ADVERTISEMENT

സ്വന്തം നിലയ്ക്ക് നിർമിച്ച മുങ്ങിക്കപ്പൽ അനാവരണം ചെയ്ത് തായ്​വാൻ. ചൈനയുമായി പ്രക്ഷുബ്ദമായ നില തുടരുന്നതിനിടെയാണ് ഈ നീക്കം. സീമോൺസ്റ്റർ എന്ന് ഇംഗ്ലീഷിൽ അർഥം വരുന്ന പേരാണ് മുങ്ങിക്കപ്പലിന് ഇട്ടിരിക്കുന്നത്. 153 കോടി യുഎസ് ഡോളർ ചെലവിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. അത്യാധുനിക മാർക്ക് 48 ടോർപിഡോകളും മറ്റും ഇതിലുണ്ട്. 2024ൽ ഈ മുങ്ങിക്കപ്പൽ തായ്​വാൻ നേവിക്ക് കൈമാറുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ അസംബന്ധമാണിതെന്നാണ് ചൈനയുടെ പ്രതികരണം. ദേശീയ സംയോജനം തടയാൻ ഇതു കൊണ്ടൊന്നും കഴിയില്ലെന്നും ചൈനീസ് അധികൃതർ പറഞ്ഞു.

തായ്​വാൻ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് സർക്കാരിനാണ് ദ്വീപിന്റെ കാര്യത്തിൽ അവകാശമെന്നും ചൈനക്കാർ കരുതുന്നു. ഷി ചിൻപിങ്ങിനും ഇതേ നിലപാടാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപ് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന തായ്​വാൻ ദ്വീപ്, ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷം ചൈനയ്ക്കു കൈമാറി. എന്നാൽ 1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം ഭരണപ്രാപ്തിയിലേക്കെത്തുകയും മാവോ സെദുങ് അധികാരം പിടിക്കുകയും ചെയ്തു. ഇതോടെ ചൈനയിലെ ദേശീയവാദികളായ കുമിന്താങ് തായ്​വാനിലേക്കു പോകുകയും അവിടെ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ രാജ്യം സ്ഥാപിക്കുകയും ചെയ്തു.

താ​യ്​വാനെ അംഗീകരിക്കുന്ന രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ശത്രുതാമനോഭാവമാണു ചൈന പുലർത്തിപ്പോരുന്നത്. തായ്​വാനിൽ എംബസി സ്ഥാപിച്ച ലിത്വാനിയയ്ക്കെതിരെ കച്ചവട വിലക്ക് ചൈന ഏർപ്പെടുത്തിയിരുന്നു. നിർമാണസ്ഥലം താ​യ്​വാനെന്നു വച്ച ചില കമ്പനികൾക്കെതിരെയും ചൈനീസ് ഭാഗത്തു നിന്നു നടപടികളുണ്ടായി. തെക്കൻ ചൈനാക്കടലിൽ സംഘർഷാവസ്ഥ കുറേക്കാലമായി മൂർധന്യാവസ്ഥയിലാണ്. തായ്​വാനു കുറുകെയുള്ള തെക്കൻ ചൈനാക്കടലിലെ ഫുജിയാൻ പ്രവിശ്യയിൽ ചൈന ബീച്ച് ലാൻഡിങ്, അസോൾട്ട് ഡ്രില്ലുകൾ നടത്താറുണ്ട്.

പസിഫിക് സമുദ്രത്തിന്‌റെ ഭാഗമായുള്ള തെക്കൻ ചൈനാക്കടൽ ഇന്ന് ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശാക്തിക ബലാബലങ്ങളുടെ കേന്ദ്രബിന്ദുവാണ്. തായ്​വാന്‌റെ വ്യോമമേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ  പലപ്പോഴും കടന്നുകയറ്റം നടത്താറുണ്ട്. യുഎസും തങ്ങളുടെ  ശ്രദ്ധ  തെക്കൻ ചൈനാക്കടലിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തകാലത്തായി യുഎസ് നേവി ഇവിടെ സ്ഥിരസാന്നിധ്യമാണ്. പരമ്പരാഗത സഖ്യരാജ്യങ്ങളായ ബ്രിട്ടൻ തുടങ്ങിയവരുടെ പടക്കപ്പലുകളും ഇവിടെ സന്ദർശിക്കുന്നു. ബ്രിട്ടനെയും ഓസ്‌ട്രേലിയയെയും കൂട്ടുപിടിച്ച് ഓക്കസ് എന്ന ശക്തമായ ത്രികക്ഷി മുന്നണിക്കും യുഎസ് പദ്ധതിയിട്ടിട്ടുണ്ട്.  

ചൈനയും തായ്​വാനുമായുള്ള സൈനിക താരതമ്യം ചൈനയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. 140 കോടി ജനസംഖ്യയുള്ള ചൈനയും വെറും 2.5 കോടി ജനസംഖ്യയുള്ള തായ്വാനും തമ്മിൽ വലിയ അന്തരമുണ്ട്.  എങ്കിലും തായ്​വാന് 17 ലക്ഷത്തോളം സൈനികബലമുണ്ട്. യുഎസ് വിദഗ്ധരാൽ പരിശീലിപ്പിക്കപ്പെട്ടവരാണ് ഇവർ. തായ്​വാന്‌റെ കൈയിൽ നൂറിലധികം എഫ് 16 വിമാനങ്ങളും 1100 യുദ്ധടാങ്കുകളും ബ്രഹ്‌മോസ് ഉൾപ്പെടെ മിസൈലുകളുമുണ്ട്.  ചൈനയെ തൂത്തടിച്ചു തോൽപിക്കാൻ തായ്​വാനു ചിലപ്പോൾ കഴിഞ്ഞേക്കില്ല, പക്ഷേ അവരോടു പോരാടി നിൽക്കാനും ചൈനീസ് സൈന്യത്തിന്‌റെ ന്യൂനതകൾ വെളിച്ചത്തു കൊണ്ടുവരാനും അവർക്കു പറ്റുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com