പുരുഷനല്ല സ്ത്രീക്കുള്ള പരിഹാരം: വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നവരോട് പൂജാ ഭട്ട്

Mail This Article
വ്യത്യസ്തതകൾ നിറഞ്ഞ ഒട്ടേറെ വേഷങ്ങളുമായി തന്റെ അഭിനയ ജീവിതത്തിൽ പുതിയ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് പൂജാ ഭട്ട്. എന്നാൽ ചലച്ചിത്ര മേഖലയിലെ തന്റെ നേട്ടങ്ങൾക്കപ്പുറം വ്യക്തിജീവിതത്തെക്കുറിച്ചും റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചും അറിയാനാണ് ആളുകൾക്ക് താല്പര്യം എന്ന് തുറന്നു പറയുകയാണ് താരം. വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷം പുതിയ ഒരു വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തതെന്തെന്ന ചോദ്യമാണ് നിരന്തരം കേൾക്കേണ്ടിവരുന്നത്. ആളുകളുടെ ഈ ചിന്താഗതി തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും പൂജാ ഭട്ട് വ്യക്തമാക്കുന്നു.
‘തനിച്ചുള്ള ജീവിതം പ്രശ്നമാണെന്ന തരത്തിലാണ് മറ്റുള്ളവരുടെ കാഴ്ചപ്പാട്. നിങ്ങൾ ഇപ്പോഴും സുന്ദരിയാണെന്നും എന്നിട്ടും എന്തുകൊണ്ട് അവിവാഹിതയായി തുടരുന്നുവെന്നും പലരും ചോദിക്കാറുണ്ട്. ധാരാളം ആളുകൾ തനിക്ക് ചേരുന്ന വ്യക്തിയെന്ന നിലയിൽ പലരെയും പരിചയപ്പെടുത്താനും ശ്രമിക്കാറുണ്ട്’. ഒരു അഭിമുഖത്തിൽ പൂജ ഭട്ട് വ്യക്തമാക്കി. മറ്റൊരാളുമായി തന്നെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവരോട് അങ്ങനെ ഒരു രക്ഷപ്പെടൽ തൽക്കാലം ആഗ്രഹിക്കുന്നില്ല എന്നാണ് പൂജ ഭട്ടിന് പറയാനുള്ളത്.

വിവാഹ ജീവിതത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എത്തരത്തിലായിരിക്കണം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടും പൂജാ ഭട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒപ്പം ഒരാൾ ഉണ്ടെങ്കിൽ അയാൾ ജീവിതാവസാനം വരെ ഒരു കൂട്ടാളിയായിരിക്കണം. മറിച്ച് തന്റെ പ്രശ്നത്തിനുള്ള പരിഹാരമെന്നോണം ഒരു പുരുഷനെ ആവശ്യമില്ല. അതിനുമപ്പുറം ഒരു സ്ത്രീയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പുരുഷനാണെന്ന കാഴ്ചപ്പാടും തനിക്കില്ല. സ്വന്തം വഴിയിലൂടെ സ്വയം നടക്കാൻ കഴിയുന്നതാണ് പ്രധാനം എന്നും താരം തുറന്നുപറയുന്നു.
ഒരു കൂട്ടാളിയെ കണ്ടെത്താനായാൽ അതായിരിക്കും ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. എന്നാൽ അങ്ങനെയൊരാളെ കണ്ടെത്തിയില്ലെങ്കിലും ഈ ജീവിതത്തോട് ഏറെ നന്ദി ഉള്ളതിനാൽ അതൊരു പ്രശ്നമായി തോന്നില്ല. തനിക്ക് കുടുംബമുണ്ട്. ജോലിയുണ്ട്. ഒപ്പം അച്ഛനുണ്ട്. സുഹൃത്തുക്കൾ എന്ന വലിയ സമ്പത്തുണ്ട്. ജീവിതം സുന്ദരവുമാണ്. അതുകൊണ്ട് അവിവാഹിതയായുള്ള ജീവിതം മൂലം എന്തെങ്കിലും അപൂർണതയുണ്ടെന്ന് കരുതുന്നില്ല എന്നും താരം പറയുന്നു. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ തന്റെ മാച്ച് മേക്കർ ചുമതല ഏറ്റെടുക്കാൻ ധാരാളം ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്.

നിലവിൽ ഒരു മാച്ച് മേക്കറെ അന്വേഷിക്കുന്നില്ല എന്നാണ് ഇത്തരക്കാരോട് പൂജാ ഭട്ട് നൽകുന്ന മറുപടി. വിവാഹം കഴിക്കണമെന്ന ലക്ഷ്യത്തോടെ ആരെയെങ്കിലും പരിചയപ്പെടാൻ താരം ആഗ്രഹിക്കുന്നില്ല. അങ്ങനെ ആരെയെങ്കിലും കണ്ടുമുട്ടണമെന്ന് പ്രപഞ്ചം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുക തന്നെചെയ്യും. എന്നാലത് തനിക്ക് ശേഷിച്ച ജീവിതത്തിലേക്കുള്ള ഒരു കൂട്ടാളിയായിരിക്കുമെന്നും ഒരിക്കലും ഒരു പരിഹാരമായി കണ്ടെത്തുന്ന വ്യക്തിയായിരിക്കില്ല എന്നും പൂജാ ഭട്ട് പറയുന്നു.