ADVERTISEMENT

നൊന്തുപ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് വലിച്ചെറിഞ്ഞ സ്ത്രീയുണ്ട്. ശുചിമുറിയിൽ ആരുമറിയാതെ പ്രസവിച്ചവളുമുണ്ട്. പെറ്റുവളർത്തിയ മക്കളെ ഉപേക്ഷിച്ചോ കൊന്നുകളഞ്ഞോ കാമുകൻമാർക്കൊപ്പം പോകുന്നവരുമുണ്ട്. എല്ലാ ജീവികളെയും പോലെ  ഇണചേരുകയും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നവരാണവർ. നിരുപാധികമായ സ്നേഹവും വിശുദ്ധിയും സഹനവും ത്യാഗവും നിറഞ്ഞുനിൽക്കുന്ന പദമാണ് അമ്മ എന്നത്. അതുകൊണ്ട് തന്നെ അങ്ങനെയിങ്ങനെയൊന്നും അസ്തമിച്ചുപോകുന്ന വികാരമല്ല മാതൃത്വം. ലോകമെമ്പാടുമുള്ള അമ്മമാർ അത് ഊട്ടിയുറപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ അമ്മമാർക്കിടയിലുമുണ്ട് ചില സൂപ്പർ അമ്മമാർ

കരുതലും സ്നേഹവും കാരുണ്യവും വാത്സല്യവും ഇരട്ടിയിലധികം നൽകി കണ്ണിലെണ്ണയൊഴിച്ച് മക്കൾക്കായി മാത്രം ജീവിക്കുന്നവർ. എന്റെ കുഞ്ഞ് നാളെ വലിയ ആളാകുമെന്ന സ്വപ്നത്തിൽ ഇന്നേ കിനാവുകാണുകയും അവരെയോർത്ത് അഭിമാനിക്കുകയും ചെയ്യുന്നവരല്ല അവർ. നാളെ ഞാനില്ലെങ്കിൽ എന്റെ കുഞ്ഞ് എങ്ങനെ ജീവിക്കുമെന്ന വേവലാതിയാൽ ഉറക്കം നഷ്ടപ്പെട്ട്, ഈ ലോകത്ത് അവനും കൂടി അൽപ്പം ഇടം ഉറപ്പാക്കാൻ പാടുപെടുന്നവരാണ്. അവരിൽ ഒരാളെ  സുഭാഷ്ചന്ദ്രന്റെ സമുദ്രശിലയിൽ നാം വായിച്ചതാണ്. വായിച്ചുതീർത്ത പുസ്തകം  മടക്കിവച്ച് ദിവസങ്ങളോളം അംബ എന്ന ആ അമ്മയേയും അവരുടെ മകനെയുമോർത്ത് മൗനത്തിലായിപ്പോയവരാണ് പലരും.

കടന്നുപോകുന്ന വഴികളിൽ എത്രയോ അംബമാരെ നാം വീണ്ടും  കാണുന്നു. ചിരിക്കുന്ന മുഖവും കരയുന്ന ഹൃദയവുമുള്ളവർ. പക്ഷേ ഇതിനിടയിൽ കരയാൻ മനസില്ലെന്ന് പ്രഖ്യാപിക്കുന്ന അപൂർവം അമ്മമാരുമുണ്ട്. സ്വയം കരയാതെ, ലോകമെന്തെന്ന് അറിയാത്ത മക്കളെ കരയിക്കാൻ അനുവദിക്കാതെ അവർ വിധിയെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു. ജീവിതം തിരികെപ്പിടിക്കാനായി ആവതും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഈ മാതൃദിനത്തിൽ അവരിൽ ചിലർക്ക് നമ്മോട് ചിലതൊക്കെ പറയാനുണ്ട്.   

അസാധാരണമായ ശരീരചലനങ്ങളും ആശയവിനിമയവുമുള്ള, ആരോട് എങ്ങനെ എന്തു പെരുമാറുമെന്നറിയാത്ത നിർബന്ധബുദ്ധിയുള്ള, അനുസരണയില്ലാത്ത വികൃതമായി ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന, അടിസ്ഥാന ആവശ്യങ്ങൾ പോലും സ്വയം ചെയ്യാനറിയാത്ത ഒരു കുട്ടിയെ  എങ്ങനെയാണ് വളർത്തേണ്ടതെന്ന് വെറുതേ ഒന്നാലോചിക്കുക. കുഞ്ഞായിരിക്കുമ്പോഴും വളർന്ന് പ്രായപൂർത്തിയാകുമ്പോഴും ഒരേപോലെ അവനായോ അവൾക്കായോ വേണ്ടിമാത്രം ജീവിക്കേണ്ടി വരുന്ന ഒരു അമ്മയെക്കുറിച്ചു കൂടി ചിന്തിക്കുക.   

ഒരു നാട് ഒന്നിച്ചു പറയുന്നു,  കുമാരിയമ്മ സൂപ്പറാ
പത്തു മുപ്പത് വർഷം മുമ്പ് ഇന്നത്തെപ്പോലെ ആധുനികവൈദ്യസഹായമൊന്നും കിട്ടാത്ത കാലത്താണ് ശാന്തകുമാരിക്ക് തങ്കം പോലൊരു പെൺകുഞ്ഞ് പിറന്നത്. പക്ഷേ പ്രസവശേഷവും കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കിട്ടുമോ ഇല്ലയോ എന്നൊരുറപ്പില്ലാതെ ആ അമ്മ തീ തിന്നിരുന്നത് മണിക്കൂറുകളല്ല ദിവസങ്ങളായിരുന്നു. അവസാനം കുഞ്ഞിനെ കിട്ടി, പക്ഷേ ഇന്നും തീ തിന്നുതന്നെയാണ് ശാന്തകുമാരി എന്ന അമ്മ ജീവിക്കുന്നത്. കാഴ്ച്ചയിൽ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാത്ത കുഞ്ഞിന് ലക്ഷ്മി എന്ന് പേരിട്ടു. വളർച്ചയ്ക്ക് അനുസരിച്ച് തലപോലുമുറയ്ക്കാതെ, സ്വന്തമായി ഒന്നെഴുന്നേറ്റ് നടക്കാനാകാതെ, വിശക്കുന്നു എന്ന് പോലും പറയാനറിയാതെ ലക്ഷ്മി വളരുന്നതിന് അനുസരിച്ച് ശാന്തകുമാരി എന്ന കുമാരിയമ്മ തന്റെ ജീവിതം മാറ്റിയെഴുതി. ലക്ഷ്മിക്ക് മുപ്പത് വയസായി. എഴുന്നേൽക്കാനോ നടക്കാനോ സ്വന്തമായി ഭക്ഷണം വാരിക്കഴിക്കാനോ കഴിയാത്ത അവളെ നിഴലായി നിന്ന് പൊന്നുപോലെ നോക്കുന്നുണ്ട് അവളുടെ കുമാരിയമ്മ.   

mothers2
കുമാരിയമ്മയും ലക്ഷ്മിയും

ലക്ഷ്മിക്ക് എല്ലാത്തിനും അമ്മതന്നെ വേണം. ലക്ഷ്മിയേക്കാൾ അക്കാര്യത്തിൽ നിർബന്ധമുണ്ട് അമ്മയ്ക്കും. അതിയായ സ്നേഹം പ്രകടിപ്പിക്കേണ്ടിവരുമ്പോൾ  ശക്തമായി നുള്ളിയും തൊലിപിച്ചിയെടുത്തുമൊക്കെ ലക്ഷ്മി അത് പ്രകടിപ്പിക്കും. അവളുടെ സ്നേഹത്തിന്റെ അടയാളങ്ങൾ എന്നും തൊലിപ്പുറത്തുണ്ടാകും. കിനിഞ്ഞിറങ്ങുന്ന വേദനയിലും നിഷ്കളങ്കമായ ആ സ്നേഹപ്രകടനത്തിന് കുമാരിയമ്മ നിന്നുകൊടുക്കുകയാണ്. വഴക്ക് പറയാനോ തല്ലാനോ മനസ് വരില്ല. അമ്മയ്ക്ക് നോവുമെന്നൊന്നും അവൾക്കറിയില്ലല്ലോ.

തിരിഞ്ഞുനോക്കുമ്പോൾ കുമാരിയമ്മയ്ക്ക് ജീവിതം അവളുടെ നിലനിൽപ്പിനുള്ള സമരമായാണ് തോന്നുന്നത്. ആയുർവേദവും അലോപ്പതിയും ഹോമിയോയും മാറി മാറി പരീക്ഷിച്ചു. തെറാപ്പിസ്റ്റുകളുടെയും ഒറ്റമൂലിക്കാരുടെയും മുന്നിൽ പ്രതീക്ഷയോടെ ആഴ്ചകളോളം കാത്തിരുന്നു. എല്ലാ കുഞ്ഞുങ്ങളെയും പോലെയാവേണ്ട, ഒന്നെഴുന്നേറ്റ് ബാത്ത്റൂമിൽ വരെ പോകാൻ കഴിഞ്ഞാൽ മതിയെന്നായിരുന്നു പ്രാർഥന. ഒരു ദൈവവും പക്ഷേ അത് കേട്ടില്ല. കുഞ്ഞായിരുന്നപ്പോൾ  ചെയ്തുകൊടുത്തതെല്ലാം  മകൾക്ക് മുപ്പത് വയസായപ്പോഴും ആ അമ്മ ചെയ്തുകൊണ്ടേയിരിക്കുന്നു. മുതിർന്ന പെൺകുട്ടിയായപ്പോൾ അമ്മയുടെ ഉത്തരവാദിത്തം കൂടി. മകളെവിട്ട് ഒരു രാത്രിപോലും കുമാരിയമ്മ മാറി നിന്നിട്ടില്ല,  ഒരു പകൽദൂരത്തിനപ്പുറം എവിടെയും പോയിട്ടുമില്ല. ഇതിനിടെ എല്ലാത്തിനും പിന്തുണയുമായി നിന്ന പ്രവാസിയായ ഭർത്താവ് കാൻസർ ബാധിതനായി തിരികെയെത്തിയപ്പോൾ ഭർത്താവിനെയും മകളെയും ഒരുപോലെ നോക്കി. രോഗത്തിന് കീഴടങ്ങി അദ്ദേഹം യാത്രയായപ്പോൾ വീണ് പോയതാണ് അവർ. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത മകളെ ഓർത്തപ്പോൾ   നെഞ്ച് പൊട്ടുന്ന വേദനയിലും അവൾക്കായി  ഉയിർത്തെഴുന്നേറ്റു. പറഞ്ഞുവരുമ്പോൾ അനുഭവങ്ങളുടെ കുത്തൊഴുക്കാണ്.  താനില്ലാതെയുള്ള മകളുടെ ജീവിതം കുമാരിയമ്മയ്ക്ക് ചിന്തിക്കാനാകില്ല.

പത്തനംതിട്ട ജില്ലയിൽ ഏനാദിമംഗലം താലൂക്കിൽ പൂതംകരയിലാണ് കുമാരിയമ്മയും ലക്ഷ്മിയുമുള്ളത്. ലക്ഷ്മിക്ക് ചേട്ടനുണ്ട്. ചേട്ടനും കുടുംബവും ഒപ്പമുണ്ട്. അവന്റെ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം എന്നും കുഞ്ഞായിരിക്കുന്ന അനിയത്തിയ്ക്കും സ്ഥാനമുണ്ടാകുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് കുമാരിയമ്മയുടെ ശ്വാസം നിലനിർത്തുന്നത്. അല്ലെങ്കിൽ ആധികേറി താൻ എന്നേ മരിച്ചുപോകുമായിരുന്നുവെന്നാണ് അവർ പറയുന്നത്. എന്റമ്മ സൂപ്പറാണെന്ന് ലക്ഷ്മി മനസിൽ പറയുന്നുണ്ടോ ആവോ..അറിയില്ല, പക്ഷേ ഒരു നാട് ഒന്നടങ്കം വിളിച്ചു പറയുന്നുണ്ട് കുമാരിയമ്മ സൂപ്പറാണെന്ന്.  

യദുവിനെ വളർത്താൻ സിനുവിനറിയാം, സമൂഹം അതറിയണം    
വിവാഹം കഴിഞ്ഞ് ആദ്യമായി അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ കുന്നോളം സ്വപ്നങ്ങളുമായി കാത്തിരുന്നവളാണ് സിനു കിഷൻ. പക്ഷേ ഗർഭിണിയായിരിക്കെ മനസിലായി കുഞ്ഞിന് പ്രശ്നമുണ്ടെന്ന്.  മകൻ പിറന്നുവീണപ്പോൾ ഈ ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടുപോയ ഒരു അമ്മയാണ് താനെന്നാണ് സിനുവിന് തോന്നിയത്. ഡൗൺസിൻഡ്രം ബാധിച്ച കുഞ്ഞിനെ  സമൂഹത്തിന്റെ ഭാഗമാക്കാനുള്ള സിനുവിന്റെ ശ്രമങ്ങൾ മനസിലാക്കി കൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. യുകെയിൽ ഒരു ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ സിനുവിന് സ്വന്തം കുട്ടിയുടെ അവസ്ഥ നന്നായി അറിയാമായിരുന്നു.  നഴ്സായതിനാൽ മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ട ചുമതല കൂടി സിനുവിന് ഏറ്റെടുക്കേണ്ടിവന്നു. ജീവിതം  ഇനി ഇങ്ങനെയൊക്കെയാണെന്ന്  മനസിലാകുമ്പോൾ സ്വാഭാവികമായും അതിനെ സ്വീകരിക്കുക എന്ന നിലയിലേക്ക് മനസെത്തും. ആ മനസ് കൈവരിച്ച സിനു, മകൻ യദുവിനെ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നു. അവന്റെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും വിശേഷങ്ങളും പങ്കിട്ട് ഇതാ ഞാനുമെന്റെ മോനും സന്തുഷ്ടരാണെന്ന്  സമൂഹമാധ്യമത്തിലൂടെ  പറഞ്ഞുകൊണ്ടേയിരിക്കുന്നു.

mothers4
സിനുവും യദുവും

വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരുമുണ്ട്. അതൊന്നും സിനുവിന് വിഷയമല്ല. യദുവിനും  അവനെപ്പോലെയുള്ള  എല്ലാ കുഞ്ഞുങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകം. അത് സമൂഹം തിരിച്ചറിയണമെന്ന നിർബന്ധമുണ്ട് സിനുവിന്.  എല്ലാ കുട്ടികൾക്കും പോസറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ടെന്നും അത് ഓട്ടിസമുള്ള കുട്ടികൾക്കും ബാധകമാണന്നും സിനു പറയുന്നു. ഡൗൺസിൻഡ്രം  ബാധിച്ച യദു എന്ന മകനെ വളർത്താൻ  അമ്മ എന്ന നിലയിൽ സിനുവിന് ബുദ്ധിമുട്ടില്ല. പക്ഷേ അവനെ സമൂഹത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം പലപ്പോഴും ശ്രമകരമാണ്. ആവശ്യമില്ലാത്ത സഹതാപവും ഉപദേശങ്ങളുമായി  പുറത്തൊരുപാട് പേരുണ്ട്. മകനെക്കുറിച്ച് ആധിയില്ലാതില്ല. എന്നാൽ അതൊന്നും പുറത്ത് കാട്ടാതെ സന്തോഷത്തോടെ  എല്ലാവരോടും പെരുമാറുമ്പോൾ ഇത്തരമൊരു കുട്ടിയുണ്ടായിട്ടും എങ്ങനെയാണ് ഇത്ര അടിച്ചുപൊളിച്ചു ജീവിക്കുന്നതെന്ന മനോഭാവത്തോടെ നോക്കുന്നവരുണ്ട്. വിമർശിക്കുന്നവരുണ്ട്. പക്ഷേ അതൊന്നും തന്നെ ബാധിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുണ്ട് സിനുവിന്. 

ഓട്ടിസബാധിതനായ ഒരു കുട്ടിയുടെ അമ്മ എന്ന നിലയിലും സാധാരണവ്യക്തി എന്ന നിലയിലും രണ്ട് ജീവിതമുണ്ട് സിനുവിന്. രണ്ടും തമ്മിലുള്ള അന്തരം നന്നായി മനസിലാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾക്ക് സഹായകമായതൊന്നും നമ്മുടെ രാജ്യത്തില്ലെന്ന് സിനു തുറന്നു പറയുന്നു. രണ്ടും രണ്ട് ലോകമാണ്. അതിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാകണമെന്നാണ് അമ്മ എന്ന നിലയിൽ സിനു ഏറ്റവും ആഗ്രഹിക്കുന്നത്. മകൻ ഒരിക്കലും ബാധ്യതയല്ല. അവനെ മനസിലാക്കി അവന്റെ  ഇഷ്ടങ്ങൾക്കൊപ്പം  ജീവിക്കാൻ സിനുവിന് നന്നായി കഴിയുന്നുണ്ട്. യദുവിന് താഴെ രണ്ട് പെൺകുട്ടികൾ കൂടെയുണ്ട്  സിനുവിന്. പതിനേഴ് വയസായ മകൻ സാധാരണകുട്ടിയായിരുന്നെങ്കിൽ ഇളയകുട്ടികളെ ഏൽപ്പിക്കാമായിരുന്നു എന്നൊക്കെ ചിന്തിക്കാം. പക്ഷേ അത്തരം ചിന്തകൾക്ക് പ്രസക്തിയില്ല, പ്രായോഗികമായി ജീവിക്കുക. ഒപ്പം  മകനെപ്പോലുള്ളവരെ ഈ സമൂഹത്തിൽ ജീവിക്കാൻ അനുവദിക്കാൻ സമൂഹത്തെ തയാറെടുപ്പിക്കുക എന്ന വലിയ ലക്ഷ്യം കൂടി സിനു മുന്നോട്ട് വെക്കുന്നു. അതിനുള്ള അവയർനസ് സമൂഹത്തിന് കിട്ടട്ടെ എന്ന് കരുതിയാണ് യദുവിനെയും അവന്റെ അമ്മയേയും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുന്നത്. 

