മകന്റെ കൈ പിടിച്ച് വേദിയിലേക്ക്, പരസ്പരം ചുംബിച്ച് എമിയും വെസ്റ്റ്‍വിക്കും; വൈറലായി എൻഗേജ്മെന്റ് പാർട്ടി
Mail This Article
കഴിഞ്ഞ ജനുവരിയിലാണ് മോഡലും നടിയുമായ എമി ജാക്സണും സംഗീതജ്ഞനായ എഡ് വെസ്റ്റ്‍വിക്കും വിവാഹിതരാകുന്നു എന്നു വ്യക്തമാക്കിയത്. ആൽപ്സ് പർവതനിരകളിൽ നിന്ന് മോതിരം കൈമാറുന്ന ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി താരം നടത്തിയ എൻഗേജ്മെന്റ് ഡിന്നർ പാർട്ടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മാർച്ച് 21നാണ് പരിപാടി നടന്നത്. വെള്ള നിറത്തിലുള്ള ഗൗണിലാണ് എമി പാർട്ടിക്കെത്തിയത്. സ്ലീവ്‍ലെസ് ഷോർട്ട് ഗൗണിൽ നിറയെ സ്വീക്വൻസ് വർക്കുകൾ നൽകിയിട്ടുണ്ട്. സിംപിൾ ആക്സസറീസാണ് സ്റ്റൈൽ ചെയ്തത്. വെള്ള നിറത്തിലുള്ള ഷർട്ടും കോട്ടും പാന്റുമാണ് വെസ്റ്റ്‍വിക്ക് സ്റ്റൈൽ ചെയ്തത്. മകനോടൊപ്പമാണ് എമി പാര്‍ട്ടിക്കെത്തിയത്. എൻഗേജ്മെന്റ് ഡിന്നർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ എമി തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
എമി ജാക്സണും എഡ് വെസ്റ്റ്‍വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. 2023 ല്‍ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. എമി ജാക്സന്‍റെ രണ്ടാം വിവാഹമാണിത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിങ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ എമി 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ ‘മദ്രാസ് പട്ടണം’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. 'ഏക് ദീവാന ഥാ' എന്ന ചിത്രത്തിലൂടെ 2012 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.