വേണം ആലിയയുടെ മേക്കപ്പ്, നയൻ താരയുടെ കോസ്റ്റ്യൂം; കേരളത്തിലും കിലുങ്ങുന്നു ‘കല്യാണക്കോടികൾ’
Mail This Article
‘‘എന്റെ കല്യാണമോ? അതിന് ഇന്നത്തെ പോലെ വല്യ ചടങ്ങൊന്നുമില്ലാരുന്നു കുട്ടീ. അദ്ദേഹം ഒരു പുടവ തന്നു, താലി കെട്ടി. അത്ര തന്നെ’’ – മുത്തശ്ശി തന്റെ വിവാഹവിശേഷം ഒറ്റ വാക്യത്തിൽ ഒതുക്കിയത് കേട്ട് പേരക്കുട്ടികൾ അമ്പരന്നു. കാരണം അവർക്ക് അറിയുന്ന വിവാഹങ്ങൾ ഉത്സവങ്ങളാണ്. പറ്റിയാൽ ആനയും അമ്പാരിയും തന്നെ അതിൽ കാണാൻ കഴിയും. ‘ജീവിതത്തിൽ ഒരിക്കൽ അല്ലേയുള്ളൂ. അപ്പോൾ അത് ആഘോഷമായി തന്നെ നടത്തണം’ എന്നതാണ് ഇക്കാര്യത്തിൽ ജാതിമത ഭേദമന്യേ ഭൂരിഭാഗം പേരുടെയും നിലപാട്. അതുകൊണ്ടുതന്നെ കുബേരനും കുചേലനുമൊക്കെ മക്കളുടെ വിവാഹം തങ്ങളാലാകും വിധം ആർഭാടമാക്കും. (മക്കളുടെ വിവാഹം നടത്തി കുചേലന്മാരായി മാറിയവരുമുണ്ടെന്നത് വേറൊരു കഥ.) ഇങ്ങനെ, ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് ലക്ഷക്കണക്കിന് കോടികൾ മറിയുന്ന സംഭവമായി മാറിക്കഴിഞ്ഞു. കോവിഡ് കാലത്ത് നടത്താൻ കഴിയാതെ നീട്ടിവച്ച വിവാഹങ്ങളുടെ മുതലയും പലിശയും ചേർത്ത ആഘോഷങ്ങളും ആ കാലത്ത് മക്കളുടെ വിവാഹം ഏറ്റവും ചെലവു ചുരുക്കി നടത്തേണ്ടി വന്നതിന്റെ കേട് തീർക്കാൻ മറ്റു മക്കളുടെ വിവാഹത്തിന് ഇരട്ടി ആർഭാടം കാണിക്കാൻ ഒരുങ്ങുന്നവരും ചേർന്ന് വിവാഹവിപണിക്ക് വമ്പൻ ഉണർവാണ് നൽകിയിരിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എന്ന സംഘടന നടത്തിയ സർവേ പ്രകാരം ഈ വർഷം നവംബർ 4നു തുടങ്ങി ഡിസംബർ 14ന് അവസാനിക്കുന്ന വിവാഹ സീസണിൽ 32 ലക്ഷം വിവാഹങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടത്രെ. ഇതിനെല്ലാം കൂടി വിപണിയിൽ ഇറങ്ങാൻ പോകുന്ന തുക കൂടി കേൾക്കുമ്പോൾ കണ്ണ് തള്ളും, 3.75 ലക്ഷം കോടി!!! ഇന്ത്യയിലെ 35 നഗരങ്ങളിൽ 4302 വ്യാപാരികളിൽ നിന്ന് എടുത്ത കണക്ക് അനുസരിച്ചുള്ള സർവേയാണിത്. യഥാർഥത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സീസൺ എന്നത് എല്ലാ കാലത്തേക്കുമായതിനാൽ ഈ കണക്ക് പിന്നെയും കൂടുമെന്ന് ഉറപ്പ്. ആ നിലയ്ക്ക് ഒരു വർഷത്തെ മുഴുവൻ കണക്കെടുത്താലോ… തുകയിലെ പൂജ്യം എണ്ണിത്തീർക്കാൻ ഇത്തിരി പാടുപെടും.