ADVERTISEMENT

പ്രവർത്തന മേഖല സിനിമയാണെങ്കിലും മാളവിക മോനോൻ ഇന്ന് സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ്. സ്റ്റൈലിഷ് ലുക്കിലും നാടൻ ഗെറ്റപ്പിലുമെല്ലാം സോഷ്യൽ ലോകത്ത് നിറഞ്ഞുനിൽക്കുകയാണീ യുവനടി. 10 വർഷമായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് നിറസാന്നിധ്യമായി നിൽക്കുന്ന മാളവിക ഇപ്പോൾ കൂടുതലും ഫോട്ടോഷൂട്ടുകളിലൂടെയാണ് നമുക്ക് സുപരിചിതയായിരിക്കുന്നത്. പൊതുവെ ക്യാഷ്വൽ വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിലും പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ ഇഷ്ടമാണെന്നു മാളവിക തന്നെ പറയുന്നു. 

ഓരോ പരിപാടിയ്ക്കും അതിനനുസരിച്ച്, ഒന്നുകിൽ നമ്മൾ ഇഷ്ടപ്പെട്ടതോ അല്ലെങ്കിൽ അവർ ആവശ്യപ്പെടുന്നതോ ആയ വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. ചിലർ അവരുടെ പരിപാടിയ്ക്ക് വരുമ്പോൾ സാരിയുടുക്കണം എന്നുപറയും. ചിലർക്ക് മോഡേൺ വസ്ത്രമാണ് താൽപര്യം. ജോലിയുടെ ഭാഗമായിട്ടുള്ളതിനാൽ എനിക്ക് ഇങ്ങനത്തെ കാര്യങ്ങൾക്കൊന്നും മടിയൊന്നുമില്ല. പിന്നെ മേക്കപ്പ് ഉപയോഗിക്കാത്ത സ്ത്രീകൾ ഇന്ന് കുറവാണ്. ഞാനും അത്യാവശ്യം മേക്കപ്പ് ഉപയോഗിക്കും. എന്നാൽ, റിയൽ ലൈഫിൽ എത്രത്തോളം ഇതൊക്കെ കുറച്ച് ഏറ്റവും സിംപിളായി നടക്കാമോ അത്രയും സിംപിളാണെന്നും അവർ പറഞ്ഞു.

മാളവിക മേനോൻ, Image Credits: Instagram/malavikacmenon
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

ഇതൊക്കെയാണെങ്കിലും പലപ്പോഴും വിമർശനങ്ങളും മോശം കമന്റുമെല്ലാം മാളവികയെ തേടിയെത്താറുണ്ട്. ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും തന്നെ. ആദ്യമൊക്കെ ഇത്തരം പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാലിപ്പോൾ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നു കരുതി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും മാളവിക മനോരമ ഓൺലൈനോട് പറഞ്ഞു. ട്രോളുകളോടും വിമർശനങ്ങളോടും ഫാഷൻ താൽപര്യങ്ങളെ കുറിച്ചും മാളവിക പ്രതികരിക്കുന്നു.

സമൂഹ മാധ്യമങ്ങൾ എന്തും പറയാനുള്ള ഇടമല്ല
കോവിഡിന് ശേഷമാണ് ഞാൻ സിനിമയിൽ കൂടുതൽ സജീവമായിത്തുടങ്ങിയത്. അപ്പോഴാണല്ലോ ശരിക്കും സമൂഹ മാധ്യമങ്ങൾ പോലും എല്ലായിടത്തും സജീവമായത്. എല്ലാവരും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാൻ തുടങ്ങി. യൂട്യൂബ് ചാനലിലൂടെ പുതിയ കഴിവുകളും കാര്യങ്ങളും പറയാനും ചെയ്യാനുമെല്ലാം ആരംഭിച്ചു. ഞാനും സമൂഹ മാധ്യമങ്ങൾ കാര്യമായി ഉപയോഗിച്ചു തുടങ്ങിയത് ഈ അടുത്തകാലത്താണ്. ഇൻഡസ്ട്രിയിൽ വന്ന സമയത്ത് ഞാനത്ര സ്റ്റൈലിഷ് ആയിരുന്നില്ല. കൂടിപ്പോയാൽ ഒരു സ്ലീവ്‍ലെസ് ഡ്രസിടും. അന്ന് അതായിരുന്നു എല്ലാവരും പിന്തുടർന്നിരുന്നത്. എന്നാൽ, ആളുകളുടെ ഗെറ്റപ്പിൽ ഏറെ മാറ്റം വന്നു. ഒരു കല്യാണത്തിന് പോയാൽ ചിലപ്പോൾ സെലിബ്രിറ്റികളെക്കാൾ അടിപൊളിയായി ഡ്രസ് ചെയ്തുവരുന്നവരെ കാണാം, അവരുടെ ബ്ലൗസിന്റെ ബാക്ക് നെക്ക് ഒരൽപ്പം ഇറങ്ങിയാലും ആർക്കും കുഴപ്പമില്ല. എന്നാൽ അതൊരു സെലിബ്രിറ്റിയാണെങ്കിൽ, അവരെ വിമർശിക്കലായി, ട്രോളായി, മോശം കമന്റുകളിലൂടെ ഡീഗ്രേഡിംഗ് വരെ നടക്കും. ഇന്ന് ഒട്ടുമിക്ക മനുഷ്യരും സ്റ്റൈലും മേക്കപ്പും സൗന്ദര്യവുമെല്ലാം നോക്കുന്നുവരാണ്, പിന്നെ എന്തുകൊണ്ടാണ് സിനിമതാരങ്ങളെ മാത്രം വിമർശിക്കുന്നതെന്നു മനസിലാകുന്നില്ല. 

മാളവിക മേനോന്‍, Image Credits: Instagram/malavikacmenon
മാളവിക മേനോന്‍, Image Credits: Instagram/malavikacmenon

വായിൽ തോന്നുന്നത് വിളിച്ചുപറയാനുള്ളയിടമല്ല സമൂഹ മാധ്യമങ്ങൾ. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത് കണ്ടാൽ അത് ഒഴിവാക്കി പോകാനുള്ള ഓപ്ഷനുണ്ട്. അല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് വെറുതെ ചൊറിയുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്ത് വസ്ത്രം ധരിക്കണമെന്നതും ഏതു സ്റ്റൈൽ സ്വീകരിക്കണമെന്നതും ഓരോരുത്തരുടേയും ഇഷ്ടമാണ്. സാധാരണക്കാർക്കുള്ള അതേ അവകാശങ്ങളും സ്വാതന്ത്ര്യവും ഞങ്ങൾ അഭിനേതാക്കൾക്കുമുണ്ട്. ഒരു സാധാരണ മനുഷ്യനാണെന്ന പരിഗണനയും, പരസ്പര ബഹുമാനവും ഏറ്റവും കുറവ് അനുഭവപ്പെട്ടിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ്. ഇന്ന് ഞാനാണെങ്കിൽ നാളെ മറ്റൊരാൾ, വിമർശിക്കുന്നവർക്കും മോശം പറയുന്നവർക്കും ഒരാളെക്കിട്ടിയാൽ മതി. ഒരുകാലത്ത് ഇതൊക്കെ എന്നെയും ബാധിച്ചിരുന്നു. ഇന്ന് ഇത്തരം നെഗറ്റീവായിട്ടുള്ള ഒന്നിനേയും ഞാൻ മൈൻഡ് ചെയ്യാറില്ല. ഞാൻ ആരുടേയും ജീവിതത്തിലേയ്ക്ക് എത്തിനോക്കാൻ പോകാറില്ല അത്രയേ തിരിച്ചും പ്രതീക്ഷിക്കുന്നുള്ളു.

ഇപ്പോഴത്തെ ഒരു നോർമൽ ലൈഫ് തന്നെ ഇങ്ങനെയാണ്. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം കുറഞ്ഞതായിരിക്കാം, പക്ഷേ ഇതേ കാര്യം സിനിമതാരങ്ങൾ ആകുമ്പോൾ എങ്ങനെയാണ് മോശമാകുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്. പൈസ വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നുവരെ കമന്റിടുന്നവരുണ്ട്. ഇതിനോടൊക്കെ പ്രതികരിക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. 

malavika-saree2
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അഭിപ്രായം മാറ്റിക്കൊണ്ടിരിക്കാം. അത് മറ്റുള്ളവരെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഓർക്കണം. സമൂഹ മാധ്യമങ്ങൾ എന്നാൽ ഇപ്പോൾ എന്തും വിളിച്ചുപറയാനുള്ള ഒരു സ്ഥലമായി കുറേപ്പേർ മാറ്റുകയാണ്. കുറച്ചുനാളായി ഞാൻ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചും എന്റെ അപ്പിയറൻസിനെക്കുറിച്ചെല്ലാം മോശം കമന്റുകൾ വരുന്നുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമം തോന്നുമായിരുന്നു. എന്നാലിന്ന് അതൊക്കെ ശ്രദ്ധിക്കാൻ പോയാൽ നമ്മുടെ സമയം പോകും എന്നേയുള്ളു. പറയുന്നവർ എന്നും പറഞ്ഞുകൊണ്ടേയിരിക്കും. 

വിമർശനങ്ങൾ പറയാം, അത് നല്ല രീതിയിലാണെങ്കിൽ മനസിലാകും 
വിമർശനങ്ങൾ പറയുന്നതിനോട് എനിക്ക് എതിർപ്പൊന്നുമില്ല. പക്ഷേ ഇന്ന് വിമർശനങ്ങളേക്കാൾ ഒരാളെ ഏറ്റവും മോശമായി ചിത്രീകരിക്കുന്ന സാഹചര്യമാണുള്ളത്. ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചോ, ചെയ്യുന്ന ജോലിയെക്കുറിച്ചൊക്കെ നല്ല രീതിയിൽ വിമർശിച്ചാൽ നമുക്ക് മനസിലാകും. വളരെ ചുരുക്കം പേർ മാത്രമാണ് നല്ലത് പറഞ്ഞുകാണാറുള്ളു. അഭിനേത്രിയാണെന്ന് കാണണ്ട, ഒരു സാധാരണ പെൺകുട്ടിയാണെന്ന പരിഗണനപോലും ഏറ്റവും കുറവ് ലഭിക്കുന്നത് നമ്മുടെ നാട്ടിൽ നിന്നുമാണ്. ഒരിക്കൽ സമൂഹ മാധ്യമത്തിൽ പറയുന്ന കമന്റുകളൊക്കെ പിന്നീട് ഒരിക്കൽ കൂടി നിങ്ങളൊക്കെ എടുത്തുനോക്കിയാലറിയാം ഓരോരുത്തരുടേയും നിലവാരം. 

malavika-photo4
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

അവരുടെ ഒരു ദിവസം തീർക്കുന്നത് മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടായിരിക്കും. ചിലർ പറയുന്നതുകേട്ടാൽ നമ്മൾ അവരോട് എന്തോ മഹാപാപം ചെയ്തതുപോലെയാണ്. ഭയങ്കര ശത്രുതാമനോഭാവത്തോടെ പ്രതികരിക്കുന്നവർ വരെയുണ്ട്. എന്റെ വർക്കുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ചെയ്യുന്നത് അത്ര വലിയ തെറ്റാണോ ? എല്ലാവരും അവരവരുടെ പേജുകളിൽ ഷെയർ ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെയല്ലേ ഞാനും ചെയ്യുന്നുള്ളു. പക്ഷേ ആ വിഡിയോയുടേയും ഫോട്ടോയുടെയുമൊക്കെ അടിയിൽ വന്ന് എന്തിനാണ് ഇത്രയും മോശമായി എഴുതിപ്പിടിക്കുന്നതെന്നു മനസിലാകില്ല. ഞാൻ ഈ പറയുന്ന ആരുടേയും പേജിൽ ചെന്ന് ഒന്നും പറയാറില്ലല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ഇവർക്കൊക്കെ എന്നോട് ഇത്ര ശത്രുത..! 

