തുറന്നു സംസാരിക്കൂ,ആർത്തവത്തെ സാധാരണമാക്കൂ; വേണ്ടത് ബോധവത്കരണവും അടിസ്ഥാനസൗകര്യങ്ങളും
Mail This Article
ലോകാരോഗ്യ ദിനത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിൽ ഒന്നാണ് ആർത്തവ ആരോഗ്യം. പലതരത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകൾ അനുഭവിക്കുന്ന കാലമാണ് ആർത്തവ കാലം. ഈ സമയത്തെ പ്രശ്നങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് പോലും നയിക്കാറുണ്ട്. കൃത്യമായ പരിചരണവും പിന്തുണയും ആര്‍ത്തവ കാലത്ത് സ്ത്രീകൾക്ക് ആവശ്യമാണ്. ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പൊതുവായ ചില വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും നോക്കാം.
വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം
ആർത്തവം സംബന്ധിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശരിയായ വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട്. ഇത് അപമാനവും, സങ്കോചവും മാത്രമല്ല കൃത്യമല്ലാത്ത ശുചിത്വ രീതികളിലേക്കും വരെ എത്തിച്ചേക്കാം. ഇന്നും തുറന്ന് ചർച്ച ചെയ്യപ്പെടാത്ത ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണ്. വീടുകളിലും സ്കൂളുകളിലും പ്രായാനുസൃതമായി ആർത്തവത്തെക്കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്.
ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്തത
സ്കൂളുകളിലും ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വൃത്തിയായ ടോയ്‍ലറ്റുകളുടെ അഭാവം ആർത്തവസമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശുചീകരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആർത്തവത്തിലുള്ള പെൺകുട്ടികൾക്ക് സ്കൂളുകളിലും മറ്റും സ്വകാര്യമായ ഒരിടം ഉറപ്പാക്കുകതന്നെ വേണം.
ആർത്തവ സമയത്തെ അസ്വസ്ഥതയും വേദനയും
ആർത്തവ സമയത്ത് പലരും കഠിനമായ വയറുവേദനയും തലവേദനയും ഛർദ്ദിയുമെല്ലാം അനുഭവിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വേദനയകറ്റാനുള്ള മരുന്നുകൾ, ഹീറ്റ് തെറാപ്പി എന്നിവയാണ് ഏറ്റവും നല്ലത്. ഇവ ഉപയോഗിക്കാനുള്ള വ്യക്തമായ ബോധവത്കരണം നൽകണം. ശരിയായ വിശ്രമം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, വെള്ളം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്.
സാമൂഹികവും സാംസ്‌കാരികവുമായ വിലക്ക്
പലയിടത്തും ആർത്തവത്തെ അശുദ്ധിയായി കണക്കാക്കുന്നു. ആർത്തവമുള്ള സ്ത്രീകൾ ആരാധനാലയങ്ങളിൽ കയറുന്നതിനും മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിനും അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനുമെല്ലാം പലയിടത്തും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് പലപ്പോഴും ആർത്തവ സമയത്ത് പലരിലും ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തിലുള്ള മാറ്റി നിർത്തലുകൾ മാനസികമായ ചില അസ്വസ്ഥതകളും സ്ത്രീകളിൽ ഉണ്ടാക്കിയേക്കാം. ഇതവരുടെ ആരോഗ്യത്തെ തന്നെ താറുമാറാക്കിയേക്കാം.
ജോലിസ്ഥലത്തെ പിന്തുണക്കുറവ്
പല ജോലിസ്ഥലങ്ങളിലും ആർത്തവ സമയത്ത് ജീവനക്കാരെ പിന്തുണക്കുന്നതിനുള്ള നയങ്ങളും സൗകര്യങ്ങളും ഇല്ല. ആർത്തവ അവധി, ജോലി സ്ഥലങ്ങളിൽ സാനിറ്ററി പാഡ് സൗകര്യം എന്നിവയെല്ലാം അത്യാവശ്യമാണ്. പലപ്പോഴും ദേഷ്യവും സങ്കടവും വരുന്ന ഈ സമയത്ത് ജോലി സ്ഥലത്തെ പല സമ്മർദങ്ങളും പലർക്കും താങ്ങാൻ പറ്റാതെ വരും. ഇതിനായി ജോലിസ്ഥലങ്ങളും മുൻകരുതലുകളും മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്.