പാക്കിസ്ഥാനെ വിറപ്പിച്ച ‘ട്രൈഡന്റ്’, യശസ്സിലേക്കുയർന്ന ഇന്ത്യൻ കടൽക്കരുത്ത്

operation-trident
SHARE

ഇന്ന് ഇന്ത്യൻ നാവികസേനാ ദിനം. പാക്ക് തുറമുഖമായ കറാച്ചിയെ മുൾമുനയിൽ നിർത്തി ഇന്ത്യൻ നാവിക സേന ആക്രമിച്ച ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമ ദിവസമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

അറുപതുകളുടെ അവസാനകാലഘട്ടത്തിൽ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയ ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ട്രൈഡന്റ് ദൗത്യം അരങ്ങേറിയത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു.

1971 ഡിസംബർ മൂന്നിന് പാക്ക് വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചതോടെയാണു യുദ്ധം തുടങ്ങിയത്. പാക്കിസ്ഥാൻ നാവികസേനയുടെ മർമമായ കറാച്ചിയെ ആക്രമിക്കാൻ താമസിയാതെ ഇന്ത്യൻ നാവികസേന പദ്ധതിയിട്ടു. ഓസ 1 മിസൈൽ ബോട്ടുകൾ ഉപയോഗിച്ചാണ് ആക്രമണത്തിനു പദ്ധതിയിട്ടത്. റേഞ്ച് കുറവുള്ളതിനാൽ ഇവയ്ക്ക് അധികം സഞ്ചരിക്കാൻ സാധ്യമല്ലായിരുന്നു. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക എന്നതായിരുന്നു നേവി കണ്ടെത്തിയ പ്രതിവിധി. മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി. അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി.

അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ. താമസിയാതെ ആക്രമണം തുടങ്ങി.

താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു. സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി. ഇതായിരുന്നു ട്രൈഡന്റ്.

ഇക്കാലം കഴിഞ്ഞ് അരനൂറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ നാവികസേനയും ഒരുപാട് വളർന്നിരിക്കുന്നു. ഇന്ത്യൻ നേവിയുടെ ആദ്യ സ്വതന്ത്ര ദൗത്യം 1961 ഗോവ വിമോചനയുദ്ധത്തിൽ വച്ചായിരുന്നു. പിന്നീട് ഒരുപാട് ദൗത്യങ്ങളിൽ സേന പങ്കെടുത്തു. ഒട്ടേറെ പുതിയ യൂണിറ്റുകളും സേനയ്ക്കുണ്ടായി. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് മാർക്കോസ് അഥവാ മറൈൻ കമാൻഡോസ്. അതീവശേഷിയും മികവുമൊത്തിണങ്ങിയ ഈ കമാൻഡോ സേന മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള രക്ഷാദൗത്യങ്ങളിൽ പ്രധാനപങ്കുവഹിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിനു ശേഷം രൂപമെടുത്ത മറ്റൊരു നേവി യൂണിറ്റാണു സാഗർ പ്രഹാരി ബാൽ. ഇന്ത്യയുടെ തീരദേശ മേഖലയിൽ പട്രോളിങ് നടത്തി സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാനദൗത്യം. നിലവിൽ രണ്ട് എയർക്രാഫ്റ്റ് കാരിയറുകളും 11 ഡിസ്ട്രോയറുകളും 12 ഫ്രിഗേറ്റുകളും 19 കോർവെറ്റുകളും 2 ആണവ, 16 ഡീസൽ അന്തർവാഹിനികളുമൊക്കെ അടങ്ങിയതാണ് ഇന്ത്യയുടെ നാവികക്കരുത്ത്.

INDIA-DEFENCE-NAVY
മുംബൈയിൽ നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ നേവി മറീൻ കമാൻഡോസിന്റെ അഭ്യാസ പ്രകടനം. 2021 ഡിസംബർ നാലിലെ ചിത്രം: Sujit JAISWAL / AFP

∙ ഓപ്പറേഷൻ സാഗർ

യുദ്ധ സന്നദ്ധത മാത്രമല്ല, മാനുഷിക ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ ദൗത്യങ്ങളിലും ഇന്ത്യൻ നാവികസേന ഭാഗഭാക്കാണ്. വിവിധ രാജ്യങ്ങളിലേക്കു കോവിഡ് കാലത്ത് സഹായമെത്തിച്ച പ്രധാന ദൗത്യമായിരുന്നു മിഷൻ സാഗർ. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന 15 വിദേശ രാജ്യങ്ങളിലേക്ക് അന്ന് നേവി സഹായമെത്തിച്ചു. ഭക്ഷണം, മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ വിവിധ രാജ്യങ്ങളിലെത്തി. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ പട്ടണത്തിൽ 3500ൽ അധികം പേർക്ക് നേവി വൈദ്യസഹായവും സംരക്ഷണവും നൽകി. ഐഡായി എന്ന കൊടുങ്കാറ്റിനു ശേഷമായിരുന്നു അത്.

English Summary: Why is Navy Day Celebrated on December 4 in India? All You Need to Know About Operation Trident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS