കേജ്‌രിവാളിന്റെ പിൻഗാമി സുനിത? അധികാരത്തിന്റെ കരം പിടിച്ച ഭാര്യമാർ

Mail This Article
പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, രാഷ്ട്രീയ എതിരാളികളെ വീഴ്ത്താനുള്ള സർവ ആയുധങ്ങളും പ്രയോഗിക്കുന്നുണ്ട് എല്ലാ രാഷ്ട്രീയപാർട്ടികളും. ഇങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നീക്കമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ്. അതിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട് കേജ്‌രിവാളിന്റെ ഭാര്യ സുനിത. ‘നിങ്ങളുടെ കേജ്‌രിവാൾ സിംഹമാണ്, അധികം നാൾ ജയിലിൽ ഇടാൻ അവർക്കാകില്ല’ എന്നു സുനിത പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനുമടക്കം പിന്തുണയുമായെത്തി. ഡൽഹിയുടെ മുഖ്യമന്ത്രിപദം സുനിതയിലേക്കുമെന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതാദ്യമായല്ല ഭർത്താവിന്റെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഭാര്യ തുണയായെത്തുന്നത്. അവരിൽ ചിലർ രാഷ്ട്രീയ ബെനാമികൾ മാത്രമായിരുന്നെങ്കിൽ ചിലരാവട്ടെ, സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ച് ശ്രദ്ധ നേടുകയും ചെയ്തു. അവരിൽ ചിലരെപ്പറ്റി...
സോണിയ ഗാന്ധി
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യ. രാജ്യത്തെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകൾ. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത– വിശേഷണങ്ങൾ പലതുണ്ട് സോണിയ ഗാന്ധിക്ക്. 1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് പൊതുരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും 1997 ൽ സജീവ രാഷ്ട്രീയത്തിലെത്തി. 1998 ൽ സോണിയാ ഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായ വ്യക്തി എന്ന ബഹുമതിക്ക് അർഹയാകുകയും ചെയ്തു.

1997-ൽ കൊൽക്കത്ത പ്ലീനറി സമ്മേളനത്തിലാണ് സോണിയാ ഗാന്ധി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരി, യുപിയിലെ അമേഠി എന്നീ മണ്ഡലങ്ങളിൽ മൽസരിച്ച സോണിയ രണ്ടിടത്തും വിജയിച്ചു. തുടർന്ന് ബെല്ലാരിയിലെ ലോക്സഭാംഗത്വം രാജി വച്ചു. ബെല്ലാരിയിൽ മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിനെയാണ് സോണിയ പരാജയപ്പെടുത്തിയത്. പതിമൂന്നാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി സോണിയ തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിച്ച് വിജയിച്ചു. 2009 ലും 2014 ലും 2019 ലും മണ്ഡലം നിലനിർത്തി. 2004 മുതൽ 2014 വരെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ (യുപിഎ) അധ്യക്ഷ സ്ഥാനം വഹിച്ചു.
ഹർസിമ്രത് കൗർ ബാദൽ
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ പ്രസിഡന്റുമായ സുഖ്ബീർ സിങ് ബാദലിന്റെ ഭാര്യ. ഒന്നാം മോദി സർക്കാരിൽ ഭക്ഷ്യ സംസ്കരണ, വ്യവസായമന്ത്രിയായിരുന്നു ഹർസിമ്രത് കൗർ ബാദൽ. ശിരോമണി അകാലിദൾ പാർട്ടിയിലെ അംഗമായ ഹർസിമ്രത് ഭട്ടിൻഡയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. കർഷക സംബന്ധമായ ഏതാനും ഓർഡിനൻസുകളിലും നിയമനിർമാണങ്ങളിലും പ്രതിഷേധിച്ച് 2020 സെപ്റ്റംബർ 17 ന് ഹർസിമ്രത് മന്ത്രിസ്ഥാനം രാജിവച്ചു.

2009 ലെ പൊതുതെരഞ്ഞെടുപ്പിലൂടെയാണ് ഹർസിമ്രത് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രനീന്ദർ സിങ്ങിനെ 1,20,960 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ആദ്യ ലോക്സഭാപ്രവേശനം. 2014-ൽ ഭട്ടിൻഡയിൽനിന്ന് എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നായിരുന്നു മോദി സർക്കാരിൽ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും അവർ തിരഞ്ഞെടുക്കപ്പെട്ടു. 21,000 ത്തോളം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി അമരീന്ദർ സിങ് രാജ വാറിങ്ങിനെ ഹർസിമ്രത് കൗർ ബാദൽ പരാജയപ്പെടുത്തിയത്.
റാബ്‌റി ദേവി യാദവ്
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ. മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്നു. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ (എംഎൽസി) റാബ്‌റി ദേവി ഇപ്പോൾ ബിഹാറിലെ പ്രതിപക്ഷ നേതാവാണ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ ലാലു പ്രസാദ് യാദവിന് രാജി വയ്ക്കേണ്ടിവന്നപ്പോഴാണ് വീട്ടമ്മയായിരുന്ന റാബ്റി ദേവി മുഖ്യമന്ത്രിയായത്. 1997 ജൂലൈ 25ന് റാബ്‌റി ദേവി ബിഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി. 2005 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ സരൺ മണ്ഡലത്തിൽ ബിജെപിയുടെ രാജീവ് പ്രതാപിനോട് പരാജയപ്പെട്ടു.

സുനിത കേജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ. കേജ്‌രിവാൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ സുനിത മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് സുനിത പൊതുരംഗത്ത് സജീവമാകുന്നത്. 1994 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസസ് (ഐആർഎസ്) ഉദ്യോഗസ്ഥയായ സുനിത 22 വർഷം ആദായനികുതി വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ൽ സ്വമേധയാ വിരമിച്ചു. ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിലും ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിലും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അരവിന്ദ് കേജ്‌രിവാളിനൊപ്പം സുനിതയുമുണ്ടായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ നിന്ന് കേജ്‌രിവാൾ മത്സരിച്ചപ്പോൾ സുനിത ജോലിയിൽനിന്നു നീണ്ട അവധിയെടുത്തിരുന്നു.

ഡിംപിൾ യാദവ്
സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ. ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക-രക്ഷാധികാരിയുമായ മുലായം സിങ് യാദവിന്റെ മരുമകൾ. 2022 ഡിസംബർ മുതൽ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഡിംപിൾ യാദവ്. മുമ്പ് കനൗജിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി.

2009 ൽ ഫൈസാബാദിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും അന്ന് കോൺഗ്രസിനൊപ്പമുണ്ടായിരുന്ന രാജ് ബബ്ബറിനോട് പരാജയപ്പെട്ടതോടെയാണ് ഡിംപിൾ യാദവിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. മൂന്നു വർഷത്തിന് ശേഷം, 2012 ൽ അവർ കനൗജ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ലോക്സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ൽ ഡിംപിൾ യാദവ് കനൗജ് സീറ്റ് നിലനിർത്തി. 2019 ൽ, രണ്ട് പതിറ്റാണ്ടുകളായി സമാജ്‌വാദി പാർട്ടി കൈവശം വച്ചിരുന്ന മണ്ഡലമായ കനൗജിൽ ബിജെപിയുടെ സുബ്രത് പഥക്കിനോട് 12,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. ഭാര്യാപിതാവ് മുലായം സിങ് യാദവിന്റെ മരണശേഷം, ഒഴിവുവന്ന മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരികെയെത്തി.
കൽപന സോറൻ
ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ തലവനായ ഷിബു സോറന്റെ മരുമകൾ. ബിസിനസുകാരിയും സാമൂഹികപ്രവർത്തകയുമായി അറിയപ്പെടുന്ന കൽപന സോറന് രാഷ്ട്രീയപശ്ചാത്തലമില്ല. ഭൂമി കുംഭകോണ ആരോപണത്തെ തുടർന്ന് 2024 ജനുവരി 31 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തപ്പോൾ കൽപന സോറന്റെ പേരാണ് അടുത്ത മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവുമധികം ഉയർന്ന് കേട്ടത്. എന്നാൽ സോറൻ കുടുംബത്തിൽ നിന്ന് ഇതിനെതിരെ വിയോജിപ്പുയർന്നതായാണ് റിപ്പോർട്ട്. എന്‍ജിനീയറിങ് ബിരുദവും എംബിഎയും നേടിയിട്ടുള്ള കൽപ്പന പൊതുപരിപാടികളിൽ ഇപ്പോൾ സജീവമാണ്.

പൂനം സിൻഹ
നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹയുടെ ഭാര്യ. നടിയും ഫാഷൻ മോഡലുമായ പൂനം സിൻഹ 2019 ഏപ്രിലിൽ സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) ചേർന്നതോടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഭർത്താവും രണ്ടു തവണ ലോക്‌സഭാ എംപിയുമായ ശത്രുഘ്നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാമായിരുന്നു പൂനം സിൻഹയുടെ രാഷ്ട്രീയ പ്രവേശനം. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിനെതിരെ ഉത്തർപ്രദേശിലെ ലഖ്‌നൗ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
