ADVERTISEMENT

മൊസാദ് - ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടന എന്നുള്ള വിശേഷണത്തിനുപരി ഈ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത് ശത്രുരാജ്യങ്ങളിൽ നുഴഞ്ഞു കയറി അവർ നടപ്പാക്കിയ പ്രതികാര കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഉൾപ്പെടെയുള്ള അതിസാഹസിക ദൗത്യങ്ങളാണ്. കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ അണുവിട തെറ്റാതെയുള്ള ഇത്തരം ഓപ്പറേഷനുകളിൽ പലതും ഹോളിവുഡ് ആക്‌ഷൻ സിനിമകളെപ്പോലും വെല്ലുന്നവയാണ്. ഇസ്രയേൽ രൂപീകൃതമായി ഏതാണ്ട് ഒരു വർഷത്തിനു ശേഷം, 1949 ൽത്തന്നെ മൊസാദ് എന്ന ചാരസംഘടന നിലവിൽ വന്നെങ്കിലും ആദ്യകാലങ്ങളിൽ സൈനിക വിഭാഗത്തിനു നിർണായക വിവരങ്ങൾ കൈമാറുക മാത്രമാണ് അവർ ചെയ്തിരുന്നത്.

Mossad Representative Image: Anelo/ShutterStock
Mossad Representative Image: Anelo/ShutterStock

ലോകമെങ്ങുമുള്ള ജൂത സമൂഹത്തിന് സുരക്ഷയും പിന്തുണയും നൽകുക എന്നതായിരുന്നു രൂപീകൃതമായ നാളുകളിൽത്തന്നെ ഈ സംഘടനയുടെ മുഖ്യ നയങ്ങളിൽ ഒന്ന്. 1951 ആയപ്പോഴേക്കും മൊസാദ് രാജ്യാന്തര രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ സജീവമായി. എന്നാൽ ഒരു അന്യരാജ്യത്തെ പ്രകോപിപ്പിച്ചുകൊണ്ട് ആദ്യ രാജ്യാന്തര ഓപ്പറേഷൻ മൊസാദ് നടപ്പിലാക്കുന്നത് 1960 കളുടെ ആരംഭകാലത്താണ്. വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ച ആ ചരിത്ര സംഭവമാണ് ഇവിടെ വിവരിക്കുന്നത്. 

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച നാളുകൾ. നാത്‌സികളുടെ സമ്പൂർണ പതനം ഉറപ്പാക്കിയ ശേഷം സഖ്യകക്ഷികളും സോവിയറ്റ് യൂണിയനും മത്സരിച്ചു തിരഞ്ഞത് ഹിറ്റ്ലറുടെ സംഘത്തിലെ പ്രധാനികൾക്കു വേണ്ടിയായിരുന്നു. ഹിറ്റ്ലർ ഉൾപ്പെടെ നാത്‌സി ഭരണകൂടത്തിലെ കുപ്രസിദ്ധരായ പലരും ആത്മഹത്യ ചെയ്തപ്പോൾ അന്വേഷകർ പിന്നീടു ലക്ഷ്യമിട്ടത് ലിസ്റ്റിൽ അതുവരെ ഉൾപ്പെടാതെ മറഞ്ഞിരുന്ന ചില നാത്‌സി ഉദ്യോഗസ്ഥരെയായിരുന്നു. കോൺസൻട്രേഷൻ ക്യാംപുകളിൽ അരങ്ങേറിയ കൂട്ടക്കൊലകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നാത്‌സി പ്രവർത്തകരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോഴാണ് ജൂത പീഡനങ്ങളുടെ സൂത്രധാരനായ ഒരു നാത്‌സി ഓഫിസറുടെ പേര്‌ ഉയർന്നു വന്നത്– അഡോൾഫ് ഐക്‌മാൻ 

adolf-eichman - 1
Adolf Eichmann, Image Credit: Israeli GPO photographer, Public domain, via Wikimedia Commons

