ADVERTISEMENT

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നായികയാണ് അനുശ്രീ. പല സിനിമകളിലും താൻ മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്നും മേക്കപ്പിന്റെ കാര്യത്തിലാണ് സിനിമ ലൊക്കേഷനിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടായതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു. 

‘പത്തു വര്‍ഷം മുന്‍പ് സിനിമയിലേക്ക് വരുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. ക്യാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിന് വേണ്ടിയുള്ള തയാറെടുപ്പോ ഒന്നും ചെയ്തിട്ടില്ല. കുറച്ചൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം കുറച്ചൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയില്‍ വന്നതിന് ശേഷമാണ് മനസിലാക്കുന്നത്. എന്നാൽ പിന്നീട് എനിക്ക് തോന്നി സിനിമയിൽ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലത്. കരിയര്‍ തുടങ്ങി കുറച്ച് വര്‍ഷത്തിന് ശേഷം അഭിനയിച്ച സിനിമകളില്‍ മേക്കപ്പ് ഇടാതെയാണ് വന്നത്. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമയിലൊന്നും ഞാൻ മേക്കപ്പ് ചെയ്തിട്ടില്ല.  

anusree-new-photo5
അനുശ്രീ, Image Credits: Instagram/anusree_luv

സിനിമാ ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്. രാവിലെ ഒരു സീൻ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചു വരുമ്പോൾ ചിലപ്പോൾ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും. പെട്ടെന്ന് ഇവർ പറയും മേക്കപ്പ് മാറ്റാൻ, ഡാര്‍ക്ക് സർക്കിൾസ്, കരഞ്ഞ് ക്ഷീണിച്ച ലുക്ക് വേണം എന്നൊക്കെ. അപ്പോൾ ഞാൻ പറയും രാവിലെ നമ്മള്‍ പുറത്തു പോകുമ്പോൾ അറിയുന്നില്ലല്ലോ ഇവർ മരിക്കുമെന്ന്, പിന്നെങ്ങനെയാണ് തിരിച്ച് വരുമ്പോഴേക്കും അണ്ടർ ഐ ഒക്കെ ഡാർക്കാകുന്നത്. ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റുമായി വഴക്കുണ്ടാകുന്ന കാര്യമാണ്. അതിന് ശേഷം പലപ്പോഴും അവരോട് എനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. 

anusree-photo
അനുശ്രീ, Image Credits: Instagram/anusree_luv

ശരിക്കും നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഞാന്‍ ചെയ്യുന്നത് കൂടുതലും നാടന്‍ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക് കൂടിയാല്‍ തന്നെ അത് മാറ്റിക്കോളാന്‍ പറയും. അതിലുംഭേദം അല്ലാണ്ട് പോയി അഭിനയിക്കുന്നതാണ്. ഓരോ സീൻ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. ഞാനതില്‍ കംഫര്‍ട്ടാണ്. അങ്ങനെ എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാനും ഓക്കെയാണ്. പിന്നീടാണ് എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി എന്റെ കൂടെ എത്തുന്നത്. അതിന് ശേഷം മേക്കപ്പ് ചെയ്ത് തുടങ്ങി. 

anusree-new-photo4
അനുശ്രീ, Image Credits: Instagram/anusree_luv

സിനിമയില്‍ വരുമ്പോള്‍ നമ്മുടെ സ്‌കിന്നും ശരീരവും ഏറ്റവും പ്രധാന്യമുള്ള കാര്യമാണ്. അതനുസരിച്ച് തന്നെ കെയര്‍ ചെയ്യാറുണ്ട്. പിന്നെ എന്തെങ്കിലും ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ തടി വെക്കുന്ന പ്രകൃതമല്ല എന്റേത്. തടി വെക്കുന്നത് കൂടുതല്‍ അറിയാന്‍ സാധിക്കുന്നത് മുഖത്താണ്. കവിള്‍ തുടുത്ത് വരുന്നുണ്ടെങ്കില്‍ തടി കൂടിയതാണ്. അതുപോലെ ഭാരം കുറഞ്ഞാലും മുഖത്തായിരിക്കും അത് കാണാന്‍ സാധിക്കുക. തടി കൂടിയാൽ ഒന്നു രണ്ട് മാസം വർക്കൗട്ട് ചെയ്യും. ചോറാണ് എനിക്ക് ഏറ്റവും ഇഷ്ടം. പൊതുവേ എല്ലാവരും ബേക്കറിയും ചോക്ലേറ്റുമൊക്കെ കഴിച്ചിട്ടാണ് തടി വെക്കുന്നത്. എനിക്ക് അതൊന്നും ഇഷ്ടമല്ല. മധുരം പൊതുവേ ഇഷ്ടമില്ല. എരിവാണ് ഇഷ്ടം. ചോറ് കഴിക്കുമ്പോഴും എനിക്ക് അതിനൊപ്പം ഒരു പച്ചമുളക് വേണം’. അനുശ്രീ പറഞ്ഞു.

anusree-new-photo1
അനുശ്രീ, Image Credits: Instagram/anusree_luv
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com