sections
MORE

ഇന്ത്യയുടെ ആ തന്ത്രത്തിനു മുന്നിൽ ചൈന ഭയന്നു, അമേരിക്ക, റഷ്യ... ലോകം ഒന്നടങ്കം ഇന്ത്യയ്ക്കൊപ്പം

su-30
SHARE

ചൈനയുമായി ആഴ്ചകളോളം നീണ്ടുനിന്ന അതിർത്തി സംഘർഷം ഏറെ കുറെ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യ–ചൈന സൈനികർ തർക്കപ്രദേശത്തു നിന്നു പിൻമാറി തുടങ്ങി. എന്നാൽ, ചൈനയെ ഇത്രപെട്ടെന്ന് പിൻമാറാൻ പ്രേരിപ്പിച്ച ഘടങ്ങൾ എന്തൊക്കെയായിരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗാൽവാൻ താഴ്‌വരയിൽ നിന്നും ലഡാക്കിലെ പാങ്കോംഗ് സോയിൽ നിന്നും ചൈനീസ് സൈന്യം പിന്മാറാൻ തുടങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിൻമാറുന്നതെന്ന് ചൈന പറഞ്ഞെങ്കിലും അത് ഇന്ത്യയുടെ വലിയ വിജയം തന്നെയാണ്. ആയുധമെടുത്ത് യുദ്ധം ചെയ്യാതെ തന്നെ ചൈനയെ അടക്കി നിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.

നിരവധി അവകാശവാദങ്ങളുമായി രംഗത്തെത്തിയ ചൈനീസ് സൈന്യം ഒന്നും നേടാതെയാണ് പിൻവാങ്ങുന്നത്. ഇടക്കിടെ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ സൈനികരെയും നാശനഷ്ടവും നേരിട്ടത് ചൈനയ്ക്ക് തന്നെയാണ്. എന്നാൽ, ഈ സംഘർഷത്തിനു തൊട്ടുപിന്നാലെ ലോകം ഒന്നടങ്കം ഇന്ത്യക്ക് പിന്നാലെ അണിനിരക്കുന്നത് കണ്ടതോടെ ചൈന ഭയന്നു. അവരുടെ സുഹൃത്തുക്കൾ പോലും എതിർത്തുപറയാൻ തുടങ്ങിയതോടെ പിൻമാറുകയല്ലാതെ വഴിയില്ലാതായി. ഇക്കാര്യത്തിൽ അമേരിക്കയും റഷ്യവും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയുടെ കൂടെ നിന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ചൈനയ്ക്കും മനസിലായിരുന്നു.

ലോകത്ത് ബെയ്ജിങ്ങിനേക്കാൾ കൂടുതൽ ചങ്ങാതിമാർ ഡൽഹിക്കുണ്ടെന്ന് ചൈന മനസിലാക്കിയ ദിവസങ്ങളായിരുന്നു കണ്ടത്. ലോകത്ത് ശാന്തിയും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന മികച്ച ശക്തികളെല്ലാം ഇന്ത്യയോടൊപ്പം അണിനിരന്നു. അവരിൽ ചിലർ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ശക്തരായ അംഗങ്ങളാണെന്നത് ചൈന മനസിലാക്കിയിരുന്നു.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണം മറ്റൊരുതലത്തിലായിരുന്നു. ട്രംപിന്റെ പൂർണ പിന്തുണ ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇതോടൊപ്പം ദക്ഷിണ ചൈന കടലിൽ മൂന്നു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ച് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്തു. ഇതോടെ ചൈന പരുങ്ങലിലായി.

റഷ്യയുടെ കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ചില ചൈനീസ് മാധ്യമങ്ങൾ അവകാശപ്പെട്ടപ്പോൾ റഷ്യക്കാരും ചൈനക്കാരും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരുന്നു. ഇതും ചൈനയ്ക്ക് തിരിച്ചടിയായി. റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്കൊപ്പം നിന്നു.

റഷ്യയെ സംബന്ധിച്ചിടത്തോളം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മോസ്കോ സന്ദർശനത്തോടെ അവർ പൂർണമായും ഇന്ത്യയുടെ കൂടെയായി. മിസൈലുകളും ബോംബുകളും പോർവിമാനങ്ങളും വാങ്ങുന്ന കാര്യം വേഗത്തിലാക്കാൻ റഷ്യ സമ്മതിച്ചു, ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തമായതോടെ റഷ്യയും ഇന്ത്യയും ഒന്നായി. ഇന്ത്യയ്ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർഥന റഷ്യ നിശബ്ദമായി നിരസിച്ചു. 

ഇതോടൊപ്പം ജപ്പാനും റഷ്യയും ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നായി. ഇന്ത്യൻ മഹാസമുദ്രത്തിൽ ജപ്പാനുമൊത്ത് ഇന്ത്യൻ നാവിക സേന നിരീക്ഷണവും പരിശീലനവും സജീവമാക്കിയതോടെ ചൈന പരുങ്ങലിലായി. ആയുധമെടുക്കാതെ വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളാണ് ചൈനയെ അതിർത്തിയിൽ ഓടിച്ചതെന്ന് ചുരുക്കം.

ഇതോടൊപ്പം തന്നെ ചൈനീസ് കമ്പനികൾ അവിടത്തെ സർക്കാരിനെതിരെ തിരിയാനും തുടങ്ങി. ഒരൊറ്റ രാത്രിയിൽ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് വൻ നിയന്ത്രണമേർപ്പെടുത്തി. ഇതോടെ ചൈനീസ് കമ്പനികൾ ഇന്ത്യ എന്ന വിപണി എന്നേക്കുമായി മറക്കേണ്ടിവരുമെന്ന സ്ഥിതി വരെ വന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികളെ നിരോധിക്കുന്നത് ഒഴിവാക്കി ബിസിനസ് നിലനിർത്താനാണ് ഇപ്പോൾ ചൈന ആലോചിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA