പ്രിൻസസ് ഗൗൺ മുതൽ കൊറിയൻ സ്റ്റൈൽ വരെ, കുട്ടികൾക്കുമുണ്ട് പലതരം ഫാഷൻ

Mail This Article
പുത്തൻ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പല നിറത്തിലും പല ഫാഷനിലുമുള്ള വസ്ത്രങ്ങൾ എപ്പോഴും നിങ്ങളുടെ മനസ് കീഴടക്കാറില്ലേ? അതിൽ വ്യത്യസ്തത കൊണ്ടുവരാനും ശ്രമിക്കാറില്ലേ? എന്നാൽ പുത്തൻ ട്രെൻഡിനനുസരിച്ച് എങ്ങനെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാമെന്നാണ് പലരും ചിന്തിക്കാറുള്ളത്. അതോർത്ത് ഇനി ടെൻഷൻ വേണ്ട. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറ്റിയ ഏറ്റവും പുതിയ വസ്ത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
പ്രിൻസസ് ഗൗൺ
ഫാഷനിൽ ഗൗണുകൾക്ക് എന്നും വലിയ സ്ഥാനമുണ്ട്. അതിനൊപ്പം ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ കൂടി വന്നാൽ സംഗതി കലക്കുമല്ലേ? ലെയറുകളായി പൊങ്ങി നിൽക്കുന്ന ഗൗണുകളും, ബോഡി ഫിറ്റ് ആയി നിൽക്കുന്നവയും, പഫ് ആയുള്ള കൈകൾ വച്ചുള്ള ഗൗണുകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. നിങ്ങളെ രാജകുമാരി ആയി ഒരുക്കാൻ ഈ ഗൗണുകൾ ധാരാളം. സുഹൃത്തുക്കളുടെ മുന്നിൽ ഒരുപടി മുന്നിൽ നിൽക്കാനും ഈ ഗൗണുകൾ നിങ്ങളെ സഹായിക്കും.
കൊറിയൻ സ്റ്റൈൽ
ആൺകുട്ടികൾക്ക് നമ്മുടെ നാട്ടിൽ ഫാഷനബിളായി ഒരുങ്ങാനുള്ള ചോയ്‌സുകൾ കുറവാണ്. ഷർട്ടും പാന്റും, കുർത്തിയുമൊന്നുമല്ലാതെ വലിയ വ്യത്യസ്തതകൾ അവരുടെ വസ്ത്രങ്ങളിൽ കാണാറില്ല. എന്നാൽ അതിന് പരിഹാരമായി വിപണിയിൽ കൊറിയൻ സ്റ്റൈൽ വസ്ത്രങ്ങൾ ഏറെയാണ്. ബാഗി ജീൻസും ടീഷർട്ടും, ബാഗി ഷർട്ടും കൊറിയൻ പാന്റ്സും തുടങ്ങി ഓപ്‌ഷനുകൾ ഏറെയാണ്. കൂടാതെ നീളൻ കോട്ടുകൾ കൂടി ഉണ്ടെങ്കിൽ ലുക്ക് വേറെ ലെവൽ ആവും. പെൺകുട്ടികൾക്കും നല്ല ക്യൂട്ട് കൊറിയൻ വസ്ത്രങ്ങൾ മാർക്കറ്റിൽ ഒത്തിരിയുണ്ട്. നമ്മുടെ ഈ ചൂടുള്ള കാലാവസ്ഥയ്ക്ക് പറ്റിയ സിംപിൾ വസ്ത്രങ്ങളും ധാരാളമുണ്ട്.
ജംപ്സ്യൂട്ട്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നല്ല കിടിലൻ ജംപ്സ്യൂട്ടുകൾ ധരിച്ച് സ്റ്റൈലിഷാവാം. ആൺകുട്ടികൾക്ക് കൂടുതലും ജംപ്സ്യൂട്ട് പാന്റുകൾ ആണ് വിപണിയിലുള്ളത്. അത് ജീൻസ് ടൈപ്പിലും കോട്ടൺ ടൈപ്പിലും ലഭ്യമാണ്. ഇതിനൊപ്പം വെള്ള ഷർട്ടോ പാന്റിന്റെ കളറിന് മാച്ചായ ഷർട്ടുകളോ ടീ ഷർട്ടുകളോ പെയർ ചെയ്താൽ ലുക്ക് സൂപ്പറാവും. പെൺകുട്ടികൾക്ക് ആവട്ടെ നിറത്തിലും സ്റ്റൈലിലും ഒത്തിരി വെറൈറ്റി ജംപ്സ്യൂട്ടുകളുണ്ട്.
ഷോർട്സും ടോപ്പും
ഷോർട്സിനും ടോപ്പിനും ഇന്ന് ഡിമാന്‍ഡ് ഏറെയാണ്. കംഫര്‍ട്ടായി ധരിക്കാം എന്നതാണ് ഷോർട്സിന്റെ ഏറ്റവും വലിയ പ്രത്യേകത. ആൺപെൺവ്യത്യാസമില്ലാതെ ആർക്കും ഷോർട്ട്സ് സ്റ്റൈലിഷായി ധരിക്കാം. പെൺകുട്ടികൾക്ക് ആണെങ്കിൽ ഷോർട്ട്സിനൊപ്പം നല്ല ക്യൂട്ട് ക്രോപ് ടോപ്സ് ധരിക്കാവുന്നതാണ്. ആൺകുട്ടികൾക്ക് ആവട്ടെ ടീ-ഷർട്ട് അല്ലെങ്കിൽ ടീ ഷർട്ടിന് മുകളിൽ ഒരു ഷർട്ടും ഇട്ടാൽ സൂപ്പർ ആവും.
പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാം. ധരിക്കാൻ കംഫർട്ടബിളായ കോട്ടൻ വസ്ത്രങ്ങൾ കിട്ടുമെങ്കിൽ അതാണ് ഏറ്റവും മികച്ചത്. എങ്ങനെ സ്റ്റൈല്‍ ചെയ്താലും ഭംഗി തരും എന്നതാണ് കോട്ടൻ വസ്ത്രങ്ങളുടെ മേന്മ. ഈ ചൂടുകാലത്ത് മികച്ച ഓപ്ഷനാണത്.