ഇന്ത്യൻ മഹാസമുദ്രത്തിൽ ആശങ്ക പരത്തി ചൈനീസ് ചാരക്കപ്പൽ; ഒടുവിൽ തിരിച്ചുപോയി
Mail This Article
ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച് സുരക്ഷ സംബന്ധിച്ച ആശങ്കയുണ്ടാക്കിയ ചൈനീസ് കപ്പൽ തിരികെ പോയി. ഗവേഷണക്കപ്പലെന്ന് ചൈന വിശേഷിപ്പിക്കുന്ന ഷിയാൻ 6 എന്ന കപ്പലാണ് തിരികെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള തുറമുഖത്തേക്ക് എത്തിയത്. 37 ചൈനീസ് ഗവേഷകരുമായാണ് സെപ്റ്റംബറിൽ കപ്പൽ എത്തിയത്. 83 ദിവസങ്ങളിലായി കാൽലക്ഷത്തിലധികം കിലോമീറ്റർ കപ്പൽ സഞ്ചരിച്ചിരുന്നു. ഇന്ത്യയുടെയും യുഎസിന്റെയും മറ്റും എതിർപ്പുയർത്തിക്കൊണ്ട് ശ്രീലങ്കയിലെ തുറമുഖത്ത് കപ്പൽ ഡോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതു ഗവേഷണക്കപ്പലൊന്നുമല്ലെന്നും മറിച്ച് ചൈനയ്ക്കായി വിവരങ്ങൾ ചോർത്താൻ വന്ന ചാരക്കപ്പലാണെന്നും ശക്തമായ അഭ്യൂഹവും ഉയർന്നിരുന്നു.
ഈ ചാരക്കപ്പലിന്റെ ശ്രേണിയിലുള്ള മറ്റൊരു കപ്പലായ യുവാൻ വാങ് 5 കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിട്ടശേഷം പിന്നീട് തെക്കൻ ചൈനാക്കടലിലേക്കു മടങ്ങിയിരുന്നു. അന്നിത് ഇവിടെയെത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചു. ചാരക്കപ്പൽ, റികണൈസൻസ് കപ്പലുകൾ തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്ന സ്പൈഷിപ്പുകൾ പൊതുവെ ഇന്റലിജൻസ് വിവരം ചോർത്തുന്നവയാണ്.
മറ്റൊരു രാജ്യത്തിൽ നിന്നോ സേനയിൽ നിന്നോ വിവരങ്ങൾ ചോർത്താൻ വരുന്ന ഏതു കപ്പലിനെയും ചാരക്കപ്പലിന്റെ വിഭാഗത്തിൽ പെടുത്താം. പൊതുവെ സർക്കാരുകളാണ് ചാരക്കപ്പലുകളുടെ നിയന്ത്രണം നടത്തുന്നത്. മത്സ്യബന്ധന നൗകകളായോ പര്യവേക്ഷണ യാനങ്ങളായോ അല്ലെങ്കിൽ ഖനന കപ്പലായോ അങ്ങനെ പല 'ലുക്കിലും വർക്കിലും' ചാരക്കപ്പലുകളെത്താം.
കപ്പലുകളായതിനാൽ നാവികസേനയുടെ കീഴിലാകും പൊതുവെ ചാരക്കപ്പലുകൾ. എന്നാൽ ചിലപ്പോഴൊക്കെ രഹസ്യസേനകളും ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാറുണ്ട്.ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ആദ്യകാല ചാരക്കപ്പൽ യുഎസിന്റെ ഗോൾഡ് സ്റ്റാർ എന്ന കപ്പലായിരുന്നു.
1920 മുതൽ 30 വരെയുള്ള കാലയളവിൽ ജപ്പാനിലേക്കും ചൈനയിലേക്കും ഫിലിപ്പൈൻസിലേക്കുമൊക്കെ യാത്രക്കപ്പലെന്ന വ്യാജേന ഗോൾഡ് സ്റ്റാർ യാത്രകൾ നടത്തി. എന്നാൽ ജപ്പാന്റെ സേനാവിന്യാസത്തിന്റെ വിവരങ്ങൾ അറിയുകയായിരുന്നു ഈ കപ്പലിന്റെ ലക്ഷ്യം. പേൾ ഹാർബർ ആക്രമണം സംഭവിക്കുന്നതിനു മുൻപ് ഇത്തരം ധാരാളം വിവരങ്ങൾ ഗോൾഡ് സ്റ്റാർ അമേരിക്കൻ അധികൃതർക്കു നൽകിയിരുന്നു.