ADVERTISEMENT

വധുവിനെ താലിയണിയിച്ച ശേഷം സീമന്തരേഖയിൽ സിന്ദൂരം തൊടുവിക്കുന്ന ചടങ് ഇന്ത്യൻ വിവാഹങ്ങളിൽ പതിവ് കാഴ്ചയാണ്. കേവലം ഒരു ചടങ്ങ് എന്നതിലുപരി വധൂവരന്മാരുടെ പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മബന്ധത്തിന്റെയും ദീർഘമാംഗല്യത്തിന്റെയും എല്ലാം പ്രതീകമായിക്കൂടി ഈ സിന്ദൂര കുറി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ ഒരു സിന്ദൂരം ചാർത്തൽ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. എന്നാൽ ഇവിടെ പതിവുകളൊക്കെ തെറ്റിച്ചുകൊണ്ട് വധു വരന്റെ നെറ്റിയിലാണ് വിവാഹ സിന്ദൂരം അണിയുന്നത്.

പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ തന്നെ വിവാഹ വസ്ത്രം അണിഞ്ഞു വേദിയിലിരിക്കുന്ന വരനെയും വധുവിനെയും ദൃശ്യങ്ങളിൽ കാണാം. ചടങ്ങുകൾ തെറ്റിക്കാതെ ഒടുവിൽ വരൻ വധുവിന്റെ സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി. തൊട്ടു പിന്നാലെ സിന്ദൂരച്ചെപ്പ് വധുവിനു നേർക്ക് നീട്ടി തന്റെ നെറ്റിയിലും സിന്ദൂരം ചാർത്തി തരാൻ വരൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന വധു ആദ്യം അമ്പരപ്പോടെ അത് നിരസിച്ചു. എന്നാൽ സിന്ദൂരം ചാർത്തി തരാനായി വീണ്ടും വരൻ ആവശ്യപ്പെട്ടതോടെ വധു അത് അനുസരിക്കുകയായിരുന്നു.

കേവലം ഒരു വൈറൽ വിഡിയോ എന്നതിനപ്പുറം പ്രാധാന്യം ഈ ദൃശ്യങ്ങൾക്കുണ്ട് എന്ന് പറയുകയാണ് സൈബർ ലോകം. പുതിയകാലത്ത് ലിംഗപരമായ വ്യത്യാസങ്ങൾ മറികടക്കുന്നതിൽ മനുഷ്യൻ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നതിന്റെ ഉദാഹരണമായും ഇതിനെ കാണുന്നവരുണ്ട്. ഐശ്വര്യപൂർണമായ വിവാഹ ബന്ധത്തെയാണ് സിന്ദൂരം പ്രതിനിധാനം ചെയ്യുന്നതെന്നും ആ ഐശ്വര്യം തുല്യതയിൽ നിന്നുമാണ് ഉണ്ടാവുന്നത് എന്നും ഇതിലും നന്നായി വിവരിക്കാനാവില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. 

Read Also: ജീവനക്കാർക്ക് വമ്പൻ വിരുന്നൊരുക്കി അംബാനി; 25,000ത്തിലേറെ അതിഥികൾ, മാറ്റുകൂട്ടി ഷാറുഖും സൽമാനും

സമൂഹത്തിൽ ഉണ്ടാകുന്ന പുരോഗമനപരമായ മാറ്റങ്ങളുടെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് ഈ സംഭവം. വിവാഹബന്ധങ്ങളിൽ പുരുഷനു മാത്രം മേൽകൈ ലഭിക്കുന്ന പരമ്പരാഗത രീതികൾ മാറുന്നതിന്റെ തെളിവായാണ് പലരും ഇതിനെ കാണുന്നത്. വധുവിനോട് അങ്ങേയറ്റം ബഹുമാനം കാണിച്ച വരനെ ആശംസകൾകൊണ്ട് പൊതിയുകയാണ് ആളുകൾ. 2022 ഡിസംബറിലാണ് വിവാഹം നടന്നതെങ്കിലും ഇപ്പോഴാണ് ചടങ്ങിന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വിഡിയോ രണ്ടു മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. 

സ്ത്രീകൾക്ക് പുതുതലമുറയും സമൂഹവും കൂടുതൽ ബഹുമാനവും പ്രാധാന്യവും നൽകുന്നു എന്നത് തെളിയിക്കുന്ന ഈ വിഡിയോ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നുണ്ട് എന്നാണ് ധാരാളം ആളുകൾ കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്. പരമ്പരാഗത രീതികളെയൊക്കെ മാറ്റിമറിച്ച് വിവാഹദിനത്തിൽ ഇങ്ങനെയൊന്നു ചെയ്യണമെങ്കിൽ അസാമാന്യ ധൈര്യം വേണമെന്ന് മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധത്തിൽ ഇരു വ്യക്തികളും ഒരേപോലെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ദൃശ്യങ്ങൾ കണ്ടെങ്കിലും കുറച്ചാളുകൾ മനസ്സിലാക്കും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവരും കുറവല്ല. എന്നാൽ ഇതുകൊണ്ടൊന്നും സമൂഹത്തിൽ സ്ത്രീ ശാക്തീകരണം സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്നും ഒരു സ്ത്രീ ചെയ്യേണ്ട കാര്യം പുരുഷൻ ചെയ്തതിൽ അദ്ദേഹത്തെ ഇത്രത്തോളം പുകഴ്ത്തുന്ന സമൂഹം പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങൾ തന്നാലാവും വിധം ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളെ പോലും മോശപ്പെട്ടവരായി മുദ്രകുത്തുന്നുണ്ടെന്നും ഒരു വിഭാഗം ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com