ADVERTISEMENT

ശ്രീലങ്കയിലെ എൽടിടിഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക ദൗത്യമായിരുന്നു ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽടിടിഇയിൽ നിന്നു പിടിച്ചെടുത്തെങ്കിലും ചെറിയൊരു ചതി കാരണം നഷ്ടമായത് നിരവധി സൈനികരെയാണ്. ആ ദൗത്യത്തിൽ 40 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 700 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ശ്രീലങ്കൻ പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എൽടിടിഇ ഭീകരരെ നേരിടാൻ സൈന്യത്തിനു അനുമതി നല്‍കിയത്. എന്നാൽ തമിഴ്‌പുലികളെ പെട്ടെന്ന് തന്നെ കൂട്ടിലടയ്‌ക്കാമായിരുന്ന ഒരു ദൗത്യം ചതി മൂലം പാളിപ്പോകുകയായിരുന്നു.

ദക്ഷിണ വ്യോമകമാൻഡിന്റെ ആദ്യ പ്രധാന ആക്രമണത്തിന് 22 വയസ് പൂർത്തിയായി. ആ ദൗത്യത്തിന്റെ കഥ, ഒപ്പം ഒരു ചതിയുടെ കഥ, ജീവൻ പണയപ്പെടുത്തി ദൗത്യം നിർവഹിച്ച വ്യോമസേനാനികൾ ഇന്ത്യൻ സൈനികരുടെ ജീവൻ ബലി കൊടുത്തു എന്ന പേരുദോഷത്തിന്റെ കഥ, ആരോപണങ്ങളിലും അർധസത്യങ്ങളിലും പറന്നുയർന്ന പോരാട്ടത്തിന്റെ യഥാർഥ കഥ, ഇതാ...

ദൂത്

ഒക്ടോബർ ഏഴ്, കൃത്യം 22 വർഷം മുൻപ് ശ്രീലങ്കയിലെ ജാഫ്‌നയിൽ ഇന്ത്യൻ ശാന്തിസേനയുടെ (ഐപികെഎഫ്) കമാൻഡർ ലഫ്‌റ്റനന്റ് ജനറൽ ദേപീന്ദർ സിങ് ജാഫ്‌ന യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തുന്നു. സാക്ഷാൽ വേലുപ്പിള്ള പ്രഭാകരനുമായി മുഖാമുഖം. സമാധാനപരമായ ഒത്തുതീർപ്പിന് അന്തിമശ്രമം. പക്ഷേ ശ്രമം നിഷ്‌ഫലം. ഒരിഞ്ചു വഴങ്ങില്ലെന്നും ഒത്തുതീർപ്പില്ലെന്നും പുലി പ്രഭാകരൻ തുറന്നടിക്കുന്നു. ദേപീന്ദർ സിങ് തിരികെ ഇന്ത്യൻ ക്യാംപിലെത്തും മുൻപെ തന്നെ എൽടിടിഇ ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണവും അഴിച്ചു വിട്ടു.

ആക്ഷൻ

തുറന്ന ആക്രമണം അപ്പോഴും തമിഴ് പുലികൾ ആരംഭിച്ചിരുന്നില്ല. അവിടെയും ഇവിടെയും ഒന്നുകയറി, ചൊറിഞ്ഞ് ചൊറിഞ്ഞ്... പ്രതികരണം അളക്കുകയാണവർ. പക്ഷേ ഇതു കണ്ടിട്ട് ആശ്വസിക്കേണ്ടെന്നും താമസിയാതെ ഇന്ത്യൻ സേനയ്‌ക്കുനേരെ കടുത്ത ആക്രമണം തന്നെയുണ്ടാവുമെന്നും ഇന്റലിജൻസിനു സൂചന ലഭിച്ചു.

പ്ലാൻ

ഒക്ടോബർ 11ന് പ്രഭാകരനും മഹാതീയ അക്കമുള്ള എൽടിടിഇ നേതൃനിരയും ജാഫ്‌ന യൂണിവേഴ്‌സിറ്റി വളപ്പിലെ ആക്ഷൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഒത്തുചേരുമെന്നു വിവരം. ഇനി കാത്തിരിക്കുന്നതിൽ അർഥമില്ല, ആഞ്ഞടിക്കാം, വളഞ്ഞു പിടിക്കാമെന്നു ധാരണ. പ്രത്യേക ഹെലികോപ്ടർ ഓപ്പറേഷൻ (സ്‌പെഷൽ ഹെലികോപ്ടർ ബോൺ ഓപ്പറേഷൻ - എസ്‌എച്ച്‌ബിഒ) നേരത്തെ തന്നെ ആസൂത്രണം ചെയ്‌തിരുന്നു.

കടമ്പകൾ

മിന്നൽ പോലെ ആക്രമിക്കുക, നേതൃനിരയെ കീഴ്‌പ്പെടുത്തുക, എൽടിടിഇ ആക്രമണത്തിന്റെ മുന അതോടെ ഒടിയും... പക്ഷേ ശ്രീലങ്കയിൽ വ്യോമസേനയ്‌ക്ക് ആകെയുണ്ടായിരുന്നത് നാല് എംഐ - 8 ഹെലികോപ്‌റ്ററുകൾ. സൈനികരെ മുൻനിരയിലെത്തിക്കുക, പരുക്കേറ്റവരെ ഒഴിപ്പിക്കുക, സാധനങ്ങൾ എത്തിക്കുക തുങ്ങിയ സാധാരണ ദൗത്യം മാത്രം ചെയ്‌തിരുന്ന സംഘം.

കാത്തിരിക്കാൻ വയ്യ, ഒക്ടോബർ 11ന് അർധരാത്രി ദൗത്യം നടക്കണം, ഇതു പോലൊരവസരം ഇനി കിട്ടില്ല. ഐപികെഎഫ് അംഗങ്ങളെ യൂണിവേഴ്‌സിറ്റി വളപ്പിലെ ഫുട്ബോൾ ഗ്രൗണ്ടിൽ ഇറക്കുക. 10-ാം പാരാ കമാൻഡോ വിഭാഗത്തിൽ നിന്ന് 120 പേരെയും 13-ാം സിക്ക് ലൈറ്റ് ഇൻഫന്ററിയിൽ നിന്ന് 360 പേരെയും ദൗത്യത്തിനായി അനുവദിച്ചു. ഒരു എംഐ - 8ൽ 20 സൈനികർക്കു മാത്രമേ കയറാൻ കഴിയൂ, എംഐ - 8ൽ ഒറ്റയ്‌ക്കു വേണ്ടത്ര ‘സോർട്ടി’കൾ നടത്തിയിട്ടില്ലാത്ത പൈലറ്റുമാർ, പോരാട്ടത്തിനിറങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പു ലഭിക്കാത്തവർ... സമയമില്ല, രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങാൻ ആകാശത്തെ പോരാളികൾ പ്രതിജ്‌ഞയെടുത്തു.

ഒക്ടോബർ 11നു രാവിലെ സൈന്യത്തിന്റെ ചേതക് ഹെലികോപ്‌റ്ററിൽ രാത്രി ദൗത്യത്തിനുള്ള പൈലറ്റുമാരെയുംകൊണ്ട് ലക്ഷ്യമേഖലയ്‌ക്കു മുകളിലൂടെ പരിശീലന പറക്കൽ, സ്‌ഥലത്തിന്റെ കിടപ്പു മനസിലാക്കാൻ. പക്ഷേ വിങ് കമാൻഡർ വി.കെ.എൻ. സാപ്രെയ്‌ക്കും ഫ്ലൈറ്റ് ലെഫ്‌റ്റനന്റ് പ്രകാശിനും മാത്രമേ ഇതിനു പോകാൻ കഴിഞ്ഞുള്ളൂ. മറ്റു രണ്ടു പേർ - സ്‌ക്വാഡ്രൻ ലീഡർമാരായ വിനയ് രാജിനും ദുരൈസ്വാമിക്കും മുൻനിര സേനയ്‌ക്ക് അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള ദൗത്യമുണ്ടായിരുന്നു.