ഹോളോകോസ്റ്റ് ദുരന്തങ്ങളുടെ അമരക്കാരിൽ പ്രധാനി

എസ്എസ് (സീക്രട്ട് സർവീസ്) എന്ന കുപ്രസിദ്ധ ചാര സംഘടനയിലെ പ്രധാനി, മുതിർന്ന നാത്‌സി പാർട്ടി അംഗം എന്നീ വിശേഷണങ്ങൾക്കു പുറമേ ഐക്‌മാനെ വ്യത്യസ്തനാക്കിയത് മറ്റു ചില വിവരങ്ങളായിരുന്നു. ജൂതരെ പ്രത്യേകമായി പാർപ്പിച്ചിരുന്ന ഗെറ്റോകളുടെ നിർമാണം, വിപുലമായ കോൺസൻട്രേഷൻ ക്യാംപുകൾ, ഗ്യാസ് ചേംബറുകൾ എന്നിവയുടെയൊക്കെ രൂപീകരണം എന്നിങ്ങനെ ജൂത സമൂഹത്തെ പടിപടിയായി കൊലക്കളത്തിലേക്ക് നയിച്ച എല്ലാ സംവിധാനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം. നാത്‌സി പാർട്ടി അധികാരത്തിൽ വന്ന നാൾ മുതൽ ഐക്‌മാൻ കൂടുതലും പ്രവർത്തിച്ചതും ശ്രദ്ധിച്ചതും ജൂത ഉന്മൂലനത്തിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും മാത്രമായിരുന്നു. 

ഏതാണ്ട് 60 ലക്ഷം ജൂതരെ മരണത്തിലേക്കു നയിച്ച ഹോളോകോസ്റ്റ് ദുരന്തങ്ങളുടെ അമരക്കാരിൽ പ്രധാനിയായ ഐക്‌മാൻ

കോൺസൻട്രേഷൻ ക്യാംപുകളിലെ മറ്റൊരു കുപ്രസിദ്ധ നാത്‌സി ഉദ്യോഗസ്ഥനായിരുന്ന റുഡോൾഫ് ഹസ് ആണ് ഐക്‌മാന് എതിരെ പ്രധാനമായും മൊഴി നൽകിയത്. ഏതാണ്ട് 60 ലക്ഷം ജൂതരെ മരണത്തിലേക്കു നയിച്ച ഹോളോകോസ്റ്റ് ദുരന്തങ്ങളുടെ അമരക്കാരിൽ പ്രധാനിയായ ഐക്‌മാനെ പിടികൂടാനായി യുറോപ്പിലെമ്പാടും തിരച്ചിൽ ആരംഭിച്ചു. അമേരിക്കൻ ചാരസംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യഘട്ട അന്വേഷണം ഫലം കണ്ടില്ല. യുദ്ധാനന്തരം തന്നെക്കുറിച്ചുള്ള സകല തെളിവുകളും നശിപ്പിച്ച് ഒളിവിൽ പോയ ഐക്‌മാൻ ജീവനോടെയുണ്ട് എന്ന കാര്യത്തിൽ മാത്രം ഒരു സ്ഥിരീകരണം വന്നു.

യഥാർഥത്തിൽ, യുദ്ധം അവസാനിച്ച 1945 ൽത്തന്നെ ഐക്‌മാൻ സഖ്യസേനയുടെ പിടിയിലാവുകയും മറ്റ് നാത്‌സി സൈനികരോടൊപ്പം തടവിലാക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ 'ഓട്ടോ ഐക്‌മാൻ' എന്ന വ്യാജപ്പേരിൽ ചില രേഖകൾ കൈവശം വച്ചിരുന്നതിനാൽ ഇയാളെ അധികൃതർക്ക് തിരിച്ചറിയുവാൻ സാധിച്ചില്ല. താമസിയാതെ തടവിൽനിന്നു രക്ഷപ്പെട്ട ഐക്‌മാൻ 'ഓട്ടോ ഹെറിൻഗെർ' എന്ന മറ്റൊരു വ്യാജപ്പേരിൽ കുറച്ചു വർഷങ്ങൾ കൂടി ജർമനിയിലെ ചില ഗ്രാമപ്രദേശങ്ങളിൽ കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ തനിക്കു പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ ഐക്‌മാൻ ഇക്കാലയളവിൽ സ്വന്തം കുടുംബത്തെപ്പോലും ബന്ധപ്പെടുവാൻ ശ്രമിച്ചില്ല. 

many-names - 1

രഹസ്യം ചുരുളഴിയുന്നു..

വിവിധ പേരുകളിൽ വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചിരുന്ന ഐക്‌മാൻ 1950 ൽ ചില നാത്‌സി അനുഭാവികളുടെ സഹായത്തോടെ അർജന്റീനയിലേക്കു കപ്പൽ മാർഗം രക്ഷപ്പെട്ടു. അക്കാലത്ത് ആ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ തലവനായിരുന്ന ജുവാൻ പെറോൺ ഒരു നാത്‌സി അനുഭാവിയായിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ ഭരണകൂടത്തിൽ ഐക്‌മാന് അനായാസം ചില സുഹൃത്തുക്കളെ ലഭിച്ചു. 'റിക്കാർഡോ ക്ലമന്റ്' എന്ന പുതിയ പേര് സ്വീകരിച്ച ഐക്‌മാൻ രണ്ടു വർഷങ്ങൾക്കു ശേഷം ഭാര്യയെയും മക്കളെയും അർജന്റീനയിലെത്തിച്ച് പുതിയൊരു ജീവിതത്തിനു തുടക്കമിട്ടു. എൻജിനീയറിങ് രംഗത്ത് പ്രാവീണ്യമുണ്ടായിരുന്ന ഐക്‌മാന് അവിടെ ടുക്കുമാൻ എന്ന സ്ഥലത്ത് ഒരു നാത്‌സി പ്രവർത്തകന്റെ ചെറുകിട വ്യവസായ സംരംഭത്തിൽ ജോലി ലഭിച്ചു. 

ജോലിസ്ഥലത്തെ സഹപ്രവർത്തരിൽ അധികവും നാത്‌സി അനുഭാവികൾ ആയിരുന്നതിനാൽ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഒരവസരത്തിൽ ഐക്‌മാൻ തന്റെ യഥാർഥ ചരിത്രം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ജർമൻ സ്വദേശിയായ ജെറാർഡ് ക്ലെമ്മെർ എന്ന സഹപ്രവർത്തകൻ അത് ശ്രദ്ധിക്കുകയും ചെയ്‌തു. ക്ലെമ്മെർ ഈ വിവരം ജർമൻ അധികൃതർക്ക് കൈമാറിയെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. 1959 ൽ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ക്ലെമ്മെർ ജർമനിയിലേക്കു മടങ്ങി. ഐക്‌മാനാകട്ടെ പുതിയൊരു ജോലി തേടി തലസ്ഥാനമായ ബ്യുനസ് ഐറിസിൽ എത്തി അവിടെ മെഴ്‌സിഡീസ് ബെൻസ് ഫാക്ടറിയിൽ ഒരു ജോലി സംഘടിപ്പിക്കുകയും ചെയ്‌തു.

ജർമനിയിൽ മടങ്ങിയെത്തിയ ക്ലെമ്മെർ തന്റെ സുഹൃത്തായ ഒരു വൈദികനോട് ഈ രഹസ്യം പങ്കുവയ്ക്കുകയും അദ്ദേഹം വഴി ഫ്രിറ്റ്സ് ബ്യുവെർ എന്ന ജൂത ജർമൻ പ്രോസിക്യൂട്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. അർജന്റീനയിലായിരിക്കെ സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം ചേർന്ന് എടുത്ത ഒരു ഫോട്ടോ ക്ലെമ്മെറുടെ കൈവശം ഉണ്ടായിരുന്നു. ഈ ചിത്രത്തിൽ ഐക്‌മാനും ഉൾപ്പെട്ടിരുന്നു. 

dating
Kateryna Sheludko/IstockPhotos

ആ ഡേറ്റിങ്ങായിരുന്നു തുടക്കം

ഇസ്രയേലിലെ മൊസാദുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ബ്യുവെർ ഇത് വളരെ ഗൗരവത്തിൽ എടുത്തു. അതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഈ സംഭവത്തിന് കുറച്ചു വർഷങ്ങൾക്കു മുൻപ് ലൂഥർ ഹെർമൻ എന്നൊരാൾ അർജന്റീനയിൽനിന്ന് അദ്ദേഹത്തെ ബന്ധപ്പെടുകയും അഡോൾഫ് ഐക്‌മാൻ അവിടെ മറ്റൊരു പേരിൽ ഒളിവിൽ കഴിയുന്നു എന്ന സന്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ജർമനിയിൽനിന്ന് അർജന്റീനയിലേക്ക് കുടിയേറിയ, പാതി ജൂതൻ കൂടിയായ അയാളുടെ മകൾ സിൽവിയും ഐക്‌മാന്റെ മകൻ നിക്കോളാസുമായി ഡേറ്റിങ്ങിൽ ആയിരുന്നു. 

