ADVERTISEMENT

അടിയന്തര സാഹചര്യം നേരിടാൻ ഏത് സമയത്തും എവിടെയും വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു എയർ ഡ്രോപ് പോർട്ടബിൾ ആശുപത്രി വിജയകരമായി പരീക്ഷിച്ച് വ്യോമസേന. വിമാനത്തില്‍ നിന്നും താഴേക്കിട്ട പോര്‍ട്ടബിള്‍ ആശുപത്രി സുരക്ഷിതമായി താഴെയെത്തി. ഭാരത് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് ഫോര്‍ സഹയോഗ്, ഹിത ആന്റ് മൈത്രി(BHISHM) എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടബിള്‍ ആശുപത്രിയാണ് അടിയന്തര സാഹചര്യങ്ങളില്‍ വളരെവേഗത്തില്‍ വൈദ്യസഹായം ഉറപ്പു വരുത്താന്‍ സഹായിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു പോര്‍ട്ടബിള്‍ ആശുപത്രി ആദ്യമായി ആകാശത്തു നിന്നും താഴേക്കിട്ടുള്ള പരീക്ഷണം നടന്നത്. 

ഏകദേശം 1,500 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തില്‍ നിന്നും പോര്‍ട്ടബിള്‍ ആശുപത്രി താഴേക്കിട്ടത്. ആഗ്രയിലെ എയര്‍ ഡെലിവറി റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(ADRDE) പ്രത്യേകം രൂപകല്‍പന ചെയ്ത പാരച്യൂട്ടുകളുടെ സഹായത്തിലാണ് പോര്‍ട്ടബിള്‍ ആശുപത്രി സുരക്ഷിതമായി താഴേക്കെത്തിയത്. ഏകദേശം 720 കിഗ്രാം ഭാരമുള്ളതാണ് ഈ പോര്‍ട്ടബിള്‍ ആശുപത്രി. 

ആരോഗ്യ മൈത്രി ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാന്‍ എയര്‍ മാര്‍ഷല്‍ രാജേഷ് വൈദ്യയുടെ സാന്നിധ്യത്തില്‍ ആര്‍മി പാര ഫീല്‍ഡ് ഹോസ്പിറ്റലിന്റെ കൂടി സഹകരണത്തിലായിരുന്നു പരീക്ഷണം സി 130 വിമാനത്തില്‍ നിന്നും നടത്തിയത്.ഒരു പോര്‍ട്ടബിള്‍ ആശുപത്രി വഴി 200 അടിയന്തര ശുശ്രൂഷ ആവശ്യമുള്ള രോഗികളെ വരെ പരിചരിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടെന്ന് വിവര,വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പറയുന്നത്. 'അടിയന്തര സാഹചര്യങ്ങളില്‍ കാര്യക്ഷമമായി പ്രതികരിക്കാനും വൈദ്യസഹായം നല്‍കുന്നതിനും വേണ്ട നിരവധി ഉപകരണങ്ങള്‍ അടങ്ങിയതാണ് ഈ എയ്ഡ് ക്യൂബ്. തല്‍സമയ നിരീക്ഷണത്തിനും കാര്യക്ഷമമായി വൈദ്യ സഹായം വിതരണം ചെയ്യുന്നതിനും നിര്‍മിത ബുദ്ധിയുടേയും ഡാറ്റ അനലക്റ്റിക്‌സിന്റേയും സാധ്യതകളും ഉപയോഗിക്കുന്നുണ്ട്' എന്നും വാര്‍ത്താക്കുറിപ്പ് പറയുന്നുണ്ട്. 

air-drop - 1
IAF

36 മിനി ക്യൂബുകള്‍ അടങ്ങിയ രണ്ട് വലിയ കൂടുകളാണ് ഈ പോര്‍ട്ടബിള്‍ ആശുപത്രിയിലുണ്ടാവുക. ഓരോന്നിലും ആകെ 72 ക്യൂബുകളിലുള്ള വൈദ്യ സഹായ ഉപകരണങ്ങളും ജീവന്‍ രക്ഷാ വസ്തുക്കളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സൈക്കിളിലോ ഡ്രോണുകളിലോ കാല്‍നടയായോ കൊണ്ടുപോയി ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാനാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം ഒന്നര കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവു വന്നിട്ടുള്ളത്. BHISHM ക്യൂബുകള്‍ വെള്ളം കടക്കാത്തതും ഭാരം കുറഞ്ഞവയുമാണ്. പല വലിപ്പത്തില്‍ ഇവയെ നിര്‍മിക്കാമെന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ അനുയോജ്യമായി ഇവ മാറുന്നുണ്ട്. 

വൈദ്യ സഹായം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളില്‍ അടിസ്ഥാന വൈദ്യ സഹായം തുടങ്ങി അത്യാധുനിക വൈദ്യ-ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വരെ ഇതുവഴി എത്തിച്ചുകൊടുക്കാനാവും. വെറും 12 മിനിറ്റുകൊണ്ട് ഈ എയ്ഡ് ക്യൂബിനെ വിന്യസിക്കാനാവും. ഓപറേഷന്‍ തിയേറ്റര്‍, എക്‌സ്‌റേ മെഷീന്‍, രക്ത പരിശോധനക്കുള്ള ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മുറിവ് മരുന്നു വെക്കുന്നതിനും കെട്ടുന്നതിനുമുള്ള സാധനങ്ങള്‍ എന്നിവയെല്ലാം ഇത്തരം എയ്ഡ് ക്യൂബുകള്‍ വഴി വിതരണം ചെയ്യാനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com