വീണ്ടും പ്രശ്‌നം, ഗ്രൗണ്ടിൽ ഒരു സമയത്തു രണ്ടു ഹെലികോപ്‌റ്റർ മാത്രമേ ഇറങ്ങൂ... പ്ലാൻ മാറുന്നു... രണ്ടു ഹെലികോപ്‌റ്ററിൽ പാരാകമാൻഡോകളെ ഇറക്കുക, ഇവ പറന്നു പൊങ്ങിയ ശേഷം മാത്രം അടുത്ത രണ്ടെണ്ണം പുറപ്പെടുക. ആദ്യസംഘം ഗ്രൗണ്ടിൽ ആധിപത്യം സ്‌ഥാപിച്ച്, പന്തം കൊളുത്തി തുടർ ലാൻഡിങ്ങുകൾ സുഗമമാക്കും. പാരാകമാൻഡോകളും സിഖ് സൈനികരും ആക്രമണം തുങ്ങുമ്പോഴേക്കും കരയിലൂടെ സൈന്യം ടാങ്കറുകൾ സഹിതം ഇരച്ചുകയറും. എല്ലാ ഭാഗത്തു നിന്നും വളഞ്ഞു പുലികളെ നിഷ്‌പ്രഭരാക്കും.

ചതി

ശ്രീലങ്കൻ സേനയെ ഈ മിന്നലാക്രമണം അറിയിക്കുക എന്ന അബദ്ധം ഇന്ത്യൻ സംഘം ചെയ്‌തു. ശ്രീലങ്കൻ എയർ ഫോഴ്‌സിന്റെ ബെൽ 212 ഹെലികോപ്‌റ്റർ പിഞ്ഞാറു ഭാഗത്ത് ആക്രമിച്ച് പുലികളുടെ ശ്രദ്ധ തിരിക്കുമെന്നും അങ്ങനെ മിഷൻ സുഗമമാക്കാമെന്നും പ്ലാനിട്ടു. പക്ഷേ ഇതിനു നൽകിയ വില കനത്തതായി... ആക്രമണത്തിനു മുൻപു രഹസ്യം ചോർന്നു. ഒഴിഞ്ഞു പോകാൻ കഴിഞ്ഞില്ലെങ്കിലും പുലികൾക്ക് അത്യാവശ്യ തയാറെടുപ്പിന് അവസരം ലഭിച്ചു.

കെണി

കൃത്യസമയത്ത് സാപ്രെയും വിനയ് രാജും പറന്നുയർന്നു, ഇവർ തിരിച്ചുകയറുന്ന സമയം കണക്കാക്കി അടുത്ത രണ്ടുപേർ പറന്നുയരാൻ തീരുമാനം. അർധരാത്രിയിൽ നാവിഗേഷൻ ലൈറ്റ്, ലാൻഡിങ് ലൈറ്റ്, കൂട്ടിയിടിക്കാതിരിക്കാനുള്ള ലൈറ്റ്, ബ്ലേഡിന്റെ അറ്റത്തുള്ള ലൈറ്റ് എന്നിവ വരെ അണച്ച് ഇരുട്ടത്ത് കൃത്യമായ ലാൻഡിങ്. മേജർ ഷെയോനാന്റെ നേതൃത്വത്തിലുള്ള കമാൻഡോസ് ആക്രമണത്തിനു തയാറെടുക്കുമ്പോൾ തന്നെ പ്രത്യാക്രമണം പുലികൾ ആരംഭിച്ചു.

പ്രകാശും ദുരൈസ്വാമിയും നയിച്ച സംഘമെത്തുമ്പോൾ കാണുന്നത് പൊരിഞ്ഞ വെടിക്കെട്ട്. വിവരം ചോർത്തിയെങ്കിലും പിഞ്ഞാറു നിന്ന് വെടിയുതിർത്ത ശ്രീലങ്കൻ ഹെലികോപ്‌റ്ററിൽ നിന്നുള്ള ലേസർ ലൈറ്റുകൾ കണ്ട് ഇന്ത്യൻ ഹെലികോപ്‌റ്ററിനു നേരെയാണു വെടിയെന്നു തെറ്റിദ്ധരിച്ചു. കൂട്ടപ്പൊരിച്ചിലിൽ ലാൻഡ് ചെയ്യാനുള്ള മൈതാനം കണ്ടെത്താൻ കഴിയാതെ അവർ കുഴങ്ങി (രാവിലെ സ്‌ഥലം കാണാൻ വന്ന സംഘത്തിലും ഇവരുണ്ടായിരുന്നില്ല) മിഷൻ റദ്ദാക്കി ഇരുവരും മങ്ങി.

തങ്ങളിറക്കിയ സംഘത്തിനു പിന്തുണയുമായി അടുത്ത സംഘം ഇറങ്ങിയെന്ന ആവേശവുമായി ഇന്ത്യൻ ബേസിൽ എത്തിയ സാപ്രെയും വിനയ്രാജും അുത്ത സംഘത്തെയും കൊണ്ട് വീണ്ടും പറന്നു. അപ്പോഴേക്കു ഹെലികോപ്‌റ്റർ വരുന്ന ദിശ മനസിലാക്കി പുലികളുടെ ആക്രമണം തുടങ്ങിയിരുന്നു. വെടിയുണ്ടകളെ വെല്ലുവിളിച്ചു കൊണ്ട് അടുത്ത സംഘത്തെയും അവർ ഇറക്കി. തുളച്ചുകയറിയ വെടിയുണ്ട ശരീരത്തിലേറ്റ സൈനികൻ പോലും മടങ്ങാൻ വിസമ്മതിച്ചു പോരിനിറങ്ങിയത് ഇവർക്ക് ആവേശമേകി.

ഇവിടെ നിന്നു ബേസിലേക്കു മടങ്ങിയ സാപ്രെയും വിനയ്രാജും മറ്റേ സംഘം ദൗത്യം ഉപേക്ഷിച്ചു തിരികെ ബേസിൽ ഇറങ്ങിയ വിവരമറിഞ്ഞു ഞെട്ടി. ഉടൻ അടുത്ത സംഘവുമായി പോകാൻ ഒരുങ്ങിയ അവർ സിഖ് സൈനികരെ കാണാതെ വലഞ്ഞു. അതിനിടയിലുണ്ടായ ആശയക്കുഴപ്പത്തിൽ അവർ പുറപ്പെടാനായി ഒത്തുകൂടിയിട്ടു പോലുമുണ്ടായിരുന്നില്ല! ഹെലിബോൺ ഓപ്പറേഷനിൽ പരിശീലനമില്ലാതിരുന്ന ഇവർ വലിയ പെട്ടികൾ കയറ്റാൻ തുടങ്ങിയതും ആശയക്കുഴപ്പമുണ്ടാക്കി...

ലാൻഡ് ചെയ്‌തപ്പോൾ പരിശീലനമുണ്ടായിരുന്ന പാരാ കമാൻഡോകൾ നിമിഷനേരം കൊണ്ട് ഇറങ്ങി സജ്‌ജരായപ്പോൾ ഇത്തരം ആക്ഷനിൽ പങ്കെടുത്തിട്ടില്ലാത്ത സിഖ് ജവാൻമാർ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയമെടുത്തു, ധൃതിയിൽ വെടിക്കോപ്പുകൾ കുറെ ഹെലികോപ്‌റ്ററിൽ മറന്നു വച്ചു... തിരികെ പാലാലിയിലെ ഇന്ത്യൻ ബേസിലെത്തിയ ഹെലികോപ്‌റ്ററുകൾക്ക് ഇതിനകം വെടികൊണ്ട് കേടുപറ്റിയിരുന്നു.

ദുരന്തം

അനങ്ങാത്ത ഹെലികോപ്‌റ്ററുകൾ, ആശയവിനിമയം അറ്റതു മൂലം സമയത്തു നടക്കാതെ പോയ കരയാക്രമണം, പിന്തുണയില്ലാതെയും തിരിച്ചു കൊണ്ടു വരാൻ ഹെലികോപ്‌റ്ററില്ലാതെയും കുടുങ്ങിയ സൈനികർ... 29 സിഖ് എൽഐ സൈനികരും ആറ് പാരാ കമാൻഡോകളും വീരമൃത്യു വരിച്ചു.

വാർത്ത, പേരുദോഷം

ചില ഇംഗ്ലിഷ് പത്രങ്ങളിലും വാരികകളിലും വ്യോമസേനയുടെ പിടിപ്പുകേടും പിഴവും മൂലം ഇന്ത്യൻ സൈനികരുടെ ജീവൻ ബലി കൊടുത്തുവെന്ന മട്ടിൽ വാർത്ത. ഉദ്ദേശിച്ച സ്‌ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ പുലിമടയിൽകൊണ്ടു സൈനികരെ ഇറക്കി എന്ന് ആക്ഷേപം... മറ്റു വിഭാഗങ്ങൾക്കെല്ലാം ധീരതയ്‌ക്കുള്ള മെഡലുകൾ ലഭിച്ചപ്പോൾ വ്യോമസേനയിൽ നിന്നെത്തിയ എല്ലാ ശുപാർശകളും മരവിപ്പിക്കുകയായിരുന്നു.

അന്വേഷണം

സംയുക്‌ത സേനാ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സിഖ് സൈനികരിൽ അവശേഷിച്ച ഏക ഓഫിസർ മേജർ ഷെയോനാൻ സിങ് സത്യം വെളിപ്പെടുത്തി. ‘അവർ ജോലി കൃത്യമായി ചെയ്‌തു. കരസേന ആവശ്യപ്പെട്ട കൃത്യസ്‌ഥലത്തു തന്നെയാണ് വ്യോമസേന സൈനികരെ ഇറക്കിയത്. വ്യോമസേനാ പൈലറ്റുമാർ വീഴ്‌ച വരുത്തിയിട്ടില്ലെന്ന് അവർ കണ്ടെത്തി.

വഴി മാറിയത് ചരിത്രം

ആശയവിനിമയം തകർന്നതും ഇത്തരം ഓപ്പറേഷനു പരിശീലനം ലഭിച്ച കമാൻഡോകൾ ആവശ്യത്തിന് ഇല്ലാതിരുന്നതും മൂലം വഴി മാറിയതു ചരിത്രം. ഒറ്റ ഓപ്പറേഷനിൽ ശ്രീലങ്കയിലെ പുലികളെ മുഴുവൻ കൂട്ടിലാക്കാമായിരുന്ന ദൗത്യം വിജയത്തിനു തൊട്ടടുത്ത് എത്തിയിട്ട് വഴുതി മാറുകയായിരുന്നു.

തിരുത്തൽ, അംഗീകാരം

കരസേനയിൽ പൊരുതി മരിച്ചവർക്കു വീരചക്രമടക്കമുള്ള ബഹുമതി നൽകിയതിനൊപ്പം വ്യോമസേനയോടു കാണിച്ച അനീതിയും പരിഹരിച്ചു. നാല് ഹെലികോപ്‌റ്റർ പൈലറ്റുമാർക്കും വീരചക്രം, കോ - പൈലറ്റുമാർക്ക് വായുസേനാ മെഡൽ, മറ്റുള്ളവർക്ക് പ്രശംസാപത്രം... അധികൃതർ തെറ്റു തിരുത്തിയെങ്കിലും ഈ കഥ ഇന്നും പലർക്കുമറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT