ADVERTISEMENT

‘‘ഇതാര്, ഡാൻസ് മാസ്റ്റർ വിക്രമോ? അതോ കിലുക്കത്തിലെ ജഗതിയോ?’’ പുത്തൻ ലുക്കിലുള്ള ഹണി റോസിന്റെ ചിത്രങ്ങൾ കണ്ട് പലരും ചോദിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ച, നീളൻ മുടിയുള്ള ഹണി റോസിനെയല്ല കുറച്ചു നാളുകളായി കാണുന്നത്. അടിമുടി മാറി പുത്തൻ ലുക്കിലാണ് താരം. കേൾ ചെയ്ത, ബ്രൗൺ നിറത്തിലുള്ള മുടിയും മേക്കപ്പും ഹണി റോസിന്റെ രൂപം തന്നെ മാറ്റി. എന്നാൽ ഇത്തരം മേക്കോവറുകൾ നമ്മൾ എപ്പോഴും നടത്തണമെന്നാണ് ഹണി റോസ് പറയുന്നത്. ‘‘ഒരു ജീവിതമല്ലേയുള്ളൂ, അതിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ പറ്റണം’’ എന്നാണ് ഹണിയുടെ കാഴ്ചപ്പാട്. പുത്തൻ മേക്കോവറിനെയും ഫാഷൻ ചോയ്സുകളെയും കുറിച്ച് മനോരമ ഓൺലൈനിനോട് മനസ്സു തുറന്ന് ഹണി റോസ്.

ജീവിതമൊന്നല്ലേ ഉള്ളൂ, ഇതൊക്കയല്ലേ ഒരു രസം
ഉദ്ഘാടനങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പതിവായി ഉദ്ഘാടനങ്ങൾ കിട്ടിയതോടെ എന്നും ആളുകൾ നമ്മളെ കാണാൻ തുടങ്ങി. ദിവസവും ഒരേ ലുക്കിൽ പോവുകയാണെങ്കിൽ ആളുകൾക്ക് കണ്ടു മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊരു മാറ്റം ലുക്കിൽ കൊണ്ടുവരാം എന്നു കരുതിയത്. അങ്ങനെയാണ് ഒരു പരീക്ഷണം ചെയ്ത് നോക്കിയത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിർന്നു. ഹെയർ സ്റ്റൈലിൽ മാറ്റം വരുമ്പോള്‍ ചിലപ്പോൾ ലുക്ക് മുഴുവനായി മാറും. ‘മിറർ മാജിക്’ എന്ന സലൂണിലാണ് ഞാൻ പോയത്. അവരാണ് ഈ കളർ പ്രിഫർ ചെയ്തത്. ചെയ്തു വന്നപ്പോൾ ഇത് കൊള്ളാമെന്ന് എനിക്കും തോന്നി. പച്ച, ചുവപ്പ് അങ്ങനെ പല കളറും നേരത്തേ ചെയ്തിരുന്നു. അതുകൊണ്ട് വ്യത്യസ്തമായൊരു ലുക്ക് നോക്കാം എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. 

honey-rose-fashion3
ഹണി റോസ്, Image Credits: Instagram/honeyroseinsta

എന്നെ സ്ട്രെയിറ്റ് ചെയ്ത മുടിയിലാണ് പലരും കണ്ടിട്ടുള്ളത്. പക്ഷേ, അതെല്ലാം താൽകാലികമായി സ്ട്രെയിറ്റ് ചെയ്തെടുക്കുന്നതാണ്. യഥാർഥത്തിൽ എന്റെ മുടിയുടെ ടെക്സ്റ്റർ ചുരുണ്ടിട്ടാണ്. ഇപ്പോഴത്തെ ലുക്കിൽ കാണുന്ന സ്റ്റൈലിലാണ് എന്റെ മുടിയുള്ളത്. കളറിങ് മാത്രമാണ് പുതിയതായി ചെയ്തത്. എപ്പോഴും സ്ട്രെയിറ്റ് മുടി തന്നെ കാണുമ്പോൾ ആളുകൾക്കും വിരസത വരും. ഇനി കുറച്ച് കാലം ഈ ലുക്ക്. 

ട്രോളുകളൊക്കെ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു
കളർ ചെയ്ത മുടി കൂടി വന്നതോടെ നിറയെ ട്രോളുകളാണ്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞ് ട്രോളുകളുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്തൊരു ക്രിയാത്മകമായാണ് അവർ പറയുന്നത്. ട്രോളൊക്കെ കണ്ടപ്പോൾ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. രസകരമായ ട്രോളൊക്കെ ഒരുപരിധി വരെ ഞാന്‍ എൻജോയ് ചെയ്യാറുണ്ട്. 

എന്നാൽ പലപ്പോഴും ഈ ട്രോളുകൾ പരിധി കടക്കാറുണ്ട്. ബോഡിഷെയിമിങ്ങെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതെല്ലാം എന്നെ വലിയ തോതിൽ അഫക്റ്റ് ചെയ്യുന്നുണ്ട്. ഇതൊന്നും പാടില്ല എന്ന് നമ്മൾ പറഞ്ഞതുകൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല. ചെയ്യുന്നവർ കൂടി ഓർക്കണം. ഒരു സമൂഹത്തിൽ വളരുമ്പോൾ ഇത്തരത്തിൽ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ഒരിക്കലും സ്വീകാര്യമായ കാര്യമല്ല ബോഡിഷെയിമിങ്. ഇന്ന് പലപ്പോഴും അത് അതിരുവിടുന്നുണ്ട്. 

honey-rose-fashion5
ഹണി റോസ്, Image Credits: Instagram/honeyroseinsta

എന്റെ ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്റ് ഇടുന്നവരോട് കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. അതൊക്കെ തള്ളിക്കളയാറാണ് പതിവ്. ഒരു മുഖം പോലുമില്ലാത്തവൻ ഫേക്ക് ഐഡിയിൽ നിന്നാണ് അത്തരത്തിലുള്ള കമന്റുകൾ ഇടുന്നത്. മുഖം പോലുമില്ലാത്ത ഒരാളെപ്പറ്റി ഞാൻ എന്ത് പറയാനാണ്. അവരുടെയൊക്കെ അശ്ലീല കമന്റുകൾക്ക് മറുപടി പറയാൻ പോയാൽ അതിനു മാത്രമേ സമയമുണ്ടാകു. പരിധി കടക്കുകയാണെങ്കിൽ ഇതെല്ലാം നിയമപരമായി നേരിടുന്നതാണ് നല്ലത്. 

ഉദ്ഘാടനത്തിന് പോകുമ്പോള്‍ വല്ലാത്ത ആവേശമാണ്
സിനിമയാണ് എന്നും എന്റെ പാഷൻ. പക്ഷേ, ഉദ്ഘാടനത്തിനു പോകുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. ഓരോ ഉദ്ഘാടനത്തിന് പോകുമ്പോഴും വ്യത്യസ്തരായ ആളുകളെയാണ് കാണുന്നത്. അവരെ കാണാൻ കഴിയുന്നതും ചുറ്റുമുള്ളവരുടെ വൈബുമെല്ലാം ഒരുപാട് എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. മോഡലിങ്ങിനോട് ഒരിക്കൽ പോലും വലിയ താൽപര്യം തോന്നിയിട്ടില്ല. പിന്നെ ഓരോ ഉദ്ഘാടനത്തിന് പോകുമ്പോഴും വ്യത്യസ്ത വേഷങ്ങൾ അണിയുമ്പോൾ ചിത്രങ്ങളെടുക്കുന്നു എന്നേ ഉള്ളു. 

honey-rose-fashion4
ഹണി റോസ്, Image Credits: Instagram/honeyroseinsta

മേക്കപ്പ് ചെയ്യാനും പുത്തൻ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ ധരിക്കാനുമെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ എപ്പോഴും പുതിയ വസ്ത്രങ്ങൾ വാങ്ങിച്ചല്ലേ മതിയാവൂ. ഒരു ദിവസം ഇട്ടതുതന്നെ അടുത്ത ദിവസവും ഇടാൻ പറ്റില്ലല്ലോ. ഇപ്പോൾ പലപ്പോഴും വസ്ത്രം വാങ്ങാൻ പോകുമ്പോഴോ ഡിസൈന്‍ ചെയ്യുമ്പോഴോ ബുദ്ധിമുട്ടാണ്. ഇതുവരെ ഉപയോഗിക്കാത്ത ഒരു നിറം വസ്ത്രത്തിനായി തിരഞ്ഞെടുക്കുക എന്നത് ഏറെ ശ്രമകരമാണ്. ഏറെക്കുറെ എല്ലാ നിറത്തിലുള്ള വസ്ത്രങ്ങളും ഞാനിട്ടു. ഇപ്പോൾ ഒരുപാട് കഷ്ടപ്പെട്ട് വേണം വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുക്കാൻ. 

റെഡിമെയ്ഡ് വസ്ത്രങ്ങളാണ് അധികവും ഉപയോഗിക്കാറുള്ളത്. എവിടെയെങ്കിലും പോകുമ്പോഴൊക്കെ ഒരു വസ്ത്രം കണ്ട് ഇഷ്ടപ്പെട്ടാൽ അത് വാങ്ങും. അമ്മയാണ് വസ്ത്രം തിരഞ്ഞെടുക്കാൻ കൂടെയുണ്ടാവുക. ഡിസൈൻഡ് വസ്ത്രങ്ങളും ധരിക്കാറുണ്ട്. എനിക്ക് സ്വന്തമായി ഡിസൈൻ ചെയ്യാനെല്ലാം ഭയങ്കര ഇഷ്ടമാണ്. പണ്ടൊക്കെ അങ്ങനെ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചിട്ടുണ്ട്.

honey-rose-fashion2
ഹണി റോസ്, Image Credits: Instagram/honeyroseinsta

ഗൗൺ ധരിക്കുമ്പോഴാണ് എനിക്ക് കംഫർട്ട് കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും അതുതന്നെ. സാരിയിലാണ് എന്നെ കാണാൻ ഭംഗിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. സാരി എനിക്ക് ഉടുക്കാൻ ഇഷ്ടമാണെങ്കിലും അത്ര കംഫർട്ട് അല്ല. എവിടെയെങ്കിലുമൊക്കെ പോകുമ്പോൾ ചിലപ്പോൾ സാരി മാനേജ് ചെയ്യാനൊക്കെ വളരെ ബുദ്ധിമുട്ടാണ്. അതുമാത്രമല്ല, സ്വന്തമായി സാരിയുടുക്കാൻ എനിക്കാവില്ല. അതുകൊണ്ട് ഒരാളുടെ സഹായം എപ്പോഴും കൂടിയേ തീരു. അതുകൊണ്ട് എപ്പോഴും ഗൗൺ തന്നെ ധരിക്കാനാണ് ശ്രമിക്കാറുള്ളത്. അതാകുമ്പോൾ മറ്റൊരാളുടെ സഹായം ആവശ്യമില്ലല്ലോ. സ്റ്റൈലിഷ് വെസ്റ്റേൺ വസ്ത്രങ്ങളൊക്കെ ട്രൈ ചെയ്യണമെന്നാഗ്രഹമുണ്ട്. എന്നാല്‍ ഇവിടെ അതിന് ഓപ്ഷൻസ് കുറവാണ്. 

ഞാൻ തന്നെയാണ് മേക്കപ്പ്
മേക്കപ്പ് ചെയ്യാനും വ്യത്യസ്തമായ ഹെയർ സ്റ്റൈൽ പരീക്ഷിക്കാനുമൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്. ഹെയർ സെറ്റ് ചെയ്യാൻ ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. അതിന് കുറച്ചുപേർ കൂടെയുണ്ട്. എന്നാൽ മേക്കപ്പ് വേറെ ആരെക്കൊണ്ടും ചെയ്യിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. സ്വന്തമായി മേക്കപ്പ് ചെയ്യുന്നതാണ് ഇഷ്ടം. നിങ്ങളിതുവരെ കണ്ട എല്ലാ ലുക്കിലും മേക്കപ്പ് ഞാൻ തന്നെയാണ് ചെയ്തത്. 

honey-rose-fashion1
ഹണി റോസ്, Image Credits: Instagram/honeyroseinsta

ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അന്ന് പട്ടണം റഷീദ് സാറാണ് മേക്കപ്പ് ചെയ്യുന്നത്. അന്ന് അദ്ദേഹമാണു പറഞ്ഞത് സ്വന്തമായി മേക്കപ്പ് ചെയ്യാൻ പഠിക്കണമെന്ന്. ‘‘എപ്പോഴും സ്വയം മേക്കപ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മേക്കപ്പിന് വേണ്ടി മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കരുത്. ഓരോ മേക്കപ്പ് ആർട്ടിസ്റ്റിനും അവരുടേതായ സ്റ്റൈൽ ഉണ്ടാകും. നമ്മുടെ മുഖത്ത് മേക്കപ്പ് ചെയ്യുമ്പോഴും ആ സ്റ്റൈൽ പുറത്തുവരും. അതു ചിലപ്പോൾ നമ്മുടെ മുഖത്തിന് ചേരണമെന്നില്ല. അതുകൊണ്ട് നമ്മൾ ഒറ്റയ്ക്ക് ചെയ്യുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോൾ നമ്മുടെ മുഖത്തിന്റെ ആകൃതിയും സ്റ്റൈലുമൊന്നും മാറില്ല’’. അന്ന് ചേട്ടൻ ഇതെല്ലാം പറഞ്ഞതു മുതൽ ഞാൻ സ്വന്തമായി തന്നെ മേക്കപ്പ് ചെയ്യാൻ തുടങ്ങി. 

സ്വന്തമായി മേക്കപ്പ് ചെയ്യുമെങ്കിലും ഹെവി മേക്കപ്പ് ചെയ്യാൻ എനിക്ക് ഇഷ്ടമില്ല. ലിപ്കളറിലും ഐ ഷാഡോയിലുമെല്ലാം ഒന്ന് ശ്രദ്ധിക്കും. എന്ന് കരുതി ലിപ്സ്റ്റിക്കിന്റെ വലിയ കലക്‌ഷനൊന്നും എനിക്കില്ല. രണ്ടോ മൂന്നോ ഷെയ്ഡ് മാത്രമാണ് എപ്പോഴും ഇടാറുള്ളത്.  

honey-rose-45
ഹണി റോസ്, Image Credits: Instagram/honeyroseinsta

സ്കിൻ കെയറും മുഖ്യം
മേക്കപ്പ് ചെയ്തതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല. സ്കിൻ കെയറിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. സ്കിൻ കെയർ ശരിയായ രീതിയിലാണെങ്കിൽ എല്ലാം ശരിയാകും. എന്റേത് വളരെ സെൻസിറ്റീവായ ചർമമാണ്. അതുകൊണ്ട് എല്ലാ തരത്തിലുള്ള സ്കിൻ കെയർ ട്രീറ്റ്മെന്റൊന്നും ചെയ്യാൻ പറ്റില്ല. വളരെ ശ്രദ്ധിച്ചാണ് ഞാൻ എല്ലാം ചെയ്യാറുള്ളത്. ക്ലെൻസിങ്, മോയിസ്ചറൈസിങ്, സൺസ്ക്രീൻ ഇതാണ് എന്റെ സ്കിൻ കെയർ റുട്ടീൻ. 

വെളിച്ചെണ്ണയ്ക്കും എന്റെ സ്കിൻ കെയറിൽ ഏറെ പ്രാധാന്യമുണ്ട്. ചർമത്തിന് ക്ഷീണമോ വരൾച്ചയോ ഉണ്ടായാൽ ഞാൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്. രാത്രി കിടക്കുന്നതിന് മുമ്പ് അൽപ്പം വെളിച്ചെണ്ണ ചർമത്തിൽ പുരട്ടും. എന്നിട്ട് രാവിലെ എഴുന്നേറ്റ് കഴുകി കളയും. അങ്ങനെ ചെയ്താൽ ചർമത്തിന് നല്ല ഗ്ലോ ലഭിക്കും. എപ്പോഴും അത് ചെയ്യാറുണ്ട്. ചർമത്തിന്റെ കാര്യത്തിൽ എപ്പോഴും ശ്രദ്ധവേണം. ചർമം ശ്രദ്ധിക്കാതെ മറ്റെന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല. 

English Summary:

Honeyrose's Journey to Self-Styling and Skin Care Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com