ADVERTISEMENT

വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ തകര്‍ക്കുന്നതില്‍ ഇസ്രയേലി സൈന്യം വിജയിച്ചു. ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനമായ അയണ്‍ ഡോമിനൊപ്പം ഈ ലേസര്‍ ആയുധങ്ങളും അവരുടെ പ്രധാന പ്രതിരോധ ആയുധമായി വൈകാതെ മാറുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം മൂന്ന് മാരകശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്. 

 

ഇസ്രയേലി പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വിഡിയോയിലാണ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധം വായുവില്‍ പറക്കുന്ന ഡ്രോണുകളെ ചാമ്പലാക്കുന്ന ദൃശ്യങ്ങളുള്ളത്. സമുദ്രത്തിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. തങ്ങളുടെ പുതിയ ആയുധത്തിന്റെ ശേഷിയെക്കുറിച്ച് ഇസ്രയേലി പ്രതിരോധ വിദഗ്ധര്‍ വിഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്. 

 

ഇസ്രയേലി വ്യോമയാന - പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ സഹകരണത്തിലാണ് ഇസ്രയേലി വ്യോമ സേനയും പ്രതിരോധ മന്ത്രാലയ ഗവേഷണ വിഭാഗവും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. ഒരു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങള്‍ 100 ശതമാനം കൃത്യതയോടെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് ഇസ്രയേലി മിലിറ്ററി റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ യാനിവ് റോട്ടം അറിയിച്ചു. 

 

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധങ്ങളിലേക്കുള്ള ഇസ്രയേലിന്റെ വിജയകരമായ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, തങ്ങളുടെ തന്ത്രപരമായ ആയുധത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടുമില്ല. ഏത് കാലാവസ്ഥയിലും ലക്ഷ്യം ഭേദിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് യാനിവ് റോട്ടത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം നിലംപതിച്ചുവെന്ന് ഉറപ്പാകും വരെ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഈ ലേസര്‍ ആയുധത്തിനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

ഏതാനും വര്‍ഷങ്ങള്‍ക്കകം ലേസര്‍ ആയുധത്തിന് 20 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയും കൈവരുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് സംഭവിച്ചാല്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നായി ഈ ലേസര്‍ ആയുധം മാറുകയും ചെയ്യും. കൂടുതല്‍ വലിയ വിമാനങ്ങളിലായിരിക്കും ഈ ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കുക. പത്ത് വര്‍ഷത്തിനകം നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാനും ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് റോട്ടം പറഞ്ഞു. 

 

ഇസ്രയേലിന്റെ പ്രതിരോധരംഗത്തെ പുതിയ നാഴികക്കല്ലെന്നാണ് ഈ ലേസര്‍ ആയുധത്തെ പ്രതിരോധമന്ത്രി ബന്നി ഗാന്റ്‌സ് വിശേഷിപ്പിച്ചത്. ഗാസയില്‍ നിന്നുള്ള ബലൂണ്‍ ബോംബുകളെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധം ഉപയോഗിക്കില്ലെന്നും ഇത് ഇസ്രയേലിന്റെ ദീര്‍ഘകാല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. 10 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയുമുള്ള ഭൂമിയില്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന ലേസര്‍ ആയുധവും ഇസ്രയേലിന്റെ പ്രതിരോധ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഈ ആയുധം ഗാസയില്‍ അടക്കം സ്ഥാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

 

English Summary: Israel successfully downs multiple targets with high powered Airborne Laser System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com