ഒരു പാകിസ്ഥാനി വിവാഹത്തിനിടെയുണ്ടായ കൂട്ടത്തല്ലിന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് ശേഷം ഭക്ഷണം കഴിക്കാനായി അതിഥികൾ എത്തിയതിന് പിന്നാലെയാണ് തല്ല് ആരംഭിച്ചത്. രണ്ടുപേർ തമ്മിൽ തുടങ്ങിയ തർക്കം മറ്റുള്ളവരും ഏറ്റെടുത്തതോടെ കല്യാണവീട്ടിൽ കൂട്ടത്തല്ലായി.
എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ച വിഡിയോയിൽ സമാധാനമായി ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ ഒരാൾ എത്തുകയും ഭക്ഷണം കഴിക്കുന്ന ഒരാളുടെ തലയിലെ തൊപ്പി തട്ടിക്കളയുകയും ചെയ്യുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. രണ്ടുപേർ തമ്മിൽ തുടങ്ങിയ തല്ലിൽ ചടങ്ങിനെത്തിയ മറ്റു ചിലരും കൂടി പങ്കുചേർന്നു. പിന്നാലെ കല്യാണ വീട്ടിൽ കൂട്ടത്തല്ലായി.
വടിയും കമ്പിയും കസേരയുമെല്ലാമെടുത്ത് എല്ലാവരും പരസ്പരം തല്ലുന്നതും വിഡിയോയിൽ കാണാം. ഒരു വലിയ ഹാളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ടു സ്ഥലങ്ങളിലായാണ് ഭക്ഷണം നൽകിയത്. ഇവരെ വേർതിരിക്കാനായി ഒരു കർട്ടനും ഇട്ടിരുന്നു. അടിപിടിയിൽ ഇതെല്ലാം വലിച്ചു കീറുന്നുമുണ്ട്.
വിവാഹചടങ്ങിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ തല്ലിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ ഇല്ലാത്തതുകൊണ്ടാണ്, ചിക്കന് നിലവാരമില്ലാത്തതുകൊണ്ടാവാം എന്നു തുടങ്ങി പല രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
Content Highlights: Wedding | Wedding Fight | Lifestyle | Manoramaonline