കാമുകിയുടെ ജൂത ബന്ധം അറിയാതിരുന്ന നിക്കോളാസ് തന്റെ പിതാവ് നടത്തിയ ജൂത പീഡനങ്ങളുടെ കഥകൾ പതിവായി അവരോട് വിളമ്പുമായിരുന്നു.

കാമുകിയുടെ ജൂത ബന്ധം അറിയാതിരുന്ന നിക്കോളാസ് തന്റെ പിതാവ് നടത്തിയ ജൂത പീഡനങ്ങളുടെ കഥകൾ പതിവായി അവരോട് വിളമ്പുമായിരുന്നു. ചില ജൂത മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന ഐക്‌മാന്റെ ചിത്രങ്ങൾ മുൻപ് ഹെർമൻ കണ്ടിട്ടുണ്ടായിരുന്നു. ആ വ്യക്തിയും നിക്കോളാസിന്റെ പിതാവുമായുള്ള അസാധാരണ സാമ്യവും അദ്ദേഹത്തിൽ ചില സംശയങ്ങൾ ജനിപ്പിച്ചു. മാത്രമല്ല അർജന്റീനയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ചില നാത്‌സി അനുകൂല പ്രസിദ്ധീകരണങ്ങളിൽ ഐക്‌മാൻ എഴുതിയ ചില ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. 1945 നു മുൻപ് എഴുതിയവ എന്ന ആമുഖത്തോടെ വന്ന ഈ കുറിപ്പുകളും ബ്യുവെറിൽ സംശയം ജനിപ്പിച്ചിരുന്നു. വിവരം ജർമൻ അധികൃതരെ അറിയിച്ചാൽ അവർ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രമേ ഐക്‌മാനെ തിരികെയെത്തിക്കാൻ ശ്രമിക്കുകയുള്ളൂ.

അർജന്റീനയിൽ നാത്‌സി അനുകൂല ഭരണകൂടത്തിന്റെ തണലിൽ കഴിയുന്ന ഐക്‌മാനെ ഇത് കൂടുതൽ ജാഗരൂകനാക്കുവാൻ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബ്യുവെറിന് നിശ്ചയമുണ്ടായിരുന്നു അദ്ദേഹം മൊസാദുമായി ബന്ധപ്പെടുകയും ഈ വിവരങ്ങളെല്ലാം പങ്കുവയ്ക്കുകയും ചെയ്‌തു. അഡോൾഫ് ഐക്‌മാൻ അർജന്റീനയിൽ ഒളിവിൽ കഴിയുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥിരീകരണം വന്നതോടെ അയാളെ ജീവനോടെ പിടികൂടി കൊണ്ടുവരാനായിരുന്നു അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിൻ മൊസാദിനോട് ആവശ്യപ്പെട്ടത്. അക്കാലത്ത് മൊസാദിന്റെ തലവനായിരുന്ന ഐസ്സർ ഹരേൽ ദൗത്യത്തിന്റെ ഏകോപനം നേരിട്ട് ഏറ്റെടുത്തു. 

'ഓപ്പറേഷൻ ഗരീബ് ഹൽഡി' 

കാര്യങ്ങൾ വേഗത്തിൽ നീങ്ങി. 12 അംഗ മൊസാദ് സംഘം 1960 മാർച്ച് ആരംഭത്തോടെ വ്യത്യസ്ത മാർഗങ്ങളിലൂടെ ബ്യുനസ് ഐറിസിൽ എത്തിച്ചേരുകയും നഗരപ്രാന്തത്തിലെ ഒരു വാടക വീട് താൽക്കാലിക കേന്ദ്രമാക്കുകയും ചെയ്‌തു. ഇതിനിടയിൽ അഡോൾഫ് ഐക്‌മാൻ ഗരീബ്ഹൽഡി ഭാഗത്തേക്ക് താമസം മാറിയിരുന്നു. എന്നാൽ അയാളുടെ മകന്റെ കാമുകി നിരീക്ഷണത്തിൽ ഉണ്ടായിരുന്നതിനാൽ വളരെ പെട്ടെന്നു തന്നെ മൊസാദ് സംഘത്തിന് ഐക്‌മാന്റെ പുതിയ താമസ സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. അവിടെ ഐക്‌മാൻ താമസിച്ചിരുന്ന സ്ഥലത്തിന് അടുത്തെങ്ങും മറ്റ് വീടുകൾ ഇല്ലായിരുന്നു എന്നതും അന്വേഷണ സംഘത്തിന് ആശ്വാസം പകർന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 'ഓപ്പറേഷൻ ഗരീബ് ഹൽഡി' എന്നാണ് ഈ ഉദ്യമത്തിനു പേര് നൽകിയത്. 

secret-agent-3 - 1
Image Credit: Canva AI

ദിവസങ്ങളോളം ഐക്‌മാനെ നിരീക്ഷിച്ച അന്വേഷണ സംഘത്തിന് അയാളുടെ യഥാർഥ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുവാനുള്ള ഒരു തെളിവും കിട്ടിയില്ല. ഒരു സാധാരണ കമ്പനിത്തൊഴിലാളിയെപ്പോലെ എന്നും രാവിലെ ബസിൽ ജോലിസ്ഥലത്തേക്കു പുറപ്പെടുകയും രാത്രി കൃത്യം 7.40 ന് അതേ രീതിയിൽ വീട്ടിൽ മടങ്ങിയെത്തുകയും ചെയ്‌തിരുന്ന ഈ 'സാധു' മനുഷ്യനാണോ തങ്ങൾ അന്വഷിക്കുന്ന നാത്‌സി ഭീകരൻ എന്ന ചിന്ത അവരെ ആശയക്കുഴപ്പത്തിലാക്കി. എന്നാൽ 1960 മാർച്ച് 21 ന് അന്വേഷണത്തിൽ ഒരു വലിയ പുരോഗതി സംഭവിച്ചു. അന്ന് ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തുമ്പോൾ ഐക്‌മാന്റെ കൈവശം ഒരു പൂച്ചെണ്ട് ഉണ്ടായിരുന്നു. പതിവിനു വിപരീതമായി ഭാര്യ വീട്ടുപടിക്കൽ ഇറങ്ങി വന്ന് അദ്ദേഹത്തെ ഏറെ ആഹ്ലാദത്തോടെ വരവേറ്റു. 

വീടിനുള്ളിൽ എന്തൊക്കെയോ ആഘോഷങ്ങൾ നടക്കുന്നതിന്റെ ശബ്ദകോലാഹലങ്ങൾ വെളിയിൽ കേൾക്കാമായിരുന്നു. അന്ന് ഐക്‌മാന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു. അതിന്റെ ആഘോഷമായിരുന്നു അകത്തു നടന്നത്. നാത്‌സി ജർമൻ കാലത്തെ ചില പഴയ രേഖകളിൽനിന്ന് ഐക്‌മാന്റെ വിവാഹത്തീയതി അന്വേഷണ സംഘം നേരത്തേ മനസ്സിലാക്കിയിരുന്നു താമസിയാതെ, കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിലെ ചില രേഖകളിൽനിന്ന് 'ഐക്‌മാൻ' എന്ന പേരും ഒപ്പും അന്വേഷണ സംഘത്തിന് ലഭിച്ചതോടെ ഓപ്പറേഷന്റെ അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു.

ആ 'സാധു' കുടുങ്ങുന്നു

വലിയ ആൾത്താമസമില്ലാത്ത മേഖലയിൽനിന്ന് ഐക്‌മാനെ തട്ടിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നില്ല. എന്നാൽ അയാളെ എങ്ങനെ രാജ്യത്തിനു പുറത്തെത്തിക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടയിൽ, മേയ് 20 ന് അർജന്റീന തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 150 ാം വാർഷിക ആഘോഷ പരിപാടികളിൽ പങ്കുചേരുവാനായി ഇസ്രയേൽ സർക്കാരിനെയും ക്ഷണിച്ചിരുന്നു.

ഈ അവസരം മുതലാക്കാൻ മൊസാദ് തീരുമാനിച്ചു. രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥ പ്രതിനിധികളുമായി എത്തുന്ന സ്വകാര്യ വിമാനത്തിന്റെ മടക്കയാത്രാവേളയിൽ ഐക്‌മാനെ കടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞു. വിശദമായ പ്ലാൻ തയാറായതോടെ 'ഓപ്പറേഷൻ ഫിനാലെ' എന്ന പേരിട്ട അടുത്തഘട്ടം ആരംഭിക്കുകയും അതിന് മുന്നോടിയായി മൊസാദ് തലവൻ ഐസ്സർ ഹരേൽ ഉൾപ്പടെ കൂടുതൽ സംഘാംഗങ്ങൾ അർജന്റീനയിൽ എത്തിച്ചേരുകയും ചെയ്തു. നാത്‌സികൾ വധിച്ച ചിലരുടെ അടുത്ത ബന്ധുക്കളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

1960 മേയ് 11 ന് രണ്ടു കാറുകളിലായി മൊസാദ് സംഘാംഗങ്ങൾ വൈകിട്ട് ഏഴു മണിക്കു തന്നെ ഐക്‌മാൻ പതിവായി ഇറങ്ങാറുള്ള ബസ് സ്റ്റോപ്പ് പരിസരത്ത് നിലയുറപ്പിച്ചു. അവിടെ ഇറങ്ങിയ ശേഷം പത്തു മിനിറ്റോളം നടന്നാണ് അയാൾ പതിവായി വീട്ടിലേക്ക് പോയിരുന്നത്.. എന്നാൽ 7.40 നുള്ള പതിവ് ബസിൽ അയാൾ എത്തിച്ചേർന്നില്ല. തൊട്ടു പിന്നാലെ വന്ന ബസിലും അയാൾ എത്താതിരുന്നതോടെ മൊസാദ് സംഘത്തിന് ആശങ്കയേറി. തങ്ങളുടെ സാന്നിധ്യം ഐക്‌മാൻ മണത്തറിഞ്ഞോ എന്നതായിരുന്നു അവരുടെ സംശയം. എന്നാൽ കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം 8.10 നുള്ള ബസിൽ അയാൾ അവിടെ വന്നിറങ്ങി

car-hunt
Image Credit: mikkelwilliam/Istock

"ഹലോ, ഒരു നിമിഷം"

വഴിയിൽ ഒരു കാർ കേടായിക്കിടക്കുന്നതു പോലെ തോന്നിപ്പിച്ചു കൊണ്ട് രണ്ടു പേർ അതിനു സമീപം നിലയുറപ്പിച്ചിരുന്നു. ഐക്‌മാൻ കാറിനു സമീപത്തു കൂടി കടന്നു പോയപ്പോൾ ‘ഹലോ, ഒരു നിമിഷം’ എന്ന് സ്പാനിഷ് ഭാഷയിൽ പറഞ്ഞുകൊണ്ട് എന്തോ ചോദിക്കാനെന്ന ഭാവേന അവർ തൊട്ടരികിലെത്തി അയാളെ കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിട്ടു. എന്താണു സംഭവിക്കുന്നതെന്ന് അയാൾക്കു മനസ്സിലാകും മുൻപു തന്നെ ആ കാർ മൊസാദിന്റെ  രഹസ്യ കേന്ദ്രത്തിലേക്ക് പാഞ്ഞു. തന്നെ പിടികൂടിയത് ഇസ്രയേൽ സംഘമാണെന് അവർ വെളിപ്പെടുത്തും മുൻപുതന്നെ ഐക്‌മാൻ തിരിച്ചറിഞ്ഞിരുന്നു . 

ഐക്‌മാനെ കാണാതായതോടെ പൊലീസിൽ പരാതി നൽകാൻ അദ്ദേഹത്തിന്റെ കുടുംബം ഒന്നു മടിച്ചു. അയാളുടെ യഥാർഥ ചിത്രം വെളിയിൽ വരുമോ എന്ന ആശങ്കയായിരുന്നു പ്രധാന കാരണം. മറ്റു വഴികളില്ലാതെ, കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ പരാതി നൽകിയപ്പോഴേക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ സുരക്ഷാ ചുമതലകളുമായി പൊലീസ് ഉദ്യോഗസ്ഥർ ഏറെ തിരക്കിലായിക്കഴിഞ്ഞിരുന്നു. ഇത് മൊസാദ് സംഘത്തിന് ആശ്വാസമായി. മേയ് 20 നുള്ള സർക്കാർ പരിപാടികളിൽ സംബന്ധിക്കുവാനായി ഇസ്രയേൽ പ്രതിനിധികളുമായുള്ള വിമാനം ബ്യുനസ് ഐറിസിൽ എത്തിച്ചേർന്നതോടെ ഓപ്പറേഷന്റെ അന്തിമഘട്ടം ആരംഭിച്ചു. 

മൊസാദ് സംഘത്തിലെ ഒരാൾ വാഹനാപകടത്തിൽപെട്ട് പരുക്കു പറ്റി എന്ന വ്യാജേന നഗരത്തിലെ ഒരു ആശുപത്രിയിൽനിന്ന് ചില രേഖകൾ സംഘടിപ്പിച്ചിരുന്നു. ഈ രേഖകളിൽ ഐക്‌മാന്റെ ഫോട്ടോയും വ്യാജ വിവരങ്ങളും ചേർത്ത്, അപകടത്തിൽ മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയാണെന്നു വരുത്തിത്തീർത്തു. ഐക്‌മാനെ മയക്കുമരുന്നു കുത്തിവച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വിമാനത്താവളത്തിലെത്തിക്കുകയും സുരക്ഷാ കടമ്പകൾ അനായാസം മറികടക്കുകയും ചെയ്‌തു. മണിക്കൂറുകൾക്കു ശേഷം, തങ്ങളുടെ ആദ്യ രാജ്യാന്തര ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി ലോകചരിത്രത്തിലെ ഏറ്റവും ഭീകരനായ ആ യുദ്ധക്കുറ്റവാളിയുമായി മൊസാദ് സംഘം ടെൽ അവീവ് വിമാനത്താവളത്തിൽ വന്നിറങ്ങി.

vicharana - 1
Represented Image: Canva AI

ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ട വിചാരണ 

മൊസാദിന്റെ ഈ നേട്ടം അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻഗുറിയനെ ജൂത സമൂഹത്തിന്റെ  എക്കാലത്തെയും വലിയ ഹീറോയാക്കി മാറ്റി. രണ്ടാം ലോകമഹായുദ്ധ കാലത്തെ ജൂത പീഡനങ്ങളുടെ സൂത്രധാരരിൽ പ്രധാനിയായ ഒരാളെ തങ്ങളുടെ കയ്യിൽത്തന്നെ വിചാരണ ചെയ്യാൻ കിട്ടിയത് ഇസ്രയേൽ നേതൃത്വത്തെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു. ഐക്‌മാൻ കസ്റ്റഡിയിലായി ഏതാണ്ട് 10 ദിവസങ്ങൾക്കു ശേഷം 1960 മേയ് ഇരുപത്തിമൂന്നിനാണ് പ്രധാനമന്ത്രി ബെൻഗുറിയൻ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 1961 ഏപ്രിൽ 11 ന് വിചാരണ ആരംഭിച്ചു. 

ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ട വിചാരണ എന്ന പ്രത്യേകതയും ഇതിനുണ്ട്. കൊടും കുറ്റകൃത്യങ്ങളുടേയും നൂറിലധികം സാക്ഷിമൊഴികളുടെയും പശ്ചാത്തലത്തിൽ, ഐക്‌മാൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1962 ജൂൺ ഒന്നിന് അഡോൾഫ് ഐക്‌മാൻ തൂക്കിലേറ്റപ്പെടുകയും മൃതദേഹം കത്തിച്ച ശേഷം ചാരം കടലിൽ വിതറുകയും ചെയ്‌തു. നാത്‌സി ഭരണ നേതൃത്വത്തിലെ പിടിക്കപ്പെട്ട മറ്റുള്ളവരെല്ലാം സഖ്യകക്ഷി ഭരണത്തിലായിരുന്ന ജർമനിയിലെ ന്യുറം ബെർഗ് കോടതിയിൽ വിചാരണ നേരിടുകയാണുണ്ടായത്.

അഡോൾഫ് ഐക്‌മാനെ മൊസാദ് തന്ത്രപരമായി പിടികൂടിയ ഈ ചരിത്ര സംഭവത്തെ അവലംബിച്ചു നിരവധി ചലച്ചിത്രങ്ങൾ പിൽക്കാലത്ത് വരികയുണ്ടായി. അവയിലെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നത് മകന്റെ കാമുകിയെ പിന്തുടർന്ന് അന്വേഷണ സംഘം ഐക്‌മാനിലേക്ക് എത്തിച്ചേർന്ന പശ്ചാത്തലമാണ്. ഐക്‌മാനെ കുറിച്ച് നിർണായക വിവരങ്ങളും ഫോട്ടോകളും അന്വേഷണ സംഘത്തിന് കൈമാറിയ ജെറാർഡ് ക്ലെമ്മെറിനെ കുറിച്ച് ഈ സിനിമകളിൽ ഒന്നിൽ പോലും പരാമർശമുണ്ടായിട്ടില്ല. അതിനൊരു കാരണമുണ്ട്. 

adolf-eichman-movie - 1
2018ൽ നെറ്റ്ഫ്ളിക്സിലെത്തിയ ഓപ്പറേഷൻ ഫിനാലെ

ഈ ഓപ്പറേഷനിൽ ക്ലെമ്മെറിനുള്ള പങ്കാളിത്തം അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം മൊസാദ് അതീവ രഹസ്യമാക്കി സൂക്ഷിക്കുകയാണുണ്ടായത്. എന്നാൽ 2021 ൽ, ജെറാർഡ് ക്ലെമ്മെർ മരിച്ച് 32 വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ കുടുംബം ഒരു ജർമൻ പ്രാദേശിക മാധ്യമത്തോട് ഈ വിവരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. അങ്ങനെയാണ് ഐക്‌മാന്റെ വിചാരണ പൂർത്തിയായതിന്റെ അൻപതാം വാർഷിക വേളയിൽ ലോകം ഈ രഹസ്യ ഓപ്പറേഷനിലെ നിർണായക ഇൻഫോർമറെപ്പറ്റി അറിയുന്നത്. പുതിയ വെളിപ്പെടുത്തലുകൾ നിഷേധിക്കുവാൻ മൊസാദോ ഇസ്രയേൽ ഭരണകൂടമോ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. 

'മരണത്തിന്റെ മാലാഖ' എന്ന് അറിയപ്പെട്ടിരുന്ന ജോസഫ് മെൻഗെലെ എന്ന മറ്റൊരു നാത്‌സി ഉദ്യോഗസ്ഥനും അർജന്റീനയിൽ ഒളിവിൽ കഴിയുന്നുണ്ടായിരുന്നു. എന്നാൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഐക്‌മാനെ അർജന്റീനയിൽനിന്നു തട്ടിക്കൊണ്ടു പോയതും വധിച്ചതും ആ രാജ്യത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. നാത്‌സി അനുകൂലികൾ ജൂതരെ പരസ്യമായി ആക്രമിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മെൻഗെലെയെ പിടികൂടാനുള്ള പദ്ധതി മൊസാദ് പിന്നീട് ഉപേക്ഷിച്ചു അഡോൾഫ് ഐക്‌മാൻ ഓപ്പറേഷന്റെ വിജയം മൊസാദിന് നൽകിയത് ഒരു പുത്തൻ ഉണർവായിരുന്നു. അതിൽ നിന്ന് പ്രചാദനം ഉൾക്കൊണ്ട് മൊസാദ് പിന്നീട് നടത്തിയ പല രാജ്യാന്തര ഓപ്പറേഷനുകളും ചരിത്രത്തിന്റെ ഭാഗമായി മാറി.

English Summary:

the major Holocaust perpetrator Adolf Eichmann was captured in Argentina by Israeli agents and brought to Israel to stand trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT