ADVERTISEMENT

വിവാഹവുമായി ബന്ധപ്പെട്ട് പലതരം ആചാരങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി നിലവിലുള്ളത്. സ്ത്രീധനമടക്കമുള്ള പലതും വിവാദപരമാണെങ്കിൽ മറ്റു ചിലത് ഏറെ വിചിത്രമാണ്. അത്തരത്തിൽ ചൈനയിലെ ഒരു വേറിട്ട വിവാഹ ആചാരത്തിന്റെ കഥയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ ദിവസം പെണ്ണിനെ വിട്ടു നൽകാൻ വരനോടും കൂട്ടരോടും പണം ചോദിച്ചു വാങ്ങുന്ന സംഘമാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. കിഴക്കൻ ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലെ തയ്ഷൗ എന്ന സ്ഥലത്തായിരുന്നു സംഭവം.

വധുവിനെ കൂട്ടിക്കൊണ്ടുവരാനായി വിവാഹ വേദിയിലേയ്ക്ക് പോവുകയായിരുന്ന സംഘത്തെ നൂറുകണക്കിന് ആളുകളടങ്ങുന്ന  സംഘം തടയുകയായിരുന്നു. അവരെല്ലാവരും ചേർന്ന് വരനോട് പണവും സിഗരറ്റുമൊക്കെ ആവശ്യപ്പെട്ടു. നാട്ടിലെ മുതിർന്ന പൗരന്മാരായിരുന്നു വാഹനം തടഞ്ഞവരിൽ ഏറെയും എന്നതാണ് ശ്രദ്ധേയം. ഇത്തരത്തിൽ വരനോട് വേണ്ട സാധനങ്ങൾ ആവശ്യപ്പെടുന്നത് ആ പ്രദേശത്തെ ഒരു ആചാരമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ദൃശ്യങ്ങൾ വൈറലായതോടെ ചൈനയിലെ വിചിത്രമായ വിവാഹ ആചാരങ്ങളെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.

ഈ പ്രദേശത്തെ ആചാരമനുസരിച്ച് ഗ്രാമത്തിലെ മുതിർന്ന അംഗങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണ്ടത് വരന്റെ കടമയാണ്. മധുരപലഹാരങ്ങളും സിഗരറ്റും പണം നിറച്ച ചുവന്ന കവറുകളുമടക്കം വ്യത്യസ്തമായ വസ്തുക്കളാണ് വധുവിന്റെ നാട്ടുകാർ ആവശ്യപ്പെടുന്നത്. വരന്റെ സംഘം നൽകുന്ന സാധനങ്ങൾകൊണ്ട് നാട്ടുകാർക്ക് തൃപ്തി വന്നില്ലെങ്കിൽ വധുവിന്റെ അരികിലെത്താൻ വരന് ഏറെ കാത്തിരിക്കേണ്ടിവരും. ചില സാഹചര്യങ്ങളിൽ വരന്റെ സംഘത്തെ വേദിയിലേയ്ക്ക് കടത്തിവിടാത്ത അവസ്ഥ വരെ ഉണ്ടാവും.

എന്നാൽ ഈ വിചിത്ര ആചാരത്തിന് പിന്നിൽ ഗ്രാമവാസികൾക്ക് തങ്ങളുടേതായ ഒരു കാരണവുമുണ്ട്. വധുവിനെ സ്വന്തമാക്കാൻ വരന് എത്രത്തോളം ആഗ്രഹമുണ്ടെന്ന് അളക്കുകയാണ് ഒരു ലക്ഷ്യം. വിവാഹിതരായതിലുള്ള സന്തോഷം മറ്റുള്ളവർക്ക് സമ്മാനങ്ങൾ പങ്കുവച്ച് പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയാണ് രണ്ടാമത്തേത്. എന്നാൽ സമ്മാനങ്ങൾ ചോദിച്ചു വാങ്ങുന്നതിന് പുറമേ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വരനെക്കൊണ്ട് കടംകഥകൾക്ക് ഉത്തരം പറയിപ്പിക്കുകയും കവിതകൾ ചൊല്ലിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്യുന്ന പതിവുകളും ചൈനയിലുണ്ട്.

ഈ വഴിതടയലിനോട് പലപ്പോഴും അനുകൂലമായ രീതിയിലാണ് വരന്റെ സംഘം പ്രതികരിക്കുന്നത്. വഴി തടയാൻ വലിയ സംഘമാണ് എത്തുന്നതെങ്കിൽ ഓരോ ചുവന്ന കവറുകളിലും ഓരോ യുവാൻ (11 രൂപ) വീതം ഇട്ട് അവർക്ക് നൽകും. അധികമാളുകൾ ഇല്ലെങ്കിൽ 10 യുവാൻ (115 രൂപ) വരെ ഓരോ കവറിലും ഇടുന്നവരും ഉണ്ട്. എന്നാൽ ഒടുവിൽ പുറത്തുവന്ന വിഡിയോയ്ക്ക് വിമർശനപരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. എന്ത് ആചാരത്തിന്റെ പേരിലാണെങ്കിലും ഇത് കൊള്ള തന്നെയാണ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇതൊക്കെ കണ്ടാൽ യുവതലമുറയ്ക്ക് കല്യാണം  കഴിക്കാൻ തന്നെ തോന്നില്ല എന്ന് മറ്റുചിലർ പറയുന്നു.

English Summary:

China's Peculiar Wedding Ritual Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com