ഫാൻസല്ല, കുടുംബം തന്നെയാണ് എനിക്കവർ  
ഞാനത്ര എസ്റ്റാബ്ലിഷ് ആയിട്ടുള്ളൊരു താരമൊന്നുമല്ല, എങ്കിൽക്കൂടി എന്നെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന  കുറച്ചു പേരെങ്കിലുമുണ്ട്. എപ്പോഴും എനിക്ക് കട്ട സപ്പോർട്ട് നൽകി നിൽക്കുന്ന അവരെ ഒരിക്കലും മറക്കാൻ പറ്റില്ല. പല വിഷമഘട്ടങ്ങൾ വന്നപ്പോഴും, മോശം അനുഭവങ്ങൾ ഉണ്ടായപ്പോഴും അവർ എനിക്ക് നൽകിയ, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. പിന്തുണയ്ക്കുന്ന എല്ലാവരേയും ഫാൻസ് എന്ന് പറയാനല്ല, എന്റെ കുടുംബം എന്ന് പറയാനാണ് എനിക്കിഷ്ടം. എന്നെ മോശമായി ആരെങ്കിലും ചിത്രീകരിക്കുമ്പോൾ ഞാൻ പ്രതികരിച്ചില്ലെങ്കിൽക്കൂടി സഹോദരങ്ങളുടെ സ്ഥാനത്ത് നിന്ന് എനിക്ക് വേണ്ടി അവർ സംസാരിക്കുന്നത് കാണാം, അങ്ങനെ എന്നെ പിന്തുണയ്ക്കുന്നവരെക്കൂടി കടന്നാക്രമിക്കുന്നവരുണ്ട്. അവർ എനിക്ക് നൽകുന്ന നല്ല വാക്കുകൾക്കും ആശംസകൾക്കും വരെ ഇത്തരക്കാർ മോശം പറയുന്നു. സ്ഥിരമായി കേൾക്കുന്ന ഒന്നാണ് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേയെന്നത്? എനിക്കൊപ്പം എപ്പോഴും എവിടെപ്പോയാലും എന്റെ മാതാപിതാക്കളോ സഹോദരനോ ഒപ്പമുണ്ടാകും. അവരാണ് എന്റെ ലോകം. ഏത് വർക്ക് തെരഞ്ഞെടുക്കണം, എതാണ് ഒഴിവാക്കേണ്ടത്, എന്നൊക്കെ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുക്കുന്നതാണ്. അതുപിന്നെയെങ്ങനെയാണ് മോശമാകുന്നത് ? 

malavika-photoshoot1
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്, വേറെ പണിയൊന്നും കിട്ടുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് സത്യം പറഞ്ഞാൽ മറുപടി പറയാൻ കൂടി എനിക്ക് മടിയാണ്. ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്. എല്ലാവരും ജോലിചെയ്യുന്നത് നല്ലൊരു ജീവിതം കെട്ടിപടുക്കാനല്ലേ. നമ്മളിൽ ഭൂരിഭാഗം പേരും വെല്ലുവിളികളിലൂടെ കടന്നു പോകുന്നവരാണ്, ഞാനും അങ്ങനെതന്നെ. എനിക്ക് എന്റേതായ ഉത്തരാവാദിത്വങ്ങളുണ്ട്, ബാധ്യതകളും കടമകളുമെല്ലാമുള്ള ഒരാളാണ് ഞാനും. അതൊക്കെ നിറവേറ്റാനാണ് ജോലി ചെയ്യുന്നത്. എല്ലാവരേയും നമുക്ക് സന്തോഷിപ്പിക്കാൻ പറ്റില്ല. കംഫർട്ടബിളായിട്ടുള്ള കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. പിന്നെ ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണെന്ന് കാണാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഞാൻ എന്താണെന്ന് എന്നെ അറിയാവുന്നവർക്ക് മനസിലാകും. അതുമതി. അതിനപ്പുറത്തേയ്ക്ക് ആരേയും ബോധിപ്പിക്കാൻ ഞാൻ ഒരുങ്ങുന്നില്ല. സത്യം പറഞ്ഞാൽ ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നവരോട് സഹതാപം മാത്രമേയുള്ളു. 

English Summary:

How Actress Malavika Menon Stands Up to Critics and Embraces Personal Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com