ADVERTISEMENT

ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ നിര്‍മാണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ചൈന. അവര്‍ അടുത്തിടെ പരീക്ഷിച്ച പുതിയ മിസൈലുകള്‍ അമേരിക്ക ഉൾപ്പടെയുള്ള ശത്രുരാജ്യങ്ങളെ ഭീതിപ്പെടുത്താൻ പ്രാപ്തിയുള്ളവയാണ്. താമസിയാതെ ഇവ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ചൈന വിജയകരമായി പരീക്ഷിച്ചു എന്നു പറയുന്ന സ്റ്റാറി-സ്‌കൈ 2 വിന് ഇന്നത്തെ ഏതു പ്രതിരോധ നെറ്റ്‌വര്‍ക്കും തകര്‍ക്കാനാകും.

 

അവര്‍ പുറത്തുവിട്ടതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുമായ വിഡിയോ ഒരു പ്രചാരണ ക്ലിപ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് അമിതമായി പ്രചാരണ ഉദ്ദേശത്തോടു കൂടി ഇറക്കിയതാണെങ്കില്‍ പോലും പുതിയ മിസൈലിന്റെ സാധ്യതകള്‍ കാണാതിരുന്നു കൂടാ. ചൈനീസ് സേനയുടെ പുതിയ മിസൈൽ മൂന്നു തലങ്ങളിൽ നിന്നും പ്രയോഗിക്കാൻ ശേഷിയുളളതാണ്. മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, ബോംബര്‍ വിമാനങ്ങൾ എന്നിവയിൽ നിന്നെല്ലാം ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും. യുദ്ധ രംഗത്ത് അപ്രതീക്ഷിത മുന്നേറ്റം കൈവരിക്കാനായേക്കുമെന്നു കരുതുന്ന ഈ പുതിയ മിസൈലിന്റെ വിഡിയോ ടെക് വിദഗ്ധരെ അദ്ഭുതപ്പെടുത്തുന്നതാണ്.

china-missile-

 

സൂചിമുന-കൃത്യതയോടെ ലക്ഷ്യത്തിലെത്താനാകുന്നതും തടയിടാനാകാത്തതുമാണ് ഈ മിസൈൽ. കംപ്യൂട്ടര്‍ നിര്‍മിത ബാലിസ്റ്റിക് മിസൈലിനെ നാമകരണം ചെയ്തിരിക്കുന്നത് ഡോങ്ഗ്‌ഫെങ്ഗ്-17 (Dongfeng-17) എന്നാണ്. ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെയ്ക്കിളാണ് (HGV) പോർമുനയെ മുന്നോട്ടുനയിക്കുന്നത്. ശത്രു രാജ്യങ്ങളുടെ പ്രതിരോധ സിസ്റ്റങ്ങളെ കബളിപ്പിച്ച് പറക്കുക മണിക്കൂറിൽ 12,000 കിലോമീറ്റര്‍ വേഗത്തിലായിരിക്കും. ഇതിന്റെ പറക്കലില്‍ പോലും പ്രത്യേകതയുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

china-missile-1

'പറക്കുന്ന വധശിക്ഷ'

 

പുതിയ മിസൈലിന്റെ വിവരങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ചൈന എയ്‌റോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷന്‍ (CASC) പങ്കുവച്ചത് യാദൃശ്ചികമല്ല. സിഎഎസ്‌സിയുടെ നിയന്ത്രണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൈയ്യിലാണ്. ഈ കോര്‍പറേഷനാണ് രാജ്യത്തിനുവേണ്ട മിക്കവാറും എല്ലാ ബാലിസ്റ്റിക് മിസൈലുകളും സൂക്ഷ്മതയോടെ നിര്‍മിച്ചെടുക്കുന്നത്. കാഴ്ചക്കാരെ ആവേശഭരിതരാക്കാനായി തയാര്‍ ചെയ്ത ആനിമേഷന്‍ ക്ലിപ്പിന് ഒരു ലക്ഷ്യമുണ്ട്– കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ഓഫ് ചൈനയുടെ മെംപര്‍മാരെ ആവേശ ഭരിതരാക്കാനാണിത്. മിസൈല്‍ ശത്രുവിന്റെ നാവിക സേനയെയും മുങ്ങിക്കപ്പലുകളെയും ഭൂഗര്‍ഭ കണ്ട്രോള്‍ സെന്ററുകളെയും കബളിപ്പിച്ചാണ് നീങ്ങുന്നത്. വിഡിയോ ക്ലിപ് രാജ്യസ്‌നേഹത്തില്‍ കുളിപ്പിച്ചെടുത്തതാണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ, ഇത് ആദ്യമായാണ് മിസൈല്‍ നിര്‍മാതാവ് തങ്ങളുടെ ബൂസ്റ്റ്-ഗ്ലൈഡ് ആയുധത്തിന്റെ പിന്നിലെ കാര്യങ്ങൾ പൊതുജനം അറിയാനായി പുറത്തുവിടുന്നത്.

 

വായു മണ്ഡലത്തിന്റെ തൊട്ടു വെളിയിലൂടെയായിരിക്കും ഇതു പറക്കുക. വെട്ടിച്ചു വെട്ടിച്ചായിരിക്കും നീങ്ങുക എന്നത് നിലവിലുള്ള ആന്റി മിസൈല്‍ സംവിധാനങ്ങള്‍ക്ക് താഴെ വിഴ്ത്തുക എന്നത് അതീവ ശ്രമകരമാക്കുമെന്നാണ് മിലിറ്ററി വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന വെയ്ഡോങ്‌സു ഗ്ലോബല്‍ ടൈംസ് പത്രത്തോടു പറഞ്ഞത്. മിസൈല്‍ വഹിക്കുന്ന നശീകരണ ആയുധങ്ങള്‍ക്കും ചിറകുകള്‍ ഉണ്ടാകും. അവയ്ക്ക് സ്വന്തം നിലയില്‍ വായുവില്‍ നില്‍ക്കാനും സാധിച്ചേക്കും. ഇവയെ അന്തരീക്ഷത്തിനും തൊട്ടു വെളിയില്‍ നിന്നായിരിക്കും തൊടുക്കുക. അവിശ്വസനീയമായ വേഗതയാണ് ഇതിന്റെ പ്രവര്‍ത്തനത്തെ ഭയാനകമാക്കുന്നത്.

china-missile-2

 

ശീത യുദ്ധ സമയത്തുണ്ടായിരുന്ന അണ്വായുധവും പേറി പറന്നിരുന്ന റീ-എന്‍ട്രി വെയ്ക്കിള്‍സിനേക്കാള്‍ പുതിയ ചൈനീസ് മിസൈലിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പറക്കല്‍ രീതിയാണ്. ദിശ മാറാനുള്ള കഴിവ് ഇതിനെ അത്യന്തം അപകടകാരിയാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയ്ക്ക് പരമ്പരാഗത ആയുധങ്ങളും വഹിക്കാൻ ശേഷിയുണ്ട്. ഇത്തരമൊരു മിസൈല്‍ ചൈനയുടെ എതിര്‍ ചേരിയിലുള്ള കമാന്‍ഡര്‍മാരെയും രാഷ്ട്രീയക്കാരെയും പേടിപ്പിച്ചേക്കാം. ഇത്തരം ഹൈപ്പര്‍സോണിക് മിസൈലിനെ നേരിടാന്‍ ശത്രു രാജ്യങ്ങള്‍ അണ്വായുധം തന്നെ പ്രയോഗിക്കുമോ എന്നാണ് ചിലര്‍ ഭയപ്പെടുന്നത്.

 

ആയുധ വ്യാപാരം കുതിക്കുന്നു

 

ഈ മിസൈലിന്റെ സാധ്യതകള്‍ അപാരമാണ് എന്നാണ് പറയുന്നത്. അണ്വായുധവുമായി പൊങ്ങിയ വിമാനത്തെ കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ചാരമാക്കാം. എതിര്‍ രാജ്യത്തിന്റെ ശക്തി, യുദ്ധം വരുന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നതിനു മുൻപെ ചോര്‍ത്തിക്കളയാം. ഭൂമിക്കടിയില്‍ ഏറ്റവും ആഴത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ബങ്കറുകളും നിഷ്പ്രയാസം നശിപ്പിക്കാം. അങ്ങനെ ഇതിന്റെ സാധ്യതകള്‍ അപാരമാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതികവിദ്യ ഒരുക്കാന്‍ അമേരിക്കയും റഷ്യയും മുതല്‍ ഓസ്‌ട്രേലിയയും വരെ ശ്രമിക്കുന്നുണ്ട്. 

ഹൈപ്പര്‍സോണിക് സേനകളോടാണ് ഇന്ന് രാജ്യങ്ങള്‍ക്ക് കമ്പം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ കൈവശമുള്ള പുതിയ അവന്‍ഗാര്‍ഡ് (Avangard) ഗ്ലൈഡ് വാഹനത്തെക്കുറിച്ചും കിന്‍സല്‍ (Kinzhal) എന്ന വിമാനത്തിലെത്തിക്കുന്ന ആയുധത്തെക്കുറിച്ചും വീരവാദം മുഴക്കാറുണ്ട്.

 

ഇത്തരം ആയുധ നിര്‍മാണത്തില്‍ പിന്നോട്ടു പോയ അമേരിക്ക ഇപ്പോള്‍ ശതകോടിക്കണക്കിനു ഡോളര്‍ എറിയുകയാണ്. ലോക്ഹീഡ് മാര്‍ട്ടിന്‍, റേതിയോണ്‍, ബോയിങ് തുടങ്ങിയ കമ്പനികളോടാണ് ഇത്തരം ആയുധങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമയോട് അടുത്തു നില്‍ക്കുന്ന ഒരുപറ്റം സാറ്റലൈറ്റുകളെ വിന്യസിക്കാനും അവര്‍ക്ക് ഉദ്ദേശമുണ്ട്. ശത്രു രാജ്യങ്ങള്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയയ്ക്കുന്നത് അറിയാനും അവയെ നിരീക്ഷണ പരിധിയില്‍ വയ്ക്കാനുമായിരിക്കും ഉപഗ്രഹങ്ങളെ ഉപയോഗിക്കുക. അമേരിക്ക സ്വന്തമായി ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവയെ അതീവ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കാനും ഈ സാറ്റലൈറ്റുകള്‍ ഉപകരിക്കും. ആവശ്യം വന്നാല്‍ ഉപഗ്രഹങ്ങള്‍ക്ക് യുദ്ധത്തിലിടപെടാനുള്ള ശേഷിയുണ്ടായരിക്കുമെന്നാണ് പെന്റഗണ്‍ ഉപദേഷ്ടാവ് മൈക്കിൾ ഗ്രിഫിന്‍ അടുത്തിടെ പറഞ്ഞത്.

 

ചെറുത്തു നില്‍ക്കുന്നവര്‍ നശിക്കും

 

ബെയ്ജിങ്ങിന്റെ മിലിറ്ററി കേന്ദ്രങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം കൈവരിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ യുദ്ധക്കൗശലങ്ങളെ തങ്ങള്‍ കവച്ചുവച്ചു കഴിഞ്ഞുവെന്നാണ് അവരുടെ വിലയിരുത്തല്‍. ചൈന തങ്ങളുടെ ഹൈപ്പര്‍സോണിക് ആയുധം രണ്ടുതവണ പരീക്ഷിക്കുകയെങ്കിലും ചെയ്തിരിക്കുന്നു. ഈ കാലത്തിന്റെ ഗതി അതിശക്തവും എല്ലാം കീഴടക്കുന്നതുമാണ്. അതനുസരിച്ചു ജീവിക്കുന്നവര്‍ നേട്ടമുണ്ടാക്കും. ചെറുത്തു നില്‍ക്കുന്നവര്‍ നശിക്കും. ശാന്തിയും വികസനവും പരസ്പര വിജയം ഉറപ്പാക്കുന്ന തരം സഹകരണവും ഒക്കെയാണ് നമ്മളുടെ കാലഘട്ടത്തിന്റെ രീതികള്‍. ഈ പൊതു ധാരണയ്ക്കെതിരെയുള്ള ഓരോ രാജ്യവും സ്വന്തമായി ആധിപത്യം നേടാന്‍ ശ്രമിച്ചാല്‍ അതു പരാജയപ്പെടുമെന്നതാണ് അവരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT