ADVERTISEMENT

കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അഭിമാനത്തോടെയാണ് അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ പൈലറ്റ് എന്ന സ്ഥാനം നിലോഫര്‍ റഹ്‌മാനി സ്വന്തമാക്കിയത്. ഇന്ന് അഫ്ഗാനിസ്ഥാന്‍ താലിബാനു കീഴില്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ആയതോടെ മാതൃരാജ്യത്തേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ് നിലോഫറിന്. കാരണം സ്വാധീനം കുറഞ്ഞ കാലത്ത് പോലും താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് ജീവനും കൊണ്ട് നാടുവിടേണ്ടി വന്നിട്ടുണ്ട് നിലോഫറിനും കുടുംബത്തിനും.

1992ല്‍ അഫ്ഗാനിസ്ഥാനില്‍ ജനിച്ച നിലോഫര്‍ റഹ്‌മാനിയും കുടുംബവും താലിബാന്റെ സ്വാധീനം വര്‍ധിച്ചതോടെ പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. പിന്നീട് അമേരിക്കയുടെ വരവോടെ താലിബാന്‍ സ്വാധീനം കുറഞ്ഞതോടെ 2001ലാണ് അവര്‍ തിരികെ കാബൂളിലേക്കെത്തുന്നത്. കുട്ടിക്കാലം മുതല്‍ വിമാനങ്ങളെ സ്വപ്‌നം കണ്ട നിലോഫര്‍ റഹ്‌മാനി ഫ്‌ളൈറ്റ് സ്‌കൂളില്‍ പഠിക്കുന്നതിന് വേണ്ടി മാത്രം ഒരു വര്‍ഷത്തോളം ചെലവിട്ടാണ് ഇംഗ്ലിഷ് പഠിച്ചെടുത്തത്. 

2010ലാണ് നിലോഫര്‍ റഹ്‌മാനി അഫ്ഗാന്‍ വ്യോമസേന ഓഫിസര്‍ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൂട്ടത്തില്‍ ഒരേയൊരു വനിതയായിരുന്ന അവര്‍ക്ക് മുന്നോട്ടുള്ള യാത്ര ഒട്ടും സുഗമമല്ലായിരുന്നു. അഫ്ഗാന്‍ വ്യോമസേനയിലെ ഡോക്ടര്‍മാര്‍ ശാരീരികക്ഷമതയില്ലെന്നും വിമാനം പറത്താന്‍ യോഗ്യതയില്ലെന്നും കാണിച്ച് പലകുറി എതിര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 

എല്ലാ എതിര്‍പ്പുകളേയും മറികടന്ന് അവര്‍ വിമാനം പറത്തുക തന്നെ ചെയ്തു. കൂടുതല്‍ ഭാരമേറിയ ചരക്കു വിമാനങ്ങളും നിലോഫര്‍ റഹ്‌മാനി പറത്തിയിരുന്നു. മരിച്ചവരും പരിക്കേറ്റവരുമായ സൈനികരെ കൊണ്ടുപോകുന്ന വിമാനം വനിതാ പൈലറ്റ് പറത്തരുതെന്ന അലിഖിത നിയമവും അഫ്ഗാന്‍ സൈന്യത്തിലുണ്ടായിരുന്നു. ഒരിക്കല്‍ പരുക്കേറ്റ സൈനികരെ മേലധികാരികളുടെ നിര്‍ദേശം അവഗണിച്ചാണ് നിലോഫര്‍ റഹ്‌മാനി ആശുപത്രിയിലേക്കെത്തിച്ചത്. നിലോഫര്‍ റഹ്‌മാനിയുടെ പേരും പ്രശസ്തിയും വര്‍ധിച്ചതോടെ എതിര്‍പ്പും താലിബാനില്‍ നിന്നുള്ള വധഭീഷണിയും വര്‍ധിച്ചു. 

