പോർച്ചുഗീസ് സൈന്യം 10000 ഡോളർ ഇനാം പ്രഖ്യാപിച്ച സൈനികൻ; ഇന്ത്യന് കരസേനയുടെ ലഫ്റ്റനന്റ് ജനറൽ സാഗത് സിങ്

Mail This Article
ഇന്നു കടന്നുപോകുന്നത് മറ്റൊരു കരസേനാദിനം.ഒരുപാടു യുദ്ധവീരൻമാർക്കു ജന്മമേകിയിട്ടുണ്ട് ഇന്ത്യൻ കരസേന. ഇക്കൂട്ടത്തിലൊരു തിളങ്ങുന്ന നാമമാണ് സാഗത് സിങ്. 1961ൽ ഗോവ തിരിച്ചുപിടിച്ച ദൗത്യത്തിലും 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിലും ശ്രദ്ധേയമായ റോൾ വഹിച്ച സൈനികനാണ് ലഫ്റ്റനന്റ് ജനറൽ സാഗത് സിങ്. രാജസ്ഥാനിലെ ബിക്കാനിറിൽ 1919ലാണ് സാഗത് സിങ് ജനിച്ചത്.ക്യാപ്റ്റൻ ബ്രിജിലാൽ സിങ് രാത്തോഡിന്റെയും ജാദൂ കൻവറിന്റെയും മകനായി.ബിക്കാനീറിലെ വാൾട്ടർ നോബിൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ശേഷം അവിടെത്തന്നെയുള്ള ദുംഗർ കോളജിൽ ബിരുദപഠനത്തിനായി ചേർന്നു. 1938ലാണ് സാഗത് സിങ്ങിന്റെ പട്ടാള ജീവിതത്തിനു തുടക്കം.സൈനിക ഓഫിസറായല്ല, മറിച്ച് ഒരു നായിക്ക് ആയിട്ടാണ് സിങ് കരസേനയിൽ ചേർന്നത്.
അന്ന് ബ്രിട്ടിഷ് നിയന്ത്രണത്തിലായിരുന്ന സൈന്യത്തിനൊപ്പം സാഗത് സിങ്ങും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു.തുടർന്ന് പടിപടിയായി സൈനിക റാങ്കുകളിൽ ഉയർച്ച. ഇതിനിടയിൽ ഇറാഖിലും ഇറാനിലും പല സാഹസിക ദൗത്യങ്ങളിലും പങ്കെടുത്തു.ഇന്ത്യ സ്വതന്ത്രയായപ്പോൾ സൈന്യത്തിൽ ബ്രിഗേഡ് മേജറായി അദ്ദേഹം സ്ഥാനമേറ്റു.മൂന്നാം ഗോർഖ റെജിമെന്റിലായിരുന്നു സേവനം.സൈനികരംഗത്ത് തുടർച്ചയായി മികവുറ്റ പ്രകടനങ്ങൾ നടത്തിയ അദ്ദേഹത്തെ തേടി ഒരു സവിശേഷമായ സ്ഥാനം ഇതിനിടെ എത്തി.ഇന്ത്യൻ കരസേനയുടെ പാരഷൂട്ട് ബ്രിഗേഡിന്റെ കമാൻഡർ എന്ന പദവി.
1961ലെ ഒരു ഡിസംബർ മാസം. സാഗത് സിങ്ങിനു പുതിയൊരു ദൗത്യം ലഭിച്ചു.ഗോവ പിടിച്ചടക്കുക എന്നതായിരുന്നു അത്. 1947ൽ ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം രാജ്യത്തിനു ലഭിച്ചെങ്കിലും ഗോവ പോർച്ചുഗീസ് മേഖലയായി തുടർന്നു.പലതവണ ഗോവ തിരിച്ചുനൽകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കുകയാണ് പോർച്ചുഗൽ ചെയ്തത്. ഗോവയിലെ ജനങ്ങൾക്കിടയിൽ പോർച്ചുഗീസ് വിരുദ്ധവികാരം രൂപപ്പെട്ടു.

‘ഓപ്പറേഷൻ വിജയ്’
1961 ഡിസംബർ 19നു കര, വ്യോമ, നാവിക സേനകളെ ദൗത്യത്തിനായി അണിനിരത്തി ഇന്ത്യ പോർച്ചുഗലിനെതിരെ ‘ഓപ്പറേഷൻ വിജയ്’ എന്ന സൈനികദൗത്യം തുടങ്ങി.മലയാളിയായ മേജർ ജനറൽ കെ.പി.കാൻഡേത്തിനായിരുന്നു ദൗത്യത്തിന്റെ നിർവഹണചുമതല.നിർണായകമായ ഒരു ദൗത്യമാണ് സാഗത്തിനെ കാത്തിരുന്നത്. ഗോവയുടെ വടക്കൻ അതിർത്തിയിൽ നിന്നു പ്രവേശിച്ച് തലസ്ഥാനമായ പനാജി പിടിക്കണം.
നാവിക,വ്യോമ മേഖലകൾ ഇന്ത്യ കൈയടക്കി കഴിഞ്ഞിരുന്നു.ശേഷിച്ച പോർച്ചുഗീസ് ശക്തി മുഴുവൻ പനാജിയിലാണു കേന്ദ്രീകരിച്ചിരുന്നത്.സാഗത്തും സംഘവും പനാജിയിലേക്കുള്ള പ്രയാണം ആരംഭിച്ചു.സ്ഫോടനങ്ങളും മൈനുകളുമെല്ലാം അവർക്കു നേരിടേണ്ടി വന്നു.ഇതെല്ലാം തരണം ചെയ്ത് അവർ മാണ്ഡോവി നദി കടന്നു പനാജിയിലേക്കെത്തി.താമസിയാതെ പോർച്ചുഗൽ അടിയറവ് പറഞ്ഞു.യുദ്ധ ഹെൽമെറ്റുകൾ ഊരിമാറ്റി, തങ്ങളുടെ റെജിമെന്റിന്റെ അഭിമാനമായ തലപ്പാവുകൾ അണിയാൻ സാഗത് സിങ് കൂടെയുള്ള സൈനികരോട് ആവശ്യപ്പെട്ടു.
ദീർഘകാലമായി പോർച്ചുഗീസ് ഭരണത്തിൽ അമർഷം പൂണ്ടിരുന്ന നാട്ടുകാർ തങ്ങളെ രക്ഷിക്കാനെത്തിയ സൈനികരെ ആഹ്ലാദത്തോടെ സ്വീകരിച്ചു.ഗോവയുടെ രക്ഷകൻ എന്ന നിലയിൽ സാഗത്ത് അവർക്കിടയിൽ അറിയപ്പെട്ടു. എന്നാൽ സാഗത് സിങ്ങിനോട് പോർച്ചുഗലിന് നല്ല പകയുണ്ടായിരുന്നു. അവർ സാഗത്തിനെ പിടികൂടി തങ്ങൾക്ക് കൈമാറുന്നവർക്ക് 10000 ഡോളർ ഇനാം പ്രഖ്യാപിക്കുകയും ഇതിന്റെ പോസ്റ്ററുകൾ പോർച്ചുഗീസ് തലസ്ഥാനം ലിസ്ബണിൽ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിൽ തലയ്ക്കു വില വീണ ചുരുക്കം ഇന്ത്യൻ സൈനികരിലൊരാളാണു സാഗത്ത്.
ബംഗ്ലദേശ് വിമോചന യുദ്ധം
ഓപ്പറേഷൻ വിജയ്ക്കു ശേഷം 10 വർഷങ്ങൾക്കു ശേഷം ബംഗ്ലദേശ് വിമോചന യുദ്ധം തുടങ്ങി. പാക്കിസ്ഥാന്റെ ഭരണത്തിലായിരുന്ന ബംഗ്ലദേശിനെ മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഇടപെട്ടു.അന്നു സൈന്യത്തിൽ ലഫ്.ജനറൽ എന്ന ഉയർന്ന സ്ഥാനത്തെത്തിയിരുന്നു സാഗത്ത്.ഇന്ത്യൻ കരസേനയുടെ ഭാഗമായ ഫോർ കോർ അഥവാ ഗജ്‌രാജ് യൂണിറ്റ് എന്ന സൈനികസംഘത്തെയാണ് അന്ന് അദ്ദേഹം നയിച്ചിരുന്നത്.
ബംഗ്ലദേശിലെ പ്രധാനപ്പെട്ട ഒരു നദിയാണ് മേഘ്ന. ഈ നദിക്ക് ഇപ്പുറമുള്ള പ്രദേശങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.മേഘ്ന കടന്ന് അപ്പുറം ചെന്നാൽ മാത്രമേ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലേക്കു മുന്നേറാൻ കഴിയുമായിരുന്നുള്ളൂ. നദി കടക്കാൻ അശുഗഞ്ച് ബ്രിജ് എന്ന പാലം കടക്കണം. എന്നാൽ പാക്ക് പട്ടാളം ഇവിടെ വലിയ തോതിൽ തമ്പടിച്ചിരുന്നതിനാൽ അതുവഴി പോകുന്നത് ആത്മഹത്യാപരമാകും. മറ്റൊരു പാലമുണ്ടായിരുന്നത് പാക്ക് സൈന്യം തകർത്തുകളയുകയും ചെയ്തു.എന്തു തന്നെയായാലും മേഘ്ന നദി കടന്നേ പറ്റൂ.എങ്കിൽ മാത്രമേ വിജയം സാധ്യമാകുകയുള്ളൂ.
തുടർന്നാണ് സാഗത്തിന്റെ യുദ്ധതന്ത്രജ്ഞത ശരിക്കും വെളിവായത്.ഇന്ത്യൻ പട്ടാളക്കാരെ ഹെലിക്കോപ്റ്ററിലേറ്റി അക്കരെയെത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു.വായിക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഒരുപാട് റിസ്കുകളുള്ള ഒരു ദൗത്യമായിരുന്നു ഇത്.ശത്രുവിന്റെ താവളത്തിലേക്കാണ് വലിയ പിന്തുണയില്ലാതെ സൈനികർ കയറിച്ചെല്ലുന്നത്.ഏതായാലും റിസ്കുകളെടുക്കാൻ യാതൊരു മടിയുമില്ലാത്ത ഇന്ത്യൻ സൈന്യം മുന്നേറാൻ തന്നെ തീരുമാനിച്ചു.
തുടർന്ന് വായുസേനയുടെ ഹെലിക്കോപ്റ്ററുകൾ ഇന്ത്യൻ ബ്രിഗേഡുകളെ എയർലിഫ്റ്റ് ചെയ്ത് അക്കരെയെത്തിക്കാൻ തുടങ്ങി.ഗജരാജ് യൂണിറ്റ് താമസിയാതെ തന്നെ ധാക്കയിലെത്തി.ബംഗ്ലദേശ് വിമോചനയുദ്ധത്തിലെ നിർണായകഘട്ടമായിരുന്നു.
പിന്നീട് പാക്ക് സൈന്യം ഇന്ത്യയുടെ കരുത്തിനു മുന്നിൽ അടിയറവ് പറഞ്ഞു. യുദ്ധത്തിൽ അടിയറവ് പറയുന്നതായി പാക്ക് ജനറൽ എ.എ.കെ. നിയാസി ഇന്ത്യൻ സൈന്യത്തിന് എഴുതി ഒപ്പിട്ടുകൊടുക്കുന്ന പ്രശസ്തമായ ചിത്രത്തിൽ സാഗത് സിങ്ങിനെയും കാണാം. റിട്ടയർമെന്റിനു ശേഷം ജയ്പുരിൽ വിശ്രമജീവിതം നയിച്ച അദ്ദേഹം 2001 സെപ്റ്റംബറിൽ അന്തരിച്ചു. രാജ്യം അദ്ദേഹത്തിനു പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.