്നത് മാത്രമാണ് ധനമന്ത്രി ഇടക്കാല ബജറ്റിൽ പറഞ്ഞത്. പുതിയൊരു പദ്ധതിയും നടപ്പിലാക്കാതെ സ്ത്രീകൾക്ക് നിരാശ നൽകുന്നതായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്.
സംരംഭകത്വത്തിലൂടെ സ്ത്രീകൾക്ക് അന്തസായി ജീവിക്കാനുള്ള അവസരം ഒരുക്കി, വനിതാ സംരംഭകർക്കായി മുപ്പത് കോടി രൂപ മുദ്ര യോജന വായ്പ വഴി നൽകി, ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീ പ്രവേശനം പത്ത് വർഷത്തിനിടെ 28 ശതമാനം വർധിച്ചു, സയൻസ്, ടെക്നോളജി, എൻജിനിയറിങ്, ഗണിതം എന്നീ കോഴ്സുകളിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം 43 ശതമാനം വർധിച്ചു, തുടങ്ങി കഴിഞ്ഞ വർഷത്തിൽ സ്ത്രീ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങൾ ബജറ്റിൽ വ്യക്തമാക്കി.
കൂടാതെ മുത്തലാഖ് നിർത്തലാക്കിയതും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി സീറ്റ് സംവരണം ചെയ്തതും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 70 ശതമാനത്തിലധികം വീടുകൾ നിർമിച്ചതും ബജറ്റിൽ ധനമന്ത്രി പറഞ്ഞു.
83 ലക്ഷം സ്വയം സഹായക സംഘത്തിലൂടെ 9 കോടി സ്ത്രീകൾ രാജ്യത്തെ നയിക്കുന്നുണ്ട്. ഇവരെ ലഖ്പതി ദീതി യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ലക്ഷ്യം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തും. കൂടാതെ മാതൃ-ശിശു സംരക്ഷണത്തിനായി വിവിധ പദ്ധതികൾ കൊണ്ടുവരും, ‘സാക്ഷം അങ്കണവാടി, പോഷൻ 2.0 എന്നിവയിൽ ഉൾപ്പെടുത്തി അങ്കണവാടികളുടെ നവീകരണം വേഗത്തിലാക്കും, മെച്ചപ്പെട്ട പോഷകാഹാര വിതരണത്തിനായുള്ള പദ്ധതികൾ കൊണ്ടുവരും, എന്നീ കാര്യങ്ങളും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.