ADVERTISEMENT

ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണം കൂടുതല്‍ നീളാന്‍ സാധ്യത. നാവികസേന വിമാനവാഹിനി കപ്പലിനേക്കാള്‍ പ്രാധാന്യം മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നല്‍കിയതോടെയാണ് മൂന്നാം വിമാനവാഹിനിക്കപ്പല്‍ വൈകുന്നത്. അതേസമയം, അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും നാവികസേനയെ ആധുനികവല്‍ക്കരിക്കുന്നത് ഊര്‍ജ്ജിതമാക്കുമ്പോഴും ഇന്ത്യയുടെ ഈ നടപടി തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

സംയുക്ത സേനാമേധാവി ബിപിന്‍ റാവത്താണ് ഇത് സംബന്ധിച്ച സൂചനകള്‍ ആദ്യം നല്‍കിയത്. 'ആവശ്യമെങ്കില്‍ മാത്രം മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ച് ചിന്തിക്കും. പത്ത് വര്‍ഷത്തിന് ശേഷമുള്ള അവസ്ഥ എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല' എന്നായിരുന്നു ബിപിന്‍ റാവത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 

 

ഇപ്പോള്‍ തന്നെ നിരവധി ആണവ അന്തര്‍വാഹിനി ബോട്ടുകള്‍ നാവിക സേനക്ക് സ്വന്തമായുണ്ട്. വലിയ വിമാന വാഹിനി കപ്പലുകളേക്കാള്‍ ഇത്തരം അന്തര്‍വാഹിനികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും സേനക്ക് താത്പര്യമുള്ളതായും സൂചനകളുണ്ട്. അരിഹന്ത് ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ച നാല് മുങ്ങിക്കപ്പലുകള്‍ ഇപ്പോള്‍ തന്നെ സേനയുടെ ഭാഗമാണ്. ഡിആര്‍ഡിഒ നിര്‍മ്മിച്ച കെ 4 ബാലിസ്റ്റിക് മിസൈലുകള്‍ക്ക് സമുദ്രോപരിതലത്തില്‍ നിന്നും 50 മീറ്റര്‍ ആഴത്തില്‍ നിന്നും വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാനാകും. കഴിഞ്ഞ ജനുവരി 24ന് നടത്തിയ പരീക്ഷണത്തില്‍ 3500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഈ മിസൈല്‍ 21 മിനിറ്റുകൊണ്ടാണ് ലക്ഷ്യം തകര്‍ത്തത്. 

 

ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായി. ഐഎന്‍എസ് വിശാല്‍ എന്നാണ് ഇനിയും നിര്‍മ്മിക്കാത്ത വിമാനവാഹിനിക്കപ്പിലിന്റെ പേര്. രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. 

65000 ടണ്ണിലേറെ ഭാരമുള്ള രണ്ട് വിമാനവാഹിനി കപ്പലുകള്‍ ചൈനക്ക് സ്വന്തമായുണ്ട്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളേക്കാൾ വലുപ്പം കൊണ്ടും സാങ്കേതിക വിദ്യകള്‍ കൊണ്ടും ഇവ മുന്നിലാണ്. എന്നാല്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഐഎന്‍എസ് വിശാല്‍ ചൈനീസ് പടക്കപ്പലുകളോട് കിടപിടിക്കുന്നതാണ്. ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

 

ഇത്യയുടെ മറ്റൊരു അയല്‍രാജ്യമായ പാക്കിസ്ഥാന്‍ വിമാനവാഹിനി കപ്പലുകളേക്കാള്‍ മുങ്ങിക്കപ്പലുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ചൈനയില്‍ നിന്നും എട്ട് ടൈപ്പ്-039ബി സബ്മറൈനുകള്‍ പാക്കിസ്ഥാന്‍ വാങ്ങുന്നുണ്ട്. ഇന്ത്യന്‍ ആണവ സബ്മറൈനുകളേക്കാള്‍ ആധുനിക സാങ്കേതികവിദ്യയായ എയര്‍ ഇന്‍ഡിപെന്റന്റ് പവര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. 

വിമാനവാഹിനി കപ്പലുകളെ അപേക്ഷിച്ച് മുങ്ങിക്കപ്പലുകള്‍ ഇന്ത്യ തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത് എന്നതും നാവിക സേനയുടെ പരിഗണനാ വിഷയമാകാം. റഷ്യന്‍ ജര്‍മ്മന്‍ ഫ്രഞ്ച് ഡിസൈനുകളില്‍ നിന്നും ആണവേതര മുങ്ങിക്കപ്പലുകള്‍ ഇന്ത്യ നിര്‍മ്മിക്കുന്നുണ്ട്. ആണവ മുങ്ങിക്കപ്പലുകളില്‍ റഷ്യന്‍ സ്വാധീനം പ്രകടമാണെങ്കിലും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മാണം. ഔദ്യോഗികമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണം റദ്ദാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷങ്ങളിലൊന്നും ഐഎന്‍എസ് വിശാല്‍ യാഥാര്‍ഥ്യമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT