പഴുതില്ലാത്ത സുരക്ഷക്കായി ലേസര്!: അയൺ ഡോം മാത്രമല്ല, ഇനി അയൺ ബീമുമായി ഇസ്രയേൽ

Mail This Article
ഇസ്രയേലിന്റെ അയൺ ഡോം ലോകപ്രശസ്തമാണ്.2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേലിനുണ്ട്.
അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. ഇതെത്തുടർന്നാണ് ചെലവുകുറവും ക്ഷമത കൂടുതലുമുള്ള പ്രതിരോധസംവിധാനങ്ങൾക്കായി ഇസ്രയേൽ ഗവേഷണ പദ്ധതികൾ ഒരുക്കിയത്.
ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ അഞ്ച് ഭാഗങ്ങളുണ്ട്. അതിലൊന്നാണ് അയൺ ഡോം.ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ് തുടങ്ങിയവയാണ് മറ്റുള്ളത്. ആറാമത്തെ സംരക്ഷണ സംവിധാനമായിട്ടാകും അയൺ ബീം എത്തുന്നത്.
ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ചാണ് അയൺ ബീം പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ടെൽ അവീവ് നഗരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് തൊട്ടടുത്ത വർഷത്തോടെ സംവിധാനം രാജ്യത്തു സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഇനിയും 3 വർഷമെങ്കിലും ഇതു പൂർണസജ്ജമാകാൻ വേണ്ടിവരുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നിയോഗിച്ചിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഇസ്രയേലിന്റെ എല്ലാ അതിരിലും ഇതു സ്ഥാപിച്ച് ഒരു സുരക്ഷാ വലയം സൃഷ്ടിക്കും. റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയിൽ നിന്നു പഴുതില്ലാത്ത സുരക്ഷ ഇപ്രകാരം ലഭിക്കുമെന്നാണ് ഇസ്രയേൽ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടങ്ങളിൽ അയൺഡോമിനൊപ്പമാകും അയൺബീം പ്രവർത്തിക്കുക. പിൽക്കാലത്ത് അയൺബീമാകും പ്രധാന മിസൈൽ പ്രതിരോധ സംവിധാനമെന്ന് ഇസ്രയേൽ പ്രതിരോധവിദഗ്ധർ പറഞ്ഞിരുന്നു.
2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. 20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്. വളരെ ചെലവ് കുറഞ്ഞ രീതിയിലാകും ഇതിന്റെ പ്രവർത്തനം.