ADVERTISEMENT

ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ അവസാന ഘട്ട നിർണായ പരീക്ഷണം ഈ വർഷം നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസിലെ വക്താവ് സുധീർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസിന്റെ അവസാന പരീക്ഷണം നടക്കുക. 

 

ഇന്ത്യയുടെ ബ്രഹ്മാസ്ത്രമെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈല്‍ Su-30MKI പോര്‍വിമാനത്തില്‍ ഘടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ തന്നെ നടന്നിട്ടുണ്ട്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ബ്രഹ്മോസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറും. ബ്രഹ്മോസ് എയറോസ്‌പേസ് എംഡിയും സിഇഒയുമായ സുധീര്‍ മിശ്രയാണ് ബ്രഹ്മോസ് പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

 

ഇന്ത്യയുടെ മുന്‍നിര പോര്‍വിമാനമാണ് സുഖോയ്-30എംകെഐ. സുഖോയ് പോര്‍വിമാനത്തില്‍ നിന്നും വിവിധ ഉയരങ്ങളില്‍ വെച്ച് വായുവില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന പരീക്ഷണമായിരിക്കും നടക്കുക. കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് എ മിസൈലിന് 2.5 ടണ്‍ ഭാരമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വലിയ പോര്‍വിമാനമായ സുഖോയ്-30എംകെഐയില്‍ നിന്നു മാത്രമേ ഈ മിസൈല്‍ തൊടുക്കാനാകൂ. ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ബ്രഹ്മോസിനാകും. 

 

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന് ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്രയുടേയും റഷ്യന്‍ നദിയായ മോസ്‌കോവയുടേയും പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേര് ലഭിച്ചത്. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലെന്ന വിശേഷണവും ബ്രഹ്മോസിന് സ്വന്തം. നിരവധി മിസൈലുകളാണ് ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് ശ്രേണിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

 

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലകള്‍ക്ക് ഇടയിലേയും ചെങ്കുത്തായ പ്രദേശങ്ങളിലേയും മറ്റും ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസ് കൃത്യമായി തകര്‍ക്കും.

 

ബ്രഹ്മോസിന്റെ 300 കിലോമീറ്ററായിരുന്ന പരിധി 400 കിലോമീറ്ററാക്കി ഉയര്‍ത്താനും ഇപ്പോള്‍ ഇന്ത്യക്കാകും. 2017 ജൂണില്‍ ഇന്ത്യക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമില്‍ (എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമായത്. റഷ്യ അംഗമായ എംടിസിആറില്‍ അംഗമല്ലാത്ത മറ്റു രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. ഇതാണ് അംഗത്വം നേടിക്കൊണ്ട് ഇന്ത്യ മറികടന്നത്.

 

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിക്ഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.

 

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂർത്തിയായത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകാം. അതിനാൽ തന്നെ  പരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT