'സമയം വൈകുന്നു..അവരെ തിരികെ എത്തിക്കൂ'; ടെൽ അവീവിലേക്കു മാർച്ച് ചെയ്തു ആയിരങ്ങൾ, ഇസ്രയേലിൽ പ്രതിസന്ധി
Mail This Article
അവസാന ബന്ദിയേയും മോചിപ്പിക്കുന്നതുവരെ വിജയമില്ലെന്നും അവരുടെ മോചനത്തിനായ സർക്കാർ മുൻകൈയെടുക്കണമെന്നുമുള്ള മുദ്രാവാക്യം വിളികളുമായി ടെൽ അവീവിൽ സൈനിക ആസ്ഥാനത്തേക്കു പ്രകടനം നടത്തി ആയിരങ്ങൾ. ഗാസയിൽ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധ വാർത്തകൾ ഇസ്രയേൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നവംബർ അവസാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ കരാറിൽ 105 ബന്ദികളെ ഹമാസിന്റെ തടവിൽ നിന്ന് മോചിപ്പിച്ചതിന് ശേഷവും നൂറോളം ബന്ദികൾ ഗാസയിൽ അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രിയപ്പെട്ടവരെ മോചിപ്പിക്കാൻ സർക്കാർ നിഷ്‌ക്രിയത്വം കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഗാസയിലെ ബന്ദികളുടെ കുടുംബങ്ങൾ നിരാഹാര സമരം ആരംഭിക്കുന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തിരുന്നു.
ഗാസയിലെ യുദ്ധം പുനരാരംഭിക്കുന്നത് ഹമാസിനെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ബന്ദികളെ സംബന്ധിച്ച ചർച്ചകളിൽനിന്നും സർക്കാർ പിന്‍മാറുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാരണത്താൽ ഈ ആഴ്ച ആദ്യം മൊസാദ് മേധാവിയായ ഡേവിഡ് ബാർണിയ ചർച്ചകൾക്കായി ഖത്തറിലേക്കു പോകുന്നതിൽനിന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിലക്കിയിരുന്നു. പക്ഷേ പിന്നീടു മനസ് മാറിയതായും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയെ യൂറോപ്പിൽ കാണാൻ ബാർണിയയെ അയക്കാൻ സമ്മതിച്ചതായും റിപ്പോർട്ടുകൾ വന്നു.
ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരായിരുന്നു വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർ. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തതിനു പിന്നാലെയാണത്രെ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ മൂവരും കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചത്.
1200ലേറെ പേരാണ് ഹമാസിന്റെ ആക്രമണത്തിൽ മരിച്ചത്. ഏകദേശം 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. യുദ്ധം 2 മാസം പിന്നിടുമ്പോൾ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 19,000 കവിഞ്ഞു.