'ഞാനൊരു നല്ല മുസ്‌ലിം സ്ത്രീയല്ലെന്ന് പറഞ്ഞായിരുന്നു താലിബാന്‍ എന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി തുടങ്ങിയത്. മുസ്‌ലിം സംസ്‌ക്കാരത്തെ അവഗണിച്ച എനിക്ക് അവര്‍ വിധിച്ചത് വധശിക്ഷയായിരുന്നു എന്നാൽ റഹ്‌മാനി പറയുന്നു.

 

സ്വന്തം ബന്ധുക്കളില്‍ നിന്നു പോലും നിലോഫര്‍ റഹ്‌മാനിക്ക് ഭീഷണിയും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നു. 'മാസത്തില്‍ രണ്ടും മൂന്നും വീടുകള്‍ താലിബാനെ പേടിച്ച് മാറേണ്ടി വന്നു. ഓരോ ദിവസും വ്യത്യസ്തമായ വഴികളിലൂടെയാണ് ജോലിക്ക് പോയിരുന്നത്. അഫ്ഗാന്‍ വ്യോമ സേനയിലെ ഉന്നതരില്‍ നിന്നുപോലും എനിക്ക് പിന്തുണ ലഭിച്ചില്ല. ഇഷ്ടമുള്ളപ്പോള്‍ ജോലി അവസാനിപ്പിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും നിലോഫര്‍ റഹ്‌മാനി പറയുന്നു.

 

നിലോഫര്‍ റഹ്‌മാനിയുടെ രക്ഷാകര്‍ത്താക്കളും ഏതാനും ചില അടുത്ത ബന്ധുക്കളും മാത്രമാണ് കൂടെ നിന്നത്. ഒരു സമയത്ത് അവര്‍ താമസിച്ചിരുന്ന അഫ്ഗാന്‍ നഗരത്തിലെ താലിബാന്റെ ഒന്നാം നമ്പര്‍ നോട്ടപ്പുള്ളിയായി നിലോഫര്‍ റഹ്‌മാനി മാറുക പോലും ചെയ്തു. നിലോഫറിനെ പിന്തുണച്ചുവെന്ന ഒരൊറ്റ കാരണം കൊണ്ട് സഹോദരന് രണ്ട് തവണയാണ് വെടിയേല്‍ക്കേണ്ടി വന്നത്. നിലോഫര്‍ റഹ്‌മാനി താമസിച്ചിരുന്ന വീടിനുള്ളിലേക്ക് 'അവസാനത്തെ മുന്നറിയിപ്പ്' എന്ന് വ്യക്തമാക്കുന്ന കത്ത് താലിബാന്‍ എത്തിച്ചു. ഇതോടെ നിലോഫര്‍ റഹ്‌മാനിയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. 2018ല്‍ അവര്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കി. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ തന്റെ സഹോദരിക്കൊപ്പം കഴിയുകയാണ് നിലോഫര്‍ റഹ്‌മാനി. കാബൂള്‍ വിമാനത്താവളത്തിലും റണ്‍വേയിലും വിമാനങ്ങളുടെ ചിറകുകള്‍ക്ക് മുകളിലും വാതിലില്‍ പോലും കവിഞ്ഞ അഫ്ഗാനികളുടെ വിഡിയോ കണ്ട അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ആ ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗവും താലിബാന്‍ ഭരണകാലത്ത് ജീവിച്ചിട്ടുള്ളവരാണ്. ഭയമാണ് അവരെ നയിച്ചത്. താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം വിമാനത്തിനു പുറത്ത് തൂങ്ങികിടന്ന് മരിക്കുന്നതാണ് ഭേദമെന്ന് അവര്‍ ചിന്തിച്ചിരിക്കണം. അത്രമേല്‍ ഭയമാണ് അവര്‍ക്ക് താലിബാനെ'.

 

English Summary: Female Afghan Air Force pilot describes disappointment at seeing 'evil' return to her homeland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT