ADVERTISEMENT

ഭർത്താവ് ഓഫിസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയാൽ അവർ തിരിച്ചെത്തുംവരെ മിക്ക വീട്ടമ്മമാരും അനുഭവിക്കുന്ന പ്രശ്നമാണ് കടുത്ത ഏകാന്തത. പതിനെട്ടാം വയസ്സിൽ വിവാഹിതയായി, വർഷങ്ങളോളം വീടിനുള്ളിൽ ‘കുടുങ്ങിക്കിടന്ന’ ഗുഡ്ഗാവ് സ്വദേശി പുനം സിങ്ങും ഇതിൽനിന്നു വ്യത്യസ്തയല്ലായിരുന്നു. 'എംപ്റ്റി നെസ്റ്റ് സിൻഡ്രോം' എന്ന പ്രശ്നത്തിൽനിന്ന് പക്ഷേ പുനം അതിഗംഭീരമായി പുറത്തുവന്നു. ഒപ്പം, തന്നെപ്പോലെ പ്രശ്നമനുഭവിക്കുന്ന നൂറു കണക്കിന് സ്ത്രീകൾക്ക് മോചനവും നൽകി. 

ക്ഷേത്രങ്ങളിൽനിന്നു പുറംതള്ളുന്ന പൂക്കളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് ധൂപക്കുറ്റികളാക്കുന്ന സ്വയംതൊഴിൽ സംരംഭമാണ് പൂനം പരീക്ഷിച്ചത്. പ്രതിമാസം 1,000 കിലോ മാലിന്യം റീസൈക്കിൾ ചെയ്ത് ധൂപക്കുറ്റികളാക്കുന്ന ആരുഹി എന്റർപ്രൈസസ് എന്ന സംരംഭത്തിന്റെ അമരക്കാരിയാണ് നാൽപത്തിയൊന്നുകാരിയായ പൂനം സിങ്. ബോധവൽക്കരണ ശിൽപശാലകൾ സംഘടിപ്പിച്ച് 3,000 സ്ത്രീകൾക്ക് ഈ രംഗത്ത് നൈപുണ്യം നൽകാനും പൂനത്തിനു കഴിഞ്ഞു. 

വഴിത്തിരിവായത് ക്ഷേത്രദർശനം
എല്ലാ പെൺകുട്ടികളെയും പോലെ പൂനത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹശേഷം ദൈനംദിന ജീവിതത്തിന്റെ സങ്കീർണതകൾക്കിടയിൽ അതൊക്കെ അവൾക്ക് മറക്കേണ്ടിവന്നതാണ്. വീട്ടുപണികളും ഒറ്റപ്പെടലും അസ്തിത്വദുഃഖവും കാരണം വിഷാദത്തിലായ പൂനത്തിനോട് അമ്മയാണ് ക്ഷേത്രദർശനം നടത്താൻ ഉപദേശിച്ചത്. അടുത്തുള്ള ക്ഷേത്രത്തിലെത്തിയ പൂനം ദേവനു പൂക്കൾ സമർപ്പിച്ച് അനുഗ്രഹം തേടി. പക്ഷേ പിന്നീട് സംഭവിച്ചത് അവളെ ഞെട്ടിച്ചു. ദേവന്റെ കാൽക്കൽ പോലും വയ്ക്കാതെ ആ പൂക്കൾ മാലിന്യക്കൂമ്പാരത്തിലേക്കു വലിച്ചെറിയപ്പെട്ടു. അൽപനേരം ക്ഷേത്രത്തിൽ ചെലവഴിച്ച പൂനത്തിന് മനസ്സിലായി, ഭക്തർ സമർപ്പിക്കുന്ന പൂക്കൾക്കെല്ലാം ഒരേ വിധിയാണെന്ന്. 

പൂക്കളുടെ മാലിന്യം പ്രതിവർഷം 80 ലക്ഷം ടൺ
അസ്വസ്ഥതയോടെ തിരിച്ചെത്തിയ പൂനം ക്ഷേത്രങ്ങളിൽ സമർപ്പിക്കപ്പെടുന്ന പൂക്കൾക്ക് എന്തു സംഭവിക്കുമെന്നാണ് ആദ്യം അന്വേഷിച്ചത്. ഓരോ വർഷവും ഏകദേശം 80 ലക്ഷം ടൺ പൂക്കൾ രാജ്യത്തെ നദികളിൽ തള്ളപ്പെടുന്നുണ്ട് എന്ന അമ്പരിപ്പിക്കുന്ന റിപ്പോർട്ടാണ് ഒരു ഇന്റർനാഷനൽ ജേണലിൽനിന്ന് പൂനത്തിന് കിട്ടിയത്. അവിടെനിന്നാണ് പൂനം തന്റെ ദൗത്യം തിരിച്ചറിഞ്ഞത്. തുടർന്ന്, ഉപയോഗിച്ച പൂക്കൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള വഴികൾ തേടി. അത് വെറുതെയായില്ല. 2019 ജൂണിൽ, സുഹൃത്ത് പിങ്കി യാദവിനൊപ്പം ആരുഹി എന്റർപ്രൈസസ് സ്ഥാപിച്ച് പുഷ്പാവശിഷ്ടങ്ങൾ ഉപയോഗിച്ച് സാമ്പ്രാണി, ധൂപക്കുറ്റികൾ, എയർ ഫ്രെഷ്നറുകൾ, വിഗ്രഹങ്ങൾ എന്നിവ നിർമിക്കാൻ തുടങ്ങി. പ്രതിമാസം 1000 കിലോ പുഷ്പമാലിന്യം സംസ്കരിച്ചെടുത്ത് 2 ലക്ഷം രൂപയിലധികം സമ്പാദിക്കുന്നുണ്ട് പൂനമിപ്പോൾ. 

