ADVERTISEMENT

2016 സെപ്റ്റംബർ 29 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ പാരാകമാൻഡോകൾ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷകം ആഘോഷിക്കുകയാണ്. മൂന്നു വർഷം മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കിന്റെ ചർച്ചകൾ  ഇപ്പോഴും സജീവമാണ്. ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളും പുസ്തകവും ഡോക്യുമെന്ററികളും വരെ പുറത്തുവന്നു. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ എങ്ങനെ ആക്രമിക്കാൻ കഴിഞ്ഞു? എന്തുകൊണ്ട് പാക്കിസ്ഥാൻ സൈനികരോ, വ്യോമ സേനയോ ഈ ആക്രമണം അറിയാതെ പോയി? എല്ലാം ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തി തന്നെയായിരുന്നു.

 

ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് സേനയെ സഹായിച്ചത്. ടെക്നോളജിയുടെ പിൻബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാൻ ഇന്ത്യൻ കമാൻഡോകൾക്ക് സാധിക്കുമായിരുന്നില്ല.  

 

ആക്രമണത്തിനു മുൻപ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ആദ്യം തന്നെ ഇന്ത്യൻ സേന തകർത്തിരുന്നു. ഇന്ത്യൻ സേനയും ഡിആർഡിഒയും ചേർന്ന് വികസിപ്പിച്ചെടുത്ത സംയുക്ത എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റമാണ് സർജിക്കിൽ സ്ട്രൈക്കിലും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം മറ്റു ചില വാർഫെയർ സിസ്റ്റങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തി. 

 

മൂന്നു കാര്യങ്ങൾക്കാണ് സംയുക്ത ഉപയോഗിക്കുന്നത്. 1. ഇന്ത്യൻ സേനയുടെ ആശയവിനിമയം, 2. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാൻ, 3. ശത്രുക്കളുടെ റഡാർ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ തകർക്കാൻ. ഇതൊരു സോഫ്റ്റ്‌വെയർ സംവിധാനമാണ്. 1.5 MHz 40 GHz ആണ് ഈ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റത്തിന്റെ ഫ്രീക്വൻസി. 

 

ലോ, മീഡിയം, ഹൈ ബാൻഡ് ഫ്രീക്വൻസികളിലും ഇത് പ്രവർത്തിക്കും. ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള ഏതൊരു ഇലക്ട്രോണിക് തരംഗവും ഈ സംവിധാനം പിടിച്ചെടുക്കും. സർജിക്കിൽ സ്ട്രൈക്കിന് മുൻപ് പാക്കിസ്ഥാന്റെ അതിർത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. വാഹനങ്ങളിൽ ഘടിപ്പിക്കാവുന്നതാണ് ഈ സംവിധാനം. നിലവിൽ സേനയുടെ കൈവശമുള്ള 145 സംയുക്ത സിസ്റ്റങ്ങൾ ഉപയോഗിച്ച് അതിർത്തി സുരക്ഷ ശക്തമാക്കാനും സാധിക്കും.

 

പാക്കിസ്ഥാന്റെ ടിപിഎസ്–77 റഡാറുകളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഇന്ത്യൻ സേനയ്ക്ക് പെട്ടെന്ന് തന്നെ തകർക്കാൻ സാധിക്കും. ക്യാംപുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ വരെ പൂർണമായും തകർക്കാൻ സാധിച്ചു. പാക്കിസ്ഥാന്റെ നെറ്റ്‌വർക്ക് സെന്ററിക് സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടതോടെ സംഭവിക്കുന്നത് എന്താണെന്ന് പോലും ഭീകരരും പാക് സൈനികരും അറിഞ്ഞില്ല.

 

അന്ന് സംഭവിച്ചതെന്ത്?

 

2016 സെപ്റ്റംബർ 28: ഇന്ത്യയുടെ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

 

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം.

 

എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ’ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിനു രണ്ടു വയസ്സു തികയുകയാണ്; പാക്ക് അതിർത്തിക്കപ്പുറം ഭീകരർ കെട്ടിയ ‘കോട്ട’ ഇന്ത്യൻ കമാൻഡോകൾ ആക്രമിച്ചു തകർത്തത് എങ്ങനെയാണ്? ആ നാൾവഴികളിലൂടെ ഒരു യാത്ര...

 

2016 സെപ്റ്റംബർ 18

 

ഉറി ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കു നേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെക്കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

 

സെപ്റ്റംബർ  19-20

 

ഇന്ത്യൻ ഇന്റലിജൻസിന്റെയും സേനയുടെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരരിൽ നിന്നു പിടിച്ചെടുത്ത ജിപിഎസ് ഉപകരണങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തം, എല്ലാവരും വന്നത് പാക്കിസ്ഥാനിൽ നിന്നാണ്. ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വഴി സേന ‘മാപ്’ ചെയ്തെടുത്തു. ജമ്മു കശ്മീരിലും അയൽ സംസ്ഥാനങ്ങളിലും സൈന്യത്തിന്റെ കനത്ത തിരച്ചിൽ.

 

സെപ്റ്റംബർ  21

 

ഉറി ആക്രമണത്തിനെത്തിയ ഭീകരരെ സഹായിച്ച രണ്ടു പേർ പിടിയിൽ. ആക്രമണത്തിലെ പങ്കു സംബന്ധിച്ചു പാക് നയതന്ത്ര പ്രതിനിധി അബ്ദുൽ ബാസിത്തിന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ തെളിവുകൾ കൈമാറി. എന്നാൽ ഇതെല്ലാം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. അതിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് കശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയിൽ ഉന്നയിച്ചു.

 

സെപ്റ്റംബർ  22

 

പാക്കിസ്ഥാന്റെ പങ്ക് തെളിഞ്ഞതോടെ തിരിച്ചടിക്കു തീരുമാനം. അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ സാധ്യതകളെപ്പറ്റി പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി മനോഹർ പരീക്കറിനും ദേശീയ സുരക്ഷാ ഏജൻസിക്കും (എൻഎസ്എ) കരസേനാതലവനും മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറലിന്റെ (ഡിജിഎംഒ) വിശദീകരണം. മിന്നലാക്രമണത്തിനു തയാറെടുക്കാൻ തീരുമാനം. ഇതിനായി 20 അംഗ കമാൻഡോ സംഘത്തെ ഒരുക്കിയത് നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ ഡി.എസ്.ഹൂഡ.

 

സെപ്റ്റംബർ 23

 

പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച. മിന്നലാക്രമണത്തിന് എൻഎസ്എയുടെ അനുമതി. സ്പെഷൽ കമാൻഡോ സംഘം പരിശീലനം ആരംഭിച്ചു. അതിർത്തിക്കപ്പുറം ഭീകരരുടെ താവളങ്ങൾ തിരിച്ചറിഞ്ഞു. പാക്ക് അധീന കശ്മീരിലെ രണ്ടു ഗ്രാമീണരും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും ഈ കേന്ദ്രങ്ങളുടെ കൂടുതൽ വിവരങ്ങൾ നൽകി.

 

ഇവിടങ്ങളിലെ സ്ഥിതിഗതികൾ നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (എൻടിആർഒ) സാറ്റലൈറ്റുകളുടെ നേതൃത്വത്തിൽ നിരീക്ഷിക്കാൻ തുടങ്ങി. ഭരണപരമായ ഏത് ഇടപെടലിനും സന്നദ്ധമായി സർക്കാർ തലത്തിൽ 24 മണിക്കൂറും പ്രവർത്തനം. ദൗത്യത്തിനു കമാൻഡോ സംഘവും സജ്ജമായി. 

 

സെപ്റ്റംബർ 24

 

‘ഉറി ആക്രമണം നാം മറക്കില്ല, മറുപടി കൊടുക്കുകതന്നെ ചെയ്യും...’ കോഴിക്കോട്ട് പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.

 

സെപ്റ്റംബർ 26

 

ആക്രമണതന്ത്രം സംബന്ധിച്ച ചർച്ചകൾക്കായി എൻഎസ്എ പ്രതിനിധികൾ, സേനാവിഭാഗം തലവന്മാർ, വിദേശകാര്യ സെക്രട്ടറി, ഇന്റലി‍ജൻസ് തലവന്മാർ,  എൻടിആർഒ തലവൻ, ഡിജിഎംഒ തുടങ്ങിയവരുടെ നിർണായക യോഗം. വിവരശേഖരണം, മിന്നലാക്രമണം, അപ്രതീക്ഷിത പ്രശ്നങ്ങളെ എങ്ങനെ നേരിടാം, ആക്രമണത്തിനൊടുവിൽ എങ്ങനെ സുരക്ഷിതമായി തിരികെയെത്താം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച. പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാമേധാവി ദൽബീർ സിങ് സുഹാഗ്, ഡിജിഎംഒ ലഫ്. ജനറൽ രൺബീർ സിങ്, എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ രൂപരേഖ തയാറാക്കുന്നു. 

 

സെപ്റ്റംബർ 28

 

രാത്രി പത്തോടെ പഞ്ചാബ്, ജമ്മു–കശ്മീർ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങി. പരിശീലനം ലഭിച്ച ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള പാക്ക് ‘ലോഞ്ച് പാഡു’കളായിരുന്നു കമാൻഡോ സംഘത്തിന്റെ ലക്ഷ്യം ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ നിയന്ത്രണരേഖയുടെ അടുത്തായിരിക്കില്ല. പല ക്യാംപുകളും നാൽപതോ അതിലധികമോ കിലോമീറ്റർ അകലെയാണെന്നാണു പറയപ്പെടുന്നത്. അവിടെ പരിശീലനം നൽകിയശേഷം ചെറിയ സംഘങ്ങളാക്കി നിയന്ത്രണരേഖയ്ക്കടുത്തുള്ള ‘ലോഞ്ച് പാഡു’കളെന്നറിയപ്പെടുന്ന താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോൾ ഇന്ത്യയിലേക്കു വിടുകയാണു പതിവ്. നിയന്ത്രണരേഖയോടു തൊട്ടുചേർന്നുള്ള പാക്ക് സൈനിക പോസ്‌റ്റുകളിൽനിന്ന് അൽപം പിന്നിലാണ് ഈ ലോഞ്ച് പാഡുകൾ.

 

പൊതുവേ നിയന്ത്രണരേഖയിൽ മോർട്ടാർ–മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോൾ ലോഞ്ച് പാഡിൽനിന്നു ഭീകരരെ തള്ളിവിടുകയാണു പാക്കിസ്‌ഥാൻ ചെയ്യുക പതിവ്. നിയന്ത്രണരേഖയിൽ നിന്ന് 2-3 കിലോമീറ്റർ മാറിയായിരുന്നു മിന്നലാക്രമണത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട പാക് ഭീകരരുടെ ഇടത്താവളങ്ങൾ. 

 

പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക്ക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന നാല് ലോഞ്ച് പാഡുകളില്‍നിന്നു സുരക്ഷിത അകലത്തിൽ ഇന്ത്യൻ കമാൻഡോ സംഘം മി–17 ഹെലികോപ്റ്ററുകളിൽ വന്നിറങ്ങി. പാക്ക് വ്യോമമേഖല ലംഘിക്കാതെ, എന്നാൽ നിയന്ത്രണരേഖ കടന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യം. ലോഞ്ച് പാഡുകൾ എവിടെയെന്ന് ഇന്റലിജൻസിൽ നിന്നു കൃത്യമായി വിവരങ്ങൾ ലഭിച്ചിരുന്നതിനാൽ കമാൻഡോകൾ പതിയെ ലക്ഷ്യത്തിലേക്കു നീങ്ങി.

 

ലക്ഷ്യസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം കണ്ണിൽ കാണുന്ന മുഴുവൻപേരെയും കൊലപ്പെടുത്താനായിരുന്നു സംഘാംഗങ്ങൾക്കു നൽകിയിരുന്ന നിർദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം ആക്രമണം. താവളത്തിനു സമീപത്തെ കാവൽക്കാരെ സ്നൈപർമാർ വെടിവച്ചിട്ടു. ശേഷിച്ച ഭീകരർക്കു നേരെ കമാൻഡോ സംഘത്തിന്റെ കനത്ത മിന്നലാക്രമണം. വാഹനങ്ങളും ആയുധപ്പുരകളും തകർത്തു. എം4എ1 കാർബൈൻ റൈഫിൾ, എം4എ1എസ് റൈഫിൾ, ഇസ്രയേലി നിർമിത ടാവർ ടാർ 21 റൈഫിൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഗാലിൽ സ്നിപ്പർ റൈഫിളുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.

 

കമാൻഡോ ഓപറേഷന്റെ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ ‘കമാൻഡ് സെന്ററി’ലിരുന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡിജിഎംഒയും ഇന്റലിജൻസ് തലവന്മാരും എൻടിആർഒ തലവനും വിവിധ സേനാതലവന്മാരും കണ്ടു. ഇന്ത്യൻ സൈന്യത്തിന്റെ റിപ്പോർട്ട് പ്രകാരം ഏഴ് ‘ലോഞ്ച് പാഡുകള്‍’ തകർത്തു, 45 ഭീകരരെ കൊലപ്പെടുത്തി. നിയന്ത്രണ രേഖയ്ക്കപ്പുറം പാക്കിസ്ഥാനു കീഴിലുള്ള ഭീംബെർ, ഹോട്ട്സ്പ്രിങ്, കെൽ, ലിപ സെക്ടറുകളിലായിരുന്നു മിന്നലാക്രമണം. 

 

ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ...

 

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയതെന്നു പിന്നീട് കമാൻഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റാൽ ഒരാളെ പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തയാറെടുപ്പുകൾ. ഭീകര കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ആദ്യം അറിയാതിരുന്ന പാക് സേന അപകടം തിരിച്ചറിഞ്ഞതോടെ  ഇന്ത്യൻ സംഘത്തിനു നേരെ നിരന്തരം വെടിയുതിർത്തു. മടക്കവഴിയിൽ തുറസ്സായ 60 മീറ്റർ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു.

 

ചുറ്റിനും വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ മൂളിച്ചകൾക്കിടയിലായിരുന്നു കമാൻഡോകൾ ഓരോ ഇഞ്ചും ഇഴഞ്ഞുനീങ്ങിയത്. കുഴിബോംബ് സ്ഫോടനത്തിൽ ഒരു കമാൻഡോയ്ക്കു മാത്രം കാലിനു ഗുരുതര പരുക്കേറ്റു. ശേഷിച്ചവർ സുരക്ഷിതരായി അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ചെയ്തു. സെപ്റ്റംബർ28ന് അർധരാത്രി ആരംഭിച്ച്  29നു രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ വിജയം.

 

സെപ്റ്റംബർ 29

 

മിന്നലാക്രമണ കമാൻഡോ സംഘത്തിന്റെ തലവനും അജിത് ഡോവലും പ്രധാനമന്ത്രിയെ കണ്ടു. യുഎസിന്റെ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസുമായി സംസാരിച്ച് ഡോവൽ വിവരങ്ങൾ ധരിപ്പിച്ചു. കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗവും വിളിച്ചു ചേർത്തു. പാക്ക് സൈനിക മേധാവിയെ വിളിച്ച് ഡിജിഎംഒ ആക്രമണ വിവരങ്ങൾ അറിയിച്ചു.

 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി നരേന്ദ്ര മോദി സംസാരിച്ചു. വിവിധ സംസ്ഥാന സർക്കാരുകൾക്കും വിവിധ പാർട്ടി നേതാക്കൾക്കും ആക്രമണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങൾ കൈമാറി. രാജ്യസുരക്ഷയ്ക്കു വേണ്ടി നടത്തിയ ഈ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനൊപ്പമാണെന്ന് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. 

 

ഉച്ചയ്ക്ക്12.30 

 

ലഫ്. ജനറൽ രൺബീർ സിങ് മാധ്യമങ്ങളെ കണ്ടു. മിന്നലാക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്ത്. 

 

ഒന്നും മിണ്ടാതെ പാക്കിസ്ഥാൻ!

 

മിന്നലാക്രമണത്തിനു പിന്നാലെ അതിർത്തിയിലും ഇന്ത്യ കാവൽ ശക്തമാക്കി. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും രാജ്യാന്തര അതിർത്തികളിൽ ജാഗ്രത പാലിക്കാൻ തങ്ങളുടെ എല്ലാ യൂണിറ്റുകൾക്കും ബിഎസ്എഫ് നിർദേശം നൽകി. അതിർത്തിയിൽ പട്രോളിങ്ങും ശക്തമാക്കി. പതിയിരുന്നുള്ള ആക്രമണങ്ങൾക്കെതിരെയും സൈന്യം ജാഗ്രതയോടെ നിന്നു. അതിർത്തിയിലൂടെയുള്ള സാധാരണക്കാരുടെ സഞ്ചാരത്തിനും വിലക്ക്. രാജ്യാന്തര അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പഞ്ചാബിൽ നിർദേശം. എന്നാൽ യാതൊന്നും സംഭവിച്ചില്ല, പാക്കിസ്ഥാൻ അനങ്ങിയില്ല. 

 

ഇതിനെപ്പറ്റി ലഫ്. ജനറൽ ഡിഎസ് ഹൂഡ പറഞ്ഞതിങ്ങനെ:

 

‘നിയന്ത്രണരേഖ കടന്നു തന്നെ ‘അടിച്ചത്’ പാക്കിസ്ഥാന് ശക്തമായൊരു സന്ദേശം നൽകാനാണ്. മറ്റു വഴികളിലൂടെയൊന്നും ഇതുപോലൊരു സന്ദേശം നൽകാനാകില്ല. നാഗാ പോരാളികൾക്കെതിരെ 2015 ജൂണിൽ മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിനെത്തുടർന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അവരുടെ വിദേശകാര്യ വക്താവിൽ നിന്നും പലതരം പ്രസ്താവനകൾ വന്നു. ‘മ്യാൻമറല്ല പാക്കിസ്ഥാൻ, ഞങ്ങൾക്കു നേരെ എന്തെങ്കിലും സാഹസത്തിന് ഇന്ത്യ തയാറെടുത്താൽ ഉചിതമായ മറുപടിയായിരിക്കും കിട്ടുക’ എന്ന വിധത്തിലായിരുന്നു പ്രസ്താവനകൾ.

 

പക്ഷേ മിന്നലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ ഒരു വിരലുപോലും അനക്കിയില്ല. അവര്‍ക്കു മേലുള്ള ഇന്ത്യയുടെ ധാർമിക വിജയം കൂടിയായിരുന്നു അത്. അതിർത്തി കടന്നുള്ള ആക്രമണമാണ് പാക്കിസ്ഥാനെ നിശബ്ദരാക്കിയത്. ദൂരെ നിന്നു മിസൈലു കൊണ്ടോ മറ്റോ മറുപടി കൊടുത്താൽ ഇത്തരത്തിലൊരു സന്ദേശം അവരിലേക്ക് എത്തില്ലായിരുന്നു. മിന്നലാക്രമണം നടന്നിട്ടില്ല എന്ന് പാക് ഭരണകൂടം പറഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു, അവരിൽ നിന്ന് വൻ തിരിച്ചടികളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്... ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT