ADVERTISEMENT

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒൗദ്യോഗികമായി ഏറ്റുവാങ്ങി. റഫാലിന്റെ നിർമാതാക്കളായ ഡാസോ ഏവിയേഷന്റെ ഫ്രാൻസിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിലാണ് രാജ്നാഥ് ആദ്യ വിമാനം ഏറ്റുവാങ്ങിയത്. ഇതുൾപ്പെടെ 4 റഫാൽ വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. 2022നകം മുഴുവൻ വിമാനങ്ങളുമെത്തും. വിജയദശമി ദിനത്തിൽ ഏറ്റുവാങ്ങിയ വിമാനത്തിൽ രാജ്നാഥ് ആയുധ പൂജ നടത്തി. പിന്നീട് അതിൽ പറന്നു. ഇന്ത്യ വാങ്ങുന്നത് ഫ്രാൻസിന്റെ കൈവശമുള്ള റഫാലിനേക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ട്.

 

ഫ്രാൻസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ പോർവിമാനം ടെക്നോളജിയുടെ കാര്യത്തിൽ ഏറ്റവും മികച്ചതാണ്. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച റഫാൽ പോർവിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമിച്ചിരിക്കുന്നത്. അസ്ത്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ എത്തുന്നത്.

 

പലപ്പോഴും പോർവിമാനത്തിന്റെ മികവു മാത്രമല്ല പ്രധാന ഘടകം. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള ‘സന്മനസ്സ്’, വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയർ പാർട്സുകൾ നൽകാനുള്ള ‘സന്മനസ്സ്’, വിൽക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമാണമികവിന് ഒരു സർട്ടിഫിക്കറ്റാണു മിറാജ് എന്നു പറയാം. സ്‌പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടായിട്ടില്ല.

 

എന്തിനാണ് റഫാൽ വിമാനം?

 

എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ‌, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ എന്തിന് ഇത്രയും വില നൽകി റഫാൽ വാങ്ങുന്നതെന്ന് സംശയം വരാം. കൂടാതെ തേജസ്സ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.

 

ഇവയ്‌ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് ഒരു പോരായ്‌മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്‌ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.

 

ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സുരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളിൽ വ്യോമസേനയ്‌ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.

 

നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്‌പെയർ പാർട്സുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റാഫേൽ വാങ്ങിയത്. അതും ലോകത്തിലെ മികച്ച റഫാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT