ADVERTISEMENT

വിദൂരരാജ്യമായ മംഗോളിയയിലെ പുൽമേടുകളിലെ ഗോത്രത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ലോകം വിറപ്പിച്ച ഒരു സൈനികജനറലായി മാറി. യൂറോപ്പുൾപ്പെടെ വിവിധയിടങ്ങളിലേക്ക് നിരവധി പടയോട്ടങ്ങൾ നടത്തി. ലോകഗതിയെ തന്നെ സ്വാധീനിച്ച ആ യുവാവിന്‌റെ പേരായിരുന്നു ചെങ്കിസ് ഖാൻ. അന്നുമുതൽ ഇന്നുമുതലുള്ള യുദ്ധരീതികളിൽ ചെങ്കിസ് ഖാൻ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെന്ന് വിദഗ്ധർ പറയുന്നു. ഇന്നും സൈന്യങ്ങളുടെ ആക്രമണരീതികളിൽ ഈ സ്വാധീനം കാണാമത്രേ.

ganghis-khan-statue - 1
Ganghis ghan statue, Image Credit: Canva


പടപ്പുറപ്പാടിന്‌റെ വേഗത കൂട്ടുക എന്നതായിരുന്നു തന്‌റെ സേനയുടെ വിജയത്തിനായി ചെങ്കിസ് കണ്ടെത്തിയ പ്രധാന ഉപായങ്ങളിലൊന്ന്. കുതിരപ്പുറത്തിരുന്ന് ആക്രമിക്കുന്ന ഹോഴ്‌സ് ആർച്ചേഴ്‌സ് എന്ന പടയാളിവിഭാഗത്തെ കൂടുതലായി സേനയിൽ ഉൾപ്പെടുത്തുകയാണ് ചെങ്കിസ്ഖാൻ ഇതിനായി ചെയ്തത്. ഇതോടെ വേഗം മംഗോൾ പടയ്ക്ക് കൈവന്നു. എവിടെയും പെട്ടെന്ന് ആക്രമിക്കാൻ ഇത് മംഗോളുകളെ അനുവദിച്ചു. ഇന്നും പെട്ടെന്ന് സേന വിന്യസിക്കുന്നത് വിജയമന്ത്രമായി പല സേനകളും കരുതുന്നു. യുഎസിന്‌റെ 82-ാം എയർബോൺ ഡിവിഷന് ലോകത്തെവിടെയും 18 മണിക്കൂറിൽ യുദ്ധസജ്ജമാകാനുള്ള കഴിവുണ്ട്.


മാനസിക യുദ്ധം അഥവാ സൈക്കോളജിക്കൽ വാർഫെയറായിരുന്നു ചെങ്കിസിന്‌റെ മറ്റൊരു അടവ്. തന്‌റെ സൈന്യത്തിന്‌റെ ശക്തി പെരുപ്പിച്ചുകാട്ടി ശത്രുക്കളിൽ ചെങ്കിസ് ഭീതി പരത്തി. ചാരൻമാരെ ഉപയോഗിച്ചുള്ള വിവരശേഖരണം, വളരെ അച്ചടക്കമുള്ള കമാൻഡ് യൂണിറ്റ്,മികവുറ്റ സപ്ലൈ ചെയിൻ മാനേജ്‌മെന്‌റ് എന്നിവയൊക്കെ മംഗോൾ ആർമിയുടെ പ്രത്യേകതകളായിരുന്നു. ചെങ്കിസ് ഖാനാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഇവയെല്ലാം ഇന്നത്തെ കാലത്തെ സൈന്യങ്ങളും അവലംബിക്കുന്നുണ്ട്.

പരസ്പരം പോരാടുന്ന നാടോടി ഗോത്രങ്ങൾ


തെമുജിൻ എന്ന പേരിൽ 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം.പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു.കഠിനമായ ജീവിതരീതിയായിരുന്നു അവിടെ.കൊച്ചു തെമുജിന് 10 വയസ്സ് തികയുംമുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു.തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു.

ganghis-khan-statue-1 - 1
Genghis Khan Statue: Image Credit: Canva

1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു.ആ ബന്ധത്തിൽ കുറെ കുട്ടികളുമുണ്ടായി.ഇടയ്‌ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി.ഹതാശനായ ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു.തെമുജിനെ പോരാളിയുടെ ഉദയമായിരുന്നു അത്. തുടർന്ന് തെമുജിന് ധാരാളം അനുയായികളുണ്ടായി.മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു.തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന 'ചെങ്കിസ് ഖാൻ' എന്ന പേര് തെമുജിൻ സ്വീകരിച്ചു.


പുറത്തേക്കുള്ളവർക്ക് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്‌കാരിക മാറ്റങ്ങൾ ഉണ്ടാക്കാൻ ചെങ്കിസിനു സാധിച്ചു. അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ,ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടി,അടിമത്വം തുടങ്ങിയവയൊക്കെ ഖാൻ നിരോധിച്ചു.ചെങ്കിസിനു കീഴിൽ ഒരു ജനത അണിനിരക്കുകയായിരുന്നു.


പിന്നീട് നടന്നത് ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ.ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട്  തുർക്ക്‌മെനിസ്ഥാൻ,ഉസ്‌ബെക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ഇറാൻ,അർമീനിയ,ജോർജിയ,അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി.ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.

Credit: Wikipedia
Credit: Wikipedia

4 കോടി ജനങ്ങളെ കൊന്നൊടുക്കിയ 'വില്ലൻ'


മംഗോളിയയുടെ ദേശീയ ഹീറോയായി മാറിയ ചെങ്കിസ് ഖാൻ പക്ഷേ അന്യദേശങ്ങൾക്കു വില്ലനായിരുന്നു.വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെയാണ് ഖാനും അയാളുടെ സൈന്യവും കൊന്നൊടുക്കിയത്.ഇറാനുമായുണ്ടായ യുദ്ധത്തിൽ ആ രാജ്യത്തിന്റെ മുക്കാൽ പങ്ക് ജനസംഖ്യയെയും മംഗോളുകൾ കൊലപ്പെടുത്തി.സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഈ പടയോട്ടങ്ങളിൽ വ്യാപകമായിരുന്നു.


ചെങ്കിസ് ഖാന്റെ മരണമെങ്ങനെയായിരുന്നു എന്നുള്ളത് ഇന്നും ചരിത്രകാരൻമാരെ കുഴക്കുന്ന സംഗതിയാണ്.കുതിരപ്പുറത്തു നിന്നു വീണു മരിച്ചു എന്നൊരു വിഭാഗം വാദിക്കുമ്പോൾ , യുദ്ധത്തിൽ പിടിച്ച ഒരു തിബറ്റൻ രാജകുമാരിയുടെ ആക്രമണത്തിൽ രക്തം വാർന്നെന്നാണു മറ്റൊരു പക്ഷം.ചൈനക്കാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും അതല്ല ഒരു അമ്പ് കൊണ്ടു കയറിയ മുറിവ് പഴുത്ത് വ്രണമായാണ് മരണം സംഭവിച്ചതെന്നും സിദ്ധാന്തങ്ങളുണ്ട്.ഇവയെയെല്ലാം തിരുത്തിയാണ് പുതിയ ഗവേഷണ ഫലം രംഗത്ത് വന്നിരിക്കുന്നത്.

മൃതശരീരത്തിനൊപ്പം വമ്പന്‍ നിധിയും, പക്ഷേ


ഇവയെല്ലാം തള്ളിക്കൊണ്ട് അടുത്തകാലത്ത് വേറൊരു സിദ്ധാന്തം വന്നിരുന്നു.ലോകത്ത് പടർന്നു പിടിച്ച മഹാമാരിയായ ബൂബോണിക് പ്ലേഗ് ആണ് ചെങ്കിസിന്‌റെ മരണത്തിനു കാരണമായതെന്നായിരുന്നു അതിൽ പറയുന്നത്.
ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വരെ വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്.മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും  ശാസ്ത്രജ്ഞർ ഗവേഷണത്തിനായി തിരച്ചിൽ നടത്തിയപ്പോൾ ഇതിലുൾപ്പെടാത്ത ചില സാഹസികർ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തും തേടിയാണ് തിരച്ചിലിൽ ഏർപെട്ടത്.എന്നാൽ ആർക്കും ഒന്നും ഇതു വരെ കിട്ടിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT