ഇത് ലിവിയ, വയസ് 19, ആസ്തി 9100 കോടി; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായ വിദ്യാർഥിനി

Mail This Article
ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സമ്പാദിക്കണമെന്നും സന്തോഷമായി ജീവിക്കണമെന്നുമെല്ലാം പലരും ആഗ്രഹിക്കാറുണ്ട്. ചിലരുടേത് ആഗ്രഹം മാത്രമാകും, എന്നാൽ മറ്റുചിലർ അതിനായി പരിശ്രമിക്കും. പക്ഷേ, പത്തൊമ്പതാം വയസ്സിൽ തന്നെ ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ കയറിയാലോ? അത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീലിൽ നിന്നുള്ള പത്തൊമ്പതുകാരിയായ ലിവിയ വോയ്ഗറ്റ്. 2024ലെ ഫോബ്സ് മാസികയുടെ പട്ടികയിലാണ് ലിവിയ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായത്. ഏകദേശം 9100 കോടി രൂപയാണ് ലിവിയയുടെ ആസ്തി.
പാരമ്പര്യ സ്വത്താണ് ലിവിയയെ ശതകോടീശ്വരിയാക്കിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ മോട്ടോറുകളുടെ നിർമാതാക്കളായ ഡബ്ലൂഇജിയിലെ ഏറ്റവും വലിയ ഓഹരികൾ അവളുടെ പേരിലാണ്. അവളുടെ മുത്തച്ഛൻ വെർണർ റിക്കാർഡോയാണ് കമ്പനി സ്ഥാപിച്ചത്. ശതകോടീശ്വരൻമാരായ എഗ്ഗോൺ ജോവോ ഡ സിൽവ, ജെറാൾഡോ വെർണിംഗ്‌ഹോസ് എന്നിവരാണ് സഹസ്ഥാപകർ. മൂന്നുപേരും മരണപ്പെട്ടു.
സർവകലാശാല വിദ്യാർഥിനിയായ ലിവിയ ഇതുവരെ സ്ഥാപനത്തിന്റെ ബോർഡ് അംഗമോ എക്സിക്യൂട്ടീവ് അംഗമോ ആയിട്ടില്ല. ലിവിയയുടെ സഹോദരി ഡോറയും പ്രായം കുറഞ്ഞ ശതകോടീശ്വരിമാരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. പത്തിലധികം രാജ്യങ്ങളിൽ ഫാക്ടറികളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ ഡബ്ലൂഇജിക്ക് ഏകദേശം 6 ബില്യൺ ഡോളർ വരുമാനമുണ്ട്.
തന്നേക്കാൾ രണ്ടു മാസം മാത്രം പ്രായമുള്ള ഇറ്റാലിയൻ കൗമാരക്കാരൻ ക്ലെമെന്റ് ഡെല്‍ വെച്ചിയോയിയെ മറികടന്നാണ് ലിവിയ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയായത്.