പഴ്സ് കടലിൽ നഷ്ടപ്പെട്ടു, 8 മാസത്തിന് ശേഷം തിരികെ നൽകി കടൽ; സന്തോഷം പങ്കുവച്ച് യുവതി
Mail This Article
കടലിൽ കളഞ്ഞുപോയ പഴ്സ് മാസങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയാൽ എങ്ങനെയിരിക്കും? ഒരിക്കലും നടക്കില്ലെന്ന് കരുതിയൊരു കാര്യം നടന്ന സന്തോഷമായിരിക്കും അല്ലേ. അത്തരത്തിലൊരു കാര്യം സംഭവിച്ചിരിക്കുകയാണ് അങ്ങ് കൊളംബിയയിൽ.
ടോഫിനോയി സ്വദേശിനി മാർസി കാലെവാർട്ട് ജോൺ എന്ന യുവതിക്കാണ് എട്ടു മാസത്തിനു ശേഷം നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയത്. മാർസി തന്റെ നായകളുമായി കടൽത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് പഴ്‌സ് കണ്ടെത്തിയത്.
2023 ജൂണിൽ കൊളംബിയയിലെ ടോഫിനോയുടെ പടിഞ്ഞാറൻ തീരത്ത് മാർസി ഒരു ബോട്ടിൽ കയറുന്നതിനിടെയായിരുന്നു അവരുടെ പഴ്‌സ് അബദ്ധത്തിൽ കടലിൽ വീണത്. സംഭവം നടന്നയുടനെ അത് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താനായി മുങ്ങൽ വിദഗ്ധനെത്തിയെങ്കിലും പഴ്സ് കണ്ടെത്താനായില്ല. എന്നാലിപ്പോൾ മാസങ്ങൾക്ക് ശേഷം അതേ കടൽത്തീരത്തുതന്നെ തന്റെ പഴ്സ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് യുവതി.
ടിക്ടോക്ക് വിഡിയോയിലൂടെ ലോകത്തോട് മാർസി തന്റെ അദ്ഭുതകരമായ അനുഭവം പങ്കുവച്ചു. യുവതിയുടെ അനുഭവക്കുറിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കണ്ടു. കടലെടുത്ത പലതും ഇതുപോലെ തിരിച്ചുകിട്ടിയിട്ടുണ്ടെന്ന് പലരും കമന്റുചെയ്യുന്നുണ്ട്.