യദുവിന് അച്ഛനെയും ജീവനാണ്, അച്ഛന് തിരിച്ചും. പക്ഷേ എൻജിനീയറായ അച്ഛന് ഓട്ടിസംബാധിതനായ മകന്റെ പ്രശ്നങ്ങൾ മനസിലാക്കാനോ പരിഹരിക്കാനോ ആകില്ല. അതിന് അമ്മ തന്നെവേണം. തന്നെപ്പോലുള്ള എത്രയോ അമ്മാരുണ്ടെന്ന് സിനുവിന് അറിയാം. ഈ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി അവർക്ക് ചെലവഴിക്കേണ്ടിവരുന്ന സമയത്തെക്കുറിച്ചും സാമ്പത്തികബാധ്യതയെക്കുറിച്ചും നന്നായി അറിയാം. കോതമംഗലം തൃക്കാരിയൂർ എന്ന സാധാരണ നാട്ടിൻപുറത്ത് നിന്നാണ് സിനു യുകെയിലെത്തിയത്. താൻ ജീവിക്കുന്ന രാജ്യവുമായി താരതമ്യം ചെയ്യുമ്പോൾ   വൻപരിമിതികളുണ്ട് സ്വന്തം രാജ്യത്ത്. അത് മൂലം കഷ്ടപ്പെടേണ്ടി വരുന്ന കുഞ്ഞുങ്ങളെയും അവരുടെ രക്ഷിതാക്കളെയും വിഷമത്തോടെ സിനു ഓർമിക്കുന്നു. ഓട്ടിസം പോലെയുള്ള പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ടായാൽ വരുന്ന മാറ്റങ്ങളെക്കുറിച്ചാണ് സിനു ഇപ്പോൾ സ്വപ്നം കാണുന്നത്.

അന്ന് ജീവിതം തകർന്നതാണ്,  ഇന്നത് തിരികെ പിടിക്കുന്നു- നിർമല വേണു 
സിനു ജനിച്ചുവളർന്ന അതേ നാട്ടിലാണ് നിർമല വേണു എന്ന അമ്മ മുപ്പത്തിരണ്ടുകാരനായ മകനുമായി കഴിയുന്നത്. തലമുറയുടെ വ്യത്യാസമാണോ കാലം മാറിയതുകൊണ്ടാണോ എന്നറിയില്ല, രണ്ട് പേരുടെയും ജീവിതം രണ്ട് വഴിക്കായിരുന്നു. ആരും സഹായിക്കാനില്ലാത്ത സ്വന്തമായി വരുമാനമില്ലാത്ത നിസ്സഹായയായ ഒരമ്മ മാത്രമായിരുന്നു താനെന്ന് നിർമല പറയുന്നു. മകന് മുപ്പത്തിരണ്ട് വയസായി. എല്ലാവരെയും പോലെയല്ലാത്ത മകനുമായി സാധാരണ ഒരു നാട്ടിനപുറത്ത് കഴിയേണ്ടിവരുമ്പോൾ നല്ല മനക്കരുത്തും സഹനശേഷിയും വേണ്ടിവരും. എട്ടാംമാസത്തിൽ പ്രസവിച്ചെങ്കിലും മകന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് നിർമല ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാ കുഞ്ഞുങ്ങളെയും പോലെ മിടുമിടുക്കനായ ഒരാൺകുട്ടി. പക്ഷേ അവൻ വളരുന്തോറും എന്തോ പ്രശ്നമുണ്ടല്ലോ എന്ന് സംശയം തോന്നിത്തുടങ്ങി. ഒടുവിൽ അത് സ്ഥിരീകരിക്കപ്പെട്ടപ്പോൾ ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്ന് നിർമല പറയുന്നു. നടക്കാൻ തുടങ്ങിയപ്പോൾ മുതൽ കണ്ണ് തെറ്റിയാൽ വീട് വിട്ടിറങ്ങുന്ന കുട്ടി.  ഒത്ത പുരുഷനായി വളർന്ന് കുടുംബം പുലർത്തേണ്ട പ്രായത്തിലും അവൻ ആ പതിവ് തുടരുകയാണ്. സ്പെഷ്യൽ സ്കൂളുകളിലും മറ്റും അയച്ചെങ്കിലും സാധാരണ ഒരു കുട്ടിയെപ്പോലെ അവൻ വളരില്ലെന്ന് ഉറപ്പായപ്പോൾ സാധാരണ അമ്മയാകാൻ തനിക്കുമാകില്ലെന്ന് നിർമല തിരിച്ചറിഞ്ഞു.  എപ്പോഴും മകനെയോർത്ത് ജീവിക്കേണ്ടി വന്നത് കൊണ്ട് തനിക്കിഷ്ടപ്പെടതൊക്കെ മറന്നുപോയെന്നാണ് നിർമല പറയുന്നത്.  സാമ്പത്തികബുദ്ധിമുട്ടുകൾക്കിടയിൽ ബിരുദധാരിയായിട്ടും ഒരു ജോലിക്കും ശ്രമിച്ചില്ല.   

mothers6
നിർമല വേണു മകനൊപ്പം

ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമർശങ്ങളും പരാതികളും കേട്ട് മനസ് മടുത്തുപോയ എത്രയോ സന്ദർഭങ്ങളുണ്ട്. മകന് കൂട്ടായി  മിടുക്കിയായ ഒരു അനിയത്തിക്കുട്ടികൂടി ഉണ്ടായപ്പോൾ അൽപ്പം ആശ്വാസമായി. ചേട്ടനെ എങ്ങനെ മാനേജ് ചെയ്യണമെന്ന് മകൾ അമ്മയ്ക്ക് പറഞ്ഞുകൊടുക്കാൻ തുടങ്ങി. അങ്ങനെ നിർബന്ധബുദ്ധിയിലും ശീലങ്ങളിലും ചെറിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.  മനസ് തുറന്നൊന്ന് ചിരിക്കാനോ  നല്ല നാളെകളെ സ്വപ്നം കാണാനോ കഴിയാതെ ജീവിച്ചത് മൂന്ന് പതിറ്റാണ്ടാണ്. അതിനിടയിലെപ്പോഴോ ഒരു തിരുവാതിരകളിയിൽ പങ്കെടുക്കാനെത്തിയ നിർമലയെക്കണ്ട് അടുത്ത ഒരു ബന്ധു ഉപദേശിച്ചു.  എത്ര നന്നായി കളിച്ചാലും ഈ നരച്ച മുടിയും മുഖത്തെ വിഷാദവും നിരാശയും മാർക്ക് കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞുകൊടുത്തു. അന്ന് ആദ്യമായി നിർമല തന്നെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. താൻ കാരണം ഗ്രൂപ്പിന് പോയിന്റ് കുറയരുതെന്നും ഉറപ്പിച്ചു. മുടി കറുപ്പിച്ച് നന്നായി വേഷം ധരിച്ച് കണ്ണാടിയ്ക്ക് മുന്നിൽ നിന്നപ്പോൾ അതുവരെയില്ലാത്ത ഒരാത്മവിശ്വാസം. ജീവിതത്തോട് വീണ്ടും പ്രതീക്ഷ. തനിക്കെന്തൊക്കെയോ ചെയ്യാനാകുമെന്ന വിശ്വാസം. സ്വയമണിഞ്ഞതും സമൂഹം കൽപ്പിച്ച് നൽകിയതുമായ സഹതാപക്കൂട്ടിൽ നിന്ന് അന്ന് താനിറങ്ങിയെന്ന് നിർമല പറയുന്നു.  

വ്യക്തി എന്ന നിലയിൽ തനിക്ക് സന്തോഷമുള്ള കാര്യങ്ങളിലേക്ക്  നിർമല കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഒപ്പം  അമ്മ എന്ന നിലയിൽ മകന് കാവൽക്കാരിയും സംരക്ഷകയുമായി തുടരുന്നു. ഇപ്പോൾ ജീവിതം നരച്ചുപോയെന്നോ കെട്ടുപോകുന്നെന്നോ തോന്നാറില്ലെന്നും അത് കൂടുതൽ മനോഹരമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും അവർ പറയുന്നു. മകനെ  സ്വയം പര്യാപ്തനാക്കാമെന്ന മോഹവുമായി അതിനായി പരിശീലനം നൽകുന്ന പല കേന്ദ്രങ്ങളിലാക്കി. പക്ഷേ അവൻ അവിടെയൊന്നും സന്തുഷ്ടനല്ലെന്ന് മനസിലായപ്പോൾ പഴയപോലെ നാട്ടിൽ സ്വതന്ത്രമായി നടക്കാൻ അനുവദിച്ചു. എപ്പോഴും ഒരു കണ്ണും കാതും അവനിലുണ്ടാകണം. നാളെ അവന്റെ ഭാവിയെന്താകുമെന്ന പേടിയിപ്പോൾ ഇല്ല. ചേട്ടനെപ്പോഴും ഒപ്പം തന്നെയുണ്ടാകുമെന്ന മകളുടെ ഉറപ്പിന്റെ ധൈര്യമുണ്ട്  നിർമലയ്ക്കിപ്പോൾ.   

നല്ല അമ്മയാകാൻ കഴിഞ്ഞോ എന്ന ചോദ്യത്തിന് നിറഞ്ഞ സംതൃപ്തിയോടെ അതിന്  മാത്രമേ കഴിഞ്ഞിട്ടുള്ളു എന്ന  ഉത്തരമുണ്ട്. ഇന്നത്തെ കാലത്തായിരുന്നെങ്കിൽ മകനായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൊടും നിരാശയിലും വിഷമത്തിലും കഴിച്ചുകൂട്ടിയ പഴയ നാളുകളെ ഇനി ജീവിതത്തിൽ അനുവദിക്കില്ല. മകനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാനായി മാറി നടന്ന വഴികളിലൂടെ തലയുയർത്തി നടക്കാൻ നിർമല പഠിച്ചുകഴിഞ്ഞു. അല്ലെങ്കിൽ ജീവിതം അവരെ  പഠിപ്പിച്ചതുമാകാം. മകൻ നന്നായിരിക്കണം, തനിക്കും സന്തോഷമായിരിക്കണം,  തിരുവാതിരകളി സംഘങ്ങളുണ്ടാക്കിയും നാരായണീയം, ഗീത ക്ലാസുകളിൽ സജീവമായും പഴയകാലകൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചും നിർമല വേണു ജീവിതത്തെ തിരികെപിടിക്കുകയാണിപ്പോൾ.

ജയിക്കുന്നോ തോൽക്കുന്നോ എന്നറിയാത്ത അമ്മയാണ് ഞാൻ-  മുർഷിദ പർവീൻ
വെറും ഇരുപതാമത്തെ വയസിലാണ് മുർഷിദ അമ്മയായത്.  ഇപ്പോൾ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നു.  കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ഫേസ്ബുക്കിൽ  മുർഷിദ കുറിച്ചതിങ്ങനെ..

‘അമനും ഐദിനും തമ്മിൽ അഞ്ചര വയസ്സിന്റെ വ്യത്യാസമുണ്ട്. അമൻകാക്ക സ്പെഷ്യൽ നീഡ് ആണെന്നും മൂഡ് സ്വിംഗ്സ് ഉണ്ടെന്നും ഐദിനെ പറഞ്ഞ് മനസ്സിലാക്കുകയെന്ന യജ്ഞം  ഞാനും എന്റെ പാർട്ണറും തുടങ്ങിയിട്ട് കാലമേറെയായി. അവർ ഒരുമിച്ച് കളിക്കാറുമുണ്ട് ചിലപ്പോൾ പരസ്പരം വഴക്കിടാറുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ന്യായത്തിന്റെ വശമൊന്നും നോക്കാതെ അമനെ ട്രിഗർ ചെയ്യാതെ ആ സാഹചര്യത്തെ എങ്ങനെ ഹാൻഡ്ൽ ചെയ്യാം എന്നേ ചിന്തിക്കാറുള്ളൂ.രണ്ട് ദിവസം മുന്നേ അവർ തമ്മിലുള്ള വഴക്കിനിടയിൽ അമൻ ഐദിനെ എസിയുടെ റിമോട്ട് കൺട്രോൾ കൊണ്ട് എറിഞ്ഞത് ചെന്ന് കൊണ്ടത് കൃത്യമായി ഐദിന്റെ തലയിൽ ആയിരുന്നു. രംഗം വഷളാവാതെ ഇരിക്കാൻ അമനെ വഴക്ക് പറയാൻ നിൽക്കാതെ പതിവുപോലെ ഐദിനെ പിടിച്ച് മാറ്റി എന്റെ റൂമിലേക്ക് കൊണ്ട് വന്നപ്പോൾ അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞത് "എനിക്ക് അമൻകാക്കനെ പോലെ സ്പെഷ്യൽ ആയാൽ മതിയായിരുന്നു എനിക്കും മൂഡ് സ്വിംഗ്സ് ഉണ്ടായാൽ മതിയായിരുന്നു. അങ്ങനാവുമ്പോ എനിക്ക് എന്തും ചെയാലോ. മ്മയും അബ്ബയും ഇപ്പിച്ചിയും എന്നോട് ഇങ്ങനെ ചെയ്യൂലല്ലോ''..’

mothers5
മുർഷിദ അമനൊപ്പം

ആദ്യമായി അമ്മയായ ത്രില്ലിൽ ഒരായിരം സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമായാണ് തന്റെ കടിഞ്ഞൂൽ കുരുന്നിനെ ഏറ്റുവാങ്ങിയത്. പക്ഷേ കുഞ്ഞിനെ കണ്ടപ്പോൾ തന്നെ ഡോക്ടർമാർ ഡൗൺസിൻഡ്രത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അവൻ വളരാൻ തുടങ്ങിയപ്പോഴാണ് നേരിടേണ്ടി വരുന്ന പ്രശ്നത്തിന്റെ ഗൗരവം അച്ഛനും അമ്മയ്ക്കും മനസിലായത്. സ്വപ്നങ്ങളെല്ലാം തകർന്നു. ജീവിതം അവസാനിച്ചതുപോലെയായിരുന്നു ആ ദിവസങ്ങളെന്ന് മുർഷിദ ഓർത്തെടുക്കുന്നു. മറ്റ് കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം ഇരട്ടിക്കും. സങ്കൽപ്പിച്ചതുപോലെയൊന്നുമായില്ലെങ്കിലും സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യാൻ കഴിയുന്ന കുട്ടിയെയാണ് പിന്നീട് സ്വപ്നം കാണാൻ തുടങ്ങിയത്. മറ്റുള്ളവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയിരിക്കുന്ന അമൻ എന്ന മകൻ സംസാരിക്കില്ലെന്ന് പറയേണ്ടിവരുന്നത് നെഞ്ച് തകർക്കുന്നതായിരുന്നെന്നും അവന്റെ അമ്മ പറയുന്നു. കോഴിക്കോട്ടെ പ്രമുഖ സ്കൂളിൽ നിന്ന് മോശം അനുഭവമുണ്ടായതിന് ശേഷം ഒരു വർഷം അമനെ സ്കൂളിൽ വിട്ടില്ല. ഇളയകുട്ടി സ്കൂളിലേക്ക് പുറപ്പെടുമ്പോൾ എന്താണ് തന്നെ  അയക്കാത്തതെന്ന്  നിഷ്കളങ്കതയോടെ അമൻ ചോദിക്കും. അത് കേൾക്കാനാകാതെ ആ വർഷം ഇളയകുട്ടിയേയും സ്കൂളിലയച്ചില്ലെന്ന്  ഈ അമ്മ പറയുന്നു.  ഇത്തരം കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടുകൂടേ എന്നും മകന് തലയ്ക്ക് സ്ഥിരമില്ലേ എന്നും ചോദിച്ചവരുണ്ട്. വിശ്വാസമില്ലാത്തവർപോലും  നെഞ്ച് തകർന്ന് ഈശ്വരനെ വിളിച്ചുപോകുന്ന സമയമാണതെന്നാണ് മുർഷിദ പറയുന്നത്. പക്ഷേ  ഇത്തരം ചോദ്യങ്ങളും മനോഭാവവുമാണ് ബുദ്ധിപരമായി പ്രശ്നമുള്ള ഒരു കുട്ടിയുടെ അമ്മയായി മാറാൻ തന്നെ പരുവപ്പെടുത്തിയതെന്നും അവർ വ്യക്തമാക്കുന്നു.  

സ്പെഷ്യൽ സ്കൂളിലെത്തുന്ന അമ്മമാരുടെ വ്യത്യസ്ത അനുഭവങ്ങളാണ്  കൂടുതൽ ദിശാബോധം നൽകിയത്.  യാഥാർഥ്യം അംഗീകരിച്ച് കഴിയുമ്പോൾ പിന്നെ സ്വയം മാറുകയല്ലാതെ മറ്റൊരു മാർഗമില്ല. എല്ലാ അമ്മമാരെയും പോലെയല്ല തന്നെപ്പോലെയുള്ള അമ്മമാർ. അതുവരെയുണ്ടായിരുന്ന ജീവിതരീതികളൊക്കെ പാടേ മാറ്റിമറിക്കപ്പെടും. സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും സ്ഥാനമില്ലാത്ത ഒരു വരണ്ട ജീവിതം മുന്നിൽ നീണ്ടുനിവർന്ന് കിടക്കും. അവിടെ നിന്നാണ് ജീവിതം തിരികെ പിടിക്കേണ്ടത്. ഡൗൺസിൻഡ്രം പോലെയുള്ള പ്രശ്നങ്ങളുള്ള കുട്ടികളുടെ അമ്മമാർ പലപ്പോഴും കുട്ടികളുടെ പോസിറ്റീവ് അനുഭവങ്ങൾ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. എന്നാൽ എത്രയോ നെഗറ്റീവ് അനുഭവങ്ങളുടെ നീറ്റലുമായാണ് അവർ ജീവിക്കുന്നതെന്നും മുർഷിദ പറയുന്നു. സാമ്പത്തികവും വൈകാരികവുമായ എത്രയോ പ്രശ്നങ്ങളാണ് മുന്നിൽ. മിക്ക അമ്മമാർക്കും ജോലി ഉപേക്ഷിക്കേണ്ടിവരും. 

