നാൽപ്പത്തിയൊമ്പതാം വയസ്സില് കടലിന്റെ ആഴങ്ങളിലേക്ക്, പവിഴപ്പുറ്റുകളെ സംരക്ഷിച്ച് മാതൃകയായി ഉമ മണി

Mail This Article
തമിഴ്‌നാട് സ്വദേശി ഉമ മണി 49-ാം വയസ്സിൽ ആഴക്കടൽ സ്കൂബ ഡൈവിങ്ങിലേക്ക് തിരിഞ്ഞത് നേരം പോക്കിന് വേണ്ടിയായിരുന്നില്ല. ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നും സമുദ്ര മലിനീകരണത്തെക്കുറിച്ചും പവിഴപ്പുറ്റുകളുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്താൻ പോരാടുന്ന ഒരു സ്കൂബ ഡൈവറിലേക്കുള്ള ദൂരം ഒരു ദശാബ്ദക്കാലമാണ്. സമുദ്ര മലിനീകരണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നത് തന്റെ ജീവിത ദൗത്യമായി കണ്ട് പ്രവർത്തിക്കുന്ന ഉമ മണിയെന്ന വീട്ടമ്മ ഒരു മാതൃകയാണ്.
കടലിലേക്ക് ചാടാൻ ഭയന്ന് ഡൈവിങ് ബോർഡിന്റെ അരികിൽ നിൽക്കുമ്പോൾ അത് തന്റെ ആദ്യത്തേതും അവസാനത്തേതുമായ അവസരമാണെന്ന് ഉമ കണ്ണടച്ച് സ്വയം പറഞ്ഞു. താൻ ഇപ്പോൾ പിൻമാറിയാൽ ജീവിതകാലം മുഴുവൻ ഖേദിക്കേണ്ടിവരുമെന്ന ചിന്തയിൽ നിന്ന് അവരെടുത്ത തീരുമാനമാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്.

ചെന്നൈയിൽ ജനിച്ചുവളർന്ന ഉമ 2004ലാണ് മാലിദ്വീപിലെത്തിയത്. കുട്ടിക്കാലം മുതൽ പെയിന്റിങ്ങിനോട് താൽപര്യമുണ്ടായിരുന്ന ഉമയ്ക്ക് പക്ഷേ പ്രെഫഷണലായി പഠിക്കാനുള്ള അവസരം ലഭിച്ചില്ല. എന്നാൽ നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ ഉമ പവിഴപ്പുറ്റുകളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടു. പിന്നാലെയാണ് അവയെക്കുറിച്ച് കൂടുതൽ വായിക്കാനും അവ വരയ്ക്കാനും പ്രദർശനങ്ങൾ നടത്താനുമൊക്കെ തുടങ്ങിയത്. വായനയിലൂടെയും ചിത്രങ്ങളിലൂടെയും ഇഷ്ടപ്പെട്ട കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാൻ പിന്നാലെ ഉമ തീരുമാനിക്കുകയായിരുന്നു.
ഓരോ തവണയും കടലിലിറങ്ങുമ്പോൾ മാലിന്യ നിർമാർജനം, എണ്ണ ചോർച്ച, സംസ്കരിക്കാത്ത മലിനജലം, വിഷ രാസവസ്തുക്കൾ എന്നിവയാൽ പവിഴപ്പുറ്റുകൾ കാലാതീതമായി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ മനസിലാക്കാൻ തുടങ്ങുകയും അതിനെതിരെ വേണ്ടതെല്ലാം ചെയ്യണമെന്നും ചിന്തിച്ചു. അങ്ങനെ സ്കൂബ ഡൈവിങ്ങിലൂടെ ബോധവത്കരണം നടത്തുക എന്ന ആശയത്തിലേയ്ക്ക് ഈ വീട്ടമ്മ എത്തി. ഇപ്പോൾ സ്‌കൂളുകളിലും കോളജുകളിലും കോർപ്പറേറ്റ് ഓർഗനൈസേഷനുകളിലും കടൽ മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തുകയും പുതുതലമുറയിൽ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനായി പ്രവർത്തിക്കുകയാണ് ഉമ.