poonam1

കുറഞ്ഞ കാലയളവിനുള്ളിൽ മൂവായിരത്തിലധികം സ്ത്രീകൾക്ക് പുഷ്പമാലിന്യങ്ങളിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനവും അവർ നൽകി. വരുമാനസാധ്യതയുള്ള സ്വയംതൊഴിലിനൊപ്പം പരിസ്ഥിതിമലിനീകരണത്തിന് കാരണമാകുന്ന മാലിന്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൂനമിപ്പോൾ. നദിയിലെ മലിനീകരണത്തിന്റെ 16 ശതമാനവും പൂക്കളുടെ അവശിഷ്ടങ്ങളാണെന്നും പൂനം ചൂണ്ടിക്കാണിക്കുന്നു.

ഡോക്ടറാകാൻ ആഗ്രഹിച്ച പൂനത്തിന് പക്ഷേ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുൻപ് വിവാഹിതയാകേണ്ടിവന്നു. കുട്ടികളുണ്ടായപ്പോൾ ജീവിതം അവരെ ചുറ്റിപ്പറ്റിയായി. കുട്ടികൾ മുതിർന്നപ്പോൾ ബിഎഡ് ബിരുദം നേടുകയും അധ്യാപകപരിശീലനം നേടുകയും ചെയ്തു. പക്ഷേ കരിയർ എന്ന നിലയിൽ അധ്യാപനം കൊണ്ടുപോകാൻ തനിക്കായില്ലെന്നും വീട്ടുജോലികളിലും കുടുംബത്തെ പരിപാലിക്കുന്ന തിരക്കിലും പെട്ടുപോയെന്നും പൂനം സിങ് പറയുന്നു. നല്ലൊരു സൗഹൃദം പോലും തനിക്ക് ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. 2018 ൽ മക്കൾ ഹോസ്റ്റലിലേക്ക് പോയതിന് ശേഷമാണ് തന്റേതായ ജീവിതം വീണ്ടെടുക്കാനും വരും തലമുറകൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാനും തീരുമാനിച്ചതെന്നും പൂനം വ്യക്തമാക്കി. 

പ്രചോദനമായത് ചാണകപ്പൊടി 
വീടിനടുത്ത് ചാണകപ്പൊടി ഉപയോഗിച്ച് ധൂപവർഗങ്ങൾ നിർമിക്കുന്ന ചെറിയ ബിസിനസ് കണ്ടപ്പോഴാണ് പൂക്കളിൽനിന്നും അത്തരം ഉൽ‌പന്നങ്ങളുണ്ടാക്കാനാകുമോ എന്ന് പൂനം ചിന്തിച്ചത്. പൂക്കൾ റീസൈക്കിൾ ചെയ്യുന്ന ഒരു കമ്പനിയെ സമീപിച്ചപ്പോൾ പോസറ്റീവായ പ്രതികരണമാണ് ലഭിച്ചത്. അങ്ങനെ സഹോദരൻ നൽകിയ ചെറിയ സ്ഥലത്ത് പൂനം തന്റെ യൂണിറ്റ് സ്ഥാപിച്ചു. രാവിലെ 5 മണിക്കെഴുന്നേറ്റ് സമീപത്തുള്ള ക്ഷേത്രങ്ങളിൽനിന്ന് പൂക്കൾ ശേഖരിച്ചുതുടങ്ങി. രാവിലെ 9 മണിയോടെ തിരിച്ചെത്തി അവ ഉണക്കിയെടുത്തു. ഇതിനിടെ ഉണങ്ങിയ പൂക്കൾ നനഞ്ഞ് ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടിയും വന്നു. പൊടിച്ച പൂക്കൾ, നെയ്യ്, ഹോമകുണ്ഡത്തിൽ നിന്നുള്ള ചേരുവകൾ എന്നിവ ചേർത്തായിരുന്നു ധൂപക്കുറ്റികളുടെ നിർമാണം. പിന്നീട് ഔഷധസസ്യങ്ങൾ കൂടി ചേർത്തുതുടങ്ങി.

അടുത്തുള്ള ക്ഷേത്രത്തിൽതന്നെയാണ് ആദ്യമായി ഈ ധൂപക്കുറ്റികൾ നൽകിയത്. തുടർന്ന് എക്സിബിഷനുകളിൽ സ്റ്റാളിട്ടായി വിൽപന. കോവിഡ് കാലമായപ്പോൾ ഓൺലൈൻ വിൽപനയിലേക്ക് കടന്നു. സേവ് പൃഥ്വി ഫൗണ്ടേഷൻ എന്ന പേരിൽ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്കായി വൈദഗ്ധ്യപരിശീലനവും നൽകുന്നുണ്ട് പൂനം. പൂനം ഇപ്പോൾ ഖാദി ഇന്ത്യ, നാഷനൽ കോ.ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയിൽ മാസ്റ്റർ ട്രെയിനറാണ്. കൂടാതെ ജമ്മുവിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഗ്രാമവികസന പരിപാടി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്

English Summary:

The Woman Who Turned Ritual Waste into a Blossoming Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com