mothers9
മുർഷിദ അമനൊപ്പം

അമന് കൂട്ടായി ഐദിൻ എത്തിയത് അവന്റെ ജീവിതത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയ കാര്യവും മുർഷിദ പങ്ക് വച്ചു. എങ്കിലും കുട്ടിയുമായി പുറത്ത് പോകുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ പേടിയാണ്. ആര് എപ്പോൾ എന്ത് ചോദിക്കുമെന്നറിയില്ല.  അതുകൊണ്ട് തന്നെ ഇത്തരം കുട്ടികളുടെ അമ്മമാരുടെ സാമൂഹികബന്ധം പലപ്പോഴും പരിമിതപ്പെടുമെന്ന കാര്യവും മുർഷിദ ചൂണ്ടിക്കാണിക്കുന്നു. അവർക്കൊരു പ്രചോദനമാകട്ടെ എന്ന് കരുതിയാണ് സമൂഹമാധ്യമങ്ങളിൽ മകനെക്കുറിച്ച് എഴുതുന്നത്. പക്ഷേ ഇതിലും മോശമായ അവസ്ഥയുള്ള കുട്ടികളുടെ അമ്മമാർക്ക് അത് വിഷമമാകുമോ എന്ന ആശങ്കയുണ്ടെന്നും മുർഷിദ പറയുന്നു.

അമ്മയുടെ തിരക്കുകൾക്കിടയിൽ അറിയാതെ ഡ്രസിൽ അപ്പിയിട്ട മകനെ വൃത്തിയാക്കുമ്പോൾ തന്നെ കെട്ടിപ്പിടിച്ച്   "സോറി പർവിമ്മാ അറിയാതെ അപ്പിയിട്ട് പോയതാ" എന്ന് പറഞ്ഞതിനെക്കുറിച്ചും മുർഷിദ സമൂഹ മാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. പക്ഷേ   അതല്ല താൻ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന മകൻ ചിന്തിക്കാൻ തുടങ്ങി എന്ന സൂചനയായിരുന്നു ആ സോറിയെന്ന് മനസിലായപ്പോൾ സന്തോഷം തോന്നിയെന്നും മുർഷിദ പറയുന്നു. എങ്കിലും അമൻ സോറി പറഞ്ഞതും എന്തോ വലിയ തെറ്റ് ചെയ്ത് പോയല്ലോ എന്ന അവന്റെ മുഖഭാവവും ഇപ്പോഴും കൺമുന്നിൽ നിന്നും മായുന്നില്ലെന്ന സങ്കടവും ആ അമ്മ പങ്ക് വയ്ക്കുന്നുണ്ട്. 

ഉറപ്പായും നല്ല അമ്മയാണ്, ഒരിക്കലും ത്യാഗമരമല്ല- അഡ്വ. റജീന നൂർജഹാൻ
കഴിഞ്ഞ ദിവസം  പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ റെജീന നൂർജഹാൻ എന്ന മറ്റൊരു അമ്മ തൻറെ മകന്റെ വിജയത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ-  

‘കുഞ്ഞായിരിക്കുമ്പോൾ ഒരു ഹിന്ദിപ്പരീക്ഷയുടെ തലേ ദിവസം വിചിത്രമായ അക്ഷരങ്ങൾ നോക്കി അവൻ ഏങ്ങലടിച്ച് കരഞ്ഞിരുന്നു .പല ഭാഷകൾ പഠിക്കാനുള്ള അവന്റെയാ നിസ്സഹായതയെയും കൊണ്ട് അൻസാർ മാഷിന്റെ ഫുട്ബോൾ ഗ്രൗണ്ടിലേക്കാണ് ഞാൻ പോയത്. ഈ പരീക്ഷ നോക്കണ്ട, ഹിന്ദി നമുക്ക് പിന്നെ പഠിക്കാം എന്ന് പറഞ്ഞ അമ്മയെ അവന് വിശ്വാസമായെന്ന് തോന്നുന്നു. ആ കുട്ടിയ്ക്ക് ഇന്ന് ഹിന്ദിയിൽ എ പ്ലസ് ഉണ്ട് .!  ആ ഫുട്ബോൾ ഗ്രൗണ്ടിൽ അവൻ വിജയവും തോൽവിയും അറിഞ്ഞു’.

mothers3
റജീനയും മകനും

മൂന്ന് കുട്ടികളാണ് റജീനയ്ക്ക്. രണ്ട് പെൺകുട്ടികൾക്ക് ശേഷമെത്തിയ മൂന്നാമൻ അവരെപ്പോലെ മിടുക്കനാകുമെന്ന് പ്രതീക്ഷിച്ചു. ബാഹ്യമായി പ്രശ്നങ്ങളൊന്നും തോന്നാത്ത കുട്ടിക്ക് പഠനവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന ചെറുതല്ലാത്ത ഒരു തുക ചോദിക്കാതെയെടുത്ത് സ്കൂളിലേക്ക് പോയ മകനോട് സംസാരിച്ചപ്പോഴാണ് അവന്റെ ഉള്ളിലെ സങ്കടവും സമ്മർദവും മനസിലായതെന്ന് റജീന പറയുന്നു. ചേച്ചിമാരുടെയും സഹപാഠികളുടെയും വിജയവും അവർക്ക് കിട്ടുന്ന അഭിനന്ദനവും കണ്ട്  സങ്കടപ്പെടുന്ന മകൻ സ്കൂളിൽ തനിക്കും കയ്യടി കിട്ടണമെന്ന് മോഹിച്ചു. അതിനായി അച്ഛൻ സൂക്ഷിച്ചിരുന്ന കാശെടുത്ത് ചാരിറ്റിയ്ക്ക് നൽകാൻ തീരുമാനിച്ചു. അന്ന് ചേർത്ത് പിടിച്ചതാണ് റജീന മകനെ. വിദഗ്ധരുടെ സഹായത്തോടെ അവന്റെ പ്രശ്നങ്ങളെല്ലാം പഠിച്ചു. അക്ഷരങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത കുഞ്ഞിന്റെ സങ്കടത്തിനൊപ്പം നിന്നു. ഒറ്റയ്ക്ക് ജയിക്കാനാകാത്ത അവന്റെ സങ്കടത്തെ ടീമായുള്ള ഗെയിമുകളിൽ പങ്കെടുപ്പിച്ച്   ജയിക്കുന്നതിന്റെ ത്രില്ല് അനുഭവിക്കാൻ  അവസരമൊരുക്കി .

നിരീക്ഷിച്ചും നിരന്തരം അവനെ കേട്ടും ഒരുപാട് സമയം മകനായി റജീന നൽകി. അവന്റെ മുന്നിൽ വച്ച് മറ്റ് രണ്ട് പേരെയും ഒരുപാട് അഭിനന്ദിക്കുന്നത് നിർത്തി. പകരം അവനറിയാതെ അവരുടെ വിജയങ്ങളിൽ സന്തോഷവും അഭിനന്ദനവും അറിയിച്ച് കൂടെനിന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ ആർച്ചറിയിൽ സ്വർണം നേടിയിട്ടുണ്ട് മകൾ. പക്ഷേ ഒറ്റച്ചരടിൽ കോർക്കേണ്ടവരല്ല മക്കളെന്ന കൃത്യമായ അവബോധത്തോടെ മക്കളെ വളർത്താൻ ശ്രമിച്ചു. മൂന്ന് പേർക്കും 100 ശതമാനം നല്ല അമ്മയായിരിക്കാൻ ആവതും ശ്രമിച്ചകൊണ്ടേയിരിക്കുകയാണെന്നും റജീന പറയുന്നു. അമ്മയായിരിക്കുക എന്നത് ആസ്വദിച്ചുകൊണ്ട് സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും നിലനിർത്താനും റജീനയ്ക്ക് കഴിയുന്നുണ്ട്.  മൂന്ന് മക്കളുടെ അമ്മമായിരിക്കുമ്പോൾ നാൽപ്പതാം വയസിൽ എൽഎൽബിയ്ക്ക് ചേർന്നു. പാലക്കാടുകാരിയായ റജീന ഇപ്പോൾ അഡ്വ.റജീനയായി  പ്രാക്ടീസ് ചെയ്യുകയാണ്. യാത്ര ഇഷ്ടപ്പെടുന്നതിനാൽ ഇടയ്ക്ക് ബ്രേക്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം  യാത്ര പോകുന്നു. സാമൂഹികമായ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നത് ശീലമാക്കി. കുട്ടികളുടെ കാര്യം ആരു നോക്കുമെന്ന വിമർശനവുമായി എത്തുന്നവർക്ക് അവർ അവരുടെ കാര്യം  നോക്കുമെന്ന കൃത്യമായ ഉത്തരമുണ്ട് റജീനയ്ക്ക്. കുഞ്ഞുങ്ങളെ അവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കി വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് അമ്മ എന്ന നിലയിൽ അഭിമാനകരമായ നേട്ടമായി കരുതുന്നത്. നൻമമരമാകാം പക്ഷേ അമ്മ ത്യാഗമരമാകണമെന്നില്ല എന്നാണ് റജീനയുടെ അഭിപ്രായം.

mothers8
റജീനയും മകനും

അമ്മയാകാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ. എല്ലാവരെയും പോലെ മക്കളെ സ്നേഹിച്ച് അവർക്കായി ജീവിക്കുന്നവരെല്ലാം നല്ല അമ്മമാരാണോ എന്നൊരു ചോദ്യമുണ്ട്. സിനുവും മുർഷിദയും റജീനയും കാലത്തിന്റെ ആവശ്യങ്ങളും സാധ്യതകളും അറിയുന്ന അമ്മമാരാണ്. ഒറ്റപ്പെട്ട അമ്മമാരെന്ന ലേബലിൽ നിന്ന് സമാന അവസ്ഥയിലുള്ള എല്ലാ കുട്ടികളുടെയും അമ്മമാരായി അവർ പരിവർത്തനപ്പെടുന്നു. ആ വിശാലതയിൽ നിന്നാണ് അവർ കുട്ടികളെ വളർത്തുന്നത്. തങ്ങളുടെ കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെടുന്ന ലോകം അത്തരം അവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും കിട്ടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. മകനെയോർത്ത് പാഴാക്കിയ വർഷങ്ങളുടെ നഷ്ടം തിരിച്ചറിയാൻ ശീലിച്ച അമ്മയായി നിർമല വേണു മാറുന്നു എന്നത് സന്തോഷകരമാണ്. ജീവിതത്തിൽ ഇനി മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാത്ത ജീവിതമാണ് ശാന്തകുമാരിയുടേത്. നിഷ്കാമയജ്ഞം പോലെ ആ ജീവിതമൊഴുകുകയാണ്. കരുതലും കരുത്തും കൊണ്ട് നല്ല മനുഷ്യരെ ലോകത്തിന് സമ്മാനിക്കുന്ന ഭാഗ്യവതികളായ അമ്മമാരുണ്ട്. കുഞ്ഞുങ്ങളെ പെറ്റുവളർത്തി വലുതാക്കാനായി മാത്രം ജീവിച്ച് തോറ്റുപോകുന്ന അമ്മമാരുമുണ്ട്  അമ്മസങ്കൽപ്പം എന്നത് വെറുമൊരു വാക്കല്ല. തിളച്ചുമറിയുന്ന കടലും ശാന്തസുന്ദരമായ  നീലാകാശവും ഒരുപേലെ തെളിഞ്ഞുമറയുന്ന ഹൃദയവുമായി നമുക്ക് മുന്നിൽ ജീവിച്ചിരിക്കുന്ന ചില പച്ചമനുഷ്യരാണവർ.

English Summary:

The Super Moms Who Redefine Motherhood with Extraordinary Sacrifices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com