ഊണിലും ഉറക്കത്തിലും സൗന്ദര്യത്തിന് കുറവ് വരില്ല: പെർമനന്റ് മേക്കപ്പാണ് പുതിയ ട്രെൻഡ്
Mail This Article
കാലം ഏറെ മാറി. പ്രായഭേദമോ ലിംഗ ഭേദമോ ഇല്ലാതെ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഇന്ന് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. മേക്കപ്പും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിക്കുന്ന ലുക്കിൽ പുറത്തിറങ്ങാൻ മേക്കപ്പിന്റെ കൂട്ടുപിടിക്കുന്നവർക്ക് പക്ഷേ അതിനായി ഏറെ സമയം നീക്കി വയ്ക്കേണ്ടിവരും. എന്നാൽ ഇങ്ങനെ സമയം പാഴാക്കാതെ എപ്പോഴും മേക്കപ്പിട്ടതു പോലെ തുടരാൻ സാധിച്ചാലോ. അതായത് ഊണിലും ഉറക്കത്തിലും എല്ലാം മേക്കപ്പിട്ട ലുക്ക് കാത്തുസൂക്ഷിക്കാനായാൽ. എപ്പോഴും സൗന്ദര്യത്തോടെ ഇരിക്കാനാവും എന്നത് മാത്രമല്ല മേക്കപ്പ് ഇടാനും അത് നീക്കം ചെയ്യാനുമുള്ള സമയം ലാഭിക്കുകയും ചെയ്യാം. ഈ ആഗ്രഹമാണ് പെർമനന്റ് മേക്കപ്പ് എന്ന പരിഹാരമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുന്നത്.
പുരികക്കൊടികൾ മനോഹരമായി തോന്നിപ്പിക്കാൻ അവയിൽ കരിമഷി പുരട്ടി ആകൃതി നൽകിയിരുന്ന കാലത്തിൽ നിന്നും ത്രഡ് ചെയ്ത് സ്ഥിരമായി ഒരേ ആകൃതിയാക്കുന്നത് പോലെയുള്ള ഒരു മാറ്റമാണ് ഇത്. ഒരുതരത്തിൽ മുഖത്ത് എപ്പോഴും നിലനിൽക്കുന്ന ഒരു ടാറ്റു ചെയ്യുന്നതുപോലെയുള്ള പ്രക്രിയ എന്നും വിശേഷിപ്പിക്കാം. സ്ഥിരമായി കണ്ണുകൾ എഴുതി വയ്ക്കാനും ചുണ്ടുകൾക്കും കവിളുകൾക്കും അല്പം കൂടി ചുവപ്പു തോന്നിപ്പിക്കാനും പെർമെനന്റ് മേക്കപ്പ് സഹായിക്കും. കോസ്മെറ്റിക് ടാറ്റൂവിങ്ങിൻ്റെ മറ്റൊരു രൂപമാണ് പെർമനന്റ് മേക്കപ്പ്. കോസ്മെറ്റിക് മേക്കപ്പ് പോലെ തന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. പെർമനന്റ് മേക്കപ്പ് സർവീസ് നൽകുന്ന ധാരാളം മേക്കപ്പ് സ്റ്റുഡിയോകളും ഇന്നുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പെർമനന്റ് മേക്കപ്പ് എന്ന് കേൾക്കുമ്പോൾ ഒരിക്കലും മായാതെ ഇവ നിലനിൽക്കുമെന്ന് കരുതരുത്. രണ്ടോ മൂന്നോ വർഷങ്ങൾക്കപ്പുറം മുഖം പഴയ രീതിയിലേയ്ക്ക് തന്നെ മാറും. ടാറ്റൂവിങ്ങിന് സമാനമായ പ്രക്രിയ ആണെങ്കിലും സാധാരണ ടാറ്റൂ ചെയ്യുന്നതിൽ നിന്നും പെർമനന്റ് മേക്കപ്പിന് ഏറെ വ്യത്യാസങ്ങളുണ്ട്. ടാറ്റു ചെയ്യുമ്പോൾ അവ അധികമായി ശരീരത്തിൽ വരച്ചു ചേർത്തതാണെന്ന് കൃത്യമായി മനസ്സിലാകും. എന്നാൽ പെർമനന്റ് മേക്കപ്പിന്റെ കാര്യത്തിൽ ഒറ്റനോട്ടത്തിൽ അസ്വാഭാവികതകൾ ഒന്നും തോന്നില്ല എന്നതാണ് പ്രധാന കാര്യം.
സാധാരണ ടാറ്റു ചെയ്യുന്ന അത്രയും ആഴത്തിൽ സൂചി ത്വക്കിലേയ്ക്ക് ഇറക്കാതെയാണ് പെർമനന്റ് മേക്കപ്പ് പൂർത്തിയാക്കുന്നത്. ഇത് വേദന കുറയ്ക്കുന്നതിനൊപ്പം സോഫ്റ്റ് ലുക്കും നൽകുന്നു. ഉപയോഗിക്കുന്ന നിറങ്ങളുടെ കാര്യത്തിലും ഏറെ വ്യത്യാസങ്ങളുണ്ട്. നമ്പിങ്ങ് ക്രീം ഉപയോഗിച്ച് മരവിപ്പിച്ച ശേഷമാണ് പെർമനന്റ് മേക്കപ്പ് ചെയ്യുന്നത്. ഇവ എത്രകാലം നിലനിൽക്കും എന്നത് എത്ര കടുത്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, എത്രത്തോളം ആഴത്തിൽ നിറങ്ങൾ എത്തിയിട്ടുണ്ട് എന്നിവയ്ക്കൊപ്പം ഓരോരുത്തരുടെയും ജീവിത ശൈലിയേയും ആശ്രയിച്ചിരിക്കും. ചുണ്ടുകളുടെയും പുരികക്കൊടികളുടെയും വലിപ്പത്തിലും നിറത്തിലും ആകൃതിയിലും മാറ്റം ഉണ്ടാകുന്നതിനാൽ നാൽപ്പതിന് മുകളിൽ പ്രായമുള്ളവർക്കാണ് പെർമനന്റ് മേക്കപ്പ് ഏറ്റവും ഉപകാരപ്രദമാകുന്നത്. എന്നാൽ ഇത് അധികമായി തിരഞ്ഞെടുക്കുന്നത് പുതുതലമുറ തന്നെയാണ്.
പെർമനന്റ് മേക്കപ്പിലെ ഓരോ ചികിത്സകൾക്കും പ്രത്യേക ചാർജുകളാണ് മേക്കപ്പ് സ്റ്റുഡിയോകൾ ഈടാക്കുന്നത്. 10000 രൂപ മുതൽ മുകളിലേയ്ക്ക് ഓരോ ചികിത്സക്കും നൽകേണ്ടിവരും. പെർമനൻ്റ് ഐലൈനർ പോലെയുള്ള ചികിത്സകൾ ചെയ്യുന്നതിന് അരലക്ഷം രൂപയ്ക്ക് മുകളിൽ ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഏതൊരു സൗന്ദര്യ ചികിത്സയുംപോലെ ചില റിസ്ക് ഫാക്ടറുകൾ പെർമനന്റ് മേക്കപ്പിന്റെ കാര്യത്തിലുമുണ്ട്. കൃത്യമായ പരിശീലനം നേടാത്ത വ്യക്തികളെയാണ് പെർമനന്റ് മേക്കപ്പിന് സമീപിക്കുന്നതെങ്കിൽ ഉദ്ദേശിച്ച ഭംഗി ലഭിക്കില്ലെന്ന് മാത്രമല്ല ഉള്ള സൗന്ദര്യത്തിന് കോട്ടം വരാനും സാധ്യതയുണ്ട്.
മുഖത്തിന്റെ ഇരു ഭാഗങ്ങളിലും മേക്കപ്പ് ഒരേ രീതിയിൽ ആകാത്തത് മൂലം ലേസർ ചെയ്ത് അവ നീക്കേണ്ടി വരുന്നവരും കുറവല്ല. കൃത്യമായ പരിശീലനം ഇല്ലെങ്കിൽ മുറിപാടുകൾ ഉണ്ടാവും എന്നതാണ് മറ്റൊരു പ്രശ്നം. ഇതിനുപുറമേ ഉപകരണങ്ങൾ വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഉപയോഗിക്കുന്ന നിറങ്ങളും ഉപകരണങ്ങളും ത്വക്കിൽ അലർജികളും ഉണ്ടാക്കിയേക്കാം. അതിനാൽ പെർമനന്റ് മേക്കപ്പിനായി ഇറങ്ങിത്തിരിക്കും മുൻപ് ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് വിദഗ്ധോപദേശം തേടണം.