ADVERTISEMENT

വിവാഹ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നത് വധൂവരന്മാരെ കാണാനും അനുഗ്രഹിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവസരം ഒരുക്കുന്നതിനു വേണ്ടിയാണ്. ഇത്തരത്തിൽ എത്തുന്ന ക്ഷണിക്കപ്പെട്ട അതിഥികളെ സന്തോഷിപ്പിക്കാൻ വധുവിന്റെയും വരന്റെയും വീട്ടുകാർ ആവുന്ന ഒരുക്കങ്ങൾ എല്ലാം നടത്തുകയും ചെയ്യും. ക്ഷണിക്കപ്പെടുന്നവരുടെ സാന്നിധ്യത്തിനപ്പുറം മറ്റൊന്നും ആരും പ്രതീക്ഷിക്കാറില്ല. ചിലരാകട്ടെ നവദമ്പതികൾക്ക് സമ്മാനങ്ങൾ പോലും നൽകരുതെന്ന് ക്ഷണക്കത്തുകളിൽ കുറിച്ചുവയ്ക്കാറുമുണ്ട്. എന്നാൽ, ക്ഷണം ലഭിച്ചത് പ്രകാരം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികളിൽ നിന്നും 100 ഡോളർ (8300 ഇന്ത്യൻ രൂപ) ഫീസ് ഈടാക്കിയതിനു വിമർശനം നേരിടുകയാണ് അമേരിക്കൻ സ്വദേശികളായ ഒരു വധുവും വരനും.

വധുവിന്റെ ക്ഷണം ലഭിച്ച ഒരു സുഹൃത്താണ് ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർ 65 ഡോളർ (5400 ഇന്ത്യൻ രൂപ) ഫീസായി നൽകണമെന്ന് ക്ഷണക്കത്തിൽ കൃത്യമായി പറഞ്ഞിരുന്നു. ഇത് എന്തിനാണെന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല. ആഹാരം, സംഗീതം, അലങ്കാരങ്ങൾ, വേദി എന്നിവയ്ക്ക് ചിലവാക്കുന്ന തുകയുടെ പങ്കാണിതെന്ന് പിന്നീട് മനസ്സിലാക്കി. വിവാഹത്തിന്റെ തലേദിവസത്തേക്ക് ഒരുക്കിയിരിക്കുന്ന വിരുന്നിൽ പങ്കെടുക്കാനും പ്രത്യേക ഫീസ് ഉണ്ടെന്ന് ക്ഷണത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് വിവാഹത്തിന്റെ തുകയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.

തലേദിവസം വിവാഹ സ്ഥലത്ത് തങ്ങാൻ ആഗ്രഹിക്കുന്ന അതിഥികൾക്കാണ് 100 ഡോളർ ഫീസ് നിശ്ചയിച്ചിരുന്നത്. വിവാഹ വേദിയിൽ താമസിച്ച് എല്ലാ ചടങ്ങുകളിലും പങ്കെടുക്കണമെങ്കിൽ ഓരോ അതിഥിയും ആകെ 198 ഡോളറാണ് (16400 ഇന്ത്യൻ രൂപ) നൽകേണ്ടത്. ഇതൊന്നും പോരാതെ വധൂവരന്മാർക്ക് പാചക ക്ലാസ്, ഡാൻസ് ക്ലാസ്, യാത്ര തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനു ഫീസിനു പുറമേ അധിക പണം സംഭാവനയായി നൽകാനുള്ള ഓപ്ഷനും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

മറ്റു സമ്മാനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത. വിവാഹത്തിൽ പങ്കെടുക്കാൻ ഫീസ് നൽകേണ്ടിവരുന്നവർ അതിനുപുറമേ അധിക പണം മുടക്കി വധൂവരൻമാർക്ക് സമ്മാനം വാങ്ങാൻ ഒരുങ്ങുമോ എന്നതാണ് വധുവിന്റെ സുഹൃത്തിന്റെ ചോദ്യം. ജൂണിൽ നടക്കുന്ന വിവാഹത്തിനു വേണ്ടിയാണ് മുൻകൂട്ടിയുള്ള ഈ ക്ഷണം. ക്ഷണിക്കപ്പെട്ടവർ ഓരോരുത്തരും പങ്കെടുക്കുന്നുണ്ടോ എന്നു മറുപടി നൽകാൻ രണ്ടു ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്. 

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരാണ് വധുവും വരനും എന്നതാണ് ക്ഷണം ലഭിച്ച അതിഥിയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. പാരമ്പര്യമായി കൈമാറി കിട്ടിയ പണം വധുവിന്റെ പക്കലുണ്ട്. ഇതിനു പുറമേ സ്വന്തമായി വീടും ബോട്ടുമുള്ള കുടുംബമാണ് അവരുടേത്. എൻജിനീയറായ വരന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടതു തന്നെ. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു ഫീസിടാക്കുന്നത് എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. 

ഇത്തരത്തിൽ പണം ഈടാക്കുന്നത് ശരിയല്ലെന്ന് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നുണ്ടെങ്കിലും ഇത് വധൂവരന്മാരുടെ നാട്ടിലെ രീതിയാകും എന്ന തരത്തിലും അഭിപ്രായങ്ങളുണ്ട്. എന്തായാലും ഈ സമ്പ്രദായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന തീരുമാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ട സുഹൃത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com