ADVERTISEMENT

ജെയിനിന്റെ എഎച്ച് 64‍ഡി ലോംങ്ബോ എന്ന ഫ്ലൈറ്റ് സിമുലേറ്റർ ഗെയിം 90കളില്‍ കളിച്ചു വളർന്നവർ പബ്ജിയിലൊന്നും ഭയക്കില്ല. കാരണം യാഥാർഥ്യമെന്നതുപോലെ ലോകത്തിലെ ഏറ്റവും മാരകമായ ഒരു ‘ആക്രമണ കളിപ്പാട്ടം’ നമുക്കു കൺട്രോൾ ചെയ്യാം. കടിഞ്ഞാണിടാത്ത കുതിരയെപ്പോലുള്ള വന്യമായ കരുത്തുള്ള ആ ഉപകരണം ഒന്നു കൈപ്പിടിയിലൊതുക്കാൻ മണിക്കൂറുകളുടെ ട്രെയ്നിങ് ഗെയിമിൽത്തന്നെ ആവശ്യമായി വരും. 

ഹെൽഫയർ മിസൈലുകളും ഫിൻ-സ്റ്റെബിലൈസ്ഡ് അൺഗൈഡഡ് റോക്ക ഹൈഡ്ര റോക്കറ്റുകളും ഒപ്പം എം 230 കാനോണും വഹിക്കുന്ന ആ അപ്പാച്ചെ എന്തിനാണ് എമ്പുരാൻ അലിയാസ് ഖുറൈഷി അബ്രാമിനുനേരെ തിരിഞ്ഞിരിക്കുന്നത്.

എമ്പുരാൻ സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്ററിലാണ് തോക്കുമേന്തി നിൽക്കുന്ന ഖുറൈഷി അബ്രാമിനു നേർക്കുനേർ നിൽക്കുന്ന അപ്പാച്ചെയുള്ളത്. പബ്ജി ആരാധകരും ഫ്ലൈറ്റ് സിമുലേറ്റർ ഗെയിമുകൾ കളിക്കുന്നവരും ഇതു ചർച്ചയാക്കി. എന്തായാലും സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിന്റെ 'ഫയർ' ഇരട്ടിയാക്കിയ അപ്പാച്ചെയുടെ സവിശേഷതകള്‍ നോക്കാം

എന്താണ് എഎച്ച്-64 അപ്പാച്ചെയുടെ പ്രത്യേകത

ആകാശ സർപ്പമെന്നറിയപ്പെട്ടിരുന്ന എഎച്ച്-1 കോബ്രയ്ക്ക് പകരം യുഎസ് സേനയുടെ അഡ്വാൻസ്ഡ് അറ്റാക്ക് ഹെലികോപ്റ്റർ പ്രോഗ്രാമിനായി ഹ്യൂസ് ഹെലികോപ്റ്റേഴ്സ് വികസിപ്പിച്ച മോഡൽ 77 എന്ന നിലയിലാണ് അപ്പാച്ചെയുടെ തുടക്കം. പക്ഷേ 1984 ലെ എഎച്- 64 എ മുതൽ ഇന്നത്തെ എഎച്-64ഇ വരെ, അപ്പാച്ചെയെ സംബന്ധിച്ച് ഒരു കാര്യം മാറിയിട്ടില്ല.  ലോകത്തെ ഏറ്റവും നൂതനമായ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്റർ എന്നാണ് നിർമാണ കമ്പനിയായ ബോയിങ് തന്നെ  വിശേഷിപ്പിക്കുന്നത്. 

helicopter-1 - 1

1991ൽ ഇറാഖ് യുദ്ധകാലത്ത് 278 എച്ച് 64 ഹെലികോപ്റ്ററുകൾ തകർത്തത് 500 ടാങ്കുകളെയാണ്, അതേസമയം തിരിച്ചടിയിൽ തകർന്നത് ഒരേ ഒരു അപ്പാച്ചെ ഹെലികോപ്റ്ററും. അതിനിശേഷം വളരെയധികം മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലുകളിൽ വന്നത്. അമേരിക്കൻ സൈന്യം കഴിഞ്ഞാൽ  ഈജിപ്ത്, ഗ്രീസ്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രയേൽ, ജപ്പാൻ, കൊറിയ, കുവൈത്ത്, നെതർലൻഡ്‌സ്, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ, യുകെ എന്നിവയാണ് അപ്പാച്ചെയുടെ ആഗോള ഉപഭോക്താക്കൾ.

ട്വിൻ ടർബോ ഷാഫ്റ്റിൽ പറക്കുന്ന ആക്രമണ ഹെലികോപ്റ്റററിൽ ടെയിൽ വീൽ-ടൈപ്പ് ലാൻഡിങ് ഗിയറും (മുൻഭാഗത്ത് രണ്ടു ടയറുകളും വാലിനെ പിന്തുണയ്ക്കാൻ ഒരൊറ്റ ചക്രവും സ്കിഡും അടങ്ങുന്ന) രണ്ട് ക്രൂവിന് ഒരു ടാൻഡം (ഒന്നിനുപിന്നിൽ ഒന്നായുള്ള) കോക്പിറ്റുമാണുള്ളത്.  നാല് ബ്ലേഡ് മെയിൻ റോട്ടറും നാല് ബ്ലേഡ് ടെയിൽ റോട്ടറും ഉണ്ട്.

പൈലറ്റും ഗണ്ണറും ഉൾപ്പെടെ 2 പേരാണ് ഈ ആക്രമണ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കാൻ വേണ്ടത്. മുൻവശത്തെ സെൻസറുകളാണ് ലക്ഷ്യം കണ്ടെത്തുന്നതും രാത്രി കാഴ്ച സാധ്യമാക്കുന്നതും.  30 എംഎം (1.18 ഇഞ്ച്) എം230 ചെയിൻ ഗൺ അതിന്റെ ഫോർവേഡ് ഫ്യൂസ്‌ലേജിനു കീഴിലും ആയുധങ്ങൾക്കും സ്റ്റോറുകൾക്കുമായി സ്റ്റബ്-വിങ് പൈലോണുകളിൽ നാല് ഹാർഡ് പോയിന്റുകൾ വഹിക്കുന്നു.

അപ്പാച്ചെയുടെ ഫോർവേഡ് ഫ്യൂസ്‌ലേജിലെ പ്രധാനപ്പെട്ട  സംവിധാനങ്ങളിങ്ങനെ.

ഫോർവേഡ് ഫ്യൂസ്‌ലേജും മോഡുലാർ ആയി രൂപകൽപന ചെയ്തിട്ടുണ്ട്, അതിനാൽ കേടായാൽ എളുപ്പം മാറ്റിസ്ഥാപിക്കാം. ഇത് അപ്പാച്ചെയെ എളുപ്പം പരിപാലിക്കാവുന്ന ഹെലികോപ്റ്ററാക്കുന്നു. 

helicopter-2 - 1

കോക്പിറ്റ്: പൈലറ്റും ഗണ്ണറും/സഹ പൈലറ്റും ഇരിക്കുന്ന സ്ഥലമാണ് കോക്പിറ്റ്. ഹെലികോപ്റ്റർ പറക്കാനും അതിന്റെ ആയുധ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുമുള്ള നിയന്ത്രണങ്ങളും ഡിസ്പ്ലേകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഏവിയോണിക്സ്: ഏവിയോണിക്സ് സ്യൂട്ടിൽ നാവിഗേറ്റ് ചെയ്യാനും ആശയവിനിമയം നടത്താനും ലക്ഷ്യങ്ങൾ കണ്ടെത്താനുമുള്ള സെൻസറുകളും സിസ്റ്റങ്ങളും ഉൾപ്പെടുന്നു. ആയുധ സംവിധാനങ്ങൾ: ആയുധ സംവിധാനങ്ങളിൽ 30 എംഎം എം230 ചെയിൻ ഗൺ, എജിഎം-114 ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര 70 റോക്കറ്റ് പോഡുകൾ എന്നിവ ഉൾപ്പെടുന്നു.

അപ്പാച്ചെയുടെ ഫോർവേഡ് ഫ്യൂസ്‌ലേജ് ഒരു സുപ്രധാന ഘടകമാണ്, മാത്രമല്ല അതിന്റെ പോരാട്ട ശേഷിയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ക്രൂ കമ്പാർട്ട്‌മെന്റും റോട്ടർ ബ്ലേഡുകളും  23 എംഎം ആന്റി എയർക്രാഫ്റ്റ് റൗണ്ടുകളിൽനിന്നുള്ള ആക്രമണം പ്രതിരോധിക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്നു. പൈലറ്റിനും ഗണ്ണർ സീറ്റുകൾക്കുമിടയിൽ ഒരു സുതാര്യമായ സ്ഫോടന ഷീൽഡും ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ നേരിട്ടുള്ള ആഘാതത്തിൽ ഒരു ക്രൂ അംഗത്തിനെങ്കിലും അതിജീവിക്കാൻ കഴിയും. 

എഎച് - 64 ഇക്ക് ഇൻഫ്രാ-റെഡ് സപ്രസിങ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമുണ്ട്, കൂടാതെ ചാഫും ഫ്ലെയർ ഡിസ്പെൻസറുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ രണ്ട് സവിശേഷതകളും കൂടിച്ചേർന്ന്, ശത്രുവിന്റെ വ്യോമ പ്രതിരോധ മിസൈലുകൾ ആക്രമിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

തലചലിപ്പിക്കുന്നിടത്തേക്കു ഗണ്ണെത്തും!

അപ്പാച്ചെയുടെ വിപ്ലവകരമായ സവിശേഷതകളിൽ ഒന്ന് അതിന്റെ ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേയാണ്. പൈലറ്റിനോ ഗണ്ണറിനോ ഹെലികോപ്റ്ററിന്റെ 30 എംഎം ഓട്ടോമാറ്റിക് എം 230 ചെയിൻ ഗൺ അവരുടെ ഹെൽമെറ്റിൽ കണക്ട് ചെയ്തു തല ചലിപ്പിക്കുന്നിടത്തേക്കു നയിക്കാനാവും. രാത്രിയിലും പകലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനുള്ള ശേഷിയോടെയാണ് എഎച്-64 രൂപകൽപന ചെയ്തിരിക്കുന്നത്.

2023 മാർച്ച് 2നു  യുഎസ് ആർമിയുടെഅപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഔദ്യോഗികമായി അഞ്ച് ദശലക്ഷം ഫ്ലൈറ്റ് മണിക്കൂറിൽ എത്തി. ഈ നേട്ടം 208,333 ദിവസത്തിലധികം അല്ലെങ്കിൽ 570 വർഷവും ഒമ്പത് മാസവും നിർത്താതെ പറക്കുന്നതിന് തുല്യമാണ്. നിലവിൽ എഎച്-64ഇ അപ്പാച്ചെ കൂടാതെ ഡി മോഡൽ അപ്പാച്ചെകളും യുഎസ് ആർമിക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com